2
1 അതുകൊണ്ട് എന്‍റെ അടുത്ത സന്ദര്‍ശനം നിങ്ങളെ സങ്കടപ്പെടുത്തുന്നതിനായിരിക്കരുതെന്നു ഞാന്‍ നിശ്ചയിച്ചു.
2 ഞാന്‍ നിങ്ങളെ സങ്കടപ്പെടുത്തിയാല്‍ എന്നെ ആരു സന്തോഷിപ്പിക്കും? ഞാന്‍ ദു:ഖിതരാക്കിയ നിങ്ങള്‍ക്കു മാത്രമേ എന്നെ സന്തോഷിപ്പിക്കാനാവൂ.
3 ഇക്കാരണം കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് ഒരു കത്തയച്ചു. അതുവഴി ഞാന്‍ നിങ്ങളുടെയടുത്ത് വരുന്പോള്‍ എന്നെ സന്തോഷിപ്പിക്കേണ്ടവര്‍ എന്നെ സങ്കടപ്പെടുത്താതിരിക്കണം. എനിക്കു നിങ്ങളെപ്പറ്റി ഉറപ്പുണ്ട്. നിങ്ങളെല്ലാവരും എന്‍റെ ആഹ്ലാദം പങ്കിടുമെന്ന് എനിക്കുറപ്പുണ്ട്.
4 മുന്പ് ഞാന്‍ നിങ്ങള്‍ക്കെഴുതിയപ്പോള്‍, എനിക്കു മനസ്സില്‍ വളരെ ചിന്താഭാരവും ദു:ഖവുമായിരുന്നു. നിറയെ കണ്ണുനീരോടെയാണു ഞാനെഴുതിയത്. നിങ്ങളെ സങ്കടപ്പെടുത്താനല്ല ഞാനെഴുതിയത്. ഞാന്‍ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് നിങ്ങളെ ബോധ്യപ്പെടുത്താനാണ്.
തെറ്റു ചെയ്തവനോടു ക്ഷമിക്കുക
5 നിങ്ങളുടെയിടയില്‍ ഒരുവന്‍ സങ്കടമുണ്ടാക്കി. അയാള്‍ എനിക്കു മാത്രമല്ല സങ്കടം വരുത്തിയത്-ഒരു തരത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും കൂടിയാണ്. (ഉള്ളതില്‍ കൂട്ടിപ്പറയാന്‍ എനിക്കാഗ്രഹമില്ല.)
6 നിങ്ങള്‍ മിക്കവരും അയാള്‍ക്കു നല്‍കിയ ശിക്ഷ മതിയായതാണ്.
7 ഇനി നിങ്ങള്‍ക്കു അവനോടു പൊറുക്കുകയും അയാളെ ആശ്വസിപ്പിക്കുകയും വേണം. അല്ലെങ്കില്‍ കടുത്ത ദുഃഖം അവനെ ഗ്രസിക്കും.
8 അതിനാല്‍ നിങ്ങള്‍ അവനെ സ്നേഹിക്കുന്നുവെന്ന് കാണിക്കാന്‍ ഞാന്‍ അപേക്ഷിക്കുന്നു.
9 അതുകൊണ്ടാണു ഞാന്‍ നിങ്ങള്‍ക്കെഴുതിയത്. നിങ്ങളെ പരീക്ഷിക്കുകയും നിങ്ങള്‍ എല്ലാം അനുസരിക്കുന്നുണ്ടോ എന്നു എനിക്കു തോന്നുകയും വേണമായിരുന്നു.
10 നിങ്ങള്‍ ഒരാളോടു ക്ഷമിച്ചാല്‍ ഞാനും അവനോടു പൊറുക്കും. ഞാന്‍ പൊറുത്തിട്ടുണ്ടെങ്കില്‍ അതു നിങ്ങളെ കരുതി ക്രിസ്തുവിന്‍റെ സമക്ഷത്തിലാണ്.
11 സാത്താന്‍ നമ്മില്‍ നിന്ന് ഒന്നും നേടരുത് എന്നു കരുതിയാണ് ഞാനിതു ചെയ്തത്. സാത്താന്‍റെ പദ്ധതികള്‍ ഞങ്ങള്‍ക്കു നന്നായറിയാം.
ത്രോവാസില്‍ പൌലൊസിന്‍റെ ഉത്കണ്ഠ
12 ത്രോവാസില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിക്കുന്നതിനായി ഞാന്‍ പോയി. അവിടെ കര്‍ത്താവ് എനിക്കൊരു നല്ല അവസരം തന്നു.
13 അവിടെ എന്‍റെ സഹോദരന്‍ തീത്തൊസിനെ കണ്ടെത്താന്‍ കഴിയാഞ്ഞതില്‍ എന്‍റെ മനസ്സ് സ്വസ്ഥമായില്ല. അതുകൊണ്ട് ഞാന്‍ അവിടം വിട്ട് മക്കെദോന്യെക്കു പോയി.
ക്രിസ്തുവിലൂടെ വിജയം
14 ദൈവത്തിനു നന്ദി. ദൈവം നമ്മെ എപ്പോഴും ക്രിസ്തുവിലൂടെ വിജയത്തിലേക്കു നയിക്കുന്നു. ഒരു സുഗന്ധ തൈലത്തിന്‍റെ പരിമളം പോലെ അവനെക്കുറിച്ചുള്ള വിജ്ഞാനത്തെ എങ്ങും പരത്തുവാന്‍ ദൈവം ഞങ്ങളെ ഉപയോഗിക്കുന്നു.
15 ദൈവത്തിനു നല്‍കുവാന്‍ ഞങ്ങള്‍ക്കുള്ളത് ഇതാണ്: ദൈവത്തിന്‍റെ കാഴ്ചയില്‍ രക്ഷിക്കപ്പെടുന്നവരുടെയും നശിക്കുന്നവരുടെയുമിടയില്‍ ഞങ്ങള്‍ ക്രിസ്തുവിന്‍റെ പരിമളമാണ്.
16 നശിക്കുന്നവര്‍ക്ക് ഞങ്ങള്‍ മരണം കൊണ്ടുവരുന്ന മരണത്തിന്‍റെ ദുര്‍ഗ്ഗന്ധമാണ്. രക്ഷിക്കപ്പെടുന്നവര്‍ക്കോ, ഞങ്ങള്‍ ജീവന്‍ കൊണ്ടുവരുന്ന ജീവന്‍റെ പരിമളവും. അതുകൊണ്ട് ഇതു ചെയ്യുവാന്‍ ആരാണു യോഗ്യന്‍?
17 മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ദൈവവചനം വിറ്റു കാശുണ്ടാക്കുവാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. പക്ഷേ ആത്മാര്‍ത്ഥതയോടെ ക്രിസ്തുവില്‍ ഞങ്ങള്‍ ദൈവസാന്നിദ്ധ്യത്തില്‍ സത്യം സംസാരിക്കുന്നു. ദൈവം അയച്ചവരെപ്പോലെ ഞങ്ങള്‍ സംസാരിക്കുന്നു.