എസ്ഥേര്‍ രാജ്ഞിയാക്കപ്പെടുന്നു
2
1 പിന്നീട് അഹശ്വേരോശുരാജാവിന്‍റെ കോപം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവളുടെ പ്രവൃത്തിയേയും അവള്‍ കാരണം താന്‍ പുറപ്പെടുവിച്ച കല്പനയേയും പറ്റി ഓര്‍ത്തു.
2 അപ്പോള്‍ അവനെ സേവിച്ചു കൊണ്ടുനിന്നിരുന്ന ചെറുപ്പക്കാരായ പരിചാരകര്‍ അവനോട് ഇങ്ങനെ ഉണര്‍ത്തിച്ചു, “രാജാവിനുവേണ്ടി സുന്ദരികളായ യുവകന്യകമാരെ അന്വേഷിച്ചുകണ്ടുപിടിച്ചാലും.
3 രാജാവ് തന്‍റെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും നേതാക്കളെ തെരഞ്ഞെടുക്കട്ടെ. അനന്തരം അവര്‍ സുന്ദരികളായ എല്ലാ കന്യകമാരെയും ശൂശന്‍റെ തലസ്ഥാനത്തേക്കു കൊണ്ടുവരട്ടെ. അന്ത:പുരത്തിലെ സ്ത്രീകളോടൊപ്പം അവര്‍ കഴിയണം. അന്ത:പുരത്തിന്‍റെ ചുമതലക്കാരനായ, രാജാവിന്‍റെ ഷണ്ഡനായ ഹേഗായിയുടെ ചുമതലയിലായിരിക്കും അവര്‍. അവരുടെ സൌന്ദര്യപരിചരണങ്ങള്‍ക്കാവശ്യമായതെല്ലാം അയാള്‍ ചെയ്തുകൊടുക്കട്ടെ.
4 അവരുടെ ഇടയില്‍നിന്ന് രാജാവിനു ബോധിക്കുന്നവളെ വസ്ഥിക്കുപകരം രാജ്ഞിയായി വാഴിക്കാമല്ലോ.”ആ നിര്‍ദ്ദേശം രാജാവിനു സമ്മതമായി. ഈ നിര്‍ദ്ദേശപ്രകാരം രാജാവു പ്രവര്‍ത്തിക്കുകയും ചെയ്തു.
5 ആ സമയത്ത് ശൂശന്‍റെ തലസ്ഥാനത്ത് ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ട കീശിന്‍റെ മകനായ ശിമെയിയുടെ മകനായ യായീരിന്‍റെ മകന്‍ മൊര്‍ദ്ദെഖായി എന്നൊരു യെഹൂദന്‍ പാര്‍ത്തിരുന്നു.
6 ബാബിലോണ്‍രാജാവായ നെബൂഖദ്നേസര്‍ യെരൂശലേമില്‍നിന്നു ബലമായി പിടിച്ചു തടവുകാരാക്കിയവരുടെ കൂട്ടത്തില്‍ മൊര്‍ദ്ദെഖായിയും ഉണ്ടായിരുന്നു. യെഹൂദയുടെ രാജാവായ യെഹോയാഖീനും ആ സംഘത്തിലുണ്ടായിരുന്നു.
7 തന്‍റെ അമ്മാവന്‍റെ മകളായ എസ്ഥേര്‍ എന്നുപേരുള്ള ഹദസ്സെയെ അപ്പനും അമ്മയും ഇല്ലാത്തതിന്‍റെ പേരില്‍ മൊര്‍ദ്ദെഖായി എടുത്തു വളര്‍ത്തിയിരുന്നു. അവള്‍ അതിസുന്ദരിയും മനോഹരിയും ആയിരുന്നു.
8 രാജാവിന്‍റെ കല്പനകേട്ട് നിരവധി യുവതികള്‍ ശൂശന്‍റെ തലസ്ഥാനനഗരത്തിലേക്കു കൊണ്ടുവരപ്പെട്ടു. ആ യുവതികള്‍ ഹേഗായിയുടെ പരിചരണത്തിലേല്പിക്കപ്പെട്ടു. അവരിലൊരുവളായിരുന്നു എസ്ഥേര്‍. അവള്‍ രാജാവിന്‍റെ അന്ത:പുരത്തിലേക്കു കൊണ്ടുവരപ്പെടുകയും ഹേഗായിയുടെ പരിചരണത്തിലേല്പിക്കപ്പെടുകയും ചെയ്തു. രാജാവിന്‍റെ സ്ത്രീകളുടെ ചുമതലക്കാരനായിരുന്നു ഹേഗായി.
