തീത്തൊസിനു എഴുതിയ ലേഖനം
1
ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൌലൊസ് അഭിവാദ്യങ്ങള്‍ നേരുന്നു. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്‍റെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നതിനായി ദൈവം എന്നെ വിളിച്ചു. അവരെ സത്യം ഉല്‍ബോധിപ്പിക്കാനും എന്നെ അയച്ചിരിക്കുന്നു. ദൈവത്തിനു വേണ്ടി എങ്ങനെ വേല ചെയ്യണമെന്ന് ആ സത്യം ജനങ്ങളെ കാണിക്കുകയും ചെയ്യുന്നു. ആ വിശ്വാസവും ആ അറിവും നിത്യജീവിതത്തിനായുള്ള നമ്മുടെ പ്രത്യാശയില്‍ നിന്ന് വരുന്നു. കാലത്തിന്‍റെ ആരംഭത്തിനു മുന്പു ദൈവം ആ ജീവനെ വാഗ്ദാനം ചെയ്തു. ദൈവം പൊളി പറകയില്ല. തക്കസമയത്ത് ആ ജീവനെക്കുറിച്ച് മനസ്സിലാകുന്നതിന് ദൈവം ലോകത്തെ അനുവദിച്ചു. പ്രസംഗത്തിലൂടെ ദൈവം ലോകത്തോടു സംസാരിച്ചു. ദൈവം പ്രസംഗിക്കേണ്ട ജോലി എന്നെ ഭരമേല്പിച്ചു. നമ്മുടെ രക്ഷകനായ ദൈവം എന്നോടു അങ്ങനെ ചെയ്യാന്‍ കല്പിച്ചതുകൊണ്ട് അക്കാര്യങ്ങള്‍ ഞാന്‍ പ്രസംഗിച്ചു.
നമ്മുടെ വിശ്വാസത്തില്‍ ഉള്ള എന്‍റെ യഥാര്‍ത്ഥ പുത്രനായ തീത്തൊസിന് അഭിവാദനങ്ങള്‍, നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും രക്ഷകനായ ക്രിസ്തുയേശുവില്‍ നിന്നും നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
ക്രേത്തയില്‍ തീത്തൊസിന്‍റെ ദൌത്യം
തീരാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുവാന്‍ ആണ് ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടിട്ടുപോന്നത്. കൂടാതെ എല്ലാ പട്ടണങ്ങളിലും മൂപ്പന്മാരെ നിയമിക്കേണ്ടതിനും. മൂപ്പനാകുന്നവന്‍ കുറ്റാരോപിതനാകരുത്. അവന് ഒരു ഭാര്യയേ ഉണ്ടാകാവൂ, അവന്‍റെ മക്കള്‍ വിശ്വാസികളും ആകണം, ക്രൂരന്മാരെന്നും അനുസരണം ഇല്ലാത്തവരെന്നും അവരെക്കുറിച്ച് ജനങ്ങള്‍ കേള്‍ക്കരുത്. ദൈവവേലകളുടെ സംരക്ഷണം ആണ് മൂപ്പന്‍റെ ജോലി. അതുകൊണ്ട് അവന്‍ കുറ്റാരോപിതനാകരുത്. അവന്‍ അഹങ്കാരിയും സ്വാര്‍ത്ഥനും മുന്‍കോപിയും ആകരുത്, അവന്‍ കുടിച്ചു മത്തനാകരുത്. അവന്‍ വഴക്കുണ്ടാക്കാന്‍ ഇഷ്ടപ്പെടരുത്. അവന്‍ മനുഷ്യരെ വഞ്ചിച്ച് ധനം ആര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നവന്‍ ആകരുത്. ഒരു മൂപ്പന്‍ തന്‍റെ ഭവനത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ സഹായിക്കുവാന്‍ സന്നദ്ധനായിരിക്കണം. നല്ലത് എന്താണോ അതിനെ അവന്‍ സ്നേഹിക്കണം. അവന്‍ വിവേകശാലിയാകണം. അവന്‍ ധര്‍മ്മിഷ്ടനാകണം. അവന്‍ വിശുദ്ധനായിരിക്കണം. സ്വയം നിയന്ത്രിക്കുവാന്‍ കഴിവുള്ളവനായിരിക്കണം. അവന്‍ നാം പഠിപ്പിക്കുന്ന സത്യത്തിന്‍റെ വിശ്വസ്ത അനുഗാമി ആയിരിക്കണം. സത്യസന്ധമായ ഉപദേശ ത്താല്‍ ജനത്തെ സഹായിക്കുവാന്‍ ഒരു മൂപ്പന്‍ ശക്തിയുള്ളവനായിരിക്കണം. സത്യത്തിന് എതിരായി പഠിപ്പിക്കുന്നവര്‍ തെറ്റാണ് ചെയ്യുന്നതെന്ന് തെളിയിക്കാന്‍ പ്രാപ്തിയുള്ളവനാകണം ഒരു മൂപ്പന്‍.
