മണ്‍ഭരണികളിലെ ആത്മീയ നിധി
4
1 ദൈവം, അവന്‍റെ കാരുണ്യത്താല്‍, ഞങ്ങളെ ഈ ജോലി ചെയ്യാന്‍ ഏല്പിച്ചു. അതുകൊണ്ട് ഞങ്ങള്‍ നിരാശരാകുന്നില്ല. അതുപേക്ഷിക്കുന്നുമില്ല.
2 പക്ഷേ ഞങ്ങള്‍ നാണംകെട്ട രഹസ്യവഴികളില്‍ നിന്നു മാറിയിരിക്കുന്നു. ഞങ്ങള്‍ കൌശലങ്ങള്‍ ഉപയോഗിക്കാനോ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ മാറ്റാനോ കൂട്ടാക്കിയിട്ടില്ല. ഞങ്ങള്‍ സത്യം തുറന്നു തന്നെ പഠിപ്പിക്കുന്നു. അങ്ങനെയാണു ഞങ്ങള്‍ ആരെന്നു ജനങ്ങള്‍ക്കു കാണിച്ചുകൊടുക്കുന്നത്. ദൈവത്തിനു മുന്നില്‍ ഞങ്ങളാരാണെന്ന് അങ്ങനെയാണവര്‍ക്കു അവരുടെ ഹൃദയത്തില്‍ മനസ്സിലായത്.
3 ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മൂടുപടമണിഞ്ഞതായിരിക്കാം. പക്ഷേ നഷ്ടപ്പെട്ടര്‍ക്കു മാത്രമേ അതു മൂടുപടമണിഞ്ഞതാകൂ.
4 അവിശ്വാസികളുടെ മനസ്സിനെ ഈ ലോകത്തിന്‍റെ ഭരണാധിപന്‍* ഭരണാധിപന്‍ “ദൈവം” എന്നര്‍ത്ഥം. അന്ധമാക്കിയിരിക്കുന്നു. അവര്‍ക്ക് സുവിശേഷത്തെ-ക്രിസ്തുവിന്‍റെ മഹത്വത്തിന്‍റെ സുവിശേഷത്തെ വെളിച്ചമായിക്കാണാന്‍ കഴിയില്ല. ക്രിസ്തുവാണ് ദൈവത്തിന്‍റെ പ്രതിച്ഛായ.
5 ഞങ്ങള്‍ ഞങ്ങളെപ്പറ്റി പ്രസംഗിക്കുന്നില്ല, എന്നാല്‍ യേശുക്രിസ്തുവാണ് കര്‍ത്താവ് എന്നത്രെ ഞങ്ങള്‍ പ്രസംഗിക്കുന്നത്; ഞങ്ങള്‍ യേശുവിനു വേണ്ടി നിങ്ങളുടെ ദാസന്മാരാണെന്നും.
6 ദൈവം ഒരിക്കല്‍ പറഞ്ഞു, “ഇരുട്ടില്‍ നിന്ന് പ്രകാശം തിളങ്ങും!” ഈ ദൈവം തന്നെയാണ് അവന്‍റെ വെളിച്ചം ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിപ്പിച്ചത്. ക്രിസ്തുവിന്‍റെ മുഖത്തെ ദൈവീക തേജസ്സിനെ അറിയാന്‍ അനുവദിക്കുക വഴിയാണ് ദൈവം ഞങ്ങള്‍ക്കു ആ പ്രകാശം നല്‍കിയത്.
7 ദൈവത്തില്‍ നിന്നാണ് ഞങ്ങള്‍ക്ക് ഈ നിധി ലഭിച്ചത്. പക്ഷേ ഞങ്ങള്‍ ആ നിധി ഉള്‍ക്കൊള്ളുന്ന മണ്‍ഭരണികള്‍ മാത്രമാണ്. ആ മഹാശക്തി ഞങ്ങളില്‍ നിന്നല്ല മറിച്ച് ദൈവത്തില്‍ നിന്നാണെന്ന് അതു കാണിക്കുന്നു.
8 ഞങ്ങള്‍ക്കു ചുറ്റും നിറയെ ബുദ്ധിമുട്ടുകളാണെങ്കിലും ഇതുവരെ പരാജയപ്പെട്ടിട്ടില്ല. എന്താണു ചെയ്യേണ്ടതെന്നുപോലും ചിലപ്പോള്‍ ഞങ്ങള്‍ക്കറിയാന്‍ കഴിയില്ലെങ്കിലും ഞങ്ങള്‍ കൈവിടപ്പെട്ടിട്ടില്ല.