9 എസ്ഥേരിനോടു പ്രത്യേകം ഇഷ്ടം തോന്നിയ ഹേഗായി പെട്ടെന്നുതന്നെ അവള്‍ക്കുള്ള സൌന്ദര്യപരിചരണങ്ങളും പ്രത്യേക ഭക്ഷണവും നല്‍കി. പിന്നെ ഹേഗായി എസ്ഥേരിനെയും അവളുടെ ഏഴു പരിചാരികമാരെയും അന്ത:പുര സ്ത്രീകള്‍ വസിക്കുന്ന ഏറ്റവും നല്ല സ്ഥലത്തേക്കയച്ചു.
10 താനൊരു യെഹൂദസ്ത്രീയാണെന്ന കാര്യമോ സ്വന്തം കുടുംബപശ്ചാത്തലത്തെപ്പറ്റിയോ മൊര്‍ദെഖായി വിലക്കിയതു കാരണം എസ്ഥേര്‍ ആരോടും പറഞ്ഞില്ല.
11 എസ്ഥേരിന്‍റെ സുഖവിവരവും ഭാവിയും അറിയാമല്ലോ എന്നു കരുതി മൊര്‍ദ്ദെഖായി രാജാവിന്‍റെ അന്ത:പുര പ്രദേശത്തു ദിവസവും അങ്ങോട്ടും ഇങ്ങോട്ടും നടക്കുമായിരുന്നു.
12 രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്പ് ഓരോ യുവകന്യകയും ആറുമാസം മൂര്‍തൈലം ആറുമാസം വിവിധതരം സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചുള്ള സൌന്ദര്യപരിചരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
13 രാജാവിനെക്കാണാന്‍ പോകുന്ന യുവകന്യകയ്ക്കു കൂടെ കൊണ്ടുപോകാന്‍ അന്ത:പുരത്തിലുള്ളതെന്തും എടുക്കാമായിരുന്നു.
14 അവള്‍ വൈകുന്നേരം രാജാവിന്‍റെ അടുത്തു ചെല്ലുകയും പിറ്റേദിവസം രാവിലെ ഷണ്ഡനും രാജാവിന്‍റെ വെപ്പാട്ടികളുടെ സൂക്ഷിപ്പുകാരനുമായ ശയസ്ഗസ്മേല്‍ നോട്ടം നടത്തുന്ന വേറൊരു അന്ത:പുരത്തിലേക്കു മടങ്ങിപ്പോകേണ്ടതുമുണ്ടായിരുന്നു. രാജാവ് അവളെ ആഗ്രഹിക്കുകയും പേരുചൊല്ലി വിളിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ വീണ്ടുമൊരിക്കല്‍ അവള്‍ രാജാവിന്‍റെ അടുത്തു പോകരുത്.
15 അങ്ങനെ മൊര്‍ദ്ദെഖായിയുടെ അമ്മാവനായ അബീഹയീലിന്‍റെ മകള്‍ എസ്ഥേരിന്‍റെ ഊഴം വന്നപ്പോള്‍ അന്ത:പുരസ്ത്രീകളുടെ ചുമതലക്കാരനായിരുന്ന ഹേഗായി അവള്‍ക്കു കൊടുക്കാമെന്നു പറഞ്ഞവയല്ലാതെ വേറൊന്നും അന്ത:പുരത്തില്‍നിന്നു കൊണ്ടുപോകാന്‍ അവള്‍ ചോദിച്ചില്ല. എന്നാല്‍ എസ്ഥേരിനെ കണ്ടവരെല്ലാം അവളെ ഇഷ്ടപ്പെട്ടു.
