എസ്ഥേര്‍
വസ്ഥിരാജ്ഞി രാജാവിനെ ധിക്കരിക്കുന്നു
1
ഇന്ത്യ മുതല്‍ എത്യോപ്യവരെ 127 സംസ്ഥാനങ്ങള്‍ക്ക് അധിപതിയായിരുന്ന അഹശ്വേരോശിന്‍റെ കാലത്ത് സംഭവിച്ചതാണിത്. അഹശ്വേരോശ് അപ്പോള്‍ ശൂശന്‍രാജധാനിയിലെ സിംഹാസനത്തിലിരുന്നാണ് ഭരിച്ചിരുന്നത്.
ഭരണം തുടങ്ങിയതിന്‍റെ മൂന്നാം വര്‍ഷം അഹശ്വേരോശ് തന്‍റെ കീഴിലുള്ള സകല ഉദ്യോഗസ്ഥര്‍ക്കും നേതാക്കള്‍ക്കും ഒരു വിരുന്നു നല്‍കി. പാര്‍സികളുടെയും മേദ്യരുടെയും സേനാധിപന്മാരും പ്രഭുക്കളും അതിനുണ്ടായിരുന്നു. അവന്‍റെ അധീനതയിലുള്ള അളവറ്റ സന്പത്തും രാജാധാനിയുടെ അപൂര്‍വ്വസൌന്ദര്യവും അതിലെ നിധികളും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ആ വിരുന്ന് 180 ദിവസം നീണ്ടുനിന്നു. അതുകഴിഞ്ഞപ്പോള്‍ അവന്‍ തലസ്ഥാനനഗരമായ ശൂശനിലുള്ള സകലരെയും വലിയവനോ ചെറിയവനോ എന്ന വ്യത്യാസം നോക്കാതെ, അടക്കിവിളിച്ച് കൊട്ടാരത്തിനകത്തുള്ള നന്നായി അലങ്കരിച്ച ഉദ്യാനത്തില്‍വെച്ച് ഏഴുദിവസം നീണ്ടുനിന്ന വേറൊരു വിരുന്നു നല്‍കി. അതിന് വെള്ളയും നീലയും നിറത്തിലുള്ള ലിനന്‍തോരണങ്ങളുണ്ടായിരുന്നു. വെള്ളപ്പട്ടുകൊണ്ടും രക്തവര്‍ണ്ണത്തിലുള്ള ലിനന്‍കൊണ്ടുമുള്ള ചരടുകള്‍കെട്ടിയാണ് വെണ്ണക്കല്‍ തൂണുകള്‍ക്കിടയിലുള്ള വെള്ളിവളയങ്ങളില്‍ തോരണങ്ങള്‍ തൂക്കിയത്. വര്‍ണ്ണക്കല്ലും വെണ്ണക്കല്ലും മുത്തുച്ചിപ്പിയും മറ്റു വിലപിടിച്ച വസ്തുക്കളും പാകിയ തറയില്‍ സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത മഞ്ചങ്ങളുണ്ടായിരുന്നു. വീഞ്ഞു വിളന്പിയത് ഒന്നിനൊന്നു വ്യത്യസ്തമായ വിവിധതരം സ്വര്‍ണ്ണക്കോപ്പകളിലായിരുന്നു! ഒരു രാജാവിനു മാത്രം കൊടുക്കുവാന്‍ കഴിയുന്നതരത്തിലുള്ള മുന്തിയ വീഞ്ഞിന് ഒരു ലോപവുമുണ്ടായിരുന്നില്ല.
ഓരോരുത്തനും വേണ്ടത്ര നല്ല വീഞ്ഞു കൊടുക്കണമെന്ന് തന്‍റെ കൊട്ടാരം ചുമതലക്കാരനോടു രാജാവു കല്പിച്ചിരുന്നതിനാല്‍ അവര്‍ രാജാവിനെ അനുസരിച്ചു.
അതേസമയം അഹശ്വേരോശുരാജാവിന്‍റെ കൊട്ടാരത്തിലുള്ള സ്ത്രീകള്‍ക്കുവേണ്ടി വസ്ഥി രാജ്ഞിയും ഒരു വിരുന്നു നടത്തി. 10-11 വിരുന്നിന്‍റെ ഏഴാംദിവസം വീഞ്ഞു കുടിച്ചതു കാരണം ഉന്മേഷവാനായ രാജാവ് തന്‍റെ പരിചാരരായ മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബ്ബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥര്‍, കര്‍ക്കസ് എന്നീ ഏഴു ഷണ്ഡന്മാരെ വിളിച്ചു രാജ്ഞിയെ രാജകിരീടം അണിയിച്ച് മുന്പില്‍ കൊണ്ടുവരുവാന്‍ ആജ്ഞാപിച്ചു. മനോഹരിയായ രാജ്ഞിയുടെ സൌന്ദര്യം ജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മുന്നില്‍ പ്രദര്‍ശിപ്പിക്കലായിരുന്നു രാജാവിന്‍റെ ഉദ്ദേശം.
12 എന്നാല്‍ ഷണ്ഡന്മാര്‍ വന്നുണര്‍ത്തിച്ച രാജകല്പന അനുസരിക്കാന്‍ വസ്ഥിരാജ്ഞി വിസമ്മതിച്ചു. രാജ്ഞി വരാതിരുന്നപ്പോള്‍ രാജാവ് നിലവിട്ടു കോപിക്കുകയും കോപം കൊണ്ടു ജ്വലിക്കുകയും ചെയ്തു.
