ഏഴു മുദ്രകള്‍
8
കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അര മണിക്കൂര്‍ നേരത്തേക്കു മൌനമായിരുന്നു. ഏഴു ദൂതന്മാര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ മുന്പില്‍ നിന്നു കൊണ്ട് ഏഴു കാഹളങ്ങള്‍ സ്വീകരിക്കുന്നത് ഞാന്‍ കണ്ടു.
മറ്റൊരു ദൂതന്‍ യാഗപീഠത്തിനരികെ വന്ന് ഒരു സ്വര്‍ണ്ണ ധൂപകലശം പിടിച്ചു നിന്നു. വിശുദ്ധന്മാരായവരുടെയെല്ലാം പ്രാര്‍ത്ഥനയില്‍ കലര്‍ത്താന്‍ ആ ദൂതന് കൂടുതല്‍ ധൂപവര്‍ഗ്ഗം നല്‍കപ്പെട്ടു. ദൂതന്‍ അവയെല്ലാം സിംഹാസനത്തിനു മുന്പിലുള്ള യാഗപീഠത്തില്‍ സമര്‍പ്പിച്ചു. ധൂപവര്‍ഗ്ഗത്തില്‍ നിന്നുള്ള പുക ദൂതന്‍റെ കയ്യില്‍ നിന്നും ദൈവത്തിലേക്കുയര്‍ന്നു. ഭക്തരുടെ പ്രാര്‍ത്ഥനയ്ക്കൊപ്പം പുകയും ഉയര്‍ന്നു. അപ്പോള്‍ ദൂതന്‍ ധൂപകലശത്തില്‍ ബലിപീഠത്തില്‍ നിന്നും തീ നിറച്ച് ധൂപകലശം ഭൂമിയിലേക്കെറിഞ്ഞു. അപ്പോള്‍ മിന്നല്‍പ്പിണരുകളും ഇടിയും ഭൂകന്പവും മറ്റ് ശബ്ദങ്ങളുമുണ്ടായി.
ഏഴു ദൂതന്മാരും കാഹളം മുഴക്കുന്നു
അപ്പോള്‍ ഏഴു ദൂതന്മാരും തങ്ങളുടെ കയ്യിലുള്ള കാഹളം മുഴക്കാന്‍ തയ്യാറായി.
ഒന്നാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ ചോര കലര്‍ന്ന കല്ലുമഴയും അഗ്നിയുമുണ്ടായി. അവ ഭൂമിയില്‍ പതിച്ചു. അപ്പോള്‍ ഭൂമിയുടെ മൂന്നിലൊന്നു ഭാഗവും പച്ചപ്പുല്ലുകള്‍ മുഴുവനും മരങ്ങളുടെ മൂന്നിലൊന്നും കത്തിനശിച്ചു.
രണ്ടാമത്തെ ദൂതന്‍ കാഹളം മുഴക്കി. അപ്പോള്‍ അഗ്നിയാല്‍ കത്തിക്കൊണ്ടിരിക്കുന്ന ഒരു വലിയ മലപോലെ എന്തോ ഒന്ന് കടലിലേക്കെറിയപ്പെട്ടു. കടലിന്‍റെ മൂന്നിലൊന്ന് രക്തമായി മാറുകയും ചെയ്തു. സമുദ്രത്തിലെ മൂന്നിലൊന്നു ജീവികള്‍ ചാവുകയും കപ്പലുകളില്‍ മൂന്നിലൊന്ന് നശിക്കുകയും ചെയ്തു.
10 മൂന്നാമത്തെ ദൂതന്‍ കാഹളം മുഴക്കിയപ്പോള്‍ ഒരു ദീപം പോലെ പ്രകാശിച്ചിരുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നും പതിച്ചു. നക്ഷത്രം പതിച്ചത് മൂന്നിലൊന്ന് നദികളുടെയും അരുവികളുടെയും മേലായിരുന്നു. 11 കാഞ്ഞിരം* കാഞ്ഞിരം വളരെ കയ്പ്പുള്ള ഒരു വൃക്ഷം; കഠിനമായ ദു:ഖത്തെ പ്രതിനിധീകരിക്കുന്നു. എന്നായിരുന്നു ആ നക്ഷത്രത്തിന്‍റെ പേര്. അതോടെ ജലത്തിന്‍റെ മൂന്നിലൊന്ന് കയ്പേറിയതായി. കയ്പ്പുറ്റ ആ വെള്ളം കുടിച്ച് അനേകം ആളുകള്‍ മരണമടഞ്ഞു.
12 നാലാമത്തെ ദൂതന്‍ കാഹളം മുഴക്കി. സൂര്യന്‍റെ മൂന്നിലൊന്നും ചന്ദ്രന്‍റെ മൂന്നിലൊന്നും നക്ഷത്രങ്ങളുടെ മൂന്നിലൊന്നും ഇരുണ്ടുപോയി. പകലിന്‍റെയും രാത്രിയുടെയും മൂന്നിലൊന്ന് ഇരുട്ടായി.
13 ഞാന്‍ നോക്കിയപ്പോള്‍ ആകാശത്തില്‍ വളരെ ഉയരത്തില്‍ പറക്കുന്ന ഒരു പരുന്തിന്‍റെ ശബ്ദം കേട്ടു. പരുന്ത് ഉച്ചത്തില്‍ പറഞ്ഞു, “ദുരിതം! ദുരിതം! ദുരിതം!” ഇനിയും തങ്ങളുടെ കാഹളങ്ങള്‍ മുഴക്കാനുള്ള മൂന്നു ദൂതന്മാരും കാഹളം മുഴക്കുന്പോള്‍ ഭൂമിയിലെ നിവാസികള്‍ക്കു ദുരിതം ആരംഭിക്കും.”