9
1 അഞ്ചാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ആകാശത്തു നിന്നും ഒരു നക്ഷത്രം ഭൂമിയിലേക്കു പതിക്കുന്നത് ഞാന്‍ കണ്ടു. അടിത്തട്ടില്ലാത്ത കുഴിയുടെ താക്കോല്‍ നക്ഷത്രത്തിനു നല്‍കപ്പെട്ടു.
2 അടിത്തട്ടില്ലാത്ത കുഴിയിലേക്കുള്ള ദ്വാരം നക്ഷത്രം തുറന്നു. അതു തുറന്നപ്പോള്‍ വലിയൊരു ചൂളയില്‍ നിന്നെന്നവണ്ണം ദ്വാരത്തിലൂടെ പുക ഉയര്‍ന്നു. സൂര്യനും ആകാശവും പുകകൊണ്ട് കറുത്തുപോയി.
3 ആ പുകപടലത്തില്‍ നിന്നും വെട്ടുക്കിളികള്‍ ഭൂമിയിലേക്കു വന്നു. ഭൂമിയില്‍ തേളുകള്‍ക്കുള്ളതു പോലെയുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടു.
4 ഭൂമിയിലെ പുല്ലിനെയോ എതെങ്കിലും മരത്തെയോ ചെടിയെയോ ഉപദ്രവിക്കരുതെന്ന് വെട്ടുക്കിളികളോട് നിര്‍ദ്ദേശിച്ചിരുന്നു. നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്തവരെ മാത്രം മുറിപ്പെടുത്താനേ അവയ്ക്കു അനുവാദമുണ്ടായിരുന്നുള്ളൂ.
5 മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കുവാന്‍ ഈ വെട്ടുക്കിളികള്‍ക്കു കഴിവു നല്‍കപ്പെട്ടു. പക്ഷേ ആളുകളെ കൊല്ലാനുള്ള ശക്തി അവയ്ക്കു നല്‍കപ്പെട്ടില്ല. തേള്‍ ഒരു വ്യക്തിയെ കുത്തുന്പോഴുള്ള വേദനയ്ക്കു തുല്യമായ വേദനയായിരുന്നു വെട്ടുക്കിളികള്‍ മനുഷ്യനു നല്‍കിയത്.
6 ആ ദിവസങ്ങളില്‍ മനുഷ്യന്‍ മരണത്തിനുള്ള വഴി അന്വേഷിക്കുമെങ്കിലും കണ്ടെത്തുകയില്ല. അവര്‍ മരിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ മരണം അവരില്‍ നിന്നും ഒളിച്ചു നില്‍ക്കും.
7 വെട്ടുക്കിളികള്‍ യുദ്ധത്തിനു തയ്യാറായിരുന്ന കുതിരകളെപ്പോലെ കാണപ്പെട്ടു. സ്വര്‍ണ്ണക്കിരീടങ്ങള്‍ പോലെ എന്തോ ചിലത് അവ തലയില്‍ ധരിച്ചിരുന്നു. അവരുടെ മുഖം മനുഷ്യരുടേതു പോലെയായിരുന്നു.
8 അവരുടെ തലമുടി സ്ത്രീകളുടേതു പോലെയായിരുന്നു. സിംഹത്തിന്‍റേതു പോലുള്ള പല്ലുകളായിരുന്നു അവര്‍ക്കുണ്ടായിരുന്നത്.
9 ഇരുന്പ് മാര്‍ച്ചട്ടകള്‍ പോലെയായിരുന്നു അവരുടെ നെഞ്ച്. യുദ്ധത്തിലേക്കു പായുന്ന അസംഖ്യം കുതിരകളുടേയും തേരുകളുടേയും ആരവമായിരുന്നു അവരുടെ ചിറകടിയൊച്ചയ്ക്ക്.
10 തേളിന്‍റേതുപോലുള്ള വാലും വിഷമുള്ളുകളും അവയ്ക്കുണ്ടായിരുന്നു. മനുഷ്യര്‍ക്ക് അഞ്ചു മാസത്തേക്കു വേദന നല്‍കാനുള്ള ശക്തി അവരുടെ വാലുകളിലായിരുന്നു.
