ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍
4
ഞങ്ങളെപ്പറ്റി ജനങ്ങള്‍ കരുതേണ്ടത് ഇങ്ങനെയാണ്: ഞങ്ങള്‍ ക്രിസ്തുവിന്‍റെ ദാസന്മാരാണ്. ദൈവം അവന്‍റെ രഹസ്യസത്യങ്ങള്‍ ഏല്പിക്കാന്‍ വിശ്വസിച്ചവരാണു ഞങ്ങള്‍. എന്തെങ്കിലും ഏല്പിക്കപ്പെട്ടവര്‍ അതില്‍ വിശ്വസ്തരായിരിക്കണം. നിങ്ങള്‍ എന്നെ വിധിച്ചാല്‍ ഞാനതു വകവയ്ക്കില്ല. ഏതെങ്കിലും മനുഷ്യക്കോടതി നടത്തുന്ന വിധിയും ഞാന്‍ വകവയ്ക്കില്ല. ഞാന്‍ സ്വയം വിധിയ്ക്കുകയുമില്ല. ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കറിയില്ല. എന്നാല്‍ എന്നെ അതു നിഷ്ക്കളങ്കനാക്കുന്നില്ല. കര്‍ത്താവാണ് എന്നെ വിധിയ്ക്കുന്നവന്‍. അതിനാല്‍ ശ രിയായ സമയം വരുംവരെ വിധിക്കരുത്. കര്‍ത്താവ് വരുംവരെ കാത്തിരിക്കുക. ഇരുട്ടില്‍ ഒളിഞ്ഞിരിക്കുന്നവയെ അവന്‍ വെളിച്ചത്തില്‍ തിളക്കും. മനുഷ്യഹൃദയങ്ങളിലെ രഹസ്യങ്ങളെ അവന്‍ വെളിച്ചത്തു കൊണ്ടുവരും. അപ്പോള്‍ ദൈവം ഓരോരുത്തരേയും അനുയോജ്യമായ വിധം പുകഴ്ത്തും.
സഹോദരീസഹോദരന്മാരേ ഇക്കാര്യങ്ങളില്‍ ഞാന്‍ അപ്പൊല്ലൊസിനെയും എന്നെത്തന്നെയും നിങ്ങള്‍ക്കു ഉദാഹരണമായി കാട്ടി. “തിരുവെഴുത്തില്‍ എഴുതിയിരിക്കുന്നവ മാത്രം പിന്തുടരുക” എന്ന വാക്കുകളുടെ അര്‍ത്ഥം നിങ്ങള്‍ ഞങ്ങളില്‍ നിന്നും മനസ്സിലാക്കുംവിധമാണ് ഞാനിങ്ങനെ ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ഒരാളില്‍ അഭിമാനിയ്ക്കുകയോ മറ്റൊരാളെ വെറുക്കുകയോ ഇല്ല. നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ മെച്ചമാണെന്ന് ആരു പറഞ്ഞു? നിങ്ങള്‍ക്കുള്ളതെല്ലാം നിങ്ങള്‍ക്കു നല്‍കിയതാണ്. അതുകൊണ്ട്, നിങ്ങള്‍ക്കുള്ളതെല്ലാം നല്‍കപ്പെട്ടതാണെങ്കില്‍ പിന്നെന്തിനാണ് അതെല്ലാം നിങ്ങളുടെ ശക്തികൊണ്ടു നേടിയതാണെന്ന് അഹങ്കരിക്കുന്നത്?
