രണ്ടു മൃഗങ്ങള്‍
13
1 പിന്നെ ഒരു മൃഗം കടലില്‍ നിന്ന് ഉയര്‍ന്നു വരുന്നതു ഞാന്‍ കണ്ടു. അതിനു പത്തു കൊന്പും ഏഴു തലയും ഉണ്ടായിരുന്നു. അതിന്‍റെ ഓരോ കൊന്പിലും ഓരോ കിരീടമുണ്ടായിരുന്നു. ഓരോ തലയിലും അതിന് ഓരോ ദൂഷണ നാമമുണ്ടായിരുന്നു.
2 ആ മൃഗം കരടിയുടേതു പോലുള്ള കാലുകളോടു കൂടിയ ഒരു പുള്ളിപ്പുലിയെപ്പോലിരുന്നു. സിംഹത്തിന്‍റേതുപോലുള്ള വായായിരുന്നു അതിന്. കടല്‍പ്പുറത്തു നിന്ന മഹാസര്‍പ്പം ആ മൃഗത്തിന് തന്‍റെ എല്ലാ ശക്തിയും സിംഹാസനവും അധികാരവും നല്‍കി.
3 ആ മൃഗത്തിന്‍റെ തലകളിലൊന്ന് മാരകമായ മുറിവുകളേറ്റതു പോലിരുന്നു. എന്നാല്‍ ആ മാരകമായ മുറിവ് ഭേദപ്പെട്ടിരുന്നു. ലോകത്തിലുള്ളവരൊക്കെ അത്ഭുതത്തോടെ ആ മൃഗത്തെ പിന്തുടര്‍ന്നു.
4 തന്‍റെ ശക്തി മൃഗത്തിനു നല്‍കിയതിനാല്‍ ആളുകള്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു. ആളുകള്‍ മൃഗത്തെയും നമസ്കരിച്ചു. അവര്‍ ചോദിച്ചു, “ആരുണ്ട് ഈ മൃഗത്തോളം ശക്തനായിട്ട്? ആര്‍ക്ക് അതിനോടേറ്റുമുട്ടാനാകും?”
5 ധിക്കാരവും ദൂഷണവും പറയാന്‍ മൃഗത്തെ അനുവദിച്ചു. നാല്പത്തിരണ്ട് മാസത്തേക്കു തന്‍റെ ശക്തി ഉപയോഗിക്കാന്‍ അതിനനുവാദം കിട്ടി.
6 അത് ദൈവദൂഷണം പറയാന്‍ വായ തുറന്നു. ദൈവത്തിന്‍റെ നാമത്തിനും അവന്‍റെ വാസസ്ഥാനത്തിനും സ്വര്‍ഗ്ഗനിവാസികള്‍ക്കുമെല്ലാം എതിരായി ദൂഷണം നടത്തി.
7 ദൈവത്തിന്‍റെ വിശുദ്ധജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനും അവരെ തോല്പിക്കുവാനും മൃഗത്തിനു ശക്തി നല്‍കപ്പെട്ടു. എല്ലാ ഗോത്രങ്ങള്‍ക്കും ജനപദങ്ങള്‍ക്കും ഭാഷയ്ക്കും രാജ്യത്തിനും മീതെ മൃഗത്തിന് അധികാരം നല്‍കപ്പെട്ടു.
8 ഭൂമിയില്‍ ജീവിക്കുന്നവരെല്ലാം മൃഗത്തെ നമസ്കരിക്കും. കൊല്ലപ്പെട്ട കുഞ്ഞാടിന്‍റെ ജീവന്‍റെ പുസ്തകത്തില്‍ ലോകാരംഭം മുതല്‍ക്കു പേരെഴുതാത്തവരെല്ലാം അതിനെ നമസ്കരിക്കും.
9 കാതുള്ളവന്‍ ഇതു കേള്‍ക്കട്ടെ:
10 തടവുകാരനാകേണ്ടവന്‍
തടവുകാരനാവുകതന്നെ ചെയ്യും.
വാളുകൊണ്ടു കൊല്ലുന്നവന്‍ ഒരു
വാളുകൊണ്ടു തന്നെ കൊല്ലപ്പെടും.
