കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
1
പൌലൊസ് എഴുതുന്നത്, ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായി ഞാന്‍ വിളിക്കപ്പെട്ടു. ദൈവത്തിന്‍റെ ആഗ്രഹം അതായിരുന്നു. ക്രിസ്തുവില്‍ നമ്മുടെ സഹോദരനായ സോസ്തെനേസും ചേര്‍ന്ന് ശുഭാശംസകള്‍ അറിയിക്കുന്നത്.
ക്രിസ്തുവില്‍ പരിശുദ്ധരാക്കപ്പെട്ടവരായ കൊരിന്തിലെ ദൈവസഭയ്ക്ക്, നിങ്ങള്‍ ദൈവത്തിന്‍റെ വിശുദ്ധരായി വിളിക്കപ്പെട്ടു. അവരുടേയും നമ്മുടേയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന എല്ലാവരോടും ഒപ്പമാണ് നിങ്ങളും വിളിക്കപ്പെട്ടത്:
നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.
പൌലൊസ് ദൈവത്തിനു നന്ദി പറയുന്നു
ക്രിസ്തുയേശുവിലൂടെ നിങ്ങളില്‍ കൃപ ചൊരിഞ്ഞതിന് നിങ്ങള്‍ക്കായി ഞാന്‍ എന്‍റെ ദൈവത്തോടു എല്ലായ്പ്പോഴും നന്ദി പറയുന്നു. നിങ്ങള്‍ യേശുക്രിസ്തുവില്‍ എല്ലാത്തരത്തിലും അനുഗൃഹീതര്‍. നിങ്ങളുടെ സമസ്ത അറിവിലും എല്ലാ സംസാരത്തിലും ആണ് നിങ്ങള്‍ അനുഗൃഹീതരായത്. ക്രിസ്തുവിനെ സംബന്ധിച്ചുള്ള സത്യം നിങ്ങളില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്നതു കാത്തിരിക്കുന്ന നിങ്ങള്‍ക്ക് അതുകൊണ്ട് ദൈവീകമായ എല്ലാവരങ്ങളും ലഭിച്ചിരിക്കുന്നു. അവസാനംവരെ യേശു നിങ്ങളെ ശക്തരായി കാക്കും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്ന ദിവസം നിങ്ങളില്‍ ഒരു തെറ്റും ഉണ്ടാകാതിരിക്കുംവിധം അവന്‍ നിങ്ങളെ ശക്തരായി കാക്കും. ദൈവം വിശ്വസ്തനാകുന്നു. തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവുമൊത്ത് ജീവിതം പങ്കുവയ്ക്കാന്‍ നിങ്ങളെ വിളിച്ചവന്‍ അവനാകുന്നു.
കൊരിന്ത്യയിലെ സഭയുടെ പ്രശ്നങ്ങള്‍
10 സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് യാചിക്കുകയാണ്. നിങ്ങള്‍ക്കിടയില്‍ വിഘടനമില്ലാത്തവിധം നിങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ യാചിക്കുന്നു. ഒരേ ചിന്തയും ഒരേ ലക്ഷ്യവും കൊണ്ട് നിങ്ങള്‍ പൂര്‍ണ്ണമായും ഒത്തുചേരണമെന്നു ഞാന്‍ യാചിയ്ക്കുന്നു.
