സര്‍ദ്ദിസിലെ സഭയ്ക്കുള്ള യേശുവിന്‍റെ കത്ത്
3
1 “സര്‍ദ്ദിസിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“ദൈവത്തിന്‍റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രങ്ങളും ഉള്ളവന്‍ ഇങ്ങനെ നിന്നോടു പറയുന്നു.
“നിന്‍റെ പ്രവൃത്തികളെപ്പറ്റി എനിക്കറിയാം. നീ ജീവിച്ചിരിക്കുന്നുവെന്ന് ആളുകള്‍ പറയുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ നീ മരിച്ചിരിക്കുന്നു.
2 ഉണരുക! അല്പം ജീവന്‍ ശേഷിച്ചിരിക്കുന്പോള്‍ നിങ്ങള്‍ സ്വയം ശക്തിയാര്‍ജ്ജിക്കുക. പൂര്‍ണ്ണമായും മരിക്കുംമുന്പ് നിങ്ങള്‍ ശക്തരാവുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്‍റെ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കുറ്റമറ്റതാണെന്ന് ഞാന്‍ കാണുന്നില്ല.
3 അതിനാല്‍ നീ കേട്ടതും സ്വീകരിച്ചതും മറക്കാതിരിക്കുക. അതനുസരിക്കുക. മാനസാന്തരപ്പെടുവീന്‍! സ്വയം ജാഗ്രത പുലര്‍ത്തുക! അല്ലെങ്കില്‍ ഞാനൊരു കള്ളനെപ്പോലെ വന്ന് നിന്നെ അത്ഭുതപ്പെടുത്തും. എന്‍റെ വരവ് എപ്പോഴായിരിക്കുമെന്ന് നീ അറിയില്ല.
4 “എന്നാല്‍ സര്‍ദ്ദിസിലെ നിന്‍റെ സംഘത്തിലെ ചിലര്‍ ശുദ്ധരാണ്. അവര്‍ എന്നോടൊത്തു നടക്കും. യോഗ്യരായതിനാല്‍ അവര്‍ വെള്ളവസ്ത്രം ധരിക്കും.
5 ജേതാക്കളെല്ലാം അവരെപ്പോലെ വെള്ളവസ്ത്രം ധരിക്കും. അവന്‍റെ പേര് ഞാന്‍ ജീവന്‍റെ പുസ്തകത്തില്‍ നിന്ന് വെട്ടിക്കളകയില്ല. അവന്‍ എന്‍റേതാണെന്ന് ഞാന്‍ പറയും. അതു ഞാനെന്‍റെ പിതാവിന്‍റെയും അവന്‍റെ ദൂതന്മാരുടെയും മുന്പില്‍ പറയും.
6 ഇതെല്ലാം കേള്‍ക്കുന്നവര്‍ സഭകളോട് ആത്മാവ് പറയുന്നത് ശ്രദ്ധിക്കട്ടെ.
ഫിലദെല്‍ഫ്യയിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
7 “ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“പരിശുദ്ധനും സത്യവാനുമായവന്‍ നിങ്ങളോട് ഇക്കാര്യങ്ങള്‍ പറയുന്നു. അവന്‍ ദാവീദിന്‍റെ താക്കോലുള്ളവനാകുന്നു. അവന്‍ തുറക്കുന്നത് അടയ്ക്കാനാവില്ല. അവന്‍ അടയ്ക്കുന്നത് തുറക്കാനുമാവില്ല.
8 “നിന്‍റെ പ്രവര്‍ത്തികള്‍ എനിക്കറിയാം. നിനക്കു മിന്പില്‍ ഞാനൊരു വാതില്‍ തുറന്നിരിക്കുന്നു. ആര്‍ക്കും അതടയ്ക്കാന്‍ കഴിയുകയില്ല. നീ ദുര്‍ബ്ബലനാണെന്നു ഞാനറിയുന്നു. പക്ഷേ എന്‍റെ ഉപദേശങ്ങളെ നീ പിന്തുടര്‍ന്നു. എന്‍റെ നാമം ഏറ്റുപറയുന്നതില്‍ നീ ഭയന്നില്ല.
9 ശ്രദ്ധിക്കൂ! സാത്താന്‍റെ ഒരു പള്ളിയുണ്ട് (ഒരു സംഘമുണ്ട്). അവര്‍ സ്വയം യെഹൂദരാണെന്നു പറയുന്നുണ്ടെങ്കിലും അതു നുണയാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ യെഹൂദരല്ല. ഞാന്‍ അവരെ കൊണ്ടുവന്നു നിനക്കു മുന്പില്‍ മുട്ടുകുത്തിക്കാം. ഞാന്‍ സ്നേഹിക്കുന്നത് നിന്നെയാണെന്ന് അവര്‍ അറിയട്ടെ.
10 ശക്തിയായിരിക്കാനുള്ള എന്‍റെ കല്പന പിന്തുടരുന്നതു വഴി നീ സഹനത്തിലൂടെ ശക്തി ആര്‍ജിച്ചതിനാല്‍ ലോകം മുഴുവന്‍ കുഴപ്പമുണ്ടാകുന്പോള്‍ ഞാന്‍ നിന്നെ രക്ഷിക്കും. ആ കുഴപ്പങ്ങള്‍ ഭൂമിയിലെ അധിവാസികളെ മുഴുവന്‍ പരീക്ഷിക്കും.
