യോഹന്നാന് ഉണ്ടായ വെളിപ്പാട്
ഈ പുസ്തകത്തെപ്പറ്റി യോഹന്നാന്‍
1
1 ഇത് യേശുക്രിസ്തുവിന്‍റെ വെളിപ്പാടാകുന്നു. ഉടന്‍ ഉണ്ടാകാന്‍ പോകുന്നതിനെപ്പറ്റി തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം യേശുവിനു കൊടുത്തതാണിത്. ഇതു കാട്ടിക്കൊടുക്കുവാന്‍ തന്‍റെ ദാസനായ യോഹന്നാന്‍റെ അടുത്തേക്കു ക്രിസ്തു തന്‍റെ ദൂതനെ അയച്ചു.
2 താന്‍ കണ്ടത് എല്ലാം യോഹന്നാന്‍ പറഞ്ഞു. ദൈവവചനവും യേശു തന്നോടു പറഞ്ഞ സത്യവുമായിരുന്നു അത്.
3 ഈ ദൂതു വായിക്കുന്നവന്‍ അനുഗൃഹീതന്‍. ഈ പ്രവചനത്തിലെ വാക്കുകളെ ശ്രദ്ധിക്കുന്നവരും അതനുസരിക്കുന്നവരും അനുഗൃഹീതര്‍. കാരണം, സമയം അടുത്തിരിക്കുന്നു.
യോഹന്നാന്‍ സഭകള്‍ക്ക് യേശുവിന്‍റെ സന്ദേശങ്ങള്‍ എഴുതുന്നു
4 ആസ്യയിലെ ഏഴു സഭകള്‍ക്കും യോഹന്നാന്‍ എഴുതുന്നത്:
ആകുന്നവനും (ദൈവം) സദാ ആയിരുന്നവനും വരാനിരിക്കുന്നവനുമായവനില്‍ നിന്നും അവന്‍റെ സിംഹാസനത്തില്‍ മുന്പില്‍ നില്‍ക്കുന്ന ഏഴ് ആത്മാക്കളില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ;
5 യേശുക്രിസ്തുവില്‍ നിന്നും. യേശു വിശ്വസ്ത സാക്ഷിയാകുന്നു. ഉയിര്‍ത്തെഴുന്നേറ്റവരില്‍ ആദ്യനാണവന്‍. ഭൂമിയിലെ രാജാക്കന്മാരുടെ രാജാവ് ആണ് യേശു. നമ്മെ സ്നേഹിക്കുന്നവനാണ് യേശു.
തന്‍റെ രക്തത്താല്‍ നമ്മെ നമ്മുടെ പാപങ്ങളില്‍ നിന്നും മോചിപ്പിച്ചവനാണ് യേശു.
6 അവന്‍ നമ്മെ ഒരു രാജ്യമാക്കി തീര്‍ത്തു. പിതാവായ ദൈവത്തിനു നമ്മെ പുരോഹിതന്മാരാക്കുകയും ചെയ്തു. യേശുവിന് എന്നും മഹത്വവും പ്രതാപവും ഉണ്ടായിരിക്കട്ടെ! ആമേന്‍.
7 നോക്കൂ, യേശു മേഘങ്ങളില്‍ കയറി വരുന്നു. അവനെ കുത്തിയവരടക്കം* അവനെ കുത്തിയവരടക്കം യോഹ.19:14. എല്ലാവരും അവനെ കാണും. ലോകത്തിലെ എല്ലാവരും അവനെച്ചൊല്ലി നിലവിളിക്കും. അതെ ഇതു സംഭവിക്കും. ആമേന്‍.
8 ദൈവമായ കര്‍ത്താവ് പറയുന്നു, “ഞാന്‍ ആദിയും അന്തവുമാകുന്നു.† ആദിയും അന്തവും ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങള്‍. ആല്‍ഫയെന്നും ഒമേഗയെന്നും. ആയവനും ആയിരുന്നവനും വരാനിരിക്കുന്നവനും ഞാനാകുന്നു. ഞാനാകുന്നു സര്‍വ്വശക്തന്‍.”