16 അഹശ്വോരോശുരാജാവിന്‍റെ ഭരണം തുടങ്ങിയതിന്‍റെ ഏഴാമാണ്ടില്‍ പത്താം മാസമായ തേബേത്തില്‍ എസ്ഥേര്‍ രാജാവിന്‍റെ മുന്പില്‍ കൊണ്ടുചെല്ലപ്പെട്ടു.
17 മറ്റെല്ലാ സ്ത്രീകളെയും മറ്റെല്ലാ കന്യകമാരെക്കാളും എസ്ഥേരിനെ രാജാവ് സ്നേഹിച്ചു. അതിനാല്‍ അവളുടെ തലയില്‍ രാജകിരീടം വെച്ചുകൊണ്ട് വസ്ഥിക്കു പകരം അവളെ രാജ്ഞിയായി വാഴിച്ചു.
18 രാജാവ് തന്‍റെ സകല പ്രഭുക്കള്‍ക്കും സേവകര്‍ക്കും ഒരു ഗംഭീര വിരുന്നു - എസ്ഥേരിന്‍റെ വിരുന്ന് - കൊടുക്കുകയും ആ ദിവസം സകല സംസ്ഥാനങ്ങള്‍ക്കും ഒരു വിശ്രമദിവസമായി പ്രഖ്യാപിക്കുകയും ദയാലുവായ ഒരു രാജാവെന്ന നിലയില്‍ ജനങ്ങള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കുകയും ചെയ്തു.
മൊര്‍ദ്ദെഖായി ഒരു ദുരാലോചനയെപ്പറ്റി അറിയുന്നു
19 രാജാവിനുവേണ്ടി കന്യകമാരെ രണ്ടാം വട്ടം ശേഖരിച്ചുകൊണ്ടുവരുന്പോള്‍ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കല്‍ ഇരക്കുകയായിരുന്നു.
20 മൊര്‍ദ്ദെഖായി വിലക്കിയതനുസരിച്ച്, താന്‍ യെഹൂദസ്ത്രീയാണെന്നോ തന്‍റെ കുടുംബപശ്ചാത്തലമെന്തെന്നോ എസ്ഥേര്‍ അപ്പോഴും ഒന്നും പറഞ്ഞിരുന്നില്ല. മൊര്‍ദ്ദെഖായിയുടെ സംരക്ഷണയില്‍ ആയിരുന്നകാലത്തെന്നപോലെ അപ്പോഴും അവന്‍ പറഞ്ഞതെല്ലാം അവള്‍ അനുസരിച്ചിരുന്നു.
21 അങ്ങനെ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതില്‍ക്കല്‍ ഇരിക്കുന്നകാലത്ത് രാജാവിന്‍റെ ഉമ്മറം സൂക്ഷിപ്പുകാരും ഷണ്ഡന്മാരുമായ ബിഗ്ദ്ധാനും തേരെശും ചേര്‍ന്ന് അഹശ്വേരോശുരാജാവിനോടുള്ള വിരോധംമൂലം അവനെ കൊല്ലുവാന്‍ രഹസ്യമായി ആലോചിച്ചു.
22 ആ രഹസ്യം മൊര്‍ദ്ദെഖായി അറിഞ്ഞു. അവന്‍ അത് എസ്ഥേര്‍രാജ്ഞിയോടു പറഞ്ഞു. അനന്തരം എസ്ഥേര്‍രാജ്ഞി അതു രാജാവിനോടു പറഞ്ഞു. ആ ദുഷ്ടപദ്ധതി മൊര്‍ദ്ദെഖായിയാണ് മനസ്സിലാക്കിയതെന്നും എസ്ഥേര്‍ രാജാവിനെ അറിയിച്ചു.
23 അന്വേഷിച്ചപ്പോള്‍ കേട്ടതു ശരിയാണെന്നു ബോദ്ധ്യമായതുകൊണ്ട് രാജാവിനെ വധിക്കുവാന്‍ പദ്ധതിയിട്ട രണ്ട് ഉമ്മറസൂക്ഷിപ്പുകാരെയും കഴുവിലേറ്റി. ഇത് രാജാവിന്‍റെ ചരിത്രപുസ്തകങ്ങളില്‍ എഴുതിവയ്ക്കുകയും ചെയ്തു.