ബാബിലോന്‍ നശിപ്പിക്കപ്പെട്ടു
18
1 അപ്പോള്‍ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. ആ ദൂതന് വളരെ ശക്തിയുണ്ട്. ദൂതന്‍റെ മഹത്വം ഭൂമിയെ പ്രകാശമാനമാക്കി.
2 ദൂതന്‍ ഗംഭീരസ്വരത്തോടെ ആക്രോശിച്ചു.
“അവള്‍ നശിപ്പിക്കപ്പെട്ടു!
മഹാബാബിലോന്‍ നശിപ്പിക്കപ്പെട്ടു!
അവള്‍ ഭൂതങ്ങളുടെ വീടായിരിക്കുന്നു.
എല്ലാ അശുദ്ധാത്മാക്കളുടെയും വീടുമായി,
എല്ലാത്തരത്തിലുള്ള നീചമായ പക്ഷികളുടെയും താവളമായിരിക്കുന്നു അവള്‍.
അവള്‍ അശുദ്ധവും നിന്ദ്യവുമായ മൃഗങ്ങളുടെയും നഗരമായിരിക്കുന്നു.
3 ഭൂമിയിലെ എല്ലാ ജനവും അവളുടെ വ്യഭിചാരത്തിന്‍റെ വീഞ്ഞും ദൈവകോപത്തിന്‍റെ വീഞ്ഞും കുടിച്ചു.
ഭൂമിയിലെ രാജാക്കന്മാര്‍ അവളുമായി വ്യഭിചരിച്ചു,
അവളുടെ കാമചാപല്യങ്ങളുടെ സന്പത്തു കൊണ്ട് ലോകത്തിലെ വ്യാപാരികള്‍ സന്പന്നരായി.”
4 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും മറ്റൊരു ശബ്ദം കൂടി കേട്ടു:
“എന്‍റെ ജനമേ, ആ നഗരത്തില്‍ നിന്നും പുറത്തു വരിക, അവളുടെ
പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകാതിരിക്കുക.
എങ്കില്‍ നിങ്ങള്‍ക്കവളുടെ മേല്‍ വരാന്‍ പോകുന്ന ബാധകളൊന്നും പങ്കുവയ്ക്കേണ്ടി വരില്ല.
5 ആ നഗരത്തിന്‍റെ പാപങ്ങള്‍ സ്വര്‍ഗ്ഗത്തോളം ഉയരത്തില്‍ കൂന്പാരം കൂട്ടിയിരിക്കുന്നു.
അവളുടെ കുറ്റങ്ങള്‍ ദൈവം ക്ഷമിച്ചിട്ടില്ല.
6 അവള്‍ മറ്റുള്ളവര്‍ക്കു നല്‍കുന്നത് ആ നഗരത്തിനു നല്‍കുക.
അവളുടെ ചെയ്തികള്‍ക്ക് ഇരട്ടിയോളം പ്രതിഫലം കൊടുക്കുക.
അവള്‍ മറ്റുള്ളവര്‍ക്കായി തയ്യാറാക്കിയ വീഞ്ഞിന്‍റെ ഇരട്ടി വീര്യമുള്ള വീഞ്ഞ് അവള്‍ക്കായി ഒരുക്കുക.
7 അവള്‍ സ്വയം മഹത്വപ്പെടുത്തുകയും ആഢംബരത്തോടെ ജീവിക്കുകയും ചെയ്തു.
അത്രയും തന്നെ കഷ്ടവും ദുഃഖവും അവള്‍ക്കു നല്‍കുക.
അവള്‍ സ്വയം പറയുന്നു, ഞാന്‍ എന്‍റെ സിംഹാസനത്തിലിരിക്കുന്ന രാജ്ഞിയാണ്.
ഞാനൊരു വിധവയല്ല,
ഞാനൊരിക്കലും ദുഃഖി തയാവില്ല.
8 അതിനാല്‍ മരണം, കരച്ചില്‍, മഹാവിശപ്പ് എന്നീ
ബാധകള്‍ ഒരു ദിവസം തന്നെ അവളെ പിടികൂടും.