9 യോഹന്നാനെന്ന ഞാന്‍ ക്രിസ്തുവില്‍ നിങ്ങളുടെ സഹോദരന്‍. ഞങ്ങള്‍ ഒരുമിച്ചു യേശുവിലാണ്. കഷ്ടതകളിലും രാജ്യത്തിലും ക്ഷമാപൂര്‍വ്വമായ സഹനത്തിലും ഞങ്ങള്‍ പങ്കുള്ളവരാകുന്നു. ദൈവവചനവും യേശുവിന്‍റെ സത്യവും മൂലം ഞാന്‍ പത്മൊസ് ദ്വീപിലായിരുന്നു.
10 കര്‍ത്താവിന്‍റെ ദിവസം ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നില്‍ ഞാനൊരു ഉഗ്രശബ്ദം കേട്ടു. ഒരു കാഹളം മുഴങ്ങിയതുപോലെ.
11 ശബ്ദം പറഞ്ഞു, “നീ കണ്ട എല്ലാ കാര്യങ്ങളും ഒരു പുസ്തകത്തില്‍ എഴുതുക. അത് ഏഴു സഭകള്‍ക്കും അയയ്ക്കുക. എഫെസൊസ്, സ്മൂര്‍ന്നാ, പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദിസ്, ഫിലദെല്‍ഫിയ, ലവൊദിക്യ എന്നീ സഭകളിലേക്ക്.”
12 ആരാണെന്നോട് സംസാരിക്കുന്നതെന്നറിയാന്‍ ഞാന്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ ഞാന്‍ ഏഴു വിളക്കുകാലുകള്‍ കണ്ടു.
13 വിളക്കുകാലുകള്‍ക്കിടയില്‍ “മനുഷ്യപുത്രനെപ്പോലുള്ള” ഒരാളെ ഞാന്‍ കണ്ടു. അദ്ദേഹം ഒരു നീളന്‍ മേലങ്കി അണിഞ്ഞിരുന്നു. മാറില്‍ സ്വര്‍ണ്ണപ്പട്ടയും കെട്ടിയിരുന്നു.
14 അദ്ദേഹത്തിന്‍റെ താടിയും മുടിയും വെള്ളമഞ്ഞുപോലെ വെളുത്തതായിരുന്നു. കണ്ണുകള്‍ ജ്വലിക്കുന്ന തീയ്ക്കു സദൃശ്യമായിരുന്നു.
15 ഉലയില്‍ പഴുത്ത വെള്ളോട്ടുപോലെയായിരുന്നു കാല്‍പാദങ്ങള്‍. വെള്ളപ്പാച്ചിലിന്‍റേതുപോലുള്ള ശബ്ദമായിരുന്നു അവന്‍റേത്.
16 അവന്‍ തന്‍റെ വലതു കൈയില്‍ ഏഴു നക്ഷത്രങ്ങളെ പിടിച്ചിരുന്നു. അവന്‍റെ വായില്‍ നിന്നും മൂര്‍ച്ചയേറിയ ഇരുതലവാള്‍ പുറത്തേക്കു വന്നു. സൂര്യന്‍ ഏറ്റവും തീഷ്ണമായി പ്രകാശിക്കുന്പോലെ അവന്‍ കാണപ്പെട്ടു.
17 അവനെ കണ്ടപ്പോള്‍ ഞാനവന്‍റെ പാദത്തില്‍ മരിച്ചതുപോലെ വീണു. അവന്‍ തന്‍റെ വലതു കരം എന്‍റെ മേല്‍ വച്ച് പറഞ്ഞു, “ഭയപ്പെടേണ്ട! ആദിയും അന്തവും ഞാനാകുന്നു.
18 ജീവിക്കുന്നവനും ഞാനാകുന്നു. ഞാന്‍ മരിച്ചു, പക്ഷേ നോക്കൂ, എന്നെന്നേക്കുമായി ഞാന്‍ ജീവിക്കുന്നു. മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കയ്യിലാണ്.
19 അതിനാല്‍ നീ കണ്ടതെല്ലാം രേഖപ്പെടുത്തുക. ഇപ്പോള്‍ സംഭവിക്കുന്നതിനെയും പിന്നീട് സംഭവിക്കാനിരിക്കുന്നതിനെയും കുറിച്ചു എഴുതുക.
20 എന്‍റെ വലതു കയ്യില്‍ നീ കണ്ട ഏഴു നക്ഷത്രങ്ങളുടെയും ഏഴു വിളക്കുകാലുകളുടെയും അര്‍ത്ഥം ഇതാണ്: ഏഴു വിളക്കുകാലുകള്‍ ഏഴു സഭകളാണ്. ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരാണ്.