13-14 നിയമത്തെയും ശിക്ഷയെയുംപറ്റി രാജാവ് പ്രഗത്ഭരുടെ ഉപദേശം തേടുന്ന പതിവ് അന്നുണ്ടായിരുന്നു. അതിനാല്‍ അഹശ്വേരോശുരാജാവ് നിയമജ്ഞരായ ജ്ഞാനികളോടു സംസാരിച്ചു. അവര്‍ രാജാവിനോടു വളരെ അടുപ്പമുള്ളവരായിരുന്നു. കര്‍ശേനാ, ശേഥാര്‍, അദ്മാഥാ, തര്‍ശീശ്, മേരെസ്, മര്‍സെനാ, മെമൂഖാന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. പാര്‍സിയിലെയും മേദ്യയിലെയും ഏറ്റവും ഉന്നത ഉദ്യോഗസ്ഥന്മാരായിരുന്നു അവര്‍. രാജാവിനെ കാണുന്നതിനു പ്രത്യേക അവകാശം അവര്‍ക്കുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു അവര്‍. അവരോടു രാജാവു ചോദിച്ചു, 15 “അഹശ്വേരോശുരാജാവ് ഷണ്ഡന്മാര്‍ മുഖാന്തരം ചൊല്ലി അയച്ച കല്പന വസ്ഥിരാജ്ഞി ധിക്കരിച്ചിരിക്കുന്നു. നിയമപ്രകാരം അവളോടു ചെയ്യേണ്ടതെന്ത്?”
16 അതിന് രാജാവിന്‍റെയും ഉദ്യോഗസ്ഥരുടെയും മുന്പില്‍ മെമൂഖാന്‍ ഇങ്ങനെ പറഞ്ഞു, “വസ്ഥിരാജ്ഞി അന്യായം ചെയ്തിരിക്കുന്നത് രാജാവിനോടു മാത്രമല്ല, അഹശ്വേരോശുരാജാവിന്‍റെ സകല സംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കളോടും സകല ജനങ്ങളോടും കൂടിയണ്. 17 വസ്ഥിരാജ്ഞി ചെയ്തകാര്യം മറ്റെല്ലാ സ്ത്രീകളും കേള്‍ക്കുമെന്നതിനാലാണു ഞാനിതു പറയുന്നത്. അപ്പോള്‍ മറ്റു സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ അനുസരിക്കുന്നതു നിര്‍ത്തും. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരോട്, ‘അഹശ്വേരോശുരാജാവ് വസ്ഥിരാജ്ഞിയോട് തന്‍റെ മുന്പില്‍ വരാന്‍ കല്പിച്ചു. പക്ഷെ അവള്‍ വരാന്‍ കൂട്ടാക്കിയില്ല’ എന്നു പറയും.
18 “രാജ്ഞി ചെയ്തത് എന്തെന്ന് പാര്‍സിക്കാരുടെയും മേദ്യക്കാരുടെയും നേതാക്കളുടെ ഭാര്യമാര്‍ ഇന്നു കേട്ടു. അവളുടെ പ്രവൃത്തിയുടെ സ്വാധീനത്തില്‍ അവരും അപ്രകാരം തന്നെ തങ്ങളുടെ ഭര്‍ത്താക്കന്മാരായ നേതാക്കളോടും ചെയ്യും. അങ്ങനെ വളരെയേറെ നിന്ദയും കോപവും ഉണ്ടാവും.
19 “രാജാവിനു സമ്മതമെങ്കില്‍ വസ്ഥിരാജ്ഞി ഇനി ഒരിക്കലും അഹശ്വേരോശുരാജാവിന്‍റെ മുന്പില്‍ വന്നുകൂടെന്ന് ഒരുത്തരവ് പുറപ്പെടുവിക്കുകയും അത് ഒരിക്കലും തെറ്റിച്ചുകൂടെന്ന നിബന്ധനയോടെ പാര്‍സിയിലെയും മേദ്യയിലെയും നിയമങ്ങളില്‍ എഴുതിച്ചേര്‍ക്കുകയും അവളെക്കാള്‍ നല്ല ഒരുവള്‍ക്ക് രാജ്ഞിപട്ടം കൊടുക്കുകയും ചെയ്യാവുന്നതാണ്. 20 പ്രശ്നം ഗുരുതരമായതുകൊണ്ട് രാജാവെടുക്കുന്ന ഏതൊരു നടപടിയും അദ്ദേഹത്തിന്‍റെ വിശാലമായ രാജ്യത്തെ ജനം മുഴുവന്‍ അറിയും. അനന്തരം എല്ലാ ഭര്‍ത്താക്കന്മാരും വലിയവര്‍ മുതല്‍ ചെറിയവര്‍ വരെ, തങ്ങളുടെ ഭാര്യമാരാല്‍ ബഹുമാനിക്കപ്പെടുകയും ചെയ്യും.”
21 ഈ ഉപദേശം നന്നെന്ന് രാജാവിനും ഉദ്യോഗസ്ഥപ്രമാണികള്‍ക്കും ബോദ്ധ്യമായി. രാജാവ് മെമൂഖാന്‍ ഉപദേശിച്ചതു തന്നെ ചെയ്തു. 22 ഏതൊരുവന്‍റെ വീട്ടിലും പുരുഷനായിരിക്കും കൈകാര്യകര്‍ത്താവെന്ന് ഓരോരുത്തന്‍റെയും ഭാഷയില്‍ പ്രഖ്യാപിക്കുന്ന ഒരു കല്പന സംസ്ഥാനങ്ങള്‍തൊറും അതതിന്‍റെ ഭാഷയിലും ജനങ്ങള്‍തോറും അവരവരുടെ ഭാഷയിലും എഴുതി രാജ്യത്തെല്ലായിടത്തും രാജാവ് കൊടുത്തയച്ചു.