അവള്‍ തീയില്‍ എരിയും. കാരണം, അവളെ വിധിക്കുന്ന
കര്‍ത്താവായ ദൈവം അതിശക്തനാകുന്നു.”
9 “അവളുമായി വ്യഭിചരിച്ചവരും അവളുടെ സന്പത്തു പങ്കുവച്ചവരുമായ ഭൂമിയിലെ രാജാക്കന്മാര്‍ അവള്‍ എരിയുന്നതില്‍ നിന്നുള്ള പുക കാണും. അപ്പോള്‍ ആ രാജാക്കന്മാര്‍ അവളുടെ മരണത്തില്‍ കരഞ്ഞ് ദുഃഖിതരാകും.
10 അവളുടെ കഷ്ടത്തില്‍ അവര്‍ ഭയന്ന് അകന്നു നില്‍ക്കും. രാജാക്കന്മാര്‍ പറയും,
“ദുരിതം! ദുരിതം! മഹാനഗരമേ,
ശക്തമായ ബാബിലോന്‍ നഗരമേ!
ഒരു മണിക്കൂറില്‍ നിന്‍റെ ശിക്ഷ നടപ്പായി!”
11 “ഭൂമിയിലെ വ്യാപാരികളും അവരുടെ മരണത്തില്‍ കരയുകയും ദുഃഖിയ്ക്കുകയും ചെയ്യും. എന്തെന്നാല്‍ അവരുടെ സാധനങ്ങള്‍ വാങ്ങാന്‍ ആരും ഉണ്ടാവില്ല.
12 സ്വര്‍ണ്ണം, വെള്ളി, രത്നങ്ങള്‍, മുത്തുകള്‍, രക്താംബരങ്ങള്‍, ധൂമ്രവസ്ത്രം, പട്ട്, ചെന്പട്ട്, വിലകൂടിയ സുഗന്ധവര്‍ഗ്ഗങ്ങള്‍, സുഗന്ധതടി, ആനക്കൊന്പു കൊണ്ടുണ്ടാക്കിയ സകലവിധ സാധനങ്ങളും ഓട്, ഇരുന്പ്, മാര്‍ബിള്‍ എന്നിവയിലുണ്ടാക്കിയ സാധനങ്ങളും അവര്‍ വിറ്റിരുന്നു.
13 കൂടാതെ കുറുവാ, സുഗന്ധവ്യജ്ഞനങ്ങള്‍, ധൂപവര്‍ഗ്ഗം, കുന്തിരിക്കം, മൂര്, സുഗന്ധതൈലങ്ങള്‍, വീഞ്ഞ്, എണ്ണ, നേര്‍ത്ത ധാന്യമാവ്, ഗോതന്പ്, ആടുമാടുകള്‍, കുതിരകള്‍, രഥങ്ങള്‍, മാനുഷശരീരങ്ങള്‍, മാനുഷപ്രാണന്‍ എന്നിവയും അവരുടെ വ്യാപാര സാധനങ്ങളായിരുന്നു.
14 “ബാബിലോണ്‍, നീ ആഗ്രഹിച്ച നല്ല സാധനങ്ങള്‍ നഷ്ടമായിരിക്കുന്നു.
നിന്‍റെ സന്പന്നവും ആകര്‍ഷകവുമായ സാധനങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു.
ഇനിയും നിനക്ക് ആ സാധനങ്ങള്‍ ലഭിക്കില്ല.”
15 “വ്യാപാരികള്‍ അവളുടെ കഷ്ടത്തില്‍ ഭയക്കുകയും അകന്നു നില്‍ക്കുകയും ചെയ്യും. ഇവര്‍ അവള്‍ക്ക് സാധനങ്ങള്‍ വിറ്റ് ധനികരായവരാണ്. അവര്‍ ദുഃഖിക്കുകയും കരയുകയും ചെയ്യും.
16 അവര്‍ പറയും:
‘ദുരിതം! മഹാനഗരത്തിന് എത്ര ദുരിതമായ അവസ്ഥ!
