എഫെസൊസിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
2
“എഫെസൊസിലെ സഭയുടെ ദൂതന് ഇതെഴുതുക:
“വലതുകയ്യില്‍ ഏഴു നക്ഷത്രങ്ങളും പിടിച്ചുകൊണ്ട് കനകനിര്‍മ്മിതമായ ഏഴു പൊന്‍വിളക്കുകാലുകള്‍ക്കിടയിലൂടെ നടക്കുന്നവന്‍ നിന്നോടു പറയുന്നു.
“നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നീ നന്നായി അദ്ധ്വാനിക്കുകയും പരിശ്രമം ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുന്നു. ദുഷ്ടരെ നീ സ്വീകരിക്കില്ലെന്ന് എനിക്കറിയാം. വ്യാജ അപ്പൊസ്തലന്മാരെ നീ നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ വ്യാജന്മാരാണെന്നും നീ കണ്ടെത്തി. നീ ക്ഷമാപൂര്‍വ്വം പ്രവൃത്തികള്‍ തുടര്‍ന്നു. എന്‍റെ നാമത്തെ ചൊല്ലി നീ ദുരിതങ്ങള്‍ അനുഭവിച്ചു. അതുകൊണ്ടൊന്നും നീ തളര്‍ന്നുപോയില്ല.
“ആരംഭത്തില്‍ നിനക്കുണ്ടായിരുന്ന സ്നേഹം നീ ഉപേക്ഷിച്ചു എന്ന ഒരു കാര്യം നിനക്കെതിരായി എനിക്കു പറയാനുണ്ട്. അതുകൊണ്ട് എവിടെയാണ് നിനക്കു വീഴ്ച പറ്റിയതെന്നോര്‍ക്കുക. അതുകൊണ്ട് മാനസാന്തരപ്പെട്ട് ആരംഭത്തിലെ പ്രവൃത്തികള്‍ തന്നെ ചെയ്യുക. നീ മാറ്റിയില്ലെങ്കില്‍ ഞാന്‍ നിന്നിലേക്കു വരും. നിന്‍റെ വിളക്കുകാലുകള്‍ അതിന്‍റെ സ്ഥാനത്തു നിന്നു നീക്കുകയും ചെയ്യും. എന്നാല്‍ നീ പ്രായോഗികമാക്കുന്ന ഒരു നന്മയുണ്ട്. നിക്കൊലാവ്യ പക്ഷക്കാരുടെ* നിക്കൊലാവ്യ പക്ഷം ഏഷ്യാ പ്രവിശ്യയിലെ നിക്കൊലോസ് എന്നയാള്‍ ആരംഭിച്ച ദുരുപദേശ പക്ഷത്തില്‍ ചേര്‍ന്നവര്‍. തെറ്റായ ആശയങ്ങള്‍ക്കു പിന്നാലെ പോയ മതവിഭാഗം. പ്രവൃത്തികളെ നീ വെറുത്തു. ഞാനും അവരെ വെറുക്കുന്നുണ്ടല്ലോ.
“ഇതെല്ലാം കേള്‍ക്കുന്ന എല്ലാവരും ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കണം. ജേതാവിന് ജീവവൃക്ഷത്തിലെ പഴങ്ങള്‍ തിന്നുവാനുള്ള അധികാരം ഞാന്‍ നല്‍കും. ദൈവത്തിന്‍റെ ഉദ്യാനത്തില്‍ ആണ് ആ മരം ഉള്ളത്.
സ്മൂര്‍ന്നയിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
“സ്മുര്‍ന്നയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“ആദിയും അന്തവുമായവന്‍ നിങ്ങളോടിക്കാര്യങ്ങള്‍ പറയുന്നു. മരിക്കുകയും ജീവനിലേക്ക് തിരിച്ചുവരികയും ചെയ്തവനാണവന്‍.
“നിന്‍റെ ദുരിതങ്ങളും ദാരിദ്ര്യവും ഞാനറിയുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ നീ ധനികനാണ്. നിന്നെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന ദൂഷണങ്ങള്‍ എനിക്കറിയാം. അവര്‍ യെഹൂദരാണെന്ന് സ്വയം അവകാശപ്പെടുന്നു. പക്ഷേ സത്യത്തില്‍ അവര്‍ യെഹൂദരല്ല. അവര്‍ സാത്താന്‍റെ യെഹൂദപ്പള്ളിയാണ്. 10 നിനക്കു സംഭവിക്കാവുന്നതിനെപ്പറ്റി ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു പറയുന്നു പിശാച് നിങ്ങളില്‍ ചിലരെ കാരാഗൃഹത്തിലടയ്ക്കും. അതു നിങ്ങളെ പരീക്ഷിക്കാനായിരിക്കും. പത്തു ദിവസം നിങ്ങള്‍ കഷ്ടപ്പെടും. പക്ഷേ മരിക്കേണ്ടി വന്നാലും വിശ്വാസം കൈവിടരുത്. വിശ്വാസം കൈവിടാതിരുന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ ജീവന്‍റെ കിരീടം നല്‍കും.
