ആയിരം വര്‍ഷം
20
1 സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലേക്കുള്ള താക്കോല്‍ ദൂതന്‍റെ കയ്യിലുണ്ടായിരുന്നു. ദൂതന്‍റെ കയ്യില്‍ ഒരു വലിയ ചങ്ങലയുമുണ്ടായിരുന്നു.
2 ദൂതന്‍ മഹാസര്‍പ്പത്തെയും പിടിച്ചിരുന്നു. പുരാതന സര്‍പ്പം അവന്‍ സാത്താന്‍ അഥവാ പിശാചും ആണ്. ദൂതന്‍ അവനെ ആയിരം വര്‍ഷം ചങ്ങലയില്‍ ബന്ധിച്ചു.
3 മഹാസര്‍പ്പത്തെ അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലേക്കെറിഞ്ഞു. ദൂതന്‍ എന്നിട്ട് ഗര്‍ത്തം അടച്ച് തഴുതിട്ടു. ആയിരം വര്‍ഷത്തേക്ക് ഭൂമിയിലെ മനുഷ്യരെ മഹാസര്‍പ്പം വഞ്ചിക്കാതിരിക്കാനാണവന്‍ അങ്ങനെ ചെയ്തത്. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം അല്പനേരത്തേക്കു മഹാസര്‍പ്പം സ്വതന്ത്രനാക്കപ്പെടും.
4 അപ്പോള്‍ ഏതാനും സിംഹാസനങ്ങളിന്മേല്‍ കുറെപ്പേര്‍ ഇരിക്കുന്നതു ഞാന്‍ കണ്ടു. ന്യായം വിധിക്കാന്‍ അവര്‍ക്കു അധികാരം കൊടുത്തിരുന്നു. യേശുവിന്‍റെ സത്യത്തോടും ദൈവവചനത്തോടും വിശ്വസ്തരായിരുന്നതുകൊണ്ട് തല മുറിക്കപ്പെട്ടവരുടെ ദേഹികളെയും ഞാന്‍ കണ്ടു. അവര്‍ മൃഗത്തെയോ അവന്‍റെ വിഗ്രഹത്തെയോ നമസ്കരിച്ചിരുന്നില്ല. നെറ്റിയിലോ കയ്യിലോ മൃഗത്തിന്‍റെ അടയാളം അവര്‍ സ്വീകരിച്ചിരുന്നില്ല. അവര്‍ വീണ്ടും ജീവിക്കുകയും ക്രിസ്തുവിനോടൊത്ത് ആയിരം വര്‍ഷം വാണരുളുകയും ചെയ്തു.
5 (മരിച്ച മറ്റുള്ളവര്‍ ആയിരം വര്‍ഷം കഴിയുവോളം വീണ്ടും ജീവിച്ചതേയില്ല.)
അത് മരിച്ചവരുടെ ആദ്യത്തെ ഉയിര്‍ത്തെഴുന്നേല്പായിരുന്നു.
6 ഈ ആദ്യത്തെ ഉയിര്‍ത്തെഴുന്നേല്പില്‍ പങ്കു പറ്റിയ ഏവരും അനുഗ്രഹീതരും വിശുദ്ധരും ആണ്. രണ്ടാമത്തെ മരണത്തിന് ആ ആളുകളുടെമേല്‍ യാതൊരധികാരവുമില്ല. അവര്‍ ദൈവത്തിന്‍റെയും ക്രിസ്തുവിന്‍റെയും പുരോഹിതരായിരിക്കും. അവര്‍ അവനോടൊപ്പം ആയിരം വര്‍ഷം ഭരിക്കും.
സാത്താന്‍റെ പരാജയം
7 ആയിരം വര്‍ഷം പൂര്‍ത്തിയായിക്കഴിയുന്പോള്‍ അടിത്തട്ടില്ലാത്ത ഗര്‍ത്തത്തില്‍ തടവില്‍ കിടക്കുന്ന സാത്താന്‍ മോചിതനാകും.
8 സാത്താന്‍ ഭൂമിയെയാകെ-ഗോഗ് മാഗോഗ് മുതലായ രാഷ്ട്രങ്ങളെ വഞ്ചിക്കാന്‍ പുറപ്പെടും. അവന്‍ ജനങ്ങളെ യുദ്ധത്തിനു സജ്ജമാക്കും. കടല്‍പ്പുറത്തെ മണല്‍ത്തരികള്‍ പോലെ അനേകം പേര്‍ ഉണ്ടാകും.
9 സാത്താന്‍റെ സൈന്യം ഭൂമി മുറിച്ചുകടന്ന് ദൈവത്തിന്‍റെയാള്‍ക്കാര്‍ വസിക്കുന്ന സങ്കേതത്തിനും ദൈവം സ്നേഹിക്കുന്ന നഗരത്തിനും ചുറ്റില്‍ ഒത്തുകൂടി. പക്ഷേ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന അഗ്നി സാത്താന്‍റെ സൈന്യത്തെ നശിപ്പിച്ചു.
10 ആ ജനങ്ങളെ വഞ്ചിച്ച പിശാച് മൃഗത്തോടും വ്യാജപ്രവാചകനോടുമൊപ്പം ഗന്ധകം എരിയുന്ന തീയിലേക്കെറിയപ്പെട്ടു. അവിടെയവര്‍ എന്നെന്നേക്കും രാപ്പകല്‍ പീഢിപ്പിക്കപ്പെടും.
ഭൂമിയിലെ ജനത വിധിയ്ക്കപ്പെട്ടു
11 അപ്പോള്‍ ഞാന്‍ വലിയൊരു വെള്ളസിംഹാസനവും അതിലിരിക്കുന്നവനെയും കണ്ടു. ഭൂമിയും ആകാശവും അവനില്‍ നിന്ന് ഓടിയകന്ന് അപ്രത്യക്ഷമായി.
12 മരിച്ചവരായ ചെറിയവരെയും, വലിയവരെയും സിംഹാസനത്തിനു മുന്പില്‍ കണ്ടു. ചില പുസ്തകങ്ങള്‍ തുറക്കപ്പെട്ടു. ജീവന്‍റെ പുസ്തകവും തുറക്കപ്പെട്ടിരുന്നു. മരിച്ചവര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു. ഇക്കാര്യങ്ങളാണ് ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നത്.
13 സമുദ്രം അതിലുണ്ടായിരുന്ന മരിച്ചവരെ കൈവിട്ടു. മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഉപേക്ഷിച്ചു. ഓരോരുത്തരും തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് വിധിക്കപ്പെട്ടു.
14 മരണവും പാതാളവും തീത്തടാകത്തിലേക്ക് എറിയപ്പെട്ടു. ആ തീത്തടാകം രണ്ടാം മരണമായിരുന്നു.
15 ജീവന്‍റെ പുസ്തകത്തില്‍ പേരു എഴുതിക്കാണപ്പെടാത്തവരൊക്കെ തീത്തടാകത്തിലേക്കെറിയപ്പെട്ടു