മനുഷ്യനെ അനുഗമിക്കുന്നത് തെറ്റ്
3
1 സഹോദരീ സഹോദരന്മാരേ, മുന്‍കാലങ്ങളില്‍ എനിക്കു നിങ്ങളോടു ആത്മീയമനുഷ്യരോടെന്ന പോലെ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല. ക്രിസ്തുവില്‍ ശിശുക്കളായ നിങ്ങളോട് ലൌകീകരോടെന്ന പോലെ എനിക്കു സംസാരിക്കാനായുള്ളൂ.
2 ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ ഉപദേശങ്ങള്‍ പാലു പോലെയായിരുന്നു. ഖരാഹാരം പോലെ ആയിരുന്നില്ല. നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ലായിരുന്നതിനാലാണു ഞാനങ്ങനെ ചെയ്തത്. ഇപ്പോള്‍ പോലും നിങ്ങള്‍ ഖരാഹാരത്തിനു പാകമല്ല.
3 നിങ്ങളിപ്പോഴും ആത്മീയ മനുഷ്യരല്ല. നിങ്ങള്‍ അസൂയാലുക്കളും പരസ്പരം തര്‍ക്കിക്കുന്നവരുമാണ്. നിങ്ങള്‍ ആത്മീയ മനുഷ്യരല്ലെന്ന് അതു കാണിക്കുന്നു. ലൌകികരെപ്പോലെ തന്നെയാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
4 നിങ്ങളിലൊരുവന്‍ പറയുന്നു, “ഞാന്‍ പൌലൊസിന്‍റെ അനുയായിയാണ്.” മറ്റൊരാള്‍ പറയുന്നു, “ഞാന്‍ അപ്പൊല്ലോസിന്‍റെ അനുയായിയാണ്.” നിങ്ങള്‍ അങ്ങനെയൊക്കെ പറയുന്പോള്‍ നിങ്ങള്‍ ലൌകികരെപ്പോലെ പെരുമാറുകയാണ്.
5 അപ്പൊല്ലോസ് അത്ര പ്രധാനിയാണോ? അല്ല! പൌലൊസോ അല്ല! നിങ്ങളെ വിശ്വാസികളാക്കാന്‍ സഹായിച്ച ദൈവത്തിന്‍റെ ദാസന്മാര്‍ മാത്രമാണു ഞങ്ങള്‍. ദൈവം നിയോഗിച്ച കാര്യങ്ങളാണ് ഞങ്ങളില്‍ ഓരോരുത്തരും ചെയ്തത്.
6 ഞാന്‍ വിത്തു നടുകയും അപ്പൊല്ലോസ് അതിനു വെള്ളമൊഴിയ്ക്കുകയും ചെയ്തു. പക്ഷേ വിത്തു വളര്‍ത്തിയതു ദൈവമാണ്.
7 അതിനാല്‍ വിത്തു നട്ടവനോ അതിനു വെള്ളമൊഴിച്ചവനോ അല്ല പ്രധാനി. ദൈവമാണു പ്രധാനം, കാരണം അവനാണല്ലൊ വളര്‍ത്തുന്നത്.
8 നടുന്നവനും വെള്ളമൊഴിയ്ക്കുന്നവനും ഒരേ കര്‍മ്മമാണ് ഉള്ളത്. ഓരോരുത്തരും അവരവരുടെ പ്രവൃത്തിയ്ക്ക് സമ്മാനിതരാകുകയും ചെയ്യും.
9 ഞങ്ങള്‍ ദൈവത്തിനായി ഒത്തുകൂടിയ പണിക്കാരാണ്.
നിങ്ങളാകട്ടെ ദൈവത്തിന്‍റെ കൃഷിയിടവുമാകുന്നു. നിങ്ങള്‍ ദൈവത്തിന്‍റെ ഒരു ഗൃഹവുമാകുന്നു.
10 കൃതഹസ്തനായ ഒരു പണിക്കാരനെപ്പോലെ ഞാന്‍ ആ ഗൃഹത്തിന്‍റെ അടിത്തറ പണിതു. അങ്ങനെ ചെയ്യാന്‍ ദൈവം എനിക്കു തന്ന വരം ഞാനുപയോഗിച്ചു. മറ്റുള്ളവര്‍ ആ അടിത്തറമേലാണ് പണിയുന്നത്. പക്ഷേ ഓരോരുത്തരും താനെങ്ങനെയാണു പണിയുന്നതെന്നതില്‍ ശ്രദ്ധാലുവായിരിക്കണം.
