ദൈവത്തിന്‍റെ പുതിയ നിയമത്തിന്‍റെ ദാസന്മാര്‍
3
1 ഞങ്ങള്‍ വീണ്ടും സ്വയം അഭിമാനിക്കുന്നുണ്ടോ? ഞങ്ങള്‍ക്ക് മറ്റു ചിലരെപ്പോലെ നിങ്ങള്‍ക്കോ നിങ്ങളില്‍ നിന്നോ ശുപാര്‍ശക്കത്തു വേണമെന്നോ?
2 നിങ്ങള്‍ തന്നെ ഞങ്ങളുടെ കത്താണ്. ആ കത്ത് നിങ്ങളുടെ ഹൃദയങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്നു. അത് എല്ലാവരാലും അറിയപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു.
3 ക്രിസ്തു ഞങ്ങളിലൂടെ അയച്ച ഒരു കത്താണു നിങ്ങളെന്നു നിങ്ങള്‍ തന്നെ സ്വയം തെളിയിക്കുക. ആ കത്ത് മഷികൊണ്ടല്ല, പക്ഷേ, ജീവിക്കുന്ന ദൈവത്തിന്‍റെ ആത്മാവുകൊണ്ട് എഴുതിയതാണ്. അത് കല്പലകകളിലല്ല എഴുതിയിരിക്കുന്നത്. മനുഷ്യ ഹൃദയങ്ങളിലാണ്.
4 ക്രിസ്തുവിലൂടെ ദൈവത്തിനു മുന്പാകെ ഞങ്ങള്‍ക്കു വിശ്വാസമുള്ളതുകൊണ്ട് ഞങ്ങള്‍ക്കു ഇതൊക്കെ പറയാം.
5 ഞങ്ങള്‍ക്കു സ്വന്തമായി ഈ പ്രവൃത്തി ചെയ്യാനുള്ള കഴിവുണ്ടെന്നല്ല ഞാന്‍ പറയുന്നത്. ഞങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യാനുള്ള കഴിവുണ്ടാക്കിയത് ദൈവമാണ്.
6 ദൈവം തന്‍റെ ജനതയുമായുണ്ടാക്കിയ പുതിയ നിയമത്തിന്‍റെ കഴിവുറ്റ ദാസന്മാരാകാന്‍ ഞങ്ങളെ പ്രാപ്തരാക്കി. ഈ പുതിയ നിയമം ഒരു എഴുതപ്പെട്ട ന്യായപ്രമാണമല്ല. അത് ആത്മാവിന്‍റേതാണ്. എഴുതപ്പെട്ട ന്യായപ്രമാണം മരണത്തെ കൊണ്ടുവരുന്നു. എന്നാല്‍ ആത്മാവ് ജീവന്‍ നല്‍കുന്നു.
പുതിയ നിയമം ഉന്നത മഹത്വം തരുന്നു
7 മരണത്തിന്‍റെ ശുശ്രൂഷ കല്ലില്‍ എഴുതപ്പെട്ടിരിക്കുന്നു. ദൈവമഹത്വത്തോടൊത്താണതു വന്നത്. യിസ്രായേല്‍ജനതയ്ക്ക് തുടര്‍ച്ചയായി നോക്കാന്‍ കഴിയാത്തത്ര തേജസ്സായിരുന്നു മോശെയുടെ മുഖത്ത്. പിന്നീട് ആ മഹത്വത്തിന്‍റെ തേജസ്സ് മാഞ്ഞുകൊണ്ടിരുന്നു.
8 തീര്‍ച്ചയായും ആത്മാവിന്‍റെ ശുശ്രൂഷ അതിലും മഹത്വമേറിയതായിരിക്കും.
9 ഇതാണു ഞാന്‍ അര്‍ത്ഥമാക്കുന്നത്. ജനങ്ങളെ പാപികളെന്നു വിധിച്ച ആ ശുശ്രൂഷ മഹത്വമുള്ളതായിരുന്നു. അപ്പോള്‍ ജനങ്ങളെ ദൈവത്തിനു മുന്പില്‍ നീതീകരിക്കുന്ന ശുശ്രൂഷയ്ക്ക് അത്യധികം മഹത്വമുണ്ടാകും.
10 ആ പഴയ ശുശ്രൂഷയ്ക്കു മഹത്വമുണ്ടായിരുന്നു. എന്നാല്‍ പുതിയ ശുശ്രൂഷയുടെ മഹത്വവുമായി തുലനം ചെയ്യുന്പോള്‍ ആദ്യത്തേതിനു ഒന്നുമുണ്ടായിരുന്നില്ല.
11 മങ്ങിയത് മഹത്വത്തോടെയാണു വന്നതെങ്കില്‍ ഈ നിത്യമായ ശുശ്രൂഷ അതിലും മഹത്വമുള്ളതാണ്.
12 ഇത്തരം പ്രതീക്ഷയുള്ളതിനാല്‍ ഞങ്ങള്‍ ധൈര്യശാലികളാണ്.
13 ഞങ്ങള്‍ മോശെയെപ്പോലെയല്ല. അവന്‍ തന്‍റെ മുഖത്തിനു ഒരാവരണമണിഞ്ഞു. യിസ്രായേല്‍ക്കാര്‍ അതു കാണാതിരിക്കാനാണു അവന്‍ മുഖം മൂടിയത്. മഹത്വം അപ്രത്യക്ഷമാവുകയായിരുന്നു. അവര്‍ അതിന്‍റെ അവസാനം കാണരുതെന്ന് മോശെ ആഗ്രഹിച്ചിരുന്നു.
14 പക്ഷേ ഒന്നും മനസ്സിലാക്കാത്തവിധം അവരുടെ മനസ്സ് അടച്ചിരുന്നു. ഇന്നുപോലും അവര്‍ പഴയ നിയമം വായിക്കുന്പോള്‍ അതേ ആവരണം അര്‍ത്ഥത്തെ മൂടിയിരിക്കുന്നു. ആ ആവരണം മാറ്റപ്പെട്ടിരുന്നില്ല. ക്രിസ്തുവിലൂടെ മാത്രമേ അതു മാറ്റപ്പെടൂ.
15 എന്നാല്‍ ഇന്നും, അവര്‍ മോശെയുടെ ന്യായപ്രമാണം വായിക്കുന്പോള്‍ അവരുടെ മനസ്സിനു മുകളില്‍ ഒരാവരണം ഉണ്ടാകും.
16 എന്നാല്‍ ഒരാള്‍ മാനസാന്തരപ്പെട്ട് കര്‍ത്താവിനെ പിന്തുടര്‍ന്നാല്‍, ആ ആവരണം മാറ്റപ്പെടും.
17 കര്‍ത്താവ് ആത്മാവാകുന്നു. കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ടാകും.
18 നമ്മുടെ മുഖങ്ങള്‍ മൂടിയിട്ടില്ല. നാമെല്ലാം കര്‍ത്താവിന്‍റെ മഹത്വം കാണിക്കുന്നു. നമ്മള്‍ അവനെപ്പോലെ മാറ്റപ്പെടുന്നു. നമ്മിലെ ആ മാറ്റം കൂടുതല്‍ കൂടുതല്‍ മഹത്വത്തെ കൊണ്ടുവരുന്നു. ഈ മഹത്വം കര്‍ത്താവില്‍നിന്നു വരുന്നു. അവന്‍ ആത്മാവുമാകുന്നു.