5
1 സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ ഞാന്‍ ഒരു ചുരുള്‍ കണ്ടു. അതിന്‍റെ ഇരുപുറവും എഴുതിയിരുന്നു. ഏഴു മുദ്രകളാല്‍ മുദ്രയിട്ടിരുന്നു.
2 ഞാന്‍ ഒരു ശക്തനായ ദൂതനേയും കണ്ടു. ദൂതന്‍ ഉച്ചത്തില്‍ വിളിച്ചു, “മുദ്ര പൊട്ടിച്ച് ഈ ചുരുള്‍ നിവര്‍ക്കുവാന്‍ യോഗ്യനായുള്ളവന്‍ ആര്?”
3 എന്നാല്‍ അതു തുറക്കാനോ അതിനകത്തു നോക്കുവാനോ കഴിവുള്ളവര്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുമുണ്ടായിരുന്നില്ല.
4 അതു തുറക്കുവാനും അതിനകത്തു നോക്കുവാനും യോഗ്യനായ ആരുമില്ലാതിരുന്നതിനാല്‍ ഞാന്‍ ഒരുപാടു കരഞ്ഞു.
5 എന്നാല്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു പറഞ്ഞു, “കരയരുത്, യെഹൂദാ ഗോത്രത്തില്‍ നിന്നുള്ള സിംഹം എല്ലാം ജയിച്ചു വിജയം നേടിയിരിക്കുന്നു. അവന്‍ ദാവീദിന്‍റെ പിന്‍ഗാമിയാകുന്നു. ഏഴു മുദ്രകളും പൊട്ടിച്ച് ചുരുളഴിക്കാന്‍ യോഗ്യനാണവന്‍.”
6 സിംഹാസനത്തിന്‍റെയും ആ നാലു ജീവനുള്ള ജന്തുക്കളുടെയും മദ്ധ്യേ ഞാന്‍ ഒരു കുഞ്ഞാടിനെ കണ്ടു. അതു കൊല്ലപ്പെട്ടതു പോലെയായിരുന്നു. അതിനു ഏഴു കൊന്പുകളും ഏഴു കണ്ണുകളും ഉണ്ടായിരുന്നു. അത് സര്‍വ്വലോകത്തിലേക്കുമയക്കപ്പെട്ട ഏഴു ദൈവീകാത്മാക്കള്‍ ആയിരുന്നു.
7 കുഞ്ഞാട് വന്നു സിംഹാസനത്തിലിരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നും ചുരുള്‍ എടുത്തു.
8 അവന്‍ ചുരുള്‍ എടുത്തപ്പോള്‍ നാലു ജീവനുള്ള ജന്തുക്കളും ഇരുപത്തിനാലു മൂപ്പന്മാരും കുഞ്ഞാടിനു മുന്പില്‍ മുട്ടുകുത്തി. ഓരോരുത്തരുടെ കയ്യിലും ഓരോ വീണയുണ്ടായിരുന്നു. കൂടാതെ കുന്തിരിക്കം നിറച്ച സ്വര്‍ണ്ണ കലശങ്ങളുമുണ്ടായിരുന്നു. ആ കുന്തിരിക്കം ദൈവത്തിന്‍റെ വിശുദ്ധരുടെ പ്രാര്‍ത്ഥനകളായിരുന്നു.
9 അവര്‍ കുഞ്ഞാടിനു മുന്പില്‍ പുതിയൊരു ഗാനം ആലപിക്കുകയും ചെയ്തു:
“ചുരുള്‍ എടുക്കാനും മുദ്രകളഴിക്കാനും നീ യോഗ്യനാകുന്നു,
നീ കൊല്ലപ്പെടുകയും നിന്‍റെ രക്തം കൊണ്ട്
എല്ലാ ഗോത്രങ്ങളില്‍ നിന്നും ഭാഷകളില്‍
നിന്നും വംശങ്ങളില്‍നിന്നും രാജ്യങ്ങളില്‍
നിന്നും മനുഷ്യരെ ദൈവത്തിനു വേണ്ടി നീ വാങ്ങിക്കൊണ്ടുവന്നു.
10 നീ അവരെ ഒരു രാജ്യവും നമ്മുടെ ദൈവത്തിന്‍റെ പുരോഹിതരുമാക്കി.
അവര്‍ ഭൂമിയെ ഭരിക്കും.”
11 പിന്നെ ഞാന്‍ നോക്കിയപ്പോള്‍ അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു. അവര്‍ സിംഹാസനത്തിന്‍റെയും നാലു ജീവനുള്ള ജന്തുക്കളുടെയും മൂപ്പന്മാരുടെയും ചുറ്റുമായിരുന്നു. ആയിരക്കണക്കിനു ദൂതന്മാരവിടെ ഉണ്ടായിരുന്നു. പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളുമായിരുന്നു അവരുടെ എണ്ണം.
12 ദൂതന്മാര്‍ അത്യുച്ചത്തില്‍ പറഞ്ഞു,
“കൊല്ലപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും കരുത്തും ആദരവും
മഹത്വവും സ്തോത്രവും ഏറ്റുവാങ്ങാന്‍ യോഗ്യനാകുന്നു!”
13 അപ്പോള്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലും കടലിലും ഇങ്ങനെയുള്ള സ്ഥലങ്ങളിലും ജീവിക്കുന്ന ജീവജാലങ്ങളുടെയും ശബ്ദം ഞാന്‍ കേട്ടു. അവര്‍ പറഞ്ഞു,
“സിംഹാസനത്തിലിരിക്കുന്നവനും കുഞ്ഞാടിനും എന്നെന്നും സകല
സ്തോത്രവും മഹത്വവും ആദരവും ശക്തിയും!”
14 ആ നാലു ജീവനുള്ള ജന്തുക്കളും പറഞ്ഞു, “ആമേന്‍!” മൂപ്പന്മാര്‍ മുട്ടുകുത്തുകയും നമസ്കരിക്കുകയും ചെയ്തു.