11 “ഞാന്‍ വേഗം വരുന്നു. നീ ഇപ്പോഴത്തെ മാര്‍ഗ്ഗം തന്നെ പിന്തുടരുക. അപ്പോള്‍ ആര്‍ക്കും നിന്‍റെ കിരീടം എടുത്തുകൊണ്ടു പോകുവാനാവില്ല.
12 ജേതാവ് എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു സ്തംഭമാകും. ജേതാവിനെ ഞാന്‍ അങ്ങനെയാക്കും. അയാള്‍ക്കൊരിക്കലും ദൈവാലയം വിട്ടുപോകേണ്ടിവരില്ല. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ പേരെഴുതും. അയാളുടെമേല്‍ ഞാനെന്‍റെ ദൈവത്തിന്‍റെ നഗരത്തിന്‍റെ പേരെഴുതും. ആ നഗരമാണ് പുതിയ യെരൂശലേം. ആ നഗരം എന്‍റെ ദൈവത്തില്‍ നിന്നും സ്വര്‍ഗ്ഗത്തില്‍ നിന്നും വരുന്നു. എന്‍റെ പുതിയപേരും ഞാന യാളുടെ മേല്‍ എഴുതും.
13 ഇതെല്ലാം കേള്‍ക്കുന്നവര്‍ ആത്മാവ് സഭകളോട് പറയുന്നതു ശ്രദ്ധിക്കട്ടെ.
ലവൊദിക്ക്യയിലെ സഭയ്ക്ക് യേശുവിന്‍റെ കത്ത്
14 “ലവൊദിക്ക്യയിലെ സഭയുടെ ദൂതന് ഇങ്ങനെ എഴുതുക:
“വിശ്വസ്തനും യഥാര്‍ത്ഥ സാക്ഷിയും ദൈവസൃഷ്ടിയുടെ ആരംഭവുമായ ആമേന്‍* ആമേന്‍ എന്ന പേര്‍ യേശുവിന് ഉപയോഗിച്ചിരിക്കുന്നു. ഈ എബ്രായ പദത്തിന്‍റെ അര്‍ത്ഥം അങ്ങനെ തന്നെ അല്ലെങ്കില്‍ സത്യമായും. എന്ന ഒരുവന്‍ നിന്നോടിങ്ങനെ പറയുന്നു.
15 “നിന്‍റെ പ്രവൃത്തികള്‍ എനിക്കറിയാം. നീ ചൂടുള്ളവനോ തണുപ്പുള്ളവനോ അല്ല. നീ ചൂടുളളവനോ തണുപ്പുള്ളവനോ ആയിരുന്നെങ്കില്‍ എന്നു ഞാനാശിച്ചു.
16 പക്ഷേ നീ മിതശീതോഷ്ണവാനാണ്. നിന്നില്‍ തണുപ്പും ചൂടും ഇല്ല. അതിനാല്‍ എന്‍റെ വായില്‍ നിന്നും നിന്നെ ഞാന്‍ തുപ്പിക്കളയും.
17 നീ ധനവാനാണെന്നു സ്വയം പറയുന്നു. വേണ്ടത്രയുള്ളതിനാല്‍ ഇനി നിനക്കൊന്നും വേണ്ടെന്നു നീ കരുതുന്നു. എന്നാല്‍ നീ നികൃഷ്ടനും ദയനീയനും ദരിദ്രനും അന്ധനും നഗ്നനുമാണെന്ന് നിനക്കറിയില്ല.
18 അഗ്നിശുദ്ധി ചെയ്ത സ്വര്‍ണ്ണം നീ എന്നില്‍ നിന്നും വാങ്ങണമെന്നു ഞാന്‍ നിന്നെ ഉപദേശിക്കുന്നു. അപ്പോള്‍ നിനക്ക് യഥാര്‍ത്ഥ സന്പന്നനാകാം. ഞാന്‍ നിന്നോട് ഇതു പറയുന്നു. വെള്ളവസ്ത്രങ്ങള്‍ വാങ്ങുക. അതുകൊണ്ട് നിങ്ങളുടെ നാണം കെട്ട നഗ്നത മറയ്ക്കുക. നിങ്ങളുടെ കണ്ണുകളിലിടാന്‍ മരുന്നു വാങ്ങാന്‍ കൂടി ഞാന്‍ പറയുന്നു. അപ്പോള്‍ നിങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ കാണാം.
19 “ഞാന്‍ സ്നേഹിക്കുന്നവരെ ഞാന്‍ തിരുത്തുകയും ശിക്ഷിയ്ക്കുകയും ചെയ്യും. അതിനാല്‍ നന്നായി ശ്രമിക്കാന്‍ തുടങ്ങുക, മാനസാന്തരപ്പെടുക.
20 ഞാനിതാ ഇവിടെ. ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും വന്നു എന്‍റെ വിളികേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അകത്തു കടന്ന് അയാളോടൊത്ത് ആഹാരം കഴിക്കും. അവന്‍ എന്നോടൊപ്പവും.
21 “ജേതാക്കളെ ഞാന്‍ എന്നോടൊപ്പം എന്‍റെ സിംഹാസനത്തിലിരുത്തും. ജേതാവായ ഞാന്‍ എന്‍റെ പിതാവിനോടൊപ്പം അവന്‍റെ സിംഹാസനത്തിലിരിക്കുന്നതു പോലെ.
22 ഇതെല്ലാം കേള്‍ക്കുന്നവര്‍ ആത്മാവു സഭകളോടു പറയുന്നതു ശ്രദ്ധിക്കട്ടെ.”