ക്രൂശിതനായ ക്രിസ്തുവിനെപ്പറ്റിയുള്ള സന്ദേശം
2
1 പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ ദൈവത്തെപ്പറ്റിയുള്ള സത്യം ജ്ഞാനത്തിന്‍റെ വളച്ചുകെട്ടില്ലാതെ നിങ്ങളോടു ഞാന്‍ പറയുന്നു.
2 നിങ്ങളോടൊപ്പമായിരുന്നപ്പോള്‍ യേശുക്രിസ്തുവിനെയും അവന്‍റെ ക്രൂശുമരണത്തെയുമൊഴിച്ച് എല്ലാം മറക്കാന്‍ ഞാന്‍ തീരുമാനിച്ചു.
3 നിങ്ങളുടെ അടുത്തു വന്നപ്പോള്‍ ഞാന്‍ ക്ഷീണിതനും ഭയം കൊണ്ടു വിറയ്ക്കുന്നവനും ആയിരുന്നു.
4 എന്‍റെ ബോധനവും ഉപദേശവും ആളുകളെ നിര്‍ബന്ധിക്കുന്ന ജ്ഞാനത്തിന്‍റെ വാക്കുകളായിരുന്നില്ല. പക്ഷേ ആത്മാവു നല്‍കുന്ന ശക്തി എന്‍റെ ഉപദേശത്തിന്‍റെ തെളിവായിരുന്നു.
5 നിങ്ങളുടെ വിശ്വാസം ദൈവത്തിന്‍റെ ശക്തിയിലധിഷ്ഠിതമാകുവാനാണ്; മനുഷ്യന്‍റെ ജ്ഞാനത്തിലാകുവാനല്ല ഞാന്‍ ഇതു ചെയ്തത്.
ദൈവത്തിന്‍റെ ജ്ഞാനം
6 ജ്ഞാനത്തെ ഞങ്ങള്‍ പക്വതയുള്ള ജനങ്ങള്‍ക്കു പഠിപ്പിച്ചു കൊടുക്കുന്നു. എന്നാലത് ഐഹിക ജ്ഞാനമല്ല. ഈ ലോകത്തിലെ ഭരണാധികാരികളുടെ ജ്ഞാനമല്ല അത്. ആ ഭരണാധികാരികള്‍ക്ക് തങ്ങളുടെ ശക്തി നഷ്ടപ്പെടുകയാണ്.
7 എന്നാല്‍ ഞങ്ങള്‍ പറയുന്നത് ദൈവത്തിന്‍റെ രഹസ്യ ജ്ഞാനത്തെപ്പറ്റിയാണ്. ഈ ജ്ഞാനം ജനങ്ങളില്‍ നിന്നും മറഞ്ഞിരിയ്ക്കുകയാണ്. നമ്മുടെ മഹത്വത്തിനായി ദൈവം ഈ ജ്ഞാനത്തെ ഒരുക്കിയിരിക്കുന്നു. ലോകാരംഭത്തിനു മുന്പു തന്നെ അവനതു ആസൂത്രണം ചെയ്തിരുന്നു.
8 ഈ ലോകത്തിലെ ഭരണാധികാരികളില്‍ ഒരുവനുപോലും ആ ജ്ഞാനം മനസ്സിലായില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.
9 പക്ഷേ തിരുവെഴുത്തുകളില്‍ എഴുതപ്പെട്ടിരിക്കുന്നപോലെ,
“തന്നെ സ്നേഹിക്കുന്നവര്‍ക്കായി ദൈവം
ഒരുക്കിയിട്ടുള്ളത് ആരും കണ്ടിട്ടില്ല,
ആരും കേട്ടിട്ടില്ല,
ആര്‍ക്കും തോന്നിയിട്ടുമില്ല.” യെശയ്യാവ്. 64:4
10 പക്ഷേ ദൈവം നമുക്കിതെല്ലാം ആത്മാവിലൂടെ കാണിച്ചു തന്നിരിക്കുന്നു.
ആത്മാവ് എല്ലാം അറിയുന്നു. ദൈവത്തിന്‍റെ ഏറ്റവും ഗഹനമായ രഹസ്യങ്ങള്‍ പോലും ആത്മാവിനറിയാം.
11 അതിങ്ങനെയാണ്: ഒരാള്‍ക്കും മറ്റൊരുവന്‍റെ മനസ്സറിയാനാവില്ല. അയാളുടെ ഉള്ളില്‍ വസിക്കുന്ന അയാളുടെ ആത്മാവിനു മാത്രമേ ആ ചിന്തകളറിയാന്‍ കഴിയൂ. ദൈവത്തിനും അങ്ങനെ തന്നെ. ദൈവത്തിന്‍റെ ചിന്തകള്‍ ആര്‍ക്കുമറിയില്ല. ദൈവത്തിന്‍റെ ആത്മാവിനേ ആ ചിന്തകളറിയൂ.
12 ലോകത്തിന്‍റെ ആത്മാവിനെ നാം സ്വീകരിച്ചിട്ടില്ല. പക്ഷേ ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ നാം സ്വീകരിച്ചു. ദൈവം നമുക്കു തന്ന കാര്യങ്ങളെ അറിയുവാന്‍ കഴിയുന്ന വിധമാണ് നാം ആത്മാവിനെ സ്വീകരിച്ചത്.
13 ഇക്കാര്യങ്ങള്‍ നാം പറയുന്പോള്‍, മനുഷ്യന്‍റെ ജ്ഞാനം നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നില്ല, ആത്മാവു നമ്മെ പഠിപ്പിച്ച വാക്കുകള്‍ നാം ഉപയോഗിക്കുന്നു. ആത്മീയ കാര്യങ്ങള്‍ വിശദീകരിയ്ക്കാന്‍ നാം ആത്മീയ പദങ്ങള്‍ ഉപയോഗിക്കുന്നു.
14 ആത്മീയത ഇല്ലാത്ത ഒരുവന് ദൈവാത്മാവ് നല്‍കുന്ന കാര്യങ്ങള്‍ സ്വീകരിയ്ക്കാനാവില്ല. അക്കാര്യങ്ങളൊക്കെ വിഡ്ഢിത്തങ്ങളാണെന്ന് അയാള്‍ കരുതുന്നു. ആത്മീയമായി മാത്രം വിധിക്കാനാകുന്ന ദൈവത്തിന്‍റെ ആത്മാവിന്‍റെ കാര്യങ്ങള്‍ അയാള്‍ക്കു മനസ്സിലാകില്ല.
15 പക്ഷേ ആത്മീയ ചിന്ത ഉള്ളവന് എല്ലാക്കാര്യങ്ങളെയും വിവേചിക്കാന്‍ കഴിയുന്നു. മറ്റുള്ളവര്‍ക്ക് അയാളെ വിധിയ്ക്കാന്‍ കഴിയുകയില്ല. തിരുവെഴുത്തു പറയുന്നു:
16 “കര്‍ത്താവിന്‍റെ മനസ്സ് ആരറിയുന്നു?
കര്‍ത്താവ് എന്തു ചെയ്യണമെന്ന് ആര്‍ക്കു പറയാനാകും?” യെശയ്യാവ്. 40:13
പക്ഷേ നമുക്കു ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുന്നു.