11 “ഇതൊക്കെ കേള്‍ക്കുന്നവരെല്ലാം സഭകളോട് ആത്മാവ് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിനെ രണ്ടാം മരണം മുറിവേല്പിക്കുകയില്ല.
പെര്‍ഗ്ഗമൊസിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
12 “പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“മൂര്‍ച്ചയേറിയ ഒരു ഇരുതലവാള്‍ ഉള്ളവന്‍ നിങ്ങളോട് ഇങ്ങനെ പറയുന്നു.
13 “നീ താമസിക്കുന്നതെവിടെയെന്ന് എനിക്കറിയാം. സാത്താന്‍റെ സിംഹാസനമിരിക്കുന്നിടത്ത്. എന്നാല്‍ നീ എന്‍റെ നാമം മുറുകെ പിടിക്കുന്നു. അന്തിപ്പാസിന്‍റെ കാലത്തു പോലും നീ എന്നിലുള്ള വിശ്വാസത്തെ തള്ളിപ്പറഞ്ഞില്ല. അന്തിപ്പാസ് നിന്‍റെ നഗരത്തില്‍ കൊല്ലപ്പെട്ട എന്‍റെ വിശ്വസ്തനായ സാക്ഷിയായിരുന്നു. നിന്‍റെ നഗരത്തിലാണ് സാത്താന്‍ വസിക്കുന്നത്.
14 “എങ്കിലും നിനക്കെതിരെ ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്. ബിലെയാമിന്‍റെ ഉപദേശങ്ങള്‍ അനുസരിക്കുന്ന ചിലര്‍ നിന്‍റെ സംഘത്തിലുണ്ട്. യിസ്രായേല്‍ക്കാരെ പാപത്തില്‍ വീഴ്ത്താന്‍ ബാലാക്കിനെ പഠിപ്പിച്ചയാളാണ് ബിലെയാം. അവര്‍ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ട ഭക്ഷണം കഴിക്കുകയും ലൈംഗികപാപം ചെയ്യുകയും ചെയ്തു. 15 അതുകൊണ്ട് അങ്ങനെയുള്ളവര്‍ നിന്‍റെ സംഘത്തിലുമുണ്ട്. നിക്കൊലാവ്യന്‍റെ പാഠങ്ങള്‍ അനുസരിക്കുന്നവരും നിന്നോടൊത്തുണ്ടല്ലോ. 16 അതുകൊണ്ട് മാനസാന്തരപ്പെടുവിന്‍! അല്ലെങ്കില്‍ ഞാന്‍ വേഗം നിന്‍റെയടുത്തു വരികയും എന്‍റെ വായില്‍ നിന്നും വരുന്ന വാള്‍ ഉപയോഗിച്ച് അവരോട് ഏറ്റുമുട്ടുകയും ചെയ്യും.
17 “ഇതു കേള്‍ക്കുന്നവന്‍ ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കട്ടെ. ജേതാവിന് ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന സമ്മാനിക്കും.
“അയാള്‍ക്കു ഞാനൊരു വെള്ളക്കല്ലും സമ്മാനിക്കും. ആ കല്ലില്‍ പുതിയൊരു പേര് എഴുതിയിരിക്കും. ആര്‍ക്കും ആ പുതിയപേര് അറിയുകയില്ല. ആ കല്ല് ലഭിക്കുന്നവനു മാത്രമേ പുതിയ പേര് അറിയുകയുള്ളൂ.
തുയഥൈരയിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
18 “തുയഥൈരയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“ദൈവപുത്രന്‍ ഇങ്ങനെ പറയുന്നു. അഗ്നിപോലെ ജ്വലിക്കുന്ന കണ്ണുകളും തിളങ്ങുന്ന ഓട്ടുപോലുള്ള പാദങ്ങളും ഉള്ളവന്‍. അവന്‍ നിന്നോടു പറയുന്നത് ഇങ്ങനെയാണ്.