9 പലപ്പോഴും ഞങ്ങള്‍ പീഢിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഞങ്ങള്‍ കൈവിടുകയില്ല. ചിലപ്പോള്‍ ഞങ്ങള്‍ക്കു വേദനിച്ചിട്ടുണ്ടെങ്കിലും ഞങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ല.
10 യേശുവിന്‍റെ മരണം എല്ലായ്പ്പോഴും ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തില്‍ പേറുന്നു. ക്രിസ്തുവിന്‍റെ ജീവിതവും ഞങ്ങളുടെ ശരീരത്തിലൂടെ അറിയേണ്ടതിലേക്കായി ഞങ്ങള്‍ കര്‍ത്താവിന്‍റെ മരണത്തെ വഹിക്കുന്നു.
11 ഞങ്ങള്‍ ജീവിച്ചിരിക്കുന്നുവെങ്കിലും യേശുവിനുവേണ്ടി ഞങ്ങളെപ്പോഴും മരണം എന്ന അപകടത്തിലാണ്. യേശുക്രിസ്തുവിന്‍റെ ജീവിതം നമ്മുടെ നശ്വരമായ ശരീരത്തില്‍ കാണുന്ന തിനാണു നമുക്കിങ്ങനെ സംഭവിക്കുന്നത്.
12 അതിനാല്‍ മരണം ഞങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പക്ഷേ ജീവന്‍ നിങ്ങളിലും.
13 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു, “ഞാന്‍ വിശ്വസിച്ചു, അതിനാല്‍ ഞാന്‍ സംസാരിച്ചു.✡ ഉദ്ധരണി സങ്കീ 116:10. ഞങ്ങളുടെ വിശ്വാസവും അങ്ങനെയാണ്. ഞങ്ങള്‍ വിശ്വസിക്കുന്നു, അതിനാല്‍ ഞങ്ങള്‍ സംസാരിക്കുന്നു.
14 കര്‍ത്താവായ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം ഞങ്ങളെയും യേശുവിനോടൊത്ത് ഉയിര്‍പ്പിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. ദൈവം ഞങ്ങളെ നിങ്ങളോടൊത്തു കൊണ്ടുവരികയും നമ്മള്‍ അവന്‍റെ സന്നിധിയില്‍ നില്‍ക്കുകയും ചെയ്യും.
15 ഇതെല്ലാം നിങ്ങള്‍ക്കുവേണ്ടിയാണ്. അങ്ങനെ ദൈവത്തിന്‍റെ കാരുണ്യം കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്കു നല്‍കുന്പോള്‍ അത് ദൈവത്തിന്‍റെ മഹത്വത്തിന് കൂടുതല്‍ കൂടുതല്‍ സ്തോത്രങ്ങളെ കൊണ്ടുവരും.
വിശ്വാസത്തോടെ ജീവിക്കുന്നു
16 അതുകൊണ്ടാണ് ഞങ്ങള്‍ ഒരിക്കലും ദുര്‍ബ്ബലരാകാത്തത്. ഞങ്ങളുടെ ഭൌതികശരീരം ദിനംപ്രതി ദുര്‍ബ്ബലമാകുന്പോഴും ഞങ്ങളുടെ ഉള്ളിലെ ആത്മാവ് പുതുതായിക്കൊണ്ടിരിക്കുന്നു.
17 കുറച്ചു സമയത്തേക്കു ഞങ്ങള്‍ക്കു ചെറിയ പ്രശ്നങ്ങളുണ്ടെങ്കിലും ആ പ്രശ്നങ്ങള്‍ ഞങ്ങളെ നിത്യമഹത്വത്തിലേക്കു നയിക്കുന്നു. ആ മഹത്വമാണ് പ്രശ്നങ്ങളെക്കാള്‍ വലുത്.
18 അതുകൊണ്ട് ഞങ്ങള്‍ കാണുന്നതിനെപ്പറ്റിയല്ല കാണാനാകാത്തതിനെപ്പറ്റി ചിന്തിക്കുന്നു. കണ്ടതിനെപ്പറ്റിയല്ല. നമ്മള്‍ കാണുന്നത് കുറച്ചു സമയത്തേക്കേ നിലനില്ക്കൂ. നമ്മള്‍ക്കു കാണാനാകാത്തതു എന്നെന്നും നിലനില്‍ക്കും.