11 അടിത്തറയിട്ടു കഴിഞ്ഞു. മറ്റാര്‍ക്കും ഇനി മറ്റൊരു അടിത്തറ പണിയാനാവില്ല. പണിതു കഴിഞ്ഞ അടിത്തറ യേശുക്രിസ്തുവാകുന്നു.
12 ആ അടിത്തറമേല്‍ ആര്‍ക്കുവേണമെങ്കിലും സ്വര്‍ണ്ണം, വെള്ളി, രത്നം, തടി, പുല്ല്, വൈക്കോല്‍ എന്നിവയില്‍ ഏതുകൊണ്ടു വേണമെങ്കിലും പണിയാം.
13 പക്ഷേ ഓരോരുത്തര്‍ ചെയ്യുന്ന പണിയും വ്യക്തമായി കാണപ്പെടും. കാരണം, ആ ദിവസം അവയെല്ലാം തുറന്നു കാട്ടപ്പെടും. തീയോടു കൂടി ആ ദിവസം വരും. അത് ഓരോരുത്തരുടെ പ്രവൃത്തിയും പരിശോധിക്കും.
14 അഗ്നിപരീക്ഷയ്ക്കു ശേഷവും ഒരുവന്‍ പണിത ഗൃഹം നിലനിന്നാല്‍ അയാള്‍ക്ക് അതിന്‍റെ പ്രതിഫലം കിട്ടും.
15 എന്നാല്‍ അയാളുടെ കെട്ടിടം തീയിലെരിഞ്ഞാല്‍ അയാള്‍ക്കു നഷ്ടം സംഭവിയ്ക്കും. പക്ഷേ തീയില്‍നിന്നും രക്ഷപെട്ടതുപോലെ മാത്രം അവന്‍ രക്ഷിക്കപ്പെടും.
16 നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാണെന്നു നിങ്ങളറിയണം. ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നു.
17 ആരെങ്കിലും ദൈവാലയം നിശിപ്പിച്ചാല്‍ ദൈവം അവരെ നശിപ്പിക്കും. എന്തുകൊണ്ടെന്നാല്‍, ദൈവത്തിന്‍റെ ആലയം വിശുദ്ധമാണ്. നിങ്ങള്‍ തന്നെ ദൈവത്തിന്‍റെ ആലയമാകുന്നു.
18 സ്വയം കബളിപ്പിക്കാതിരിക്കുക. സ്വയം ജ്ഞാനിയെന്ന് അഭിമാനിക്കുന്നവന്‍ വിഡ്ഢിയായിത്തീരട്ടെ. അപ്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനിയാകും.
19 എന്തുകൊ ണ്ടെന്നാല്‍ ആ ലോകത്തിന്‍റെ ജ്ഞാനം ദൈവത്തിനു ഭോഷത്വമാണ്. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “കൌശലം പ്രയോഗിക്കുന്പോള്‍ ജ്ഞാനികളെ ദൈവം പിടിക്കുന്നു,* “കൌശലം … പിടിക്കുന്നു” ഉദ്ധരണി ഇയ്യോബ് 5:13.
20 “തിരുവെഴുത്തുകളില്‍ ഇങ്ങനെ കൂടി എഴുതിയിട്ടുണ്ട്, “ജ്ഞാനികളുടെ ചിന്തകള്‍ ദൈവം അറിയുന്നു. അവരുടെ ചിന്തകള്‍ വൃഥാവിലാണെന്നു അവന്‍ അറിയുന്നു.† “ജ്ഞാനികളുടെ … അറിയുന്നു” ഉദ്ധരണി സങ്കീ 94:11.
21 അതിനാല്‍ നിങ്ങള്‍ മനുഷ്യരെച്ചൊല്ലി പ്രശംസിക്കരുത്. എല്ലാം നിങ്ങളുടേതാണ്.
22 പൌലൊസ്, അപ്പൊല്ലോസ്, കേഫാവ്(പത്രൊസ്), ഈ ലോകം, ജീവിതം, മരണം, ഇപ്പോഴുളളത്, വരുവാനുള്ളത് എല്ലാം നിങ്ങളുടേതാകുന്നു. 23നിങ്ങള്‍ ക്രിസ്തുവിന്‍റേതും ക്രിസ്തു ദൈവത്തിന്‍റേതുമാകുന്നു.