സ്വര്‍ഗ്ഗവാസികള്‍ ദൈവത്തെ സ്തുതിക്കുന്നു
19
1 അതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയൊരു ജനക്കൂട്ടത്തിന്‍റേതു പോലെ വലിയ ശബ്ദം ഞാന്‍ കേട്ടു. അവള്‍ പറയുകയായിരുന്നു:
“ഹല്ലെലൂയ്യാ!
വിജയവും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്‍റേതാകുന്നു.
2 അവന്‍റെ വിധികള്‍ സത്യസന്ധവും ന്യായയുക്തവും ആകുന്നു.
മഹാവേശ്യാസ്ത്രീയെ നമ്മുടെ ദൈവം ശിക്ഷിച്ചു.
വേശ്യാവൃത്തി വഴി ഭൂമിയെ ദുഷിപ്പിച്ചവളാണ് അവള്‍.
തന്‍റെ ദാസന്മാരുടെ രക്തത്തിന് ദൈവം ആ വേശ്യയെ ശിക്ഷിച്ചിരിക്കുന്നു.”
3 അവന്‍ ഒരിക്കല്‍ കൂടി പറഞ്ഞു:
“ഹല്ലെലൂയ്യാ!
അവള്‍ എരിയുന്നതിന്‍റെ പുക എന്നെന്നും ഉയര്‍ന്നു കൊണ്ടിരിക്കും.”
4 അപ്പോള്‍ ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവനുള്ള ജന്തുക്കളും നമസ്കരിച്ചു. അവര്‍ സിംഹാസനസ്ഥനായ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു,
“ആമേന്‍, ഹല്ലെലൂയ്യാ!”
5 അപ്പോള്‍ സിംഹാസനത്തില്‍ നിന്നൊരു ശബ്ദം വന്നു,
“ദൈവത്തെ സേവിക്കുന്ന നിങ്ങളെല്ലാം നമ്മുടെ ദൈവത്തെ സ്തുതിക്കുക!
ദൈവത്തെ ആദരിക്കുന്ന ചെറിയവരും വലിയവരുമായ നിങ്ങള്‍ നമ്മുടെ ദൈവത്തെ സ്തുതിക്കുക!”
6 അപ്പോള്‍ വലിയൊരു ജനക്കൂട്ടത്തിന്‍റെ ആരവം പോലെ ഞാന്‍ കേട്ടു. അതു ജലപ്രപാഹം പോലെയും ശക്തിയായ ഇടിമുഴക്കം പോലെയുമായിരുന്നു. ആളുകള്‍ ഇങ്ങനെ പറയുകയായിരുന്നു,
“ഹല്ലെലൂയ്യാ!
നമ്മുടെ കര്‍ത്താവും സര്‍വ്വശക്തനുമായ
ദൈവം ഭരിക്കുന്നു.
7 നമുക്ക് ആഹ്ളാദിച്ചുല്ലസിച്ച് ദൈവത്തെ മഹത്വപ്പെടുത്താം!
കുഞ്ഞാടിന്‍റെ വിവാഹം അടുത്തിരിക്കുന്നതിനാല്‍ ദൈവത്തെ മഹത്വപ്പെടുത്തുക.
അവന്‍റെ മണവാട്ടി സ്വയം ഒരുങ്ങിക്കഴിഞ്ഞു.
8 അവള്‍ക്കു ധരിക്കാന്‍ നല്‍കപ്പെട്ട നേര്‍ത്ത
ശണവസ്ത്രമാകട്ടെ തിളക്കമേറിയതും ശുദ്ധവുമായിരുന്നു.
(ദൈവത്തിന്‍റെ വിശുദ്ധരുടെ സല്‍പ്രവൃത്തികളാണ് നേര്‍ത്ത ശണവസ്ത്രം അര്‍ത്ഥമാക്കുന്നത്.)
9 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഇതെഴുതുക: കുഞ്ഞാടിന്‍റെ വിവാഹസദ്യയ്ക്ക് ക്ഷണിക്കപ്പെട്ടവര്‍ അനുഗൃഹീതര്‍!” അപ്പോള്‍ ദൂതന്‍ പറഞ്ഞു, “ഇതു ദൈവത്തിന്‍റെ സത്യവചനങ്ങളാകുന്നു.”
10 അനന്തരം ഞാന്‍ ദൂതനെ നമസ്കരിക്കുവാന്‍ അവന്‍റെ പാദത്തിങ്കല്‍ മുട്ടുകുത്തി. പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്! ഞാന്‍ നിന്നെപ്പോലെയും നിന്‍റെ സഹോദരന്മാ രെപ്പോലെയും യേശുവിനെക്കുറിച്ച് സാക്ഷ്യം നല്‍കുന്ന ഒരു ദാസനാണ്. അതുകൊണ്ട് ദൈവത്തെ നമസ്കരിക്കുക. എന്തെന്നാല്‍ പ്രവചനത്തിന്‍റെ ആത്മാവ് യേശുവിന്‍റെ സത്യമാണല്ലോ.”
