ക്രിസ്തീയ സഹോദരന്മാരെ സഹായിക്കുക
9
1 ദൈവത്തിന്‍റെ ജനങ്ങള്‍ക്കു വേണ്ടിയുള്ള സഹായത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്കെഴുതേണ്ട ആവശ്യമില്ല.
2 നിങ്ങള്‍ സഹായ സന്നദ്ധരാണെന്ന് എനിക്കറിയാം. നിങ്ങളുടെ നല്ല മനസ്ഥിതിയെപ്പറ്റി മക്കദോന്യയിലെ ജനതയോട് ഞാന്‍ പുകഴ്ത്തിപ്പറയാറുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം വരെ അഖായക്കാരായ നിങ്ങള്‍ ദാനം ചെയ്യുവാന്‍ സന്നദ്ധരായിരുന്നുവെന്ന് ഞാന്‍ അവരോടു പറഞ്ഞു. ദാനം ചെയ്യുവാനുള്ള നിങ്ങളുടെ സന്നദ്ധത ഇവിടുത്തെ ചിലരെക്കൂടി അതിനു സന്നദ്ധരാക്കി.
3 പക്ഷേ ഞാന്‍ ഈ സഹോദരന്മാരെ നിങ്ങളുടെ അടുത്തേയ്ക്ക് അയയ്ക്കുന്നു. നിങ്ങളെച്ചൊല്ലി ഞങ്ങള്‍ക്കുള്ള അഭിമാനം വ്യര്‍ത്ഥമാകാന്‍ ഞാനാഗ്രഹിക്കുന്നില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞതുപോലെ തന്നെ നിങ്ങള്‍ ഒരുങ്ങിയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
4 മക്കെദോന്യക്കാര്‍ ആരെങ്കിലും എന്നോടൊപ്പം വന്നു നോക്കുന്പോള്‍ നിങ്ങള്‍ തയ്യാറായിരിക്കുന്നില്ല എന്നു കണ്ടാല്‍ ഞങ്ങള്‍ക്ക് അതു നാണക്കേടാകും. ഞങ്ങള്‍ നിങ്ങളില്‍ അത്രമാത്രം വിശ്വാസം പ്രകടിപ്പിച്ചിരുന്നു. (നിങ്ങള്‍ക്കും ലജ്ജിക്കേണ്ടിവരും!)
5 അതുകൊണ്ടാണ് എന്നെക്കാള്‍ മുന്പെ നിങ്ങളെ വന്നു കാണാന്‍ ഈ സഹോദരന്മാരോട് ആവശ്യപ്പെടാന്‍ എനിക്കു തോന്നിയത്. നിങ്ങള്‍ വാഗ്ദാനം ചെയ്ത ദാനം ഒരുക്കി വയ്ക്കാന്‍ അവര്‍ക്കു കഴിയും. അപ്പോള്‍ ഞങ്ങള്‍ വരുന്പോള്‍ അത് തയ്യാറായിരിക്കും. നിങ്ങള്‍ കൊടുക്കാന്‍ തയ്യാറായിരുന്ന ദാനം. കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടാത്ത ദാനം.
6 ഇത്രയും ഓര്‍ക്കുക: അല്പം മാത്രം വിതയ്ക്കുന്നവന്‍ കുറച്ചു മാത്രം കൊയ്യുന്നു. പക്ഷേ അധികം വിതക്കുന്ന ആള്‍ അധികം കൊയ്യുന്നു.
7 നല്‍കാന്‍ ഓരോരുത്തരും മനസ്സില്‍ നിശ്ചയിച്ചതു നല്‍കണം. മനസ്സുനൊന്ത് ഒന്നും കൊടുക്കരുത്. നിര്‍ബന്ധത്താലും കൊടുക്കരുത്. സന്തോഷത്തോടെ നല്‍കുന്നവനെ ദൈവം സ്നേഹിക്കുന്നു.
8 ദൈവത്തിന് നിങ്ങള്‍ക്ക് വേണ്ടതിലധികം അനുഗ്രഹം നല്‍കാനും കഴിയും. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ധാരാളമുണ്ടാകും. ഓരോ നല്ല പ്രവൃത്തിക്കു നല്‍കുവാനും നിങ്ങള്‍ക്കു അനവധിയുണ്ടാവും.
9 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
“അവന്‍ ഔദാര്യമായി പാവങ്ങള്‍ക്കു നല്‍കുന്നു;
അവന്‍റെ ദയ എന്നെന്നും നിലനില്‍ക്കും.” സങ്കീര്‍ത്തനങ്ങള്‍ 112:9
10 വിതയ്ക്കുന്നവനു വിത്തു നല്‍കുന്നത് ദൈവമാണ്. അവന്‍ ആഹാരത്തിന് അപ്പവും നല്‍കുന്നു. ദൈവം നിങ്ങള്‍ക്ക് ആത്മീയ വിത്തുകള്‍ നല്‍കുകയും അവയെ വളര്‍ത്തുകയും ചെയ്യും. നിങ്ങളുടെ നന്മയില്‍ അവന്‍ നല്ല വിളവുണ്ടാക്കും.
11 നിങ്ങള്‍ക്കു സ്വാതന്ത്യമായി ദാനം ചെയ്യുന്നതിന് ദൈവം നിങ്ങളെ എല്ലാ അര്‍ത്ഥത്തിലും ധനികരാക്കും. ഞങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന ദാനധര്‍മ്മങ്ങള്‍ക്ക് ജനങ്ങള്‍ ദൈവത്തിന് നന്ദി പറയാന്‍ പ്രേരിതരാകും.
12 നിങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ ദൈവത്തിന്‍റെ ജനതയ്ക്ക് വലിയ സഹായമാകും. കൂടാതെ നിങ്ങളുടെ സേവനം മറ്റു ചിലതും കൂടുതലായി കൊണ്ടുവരും. ദൈവത്തിനു കൂടുതല്‍ കൂടുതല്‍ നന്ദി അതു വാങ്ങിക്കൊടുക്കും.
13 നിങ്ങളുടെ ഈ പ്രവൃത്തികള്‍ നിങ്ങളുടെ വിശ്വാസത്തിനു തെളിവായിരിക്കും. അതു മൂലം ദൈവത്തെ ജനങ്ങള്‍ സ്തുതിയ്ക്കും. ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ വിശ്വസിക്കുന്ന സുവിശേഷം നിങ്ങള്‍ അനുസരിക്കുന്നതുകൊണ്ട് അവര്‍ ദൈവത്തെ വാഴ്ത്തും. നിങ്ങള്‍ അവരുമായും മറ്റുളളവരുമായും സ്വാതന്ത്രമായി പങ്കുവയ്ക്കുന്നതുകൊണ്ട് ജനങ്ങള്‍ ദൈവത്തെ വാഴ്ത്തും.
14 അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവം നിങ്ങളില്‍ ചൊരിഞ്ഞ മഹത്തായ കൃപയെച്ചൊല്ലി കൂടുതല്‍ വാത്സല്യത്തോടെ പ്രാര്‍ത്ഥിക്കാം.
15 വിശദീകരിക്കാനാവാത്ത അവന്‍റെ വരത്തിന് ദൈവത്തിനു സ്തുതി പാടുക.