11 എന്‍റെ സഹോദര സഹോദരിമാരേ, ക്ളോവയുടെ കുടുംബത്തില്‍പ്പെട്ട ചിലര്‍ നിങ്ങളെപ്പറ്റി എന്നോടു പറഞ്ഞു. നിങ്ങള്‍ക്കിടയില്‍ തര്‍ക്കങ്ങളുള്ളതായി ഞാനറിഞ്ഞു. 12 ഇതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്: നിങ്ങളിലൊരാള്‍, “ഞാന്‍ പൌലൊസിന്‍റെ ആളാണ് എന്നു പറയുന്നു; മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ ആളാണ്,” വേറൊരാള്‍, “ഞാന്‍ കേഫായുടെ (പത്രൊസ്) ആളാണ്” എന്നും പറയുന്നു; ഇനിയുമൊരാള്‍ പറയുന്നു, “ഞാന്‍ ക്രിസ്തുവിന്‍റെ ആളാണ്” എന്നാണ്. 13 ക്രിസ്തുവിനെ പല സംഘങ്ങളായി വിഭജിക്കാനാവില്ല. പൌലൊസ് നിങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ടോ? ഇല്ല! പൌലൊസിന്‍റെ നാമത്തിലാണോ നിങ്ങള്‍ സ്നാനപ്പെട്ടത്? അല്ല! 14 ക്രിസ്പൊസിനെയും ഗായൊസിനെയും അല്ലാതെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനപ്പെടുത്തിയില്ല. എന്നതിന് ഞാന്‍ നന്ദി പറയുന്നു. 15 കാരണം, നിങ്ങളിലാര്‍ക്കും ഇപ്പോള്‍ എന്‍റെ നാമത്തിലാണ് നിങ്ങള്‍ സ്നാനപ്പെട്ടതെന്ന് പറയാന്‍ കഴിയില്ലല്ലോ. 16 (സ്തെഫാനൊസിന്‍റെ കുടുംബത്തെയും ഞാന്‍ സ്നാനപ്പെടുത്തിയിട്ടുണ്ട്. മറ്റാരെയും ഞാന്‍ തന്നെ സ്നാനപ്പെടുത്തിയതായി ഞാന്‍ ഓര്‍മ്മിക്കുന്നില്ല.) 17 ആളുകളെ സ്നാനപ്പെടുത്തുന്ന ജോലി ക്രിസ്തു എന്നെ ഏല്പിച്ചിട്ടില്ല. സുവിശേഷം പറയുക എന്ന ജോലിയാണ് ക്രിസ്തു എനിക്കു നല്‍കിയത്. ലെൌകീക വിജ്ഞാന വാക്കുകള്‍ ഉപയോഗിക്കാതെ സുവിശേഷം പറയാനാണ് ക്രിസ്തു എന്നെ അയച്ചത്. അത്തരം വിജ്ഞാനത്തിന്‍റെ വാക്കുകള്‍ ഞാന്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ* ശക്തി നഷ്ടമായേനെ.
ദൈവത്തിന്‍റെ ശക്തിയും ക്രിസ്തുവിലെ വിജ്ഞാനവും
18 നഷ്ടപ്പെട്ടവര്‍ക്കു കുരിശിന്‍റെ ഉപദേശങ്ങള്‍ വിഡ്ഢിത്തങ്ങളാണ്. പക്ഷേ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അത് ദൈവീകശക്തിയും ആകുന്നു. 19 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
“വിജ്ഞാനികളുടെ വിജ്ഞാനം ഞാന്‍ നശിപ്പിക്കും.
ബുദ്ധിമാന്മാരുടെ ബുദ്ധി ഞാന്‍ അര്‍ത്ഥമില്ലാത്തതാക്കും.” യെശയ്യാവ് 29:14
20 എവിടെയാണു വിജ്ഞാനി? വിദ്യാഭ്യാസമുള്ളവന്‍ എവിടെ? ഇക്കാലത്തെ തത്വചിന്തകന്‍ എവിടെ? ലോകത്തിന്‍റെ വിജ്ഞാനത്തെ ദൈവം വിഡ്ഢിത്തമാക്കി. 21 ദൈവത്തിന്‍റെ വിജ്ഞാനം കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ഐഹികമായ വിജ്ഞാനത്തിലൂടെ ലോകം ദൈവത്തെ അറികയില്ല. അതിനാല്‍ അതു വിശ്വസിക്കുന്നവരെ രക്ഷിക്കാന്‍ ദൈവം ഭോഷത്വമെന്ന് നമുക്കു തോന്നുന്ന സന്ദേശം അയച്ചു.