10 അനുസരിക്കാത്തവരും കാതലില്ലാത്ത കാര്യങ്ങള്‍ സംസാരിച്ചു അന്യരെ തെറ്റായ പാതയിലേക്ക് നയിക്കുന്നവരുമായ കുറ്റവാളികള്‍ അനേകരുണ്ട്. ജാതികള്‍ പരിച്ഛേദന കഴിക്കണം, എന്നു പറയുന്നവരെപ്പറ്റിയാണ് ഞാന്‍ മുഖ്യമായും സംസാരിക്കുന്നത്. 11 ഇത്തരം അര്‍ത്ഥശൂന്യമായ ഭാഷണങ്ങളില്‍ നിന്ന് അവരെ തടയുവാനും അവര്‍ക്കു തെറ്റുപറ്റിയെന്നു ചൂണ്ടിക്കാണിക്കുവാനും ഒരു സഭയിലെ മൂപ്പന് കഴിവുണ്ടാകണം. അവര്‍ പഠിപ്പിക്കേണ്ടാത്ത കാര്യങ്ങള്‍ ഉപദേശിച്ച് കുടുംബങ്ങളെ മുഴുവനും തകര്‍ക്കുകയാണ്. ജനങ്ങളെ കബളിപ്പിക്കാനും പണം ഉണ്ടാക്കാനും മാത്രമാണ് അവര്‍ അക്കാര്യങ്ങള്‍ ഉപദേശിക്കുന്നത്. 12 ക്രേത്തയിലെ ജനങ്ങള്‍ എപ്പോഴും കള്ളം പറയുന്നവരും ദുഷ്ടമൃഗങ്ങളും ഭുജിക്കുക മാത്രം ചെയ്യുന്ന മടിയരും ആണെന്ന് അവരുടെ തന്നെ ഒരു പ്രവാചകന്‍ പറഞ്ഞു, 13 ആ പ്രവാചകന്‍റെ വാക്കുകള്‍ ശരിയാണ്. അതിനാല്‍ ആ മനുഷ്യരോടു പറയുക, അവര്‍ക്കു തെറ്റിപ്പോയി എന്ന്. നീ അവരോടു കര്‍ശനമായി പെരുമാറണം. അപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തില്‍ ബലവാന്മാരാകും. 14 അപ്പോള്‍ അവര്‍ സത്യം സ്വീകരിക്കാത്തവരുടെ കഥകള്‍ സ്വീകരിക്കയില്ല.
15 നിര്‍മ്മലര്‍ക്ക് എല്ലാം നിര്‍മ്മലമാണ്. എന്നാല്‍ പാപത്തില്‍ മുഴുകിയവര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മ്മലമല്ല. യഥാര്‍ത്ഥത്തില്‍ അവരുടെ ചിന്തകള്‍ ദുഷ്ടമായിത്തീരുകയും സത്യത്തെക്കുറിച്ചുള്ള അവരുടെ അന്തക്കരണം നശിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 16 അവര്‍ക്കു ദൈവത്തെ അറിയാമെന്ന് അവര്‍ പറയുന്നു, എന്നാല്‍ അവരുടെ ദുഷ്കര്‍മ്മങ്ങള്‍ ദൈവത്തെ അവര്‍ സ്വീകരിക്കയില്ലെന്നു കാണിക്കുന്നു. അവര്‍ ഭയങ്കരന്മാരും അനുസരിക്കാന്‍ വിമുഖരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.