അവള്‍ നേര്‍ത്ത വസ്ത്രങ്ങളും ധൂമ്രവും
ചെങ്കുപ്പായങ്ങളും അണിഞ്ഞിരുന്നു.
സ്വര്‍ണ്ണവും രത്നങ്ങളും മുത്തുകളും കൊണ്ട് അവള്‍ തിളങ്ങി.
17 ഈ മുഴുവന്‍ സന്പത്തും ഒരു മണിക്കൂറില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു!’
“എല്ലാ കപ്പിത്താന്മാരും എല്ലാ കപ്പല്‍ യാത്രക്കാരും നാവികരും കടലിലെ എല്ലാ വ്യാപാരികളും അവളില്‍ നിന്ന് അകന്നു നിന്നു.
18 അവള്‍ എരിയുന്നതിന്‍റെ പുക കണ്ടു. അവര്‍ ഉച്ചത്തില്‍ പറഞ്ഞു, ‘ഇതു പോലൊരു മഹാനഗരം വേറെയുണ്ടായിരുന്നില്ല!’
19 അവര്‍ തലയില്‍ പൊടിവാരിയിട്ടു. അവര്‍ ദുഃഖിച്ചു കരയുകയും ഉച്ചത്തില്‍ വിലപിച്ചു പറയുകയും ചെയ്തു:
‘ദുരിതം, ദുരിതം, മഹാനഗരമേ കടലില്‍ കപ്പലുകളുള്ളവര്‍ അവളുടെ
സന്പത്തു കൊണ്ടു ധനികരായി.
പക്ഷേ അവള്‍ ഒരു മണിക്കൂറുകൊണ്ട് തകര്‍ക്കപ്പെട്ടു!
20 ഓ! സ്വര്‍ഗ്ഗമേ, ഇതിനാല്‍ സന്തോഷിക്കുവിന്‍!
ദൈവത്തിന്‍റെ വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകരേ സന്തോഷിപ്പിന്‍!
അവള്‍ നിങ്ങളോടു ചെയ്തവയുടെ അടിസ്ഥാനത്തില്‍ ദൈവം അവളെ ശിക്ഷിച്ചിരിക്കുന്നു.’”
21 ശക്തനായ ഒരു ദൂതന്‍ ഒരു വലിയ പാറയെടുത്തു. അതൊരു വലിയ തിരികല്ലിനോളം വലുതായിരുന്നു. ദൂതന്‍ കല്ല് സമുദ്രത്തിലേക്കെറിഞ്ഞു കൊണ്ടു പറഞ്ഞു,
“അങ്ങനെയാണ് ബാബിലോന്‍ നഗരം വലിച്ചെറിയപ്പെടുക.
പിന്നീട് നഗരം അവശേഷിക്കില്ല.
22 വീണ വായിക്കുന്നവരുടെയും പുല്ലാങ്കുഴല്‍, കാഹളം എന്നിവ വായിക്കുന്ന സംഗീതജ്ഞരുടെയും സംഗീതം നിന്നില്‍ മുഴങ്ങുകയില്ല.
ഒരു കരകൌശലശില്പിയും ഇനി നിന്നില്‍ കാണപ്പെടുകയില്ല.
തിരികല്ലിന്‍റെ ശബ്ദം നിന്നില്‍ ഇനി കേള്‍ക്കില്ല.
23 ഒരു വിളക്കിന്‍റെ പ്രകാശം നിന്നിലിനി തെളിയുകയില്ല.
വധൂവരന്മാരുടെ ശബ്ദം നിന്നിലിനി കേള്‍ക്കില്ല.
നിന്‍റെ വ്യാപാരികള്‍ ലോകത്തിലെ ഏറ്റവും മഹാന്മാരായിരുന്നു.
ജനതയെല്ലാം നിന്‍റെ മായാജാലത്താല്‍ വഞ്ചിതരായി.
24 പ്രവാചകരുടെയും ദൈവത്തിന്‍റെ വിശുദ്ധരുടെയും ഭൂമിയില്‍
കൊല്ലപ്പെട്ട എല്ലാവരുടെയും രക്തത്തിന് അവളാണ് ഉത്തരവാദി.”