നൂറ്റിനാല്പത്തിനാലായിരം യിസ്രായേല്യര്‍
7
ഇങ്ങനെ സംഭവിച്ചതിനു ശേഷം ഭൂമിയുടെ നാലു മൂലകളിലും ഓരോ ദൂതന്മാര്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവര്‍ ഭൂമിയിലെ നാലു കാറ്റുകളെയും തടഞ്ഞു വച്ചുകൊണ്ടിരിക്കുകയായിരുന്നു. കാറ്റ് ഭൂമിയുടെയോ കടലിന്‍റെയോ ഏതെങ്കിലും വൃക്ഷത്തിന്‍റെയോ മേല്‍ വീശാതിരിക്കാനായിരുന്നു അവരങ്ങനെ ചെയ്തത്. അനന്തരം മറ്റൊരു ദൂതന്‍ കിഴക്കുനിന്നും വരുന്നതു ഞാന്‍ കണ്ടു. ആ ദൂതന്‍റെ മേല്‍ ജീവിക്കുന്ന ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്നു. ആ ദൂതന്‍ വലിയ ഉച്ചത്തില്‍ നാലു ദൂതന്മാരെയും വിളിച്ചു. ഭൂമിയെയും കടലിനെയും നശിപ്പിക്കാന്‍ അധികാരപ്പെടുത്തിയവര്‍ ആയിരുന്നു നാലു ദൂതന്മാരും. ദൂതന്‍ നാലു ദൂതന്മാരോടുമായി പറ ഞ്ഞു, “നമ്മുടെ ദൈവത്തെ സേവിക്കുന്നവരുടെ നെറ്റിയിന്മേല്‍ അടയാളമിടുന്നതു വരെ ഭൂമിയെയോ സമുദ്രത്തെയോ വൃക്ഷങ്ങളെയോ നശിപ്പിക്കരുത്.” മുദ്ര ലഭിച്ചവരുടെ എണ്ണം ഞാന്‍ കേട്ടു.
നൂറ്റിനാല്പത്തിനാലായിരം മുദ്രയേറ്റവര്‍ യിസ്രായേല്‍ ജനതയിലെ എല്ലാ ഗോത്രങ്ങളിലും നിന്നുള്ളവരായിരുന്നു.
യെഹൂദയിലെ ഗോത്രത്തില്‍ നിന്നും പന്തീരായിരം,
രൂബേന്‍റെ ഗോത്രത്തില്‍ നിന്നും പന്തീരായിരം,
ഗാദ് ഗോത്രത്തില്‍ നിന്നും പന്തീരായിരം.
ആശേര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം,
നഫ്താലി ഗോത്രത്തില്‍ നിന്നും പന്തീരായിരം,
മനശ്ശെ ഗോത്രത്തില്‍ നിന്നും പന്തീരായിരം.
ശിമെയോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം,
ലേവി ഗോത്രത്തില്‍ നിന്നും പന്തീരായിരം,
യിസ്സാഖാര്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം.
സെബൂലോന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം,
യോസേഫ് ഗോത്രത്തില്‍ നിന്നും പന്തീരായിരം,
ബെന്യാമീന്‍ ഗോത്രത്തില്‍ നിന്നും പന്തീരായിരം.
മഹത്തായ ആള്‍ക്കൂട്ടം
പിന്നെ ഞാന്‍ നോക്കി വളരെ വലിയ ജനക്കൂട്ടത്തെ കണ്ടു. ഒരാള്‍ക്ക് എണ്ണാവുന്നതിലുമധികം ആളുകള്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ രാജ്യങ്ങളില്‍ നിന്നും ഗോത്രങ്ങളില്‍ നിന്നും വംശങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ളവര്‍. അവരെല്ലാം സിംഹാസനത്തിനും കുഞ്ഞാടിനും (യേശു) മുന്നില്‍ നില്‍ക്കുകയായിരുന്നു. കയ്യില്‍ കുരുത്തോല ശിഖരങ്ങളും പിടിച്ച് വെള്ള മേലങ്കിയുമണിഞ്ഞായിരുന്നു അവര്‍ നിന്നത്. 10 അവര്‍ ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു പറഞ്ഞു, “വിജയം സിംഹാസനത്തിലിരിക്കുന്ന നമ്മുടെ ദൈവത്തിനും കുഞ്ഞാടിനുമാകുന്നു.”
11 മൂപ്പന്മാരും നാലു ജീവനുള്ള ജന്തുക്കളും അവിടെ ഉണ്ടായിരുന്നു. ദൂതന്മാരെല്ലാം അവര്‍ക്കും സിംഹാസനത്തിനും ചുറ്റുമായി നില്‍ക്കുകയായിരുന്നു. അവര്‍ സിംഹാസനത്തിനു മുന്നില്‍ കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു. 12 അവര്‍ പറഞ്ഞു, “ആമേന്‍! സ്തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ശക്തിയും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനായിരിക്കട്ടെ. ആമേന്‍!”
13 അപ്പോള്‍ മൂപ്പന്മാരില്‍ ഒരുവന്‍ എന്നോടു ചോദിച്ചു, “വെള്ളമേലങ്കിയണിഞ്ഞ ഇവര്‍ ആരാണ്? എവിടെ നിന്നാണിവര്‍ വരുന്നത?”
14 ഞാന്‍ മറുപടി പറഞ്ഞു, “അവര്‍ ആരാണെന്ന് യജമാനനേ അങ്ങേയ്ക്കറിയാം.”
മൂപ്പന്‍ പറഞ്ഞു, “കടുത്ത കഷ്ടതയിലൂടെ കടന്നുവന്നവരാണിവര്‍. കുഞ്ഞാടിന്‍റെ രക്തം കൊണ്ടവര്‍ തങ്ങളുടെ അങ്കി കഴുകി.* തങ്ങളുടെ അങ്കി കഴുകി തങ്ങളുടെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ അവര്‍ യേശുവില്‍ വിശ്വസിച്ചിരുന്നു എന്നര്‍ത്ഥം. ഇപ്പോഴവ വൃത്തിയും വെണ്‍മയുള്ളതുമായി. 15 അതുകൊണ്ട് ഇപ്പോഴവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിനു മുന്പില്‍ നില്‍ക്കുന്നു. രാപ്പകല്‍ അവര്‍ അവന്‍റെ ആലയത്തില്‍ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനത്തിലിരിക്കുന്നവന്‍ അവരെ സംരക്ഷിക്കുകയും ചെയ്യും. 16 അവര്‍ക്കൊരിക്കലും വിശപ്പുണ്ടാകില്ല. ദാഹിക്കയുമില്ല. സൂര്യന്‍ അവരെ ഉപദ്രവിക്കില്ല. ഒരു ചൂടിനും അവരെ ദഹിപ്പിക്കാനാവില്ല. 17 സിംഹാസനത്തിന്‍റെ നടുവിലിരിക്കുന്ന കുഞ്ഞാട് അവരുടെ ഇടയനാകും. അവന്‍ അവരെ ജീവന്‍ നല്‍കുന്ന നീരുറവകളിലേക്കു നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ തുടച്ചു കളയുകയും ചെയ്യും.”