22
അപ്പോള്‍ ജീവജലത്തിന്‍റെ നദി ദൂതന്‍ എനിക്കു കാട്ടിത്തന്നു. നദി സ്ഫടികം പോലെ പ്രകാശമാനമായിരുന്നു. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു നദി ഒഴുകുന്നു. നഗരവീഥിയുടെ മദ്ധ്യത്തിലൂടെ അതൊഴുകുന്നു. നദിയുടെ ഇരുകരകളിലുമായി ജീവന്‍റെ വൃക്ഷം നിന്നിരുന്നു. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം മരം ഫലമുണ്ടാക്കും. എല്ലാ മാസവും അതു ഫലം നല്‍കുന്നു. ജനങ്ങളുടെ രോഗശാന്തിക്കുതകുന്നതാണ് മരത്തിന്‍റെ ഇലകള്‍.
ദൈവം കുറ്റകരമെന്ന് വിധിക്കുന്ന യാതൊന്നും നഗരത്തിലുണ്ടായിരുന്നില്ല. ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം നഗരത്തിലുണ്ടാകും. ദൈവത്തിന്‍റെ ദാസന്മാര്‍ അവനെ നമസ്കരിക്കും. അവര്‍ അവന്‍റെ മുഖം കാണും. അവരുടെ നെറ്റിമേല്‍ ദൈവത്തിന്‍റെ നാമം എഴുതപ്പെട്ടിരിക്കും. അവിടെ ഇനി രാത്രയുണ്ടാവില്ല. ആളുകള്‍ക്കിനി ഒരു വിളക്കിന്‍റെയോ സൂര്യന്‍റെയോ പ്രകാശം ആവശ്യമില്ല. കര്‍ത്താവായ ദൈവം അവര്‍ക്കു പ്രകാശം നല്‍കും. പിന്നീടവര്‍ എന്നെന്നേക്കും രാജാക്കന്മാരെപ്പോലെ വാണരുളും.
ദൂതന്‍ എന്നോടു പറഞ്ഞു, “ഈ വാക്കുകള്‍ സത്യവും വിശ്വസനീയവുമാകുന്നു. പ്രവാചകരുടെ ആത്മാക്കളുടെ ദൈവം കര്‍ത്താവാകുന്നു. അടുത്തുതന്നെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ തന്‍റെ ദാസന്മാര്‍ക്കു കാട്ടിക്കൊടുക്കുവാന്‍ ദൈവം തന്‍റെ ദൂതനെ അയച്ചു. ശ്രദ്ധിക്കൂ, ഞാനുടന്‍ വരുന്നു! ഈ ഗ്രന്ഥത്തിലെ പ്രവചനത്തിന്‍റെ വാക്കുകളനുസരിക്കുന്നവര്‍ അനുഗൃഹീതര്‍.”
ഞാന്‍ യോഹന്നാനാകുന്നു. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത ഒരുവന്‍. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്തതിനുശേഷം ഞാന്‍ ദൂതന്‍റെ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. പക്ഷേ ദൂതന്‍ എന്നോടു പറഞ്ഞു, “എന്നെ നമസ്കരിക്കരുത്. ഞാന്‍ നിന്നെപ്പോലെയും സഹോദരന്മാരായ പ്രവാചകരെപ്പോലെയും ദൈവത്തിന്‍റെ ഭൃത്യനാകുന്നു. ഈ പുസ്തകത്തിലെ വചനങ്ങളനുസരിക്കുന്ന എല്ലാവരെയും പോലെ ഞാന്‍ ഒരു ഭൃത്യനാകുന്നു. നീ ദൈവത്തെയാണ് നമസ്കരിക്കേണ്ടത്!”