ഇതിനര്‍ത്ഥം ദൈവത്തിന്‍റെ വിശുദ്ധ ജനങ്ങള്‍ക്കു സഹനശക്തിയും വിശ്വാസവും വേണമെന്നാണ്.
11 മറ്റൊരു മൃഗം ഭൂമിയില്‍ നിന്നും ഉയര്‍ന്നുവരുന്നതും ഞാന്‍ കണ്ടു. അതിന് ഒരു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊന്പുകളുണ്ടായിരുന്നെങ്കിലും മഹാസര്‍പ്പത്തെപ്പോലെ അവന്‍ സംസാരിച്ചു.
12 ഈ മൃഗം ആദ്യത്തെ മൃഗത്തിനു മുന്പില്‍ വന്നു നില്‍ക്കുകയും അതിനെപ്പോലെതന്നെ ശക്തി ഉപയോഗിക്കുകയും ചെയ്തു. ആദ്യത്തെ മൃഗത്തെ ഭൂമിയിലുള്ള എല്ലാവരെയും കൊണ്ട് നമസ്കരിപ്പിക്കുവാന്‍ ആണ് അത് ശക്തി ഉപയോഗിച്ചത്. ആദ്യത്തെ മൃഗത്തിന് ഭേദമാക്കപ്പെട്ടതും മാരകവുമായ മുറിവുണ്ടായിരുന്നു.
13 രണ്ടാമത്തെ ഈ മൃഗം വലിയ വീര്യപ്രവര്‍ത്തികള്‍ ചെയ്യുന്നു. ആളുകള്‍ നോക്കിനില്‍ക്കേ അവന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് അഗ്നി കൊണ്ടുവരിക പോലും ചെയ്യുന്നു.
14 രണ്ടാമത്തെ മൃഗം ഭൂവാസികളെ വഞ്ചിക്കുന്നു. തനിക്കു പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെട്ട വീര്യപ്രവര്‍ത്തികള്‍ കൊണ്ടാണത് ജനങ്ങളെ വഞ്ചിക്കുന്നത്. ആദ്യത്തെ മൃഗത്തെ രക്ഷിക്കാനാണവന്‍ ഈ അത്ഭുതങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ മൃഗത്തെ ആദരിക്കാന്‍ ഒരു വിഗ്രഹമുണ്ടാക്കാന്‍ അവന്‍ ജനങ്ങളോടു കല്പിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും മരിക്കാത്ത മൃഗമായിരുന്നു അത്.
15 ആദ്യത്തെ മൃഗത്തിന്‍റെ വിഗ്രഹത്തിനു ജീവന്‍ നല്‍കാനുള്ള ശക്തി രണ്ടാമത്തെ മൃഗത്തിനു നല്‍കപ്പെട്ടിരുന്നു. അപ്പോള്‍ ആ വിഗ്രഹത്തിനു സംസാരിക്കാനുള്ള കഴിവു ലഭിക്കുകയും തന്നെ നമസ്കരിക്കാത്തവരെ കൊല്ലുവാനുള്ള ആജ്ഞ നല്‍കുകയും ചെയ്തു.
16 രണ്ടാമത്തെ മൃഗം ചെറിയവരെയും ദരിദ്രരെയും സ്വതന്ത്രരെയും അടിമയെയും തങ്ങളുടെ വലതു കൈയിലോ അല്ലെങ്കില്‍ നെറ്റിയിലോ ഒരടയാളം ഇടപ്പെടുന്നതിന് നിര്‍ബന്ധിച്ചു.
17 ഈ അടയാളമില്ലാതെ ആര്‍ക്കും വില്‍ക്കുവാനോ വാങ്ങുവാനോ ആകുമായിരുന്നില്ല. ഈ അടയാളം ആ മൃഗത്തിന്‍റെ പേരോ അവന്‍റെ പേരിന്‍റെ സംഖ്യയോ ആണ്.
18 ബുദ്ധിയുള്ളവന് മൃഗത്തിന്‍റെ സംഖ്യ കണ്ടെത്താനാകും. വിജ്ഞാനമാണിവിടെ ആവശ്യം. അത് ഒരു മനുഷ്യന്‍റെ സംഖ്യയാകുന്നു. അറുന്നൂറ്റി അറുപത്താറാണ് ആ സംഖ്യ.