22 യെഹൂദര്‍ വീര്യപ്രവൃത്തികള്‍ തെളിവായി ആവശ്യപ്പെടുന്നു. യവനന്മാര്‍ക്കു വിജ്ഞാനമാണു വേണ്ടത്. 23 എന്നാല്‍ ഞങ്ങള്‍ ഇങ്ങനെ പ്രസംഗിക്കുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടു. യെഹൂദര്‍ക്ക് അതൊരു വലിയ മനോവിഷമമാകുന്നു. ജാതികള്‍ക്ക് അതൊരു ഭോഷത്തവും. 24 ദൈവത്താല്‍ വിളിക്കപ്പെട്ട യെഹൂദനും യവനനും ക്രിസ്തു ദൈവത്തിന്‍റെ ശക്തിയും ദൈവത്തിന്‍റെ വിജ്ഞാനവും ആകുന്നു. 25 ദൈവത്തിന്‍റെ വിഡ്ഢിത്തം പോലും മനുഷ്യരുടെ വിജ്ഞാനത്തേക്കാള്‍ മികച്ചതാകുന്നു. അവന്‍റെ ദൌര്‍ബ്ബല്യം പോലും മനുഷ്യരേക്കാള്‍ ശക്തവുമാകുന്നു.
26 സഹോദര സഹോദരിമാരേ, ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നു. അതേപ്പറ്റി ചിന്തിക്കുക! വിജ്ഞാനത്തെ ലോകം വിധിയ്ക്കുന്ന പ്രകാരം നിങ്ങളില്‍ അധികംപേരും വിജ്ഞാനികളല്ല, മിക്കവരും വലിയ സ്വാധീനമുള്ളവരല്ല. മിക്കവരും പ്രധാന കുടുംബങ്ങളില്‍ നിന്നുള്ളവരുമല്ല. 27 എന്നാല്‍ വിജ്ഞാനികളെ നാണം കെടുത്താന്‍ ദൈവം ലോകത്തിലെ ദുര്‍ബലമായതിനെ തെരഞ്ഞെടുത്തു. 28 ലോകം അപ്രധാനമെന്നു കരുതുന്നതിനെയും ദൈവം തെരഞ്ഞെടുത്തു. ലോകം വെറുക്കുകയും തള്ളുകയും ചെയ്തതിനെ അവന്‍ തെരഞ്ഞെടുത്തു. ലോകം പ്രധാനമെന്നു കരുതുന്നതിനെ തകര്‍ക്കുകയാണ് അവന്‍റെ ലക്ഷ്യം. 29 തന്‍റെ മുന്നില്‍ ആരും അഹങ്കരിക്കാതിരിക്കാനാണ് അവന്‍ ഇങ്ങനെ ചെയ്തത്. 30 നിങ്ങളെ യേശുക്രിസ്തുവിന്‍റെ ഭാഗമാക്കിയത് ദൈവമാണ്. ക്രിസ്തു നമുക്കു ദൈവീകവിജ്ഞാനമായി. ദൈവത്തില്‍ നമ്മള്‍ നീതീകരിക്കപ്പെടുവാനും പാപങ്ങളില്‍നിന്നു മോചിപ്പിക്കപ്പെടുവാനും അവനാണു കാരണം. നമ്മള്‍ വിശുദ്ധരാകുവാനും ക്രിസ്തുവാണു കാരണം. 31 അതിനാല്‍, തിരുവെഴുത്തില്‍ പറയുന്പോലെ, “പ്രശംസിക്കുന്നവര്‍ കര്‍ത്താവില്‍ മാത്രം പ്രശംസിക്കട്ടെ.* “പ്രശംസിക്കുന്നവന്‍ … പ്രശംസിക്കട്ടെ” ഉദ്ധരണി യിരമ്യ.9:24.