ദൈവകോപം നിറച്ച കലശങ്ങള്‍
16
1 അപ്പോള്‍ ഞാന്‍ ദൈവാലയത്തില്‍ നിന്നൊരു ഗംഭീരസ്വരം കേട്ടു. അത് ഏഴു ദൂതന്മാരോടും പറയുകയായിരുന്നു, “ചെന്ന് ദൈവകോപത്തിന്‍റെ ഏഴ് കലശങ്ങള്‍ ഭൂമിയുടെ മേല്‍ ഒഴിക്കുക.”
2 ആദ്യത്തെ ദൂതന്‍ പോയി. അവന്‍ തന്‍റെ കലശം ഭൂമിയിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ വിഗ്രഹത്തെ നമസ്കരിക്കുന്നവരുമായ ആളുകള്‍ക്ക് വൃത്തികെട്ടതും വേദന നിറഞ്ഞതുമായ വൃണങ്ങളുണ്ടായി.
3 രണ്ടാമത്തെ ദൂതന്‍ തന്‍റെ കലശം കടലിലേക്കൊഴിച്ചു. അപ്പോള്‍ കടല്‍ മരിച്ച മനുഷ്യന്‍റെ രക്തം പോലെയായി. കടലിലെ സര്‍വ്വജീവജാലങ്ങളും ചത്തു.
4 മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലേക്കും ജലധാരകളിലേക്കും ഒഴിച്ചു. നദികളും ജലധാരകളും രക്തമായി.
5 അപ്പോള്‍ ജലത്തിന്‍റെ ദൂതന്‍ ദൈവത്തോടു പറയുന്നതു ഞാന്‍ കേട്ടു,
“ആകുന്നവനും എപ്പോഴും ആയിരിക്കുന്നവനും നീയാകുന്നു.
പരിശുദ്ധന്‍ നീയാകുന്നു.
നിന്‍റെ ഈ വിധികളില്‍ നീ നീതിമാനാകുന്നു.
6 മനുഷ്യര്‍ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചിന്തി;
നീ അവര്‍ക്കു കുടിക്കാന്‍ ഇപ്പോള്‍ രക്തം നല്‍കി.
അവര്‍ അതര്‍ഹിക്കുന്നു.”
7 യാഗപീഠം ഇങ്ങനെ പറയുന്നതും ഞാന്‍ കേട്ടു,
“അതേ, സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ,
നിന്‍റെ ന്യായവിധികള്‍ സത്യസന്ധവും നീതിനിഷ്ഠവുമാകുന്നു.”
8 നാലാമത്തെ ദൂതന്‍ തന്‍റെ കലശം സൂര്യനിലേക്കൊഴിച്ചു. ജനങ്ങളെ തീയില്‍ കരിക്കാന്‍ സൂര്യന് അധികാരം നല്‍കപ്പെട്ടു.
9 ജനങ്ങള്‍ കൊടുംതീയില്‍ കഠിനമായികരിഞ്ഞു. അവര്‍ ദൈവനാമത്തെ ശപിച്ചു. ഈ ദുരിതങ്ങള്‍ക്കുമേല്‍ നിയന്ത്രണമുള്ളത് ദൈവത്തിനു മാത്രമാണ്. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദൈവത്തെ മഹത്വപ്പെടുത്തുകയോ ചെയ്തില്ല.
10 അഞ്ചാമത്തെ ദൂതന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിലേക്കൊഴിച്ചു. അപ്പോള്‍ മൃഗത്തിന്‍റെ രാജ്യം ഇരുട്ടിലായി. ജനങ്ങള്‍ വേദന കൊണ്ട് തങ്ങളുടെ നാക്ക് കടിച്ചു.
11 ജനങ്ങള്‍ വൃണങ്ങളിലെ വേദന സഹിക്കാന്‍ വയ്യാതായപ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ ശപിച്ചു. എങ്കിലും അവര്‍ മാനസാന്തരപ്പെടുകയോ തങ്ങളുടെ ദുഷ്ചെയ്തികള്‍ നിര്‍ത്തുകയോ ചെയ്തില്ല.