വെള്ളക്കുതിരപ്പുറത്തെ യാത്രികന്‍
11 അപ്പോള്‍ സ്വര്‍ഗ്ഗം തുറന്നത് ഞാന്‍ കണ്ടു. അവിടെ എനിക്കു മുന്പില്‍ ഒരു വെള്ളക്കുതിരയുണ്ടായിരുന്നു. അതിന്മേല്‍ സവാരി ചെയ്യുന്നവന്‍ വിശ്വസ്തനെന്നും സത്യവാനെന്നും വിളിക്കപ്പെട്ടിരുന്നു. അവന്‍ നീതിപൂര്‍വ്വം വിധിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു.
12 അവന്‍റെ കണ്ണുകള്‍ കത്തുന്ന തീ പോലെയായിരുന്നു. അവന്‍റെ തലയില്‍ അനവധി കിരീടങ്ങളുണ്ടായിരുന്നു. അവന്‍റെമേല്‍ ഒരു പേര് എഴുതപ്പെട്ടിരുന്നുവെങ്കിലും അതെന്തെന്ന് അവനുമാത്രമേ അറിയാമായിരുന്നുള്ളൂ. മറ്റാര്‍ക്കും ആ പേരറിയുമായിരുന്നില്ല.
13 രക്തത്തില്‍ മുക്കിയ ഒരു നീളന്‍ കുപ്പായം അവന്‍ ധരിച്ചിരുന്നു. ദൈവവചനം എന്നായിരുന്നു അവന്‍റെ നാമം.
14 സ്വര്‍ഗ്ഗത്തിലെ സേനകള്‍ വെള്ളക്കുതിരപ്പുറത്ത് അവനെ പിന്തുടര്‍ന്നിരുന്നു. നേര്‍ത്തതും വെളുത്തതും വൃത്തിയുള്ളതുമായ ശണവസ്ത്രം അവര്‍ ധരിച്ചിരുന്നു.
15 അവന്‍റെ വായില്‍ നിന്ന് മൂര്‍ച്ചയേറിയ വാള്‍ പുറത്തേക്കു വരുന്നു. ഈ വാള്‍ കൊണ്ടാണ് അവന്‍ രാഷ്ട്രങ്ങളെ തോല്പിക്കുക. അവന്‍ ഒരു ഇരുന്പു വടി ഉപയോഗിച്ച് രാജ്യങ്ങളെ ഭരിക്കും. സര്‍വ്വശക്തനായ ദൈവത്തിന്‍റെ ഭീകരമായ കോപത്തിന്‍റെ മുന്തിരിച്ചക്കില്‍ അവന്‍ മുന്തിരി പിഴിഞ്ഞെടുക്കും.
16 അവന്‍റെ കുപ്പായത്തിലും തുടയിലും ഈ നാമം എഴുതിയിരുന്നു:
രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും
17 അപ്പോള്‍ ഒരു ദൂതന്‍ സൂര്യനില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ദൂതന്‍ അത്യുച്ചത്തില്‍ ആകാശത്തു പറക്കുന്ന മുഴുവന്‍ പക്ഷികളോടുമായി പറഞ്ഞു, “ദൈവത്തിന്‍റെ മഹാതിരുവത്താഴ ത്തിനായി കൂടിവരിക.
18 രാജാക്കന്മാരുടെയും സേനാധിപന്മാരുടെയും പ്രസിദ്ധരുടെയും മാംസം കഴിക്കുന്നതിനായി വരിക. കുതിരകളുടെയും കുതിരകളുടെമേല്‍ സവാരി ചെയ്യുന്നവരുടെയും സ്വതന്ത്രര്‍, അടിമകള്‍, ചെറിയവന്‍, വലിയവന്‍, എന്നിവരടക്കം എല്ലാ മനുഷ്യരുടെയും മാംസം ഭക്ഷിക്കാന്‍ വരിക.”
19 അപ്പോള്‍ ഞാന്‍ മൃഗത്തെയും ഭൂമിയിലെ രാജാക്കന്മാരെയും കണ്ടു. അവരുടെ സൈന്യങ്ങള്‍ കുതിരസവാരിക്കാരനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്യാന്‍ ഒന്നിച്ചുകൂടി.
20 പക്ഷേ മൃഗം പിടിക്കപ്പെട്ടു. വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. മൃഗത്തിനു വേണ്ടി വീര്യപ്രവര്‍ത്തികള്‍ ചെയ്തവനായിരുന്നു ആ വ്യാജപ്രവാചകന്‍. മൃഗത്തിന്‍റെ അടയാളമുള്ളവരും അവന്‍റെ വിഗ്രഹത്തെ നമസ്കരിക്കുന്നവരുമായവരെ വഞ്ചിക്കാനാണ് വ്യാജപ്രവാചകന്‍ ഈ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ഗന്ധകം എരിയുന്ന തീത്തടാകത്തിലേക്ക് വ്യാജപ്രവാചകനും മൃഗവും ജീവനോടെ എറിയപ്പെട്ടു.
21 അവരുടെ സൈന്യങ്ങള്‍ കുതിരക്കാരന്‍റെ വായില്‍ നിന്നും വന്ന വാളിനാല്‍ കൊല്ലപ്പെട്ടു. പക്ഷികളെല്ലാം വയറുനിറയെ ഈ ശരീരങ്ങള്‍ തിന്നു.