19 “നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നിന്‍റെ സ്നേഹം, വിശ്വാസം, സേവനം, ക്ഷമ എന്നിവയെപ്പറ്റിയെല്ലാം ഞാനറിയുന്നു. നീ തുടക്കത്തില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ചെയ്യുന്നു. 20 എങ്കിലും നിനക്കെതിരെ എനിക്കു ചിലതു പറയാനുണ്ട്. ഈസബേല്‍ എന്നു പേരുള്ള ആ സ്ത്രീയെ അവള്‍ ഇച്ഛിക്കുന്പോലെ പഠിപ്പിക്കാന്‍ നീ അനുവദിച്ചു കൊണ്ടിരിക്കുന്നതു തന്നെ. അവള്‍ സ്വയം പ്രവാചകിയായി പ്രഖ്യാപിച്ചു. പക്ഷേ അവള്‍ തന്‍റെ ഉപദേശങ്ങളുമായി എന്‍റെ ജനതയെ വഴി തെറ്റിക്കുന്നു. അവള്‍ എന്‍റെ ജനതയെക്കൊണ്ട് വിഗ്രഹങ്ങള്‍ക്ക് നല്‍കിയ ആഹാരം തീറ്റുകയും ലൈംഗികപാപം ചെയ്യിക്കുകയും ചെയ്തു. 21 മാനസാന്തരപ്പെട്ടു പാപങ്ങളില്‍ നിന്നു തിരിയുവാന്‍ ഞാന്‍ അവള്‍ക്കു സമയം കൊടുത്തു. എങ്കിലും അവളുടെ ലൈംഗികപാപങ്ങളില്‍ നിന്നും മാനസാന്തരപ്പെടുവാന്‍ അവള്‍ വിസ്സമ്മതിക്കുന്നു.
22 “അതിനാല്‍ ഞാനവളെ കഷ്ടതയുടെ കിടക്കയിലേക്കെറിയും. അവളുമായി ലൈംഗിക പാപങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും വലിയ കഷ്ടതകളുണ്ടാകും. അവള്‍ ചെയ്യുന്നതില്‍ നിന്നും അവര്‍ പിന്മാറിയില്ലെങ്കില്‍ ഞാനിപ്പോള്‍ തന്നെ ഇതു ചെയ്യും. 23 അവളുടെ ജീവിത പാത പിന്‍തുടരുന്നവരെ ഞാന്‍ വിധിക്കും. ആളുകള്‍ക്കുണ്ടാക്കുന്ന വികാരവിചാരങ്ങളെ ഞാനറിയുന്നുവെന്ന് എല്ലാ സഭകളും അറിയുകയും ചെയ്യും. നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും ഞാന്‍ നിങ്ങള്‍ക്കു പകരം നല്‍കുകയും ചെയ്യും.
24 “പക്ഷേ തുയഥൈരയിലെ ശേഷമുള്ള നിങ്ങള്‍ അവളുടെ ഉപദേശം പിന്തുടര്‍ന്നില്ല. സാത്താന്‍റെ അന്തര്‍രഹസ്യങ്ങളെന്നവര്‍ വിളിക്കുന്നവയെ നിങ്ങള്‍ പഠിച്ചില്ല. ഇതാണ് നിങ്ങള്‍ നിങ്ങളോടു പറയുന്നത്: ഞാന്‍ നിങ്ങള്‍ക്കു മേല്‍ മറ്റൊരു ഭാരവും വയ്ക്കില്ല. 25 പക്ഷേ ഞാന്‍ വരും വരെ നിങ്ങള്‍ ഇതേ മാര്‍ഗ്ഗം തുടരണം.
26 “ജയിക്കുന്നവനും അവസാനം വരെ എന്‍റെ ഇഷ്ടം ചെയ്യുന്ന ഓരോരുത്തനും ഞാന്‍ ശക്തി തരും. അയാള്‍ക്കു ഞാന്‍ രാജ്യങ്ങള്‍ക്കുമേല്‍ അധികാരം നല്‍കും.
27 ‘അവന്‍ അവരെ ഇരുന്പുവടി കൊണ്ടു ഭരിക്കും.
മണ്‍കുടം പോലെ അവന്‍ അവരെ ചിതറിക്കും.’ സങ്കീര്‍ത്തനം 2:9
28 ഇതേ ശക്തിയാണു ഞാന്‍ പിതാവില്‍ നിന്നും സ്വീകരിച്ചത്. ആ വ്യക്തിയ്ക്കു ഞാനൊരു പ്രഭാതനക്ഷത്രത്തെയും നല്‍കും. 29ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നതു കേള്‍ക്കട്ടെ.