നിങ്ങള്‍ക്കു വേണ്ടതെല്ലാം നിങ്ങള്‍ക്കുണ്ടെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ ധനികരാണെന്നു നിങ്ങള്‍ കരുതുന്നു. ഞങ്ങളെക്കൂടാതെ നിങ്ങള്‍ രാജാക്കന്മാരായെന്നു നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തിലും രാജാക്കന്മാരായിരുന്നുവെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു! അപ്പോള്‍ ഞങ്ങ ള്‍ക്കും നിങ്ങളോടൊത്തു വാഴാമായിരുന്നു. എന്നാല്‍ എനിക്കും മറ്റ് അപ്പൊസ്തലന്മാര്‍ക്കും അവസാനത്തെ സ്ഥാനമാണു ദൈവം തന്നിരിക്കുന്നതെന്നു കാണുന്നു. ഞങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെയാണ്. ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും ലോ കമൊട്ടുക്കും കാണുവാന്‍ ഒരു കാഴ്ച പോലെയായി ഞങ്ങള്‍. 10 ക്രിസ്തുവിനു വേണ്ടി ഞങ്ങള്‍ വിഡ്ഢികളാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു ക്രിസ്തുവിന്‍റെ മുന്പില്‍ നിങ്ങള്‍ ജ്ഞാനികളാണെന്ന്. ഞങ്ങള്‍ ദുര്‍ബ്ബലരാണ്. പക്ഷേ നിങ്ങള്‍ കരുതുന്നു, നിങ്ങള്‍ കരുത്തരാണെന്ന്. ആളുകള്‍ നിങ്ങളെ ആദരിക്കുന്നു, ഞങ്ങളെ ആദരിക്കുന്നില്ല. 11 ഈ നിമിഷം വരേയ്ക്കും ഞങ്ങള്‍ക്കു തിന്നാനോ കുടിയ്ക്കാനോ വേണ്ടത്രയില്ല. ആവശ്യത്തിനു വസ്ത്രവുമില്ല. ചിലപ്പോഴൊക്കെ ഞങ്ങള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഞങ്ങള്‍ക്കു വീടുമില്ല. 12 ഞങ്ങള്‍ ഞങ്ങളെപ്പോറ്റുന്നതിന് സ്വന്തം കൈകള്‍കൊണ്ട് കഠിനമായി അദ്ധ്വാനിക്കുന്നു. ജനങ്ങള്‍ ഞങ്ങളെ ശപിക്കുന്നു. പക്ഷേ ഞങ്ങള്‍ അവരെ അനുഗ്രഹിക്കുന്നു. ആളുകള്‍ ഞങ്ങളെ ഉപദ്രവിക്കുന്പോള്‍ ഞങ്ങളതു സഹിക്കുന്നു. 13 ഞങ്ങളെ ജനങ്ങള്‍ ദുഷിക്കുന്പോള്‍ ഞങ്ങള്‍ അവരെപ്പറ്റി നല്ലതു പറയുന്നു. ഇപ്പോഴും അവര്‍ ഞങ്ങളെ ലോകത്തിന്‍റെ ചവറു പോലെയും ഭൂമിയിലെ അഴുക്കായും കരുതുന്നു.
14 നിങ്ങളെ നാണിപ്പിക്കാനല്ല ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ എന്‍റെ സ്വന്തം കുട്ടികള്‍ക്കെന്ന പോലെ ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു തരാനാണ് ഇതെല്ലാം എഴുതുന്നത്. 15 നിങ്ങള്‍ക്കു പതിനായിരം ഉപദേശകര്‍ ക്രിസ്തുവിലുണ്ടായിരിക്കാം, പക്ഷേ അനേകം പിതാക്കന്മാരുണ്ടാവില്ല. സുവിശേഷത്തിലൂടെ ഞാന്‍ നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ പിതാവായിരിക്കുന്നു. 16 അതിനാല്‍ എന്നെപ്പോലെയായിരിക്കുവാന്‍ ഞാന്‍ നിങ്ങളോടു യാചിക്കുന്നു. 17 അതുകൊണ്ടാണ് ഞാന്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. അവന്‍ കര്‍ത്താവില്‍ എന്‍റെ പുത്രനാണ്. തിമൊഥെയോസിനെ ഞാന്‍ സ്നേഹിക്കുന്നു, അവന്‍ വിശ്വസ്തനുമാണ്. ക്രിസ്തുയേശുവില്‍ ഞാന്‍ ജീവിച്ച മാര്‍ഗ്ഗങ്ങള്‍ അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ആ ജീവിതരീതിയാണ് ഞാന്‍ എല്ലായിടവും എല്ലാ സഭകളിലും പഠിപ്പിക്കുന്നത്.
18 നിങ്ങളില്‍ ചിലര്‍ അഹങ്കാരികളായിരിക്കുന്നു. അഹങ്കരിക്കുന്നവര്‍ കരുതുന്നത് ഞാന്‍ നിങ്ങളിലേക്കു വീണ്ടും വരില്ല എന്നാണ്. 19 പക്ഷേ ദൈവഹിതമാണെങ്കില്‍ ഞാന്‍ ഉടനെ തന്നെ നിങ്ങളുടെയിടയിലേക്കു വരും. അപ്പോള്‍ എനിക്കു കാണേണ്ടത് അവര്‍ക്കെന്തു ചെയ്യാന്‍ കഴിയുമെന്നാണ്; എന്തു പറയുന്നുവെന്നല്ല. 20 ഞാനങ്ങനെ ആഗ്രഹിക്കുന്നത് എന്തെന്നാല്‍ ദൈവരാജ്യം വചനത്തിലല്ല ശക്തിയിലായതുകൊണ്ടാണ്. 21 നിങ്ങള്‍ക്ക് ഏതാണ് വേണ്ടത്? ഞാന്‍ നിങ്ങളുടെ അടുത്തേക്കു ശിക്ഷയോടു കൂടിയോ, സ്നേഹത്തോടും മാന്യതയോടും കൂടിയോ വരേണ്ടത്?