11 അവര്‍ക്കൊരു രാജാവുണ്ടായിരുന്നു. അടിത്തട്ടില്ലാത്ത ഗര്‍ത്തത്തിലെ ദൂതനായിരുന്നു ആ രാജാവ്. എബ്രായഭാഷയില്‍ അബദ്ദോന്‍* അബദോന്‍ പഴയനിയമത്തില്‍ ഇത് പ്രേതലോകത്തിന്‍റെ പേരാണ്. (ഇയ്യോ.6:6, സങ്കീ. 88:11). എന്നായിരുന്നു രാജാവിന്‍റെ പേര്. യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും.
12 ആദ്യത്തെ മഹാദുരിതം കഴിഞ്ഞു. മറ്റു രണ്ടു ദുരിതങ്ങള്‍ കൂടി വരാനിരിക്കുന്നു.
13 ആറാമത്തെ ദൂതന്‍ തന്‍റെ കാഹളം മുഴക്കി. അപ്പോള്‍ ദൈവത്തിന്‍റെ മുന്നിലെ സ്വര്‍ണ്ണയാഗപീഠത്തിന്‍റെ നാലു കൊന്പുകളില്‍ നിന്നും ഞാനൊരു ശബ്ദം കേട്ടു.
14 ആ ശബ്ദം ആറാമത്തെ ദൂതനോടു പറഞ്ഞു, “ആ യൂഫ്രാത്തേസ് മഹാനദിയില്‍ ബന്ധനസ്ഥരായി കിടക്കുന്ന നാലു ദൂതന്മാരെ മോചിപ്പിച്ചാലും.
15 ആ നാലു ദൂതന്മാരെയും ഈ വര്‍ഷം ഈ മാസം ഇതേ ദിവസം ഇതേ മണിക്കൂറിലേക്കു സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭൂമിയിലെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊന്നൊടുക്കാന്‍ ആ ദൂതന്മാര്‍ സ്വതന്ത്രരാക്കപ്പെട്ടു.
16 അവരുടെ കുതിരപ്പടയിലെ സൈനികരുടെ സംഖ്യ ഞാന്‍ കേട്ടു- ഇരുപതു കോടി.
17 എന്‍റെ ദര്‍ശനത്തില്‍ ഞാന്‍ കുതിരകളെ കണ്ടത് കുതിരസവാരിക്കാരോടു കൂടിയാണ്. അവര്‍ ഇങ്ങനെ കാണപ്പെട്ടു. അവരുടെ മാര്‍ച്ചട്ടകള്‍ തീ പോലെ ചുവന്നതും കടും നീലയും ഗന്ധകം പോലെ മഞ്ഞയും ആയിരുന്നു. കുതിരകളുടെ തലകള്‍ സിംഹത്തിന്‍റെ തല പോലെ തോന്നിച്ചു. അവരുടെ വായില്‍ നിന്നും അഗ്നിയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു.
18 കുതിരകളില്‍ നിന്നും വമിച്ച ഈ മൂന്ന് വസ്തുക്കള്‍ കൊണ്ട് ഭൂമിയിലെ മൂന്നിലൊന്നു ജനതയും കൊല്ലപ്പെട്ടു.
19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലുമായിരുന്നു. അവയുടെ വാലുകള്‍ പാന്പുകളുടേതു പോലെയായിരുന്നു. ആ പാന്പുകളുടെ തല ആളുകളെ കടിച്ചു മുറിവേല്പിക്കാന്‍ പോന്നവയായിരുന്നു.
20 ഭൂമിയിലെ മറ്റു മനുഷ്യര്‍ ഈ ബാധകളാല്‍ കൊല്ലപ്പെട്ടില്ല. എന്നിട്ടും അവര്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളില്‍ നിന്നും പിന്മാറുകയോ മാനസാന്തരപ്പെടുകയോ ചെയ്തില്ല. ഭൂതങ്ങളെയോ സ്വര്‍ണ്ണം, വെള്ളി, ഓട്, കാണാനോ കേള്‍ക്കാനോ കഴിയാത്ത കല്ല്, മരം ഇവകൊണ്ട് നിര്‍മ്മിച്ച വിഗ്രഹങ്ങളെയോ നമസ്കരിക്കുന്നതും നിര്‍ത്തിയില്ല.
21 അവര്‍ മാനസാന്തരപ്പെടുകയോ മറ്റുള്ളവരെ കൊല്ലുന്നതില്‍ നിന്നും പിന്മാറുകയോ ചെയ്തില്ല. അവര്‍ തങ്ങളുടെ ആഭിചാരം, ലൈംഗികപാപം, മോഷണം തുടങ്ങിയ പാപങ്ങളില്‍ നിന്നും പിന്മാറുകയും ഉണ്ടായില്ല.