10 അപ്പോള്‍ ദൂതന്‍ എന്നോടു പറഞ്ഞു, “ഈ പുസ്തകത്തിലെ വചനങ്ങളെ രഹസ്യമായി സൂക്ഷിക്കരുത്. ഇതൊക്കെ സംഭവിക്കാനുള്ള കാലം ആസന്നമായിരിക്കുന്നു. 11 തെറ്റു ചെയ്യുന്നവന്‍ അതു തുടരട്ടെ. അശുദ്ധനായവന്‍ അങ്ങനെതന്നെ തുടരട്ടെ. ശരി ചെയ്യുന്നവന്‍ അതും തുടരട്ടെ. വിശുദ്ധന്മാര്‍ വിശുദ്ധരായിരിക്കട്ടെ.”
12 “ശ്രദ്ധിക്കൂ, ഞാനിതാ ഉടന്‍ വരികയായി. പ്രതിഫലവും കൊണ്ടാണു ഞാന്‍ വരിക. ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തിക്കനുസരിച്ചു ഞാന്‍ പ്രതിഫലം നല്‍കും. 13 ആദ്യാക്ഷരവും അന്ത്യാക്ഷരവും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ഞാനാകുന്നു.
14 “തങ്ങളുടെ നീളന്‍ കുപ്പായങ്ങള്‍ കഴുകിയവര്‍ അനുഗൃഹീതര്‍. ജീവന്‍റെ വൃക്ഷത്തിലെ ഫലങ്ങള്‍ തിന്നാന്‍ അവര്‍ക്കവകാശമുണ്ടാകും. അവര്‍ക്കു കവാടങ്ങളിലൂടെ നഗരത്തിലേക്കു കടക്കാം. 15 നായ്ക്കളും ആഭിചാരപ്രവര്‍ത്തകരും വ്യഭിചാരികളും കൊലയാളികളും വിഗ്രഹാരാധകരും നുണയെ സ്നേഹിക്കുകയും നുണ പറയുകയും ചെയ്യുന്നവരും നഗരത്തിനു പുറത്ത്.
16 “സഭകള്‍ക്കു വേണ്ടി നിങ്ങളോട് ഇതു പറയുവാന്‍ യേശുവായ ഞാന്‍ എന്‍റെ ദൂതനെ അയച്ചു. ഞാന്‍ ദാവീദിന്‍റെ പിന്മുറക്കാരന്‍. ഞാന്‍ തിളങ്ങുന്ന പ്രഭാതനക്ഷത്രം”
17 ആത്മാവും മണവാട്ടിയും പറയുന്നു, “വരൂ!” ഇതു കേള്‍ക്കുന്ന ഓരോരുത്തരും പറയണം “വരൂ!” ദാഹിക്കുന്നവന്‍ വരട്ടെ; അവന് വേണമെങ്കില്‍ ജീവന്‍റെ ജലം സൌജന്യമായി നല്‍കാം.
18 ഈ പുസ്തകത്തിലെ വചനങ്ങള്‍ കേള്‍ക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കുന്നു: ഈ പുസ്തകത്തിലെ വാക്കുകളോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുന്നവന് ഇതില്‍ പറയുന്ന ദുരിതങ്ങള്‍ ദൈവം നല്‍കും. 19 പ്രവചനത്തിന്‍റെ ഈ പുസ്തകത്തില്‍ നിന്നെന്തെങ്കിലും എടുത്തു മാറ്റാന്‍ ശ്രമിക്കുന്നവനില്‍ നിന്നും ദൈവം ഈ പുസ്തകത്തിലെഴുതിയിട്ടുള്ള ജീവന്‍റെ വൃക്ഷത്തിലെ പഴത്തിനും വിശുദ്ധനഗരത്തിലെ ജീവിതത്തിനും അവനുള്ള പങ്ക് പിന്‍വലിക്കും.
20 ഇതെല്ലാം സത്യമാണെന്നു പറയുന്നത് യേശുവാണ്. ഇപ്പോള്‍ ഞാന്‍ പറയുന്നു, “അതെ, ഞാനിതാ വേഗം വരുന്നു.”
ആമേന്‍, കര്‍ത്താവായ യേശുവേ, വരിക!
21 കര്‍ത്താവായ യേശുവിന്‍റെ കൃപ എല്ലാവരോടുമുണ്ടായിരിക്കട്ടെ; ആമേന്‍.