12 ആറാമത്തെ ദൂതന്‍ തന്‍റെ കലശം യൂഫ്രാത്തേസ് മഹാനദിയിലേക്കൊഴിച്ചു. നദിയിലെ വെള്ളം വറ്റിവരണ്ടു. അത് കിഴക്കുനിന്നും രാജാക്കന്മാര്‍ക്കു വരാന്‍ വഴിയൊരുക്കി.
13 അപ്പോള്‍ തവളകളെപ്പോലിരുന്ന മൂന്ന് അശുദ്ധാത്മാക്കളെ ഞാന്‍ കണ്ടു. അവ മഹാസര്‍പ്പത്തിന്‍റെയും മൃഗത്തിന്‍റെയും വ്യാജപ്രവാചകന്‍റെയും വായില്‍നിന്നാണ് പുറത്തു വന്നത്.
14 ഈ അശുദ്ധാത്മാക്കള്‍ ഭൂതങ്ങളുടെ ആത്മാക്കളാണ്. വീര്യപ്രവര്‍ത്തികള്‍ക്കുള്ള ശക്തി അവര്‍ക്കുണ്ട്. ഈ അശുദ്ധാത്മാക്കള്‍ ലോകം മുഴുവനുമുള്ള രാജാക്കന്മാരിലേക്കു പുറപ്പെടുന്നു. സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന് രാജാക്കന്മാരെ ഈ അശുദ്ധാത്മാക്കള്‍ സംഘടിപ്പിക്കുന്നു.
15 “ശ്രദ്ധിക്കൂ, ഞാനൊരു കള്ളനെപ്പോലെ വരും. ഉണര്‍ന്നു തന്‍റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചുകൊണ്ടിരിക്കുന്നവന് സന്തോഷിക്കാം. എങ്കിലവനു നഗ്നനായി പോകേണ്ടിവരില്ല. ജനമദ്ധ്യത്തില്‍ അവനു ലജ്ജിക്കേണ്ടിവരില്ല.”
16 അപ്പോള്‍, എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് അശുദ്ധാത്മാക്കള്‍ രാജാക്കന്മാരെ ഒരുമിച്ചു കൂട്ടി.
17 ഏഴാമത്തെ ദൂതന്‍ തന്‍റെ കലശം വായുവിലേക്കൊഴിച്ചു. അപ്പോള്‍ ദൈവാലയത്തിലെ സിംഹാസനത്തില്‍ നിന്ന് ഒരു വലിയ സ്വരം ഇങ്ങനെ പറഞ്ഞു, “അത് അവസാനിച്ചിരിക്കുന്നു.”
18 അപ്പോള്‍ അവിടെ മിന്നല്‍പ്പിണരുകളും ശബ്ദകോലാഹലങ്ങളും ഇടിയും ഒരു വലിയ ഭൂകന്പവും ഉണ്ടായി. ഭൂമിയില്‍ മനുഷ്യര്‍ നിലനിന്നു പോന്നതിനു ശേഷമുള്ള ഏറ്റവും ഭീകരമായ ഭൂകന്പമായിരുന്നു അത്.
19 മഹാനഗരം മൂന്നായി പിളര്‍ന്നു. രാഷ്ട്രങ്ങളിലെ നഗരങ്ങള്‍ നശിപ്പിക്കപ്പെട്ടു. മഹാബാബിലോനിനെ ശിക്ഷിക്കാന്‍ ദൈവം മറന്നില്ല. തന്‍റെ ക്രോധത്തിന്‍റെ വീഞ്ഞ് നിറഞ്ഞ പാത്രം അവന്‍ നഗരത്തിനു നല്‍കി.
20 എല്ലാ ദ്വീപുകളും അപ്രത്യക്ഷമായി. ഒരു മലയും അവശേഷിച്ചില്ല.
21 ആകാശത്തു നിന്നും ഓരോ റാത്തല്‍ ഭാരമുള്ള കല്ലായി കന്മഴ മനുഷ്യരുടെ മേല്‍ പതിച്ചു. കന്മഴ എന്ന ദുരിതത്തെച്ചൊല്ലി ജനങ്ങള്‍ ദൈവത്തെ ശപിച്ചു. അത്ര ഭയങ്കരമായിരുന്നു ആ ദുരിതം.