സങ്കീർത്തനം. 23
ദാവീദിന്റെ ഒരു സങ്കീർത്തനം. 
 1 യഹോവ എന്റെ ഇടയനാകുന്നു; 
എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല. 
 2 പച്ചയായ മേച്ചിൽപുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; 
സ്വഛമായ ജലാശയത്തിനരികിലേക്ക് എന്നെ നടത്തുന്നു. 
 3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; 
തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. 
 4 മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും 
ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; 
നീ എന്നോടുകൂടി ഇരിക്കുന്നുവല്ലോ; 
നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. 
 5 എന്റെ ശത്രുക്കളുടെ കൺ മുമ്പിൽ നീ എനിക്ക് വിരുന്നൊരുക്കുന്നു; 
എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; 
എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു. 
 6 നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; 
ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.