വിഗ്രഹങ്ങള്‍ക്കു നിവേദിക്കപ്പെട്ട ഭക്ഷണം
8
ഇനി വിഗ്രഹങ്ങള്‍ക്കു യാഗമര്‍പ്പിക്കപ്പെട്ട മാംസത്തെപ്പറ്റി ഞാന്‍ എഴുതാം. “നമുക്കെല്ലാം അറിവുണ്ട്” എന്നു നമുക്കറിയാം. “അറിവ്” നിങ്ങളെ അഹംഭാവത്താല്‍ ചീര്‍പ്പിക്കുന്നു. പക്ഷേ സ്നേഹം മറ്റുള്ളവരെ ശക്തരാക്കാന്‍ നിങ്ങളെ സഹായിക്കുന്നു. തനിക്ക് ചിലതൊക്കെ അറിയാമെന്ന് കരുതുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഒന്നും അയാള്‍ അറിയേണ്ടതുപോലെ അറിയുന്നില്ല. പക്ഷേ ദൈവത്തെ സ്നേഹിക്കുന്നവന്‍ ദൈവത്താല്‍ അറിയപ്പെടുന്നു.
അതുകൊണ്ട് മാംസഭക്ഷണത്തെപ്പറ്റി ഞാനിതാണ് പറയുന്നത്. ഒരു വിഗ്രഹം ഈ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ഒന്നുമല്ലെന്നു നമുക്കറിയാം. ദൈവം ഒന്നേയുള്ളൂവെന്നും നമുക്കറിയാം. ദൈവമെന്നു വിളിക്കപ്പെടുന്ന പലതും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഉണ്ട് എന്നത് പ്രധാനമല്ല. (ജനങ്ങള്‍ “ദൈവ”മെന്നും “കര്‍ത്താ”വെന്നും വിളിക്കുന്ന അനേകം സാധനങ്ങളുണ്ട്.) പക്ഷേ നമുക്ക് ഒരു ദൈവമേയുള്ളൂ. അവന്‍ നമ്മുടെ പിതാവാകുന്നു. എല്ലാം അവനില്‍ നിന്നും വന്നു, നാം അവനുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. കര്‍ത്താവും ഒന്നേയുള്ളൂ. അവന്‍ യേശുക്രിസ്തുവാകുന്നു. എല്ലാം യേശുവിലൂടെ ഉണ്ടാക്കപ്പെട്ടു. നമുക്ക് അവനിലൂടെ ജീവനും ഉണ്ട്.
പക്ഷേ എല്ലാവര്‍ക്കും ഇതറികയില്ല. ചിലര്‍ക്ക് ഇപ്പോള്‍ വരെ വിഗ്രഹാരാധന ഉണ്ടായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഇറച്ചി കഴിക്കുന്പോള്‍ അത് വിഗ്രഹത്തിന്‍റേതാണെന്ന തോന്നലുണ്ട്. ആ മാംസം തിന്നുന്നതു ശരിയാണോ എന്നവര്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. അതുകൊണ്ട് അതു തിന്നു കഴിയുന്പോള്‍ അവര്‍ക്കു കുറ്റബോധമുണ്ടാകും. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുകയില്ല. ആഹാരം കഴിക്കാന്‍ വിസ്സമ്മതിക്കുന്നതു കൊണ്ട് ദൈവത്തിനു നമ്മോടുള്ള പ്രീതിയ്ക്കും കുറവൊന്നും ഉണ്ടാവില്ല. തിന്നുന്നത് നമ്മെ നന്നാക്കുകയുമില്ല.
എന്നാല്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തില്‍ ജാഗ്രത പുലര്‍ത്തുക. ആ സ്വാതന്ത്ര്യം ദുര്‍ബ്ബലമായ വിശ്വാസം ഉള്ളവരെ പാപത്തിലേക്കു തള്ളാം. 10 നിങ്ങള്‍ക്ക് അറിവുണ്ട്, അതുകൊണ്ട് അന്യദേവനെ ആരാധിക്കുന്ന ഇടത്തിലിരുന്ന് ആഹാരം കഴിക്കുന്നതില്‍ വിഷമം തോന്നുകയില്ല. ദുര്‍ബ്ബലവിശ്വാസിയായ ഒരുവന്‍ നിങ്ങളങ്ങനെ ചെയ്യുന്നത് കണ്ടെന്നിരിക്കാം. അതവനെ വിഗ്രഹത്തിനു ബലികൊടുത്ത മാംസം ഭക്ഷിക്കാന്‍പോലും പ്രേരിപ്പിച്ചേക്കാം. പക്ഷേ അതു തെറ്റാണെന്നാണവന്‍ യഥാര്‍ത്ഥത്തില്‍ കരുതുന്നത്. 11 അതിനാല്‍ ദുര്‍ബ്ബലനായ ആ സഹോദരന്‍ നിങ്ങളുടെ അറിവിനാല്‍ ദുര്‍ബ്ബലനായി നശിച്ചു. ഈ സഹോദരനു വേണ്ടിയും കൂടിയാണ് ക്രിസ്തു മരിച്ചത്. 12 നിങ്ങള്‍ ഇതുപോലെ ക്രിസ്തുവില്‍ സഹോദര സഹോദരിമാര്‍ക്കെതിരായി പാപം ചെയ്യുകയും അവര്‍ക്കു തെറ്റെന്നു തോന്നുന്നതു ചെയ്യിക്കാന്‍ കാരണമാവുകയും ചെയ്യുന്പോള്‍ നിങ്ങളും ക്രിസ്തുവിനെതിരായി പാപം ചെയ്യുകയാണ്. 13 അതുകൊണ്ട് ഞാന്‍ തിന്നുന്ന ഭക്ഷണം എന്‍റെ സഹോദരനെ പാപത്തിലേക്കു തള്ളിയിടുന്നെങ്കില്‍ ഞാനൊരിക്കലും മാംസം കഴിക്കില്ല. എന്‍റെ സഹോദരനെ പാപിയാക്കാതിരിക്കാന്‍ വേണ്ടി ഞാന്‍ മാംസഭക്ഷണം നിറുത്തും.