യെഹൂദരെ നശിപ്പിക്കാന്‍ ഹാമാന്‍റെ ആലോചന
3
ഈ സംഭവങ്ങള്‍ക്കു ശേഷം ആഗാഗുകാരനായ ഹമ്മെദാഥയുടെ മകന്‍ ഹാമാനെ അഹശ്വേരോശുരാജാവ് തന്‍റെ കൂടെയുള്ള സകല ഉദ്യോഗസ്ഥന്മാരുടെയും മീതെ സ്ഥാനക്കയറ്റം നല്‍കി ആദരിച്ചു. രാജകല്പന ഉള്ളതിനാല്‍ രാജാവിന്‍റെ വാതില്‍ക്കല്‍ ഉള്ള എല്ലാ രാജസേവകരും ഹാമാന്‍റെ മുന്പില്‍ കുന്പിട്ടുനമസ്കരിച്ചിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായി കുന്പിടുകയോ നമസ്കരിക്കുകയോ ചെയ്തില്ല. അപ്പോള്‍ രാജാവിന്‍റെ വാതില്‍ക്കല്‍ ഉള്ള രാജസേവകര്‍ “നീമാത്രം രാജകല്പന ധിക്കരിക്കുന്നതെന്ത്?”എന്ന് മൊര്‍ദ്ദെഖായിയോടു ചോദിച്ചു.
അവര്‍ ദിവസംതോറും ഈ ചോദ്യം ചോദിച്ചു. എന്നാല്‍ അപ്പോഴെല്ലാം അവന്‍ ഹാമാനെ കുന്പിട്ടുവണങ്ങണമെന്ന കല്പന നിരസിച്ചു. അതിനാലവര്‍ ഹാമാനോട് ഇതെപ്പറ്റി പറഞ്ഞു. താന്‍ ഒരു യെഹൂദനാണെന്ന് മൊര്‍ദ്ദെഖായി അവരോടു പറഞ്ഞതിന് ഹാമാന്‍ മൊര്‍ദ്ദെഖായിയോട് എന്തു പ്രവര്‍ത്തിക്കും എന്ന് അവര്‍ക്കറിയണമായിരുന്നു. മൊര്‍ദ്ദെഖായി തന്നെ കുന്പിട്ടുവണങ്ങുന്നില്ല് എന്നു കണ്ടപ്പോള്‍ ഹാമാനില്‍ കോപം നിറഞ്ഞു. മൊര്‍ദ്ദെഖായി ഒരു യെഹൂദനാണമെന്നു ഹാമാന്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ മൊര്‍ദ്ദെഖായിയെ മാത്രം ഹിംസിച്ചാല്‍ മതിയാവില്ലെന്ന് അവനു തോന്നി. അഹശ്വേരോശിന്‍റെ രാജ്യത്തുള്ള മൊര്‍ദ്ദെഖായിയുടെ സകല ആളുകളെയും യെഹൂദരെയും ഉന്മൂലനം ചെയ്യണമെന്ന് അവന്‍ ഇച്ഛിച്ചു.
അഹശ്വേരോശുരാജാവിന്‍റെ പന്ത്രണ്ടാം ഭരണവര്‍ഷത്തിലെ ഒന്നാം മാസമായ നീസാനില്‍ യെഹൂദരെ നശിപ്പിക്കുന്നതിന് ആ കൊല്ലത്തെ എല്ലാ നാളുകളിലും മാസങ്ങളിലുംവച്ച് ഏറ്റവും നല്ല നാളും മാസവും ഏതെന്നു കണ്ടുപിടിക്കാന്‍വേണ്ടി ഹാമാന്‍ നറുക്കിട്ടു നോക്കിയപ്പോള്‍ പന്ത്രണ്ടാംമാസമായ ആദാര്‍ ആണ് “ഉത്തമം”എന്നു കണ്ടു. എന്നിട്ട് രാജാവിനോടു അവന്‍ ഇങ്ങനെ പറഞ്ഞു, “അങ്ങയുടെ രാജ്യത്തുള്ള സകല സംസ്ഥാനങ്ങളിലും മറ്റെല്ലാവരില്‍നിന്നും വേര്‍തിരിഞ്ഞു നില്‍ക്കുന്ന ചില ജനങ്ങളുണ്ട്. അവരുടെ ആചാരങ്ങള്‍ മറ്റുള്ള എല്ലാവരുടേതില്‍നിന്നും വ്യത്യസ്തമാണ്. രാജാവിന്‍റെ നിയമങ്ങള്‍ അവര്‍ അനുസരിക്കുന്നില്ല. അവരെ അങ്ങയുടെ രാജ്യത്തു തുടരാനനുവദിക്കുന്നത് ഒരു രാജാവിനെ സംബന്ധിച്ചിടത്തോളം നന്നല്ല.
“അങ്ങയ്ക്കു സമ്മതമാണെങ്കില്‍ അവരെ നശിപ്പിക്കണമെന്ന് ഒരു കല്പന പുറപ്പെടുവിച്ചാലും. ആ കല്പന നടപ്പാക്കുന്നവരുടെ ചെലവിലേക്കായി ഞാന്‍ 10,000 വെള്ളിനാണയങ്ങള്‍ രാജഭണ്ഡാരത്തിലേക്ക് അടച്ചുകൊള്ളാം.”
10 അപ്പോള്‍ രാജാവ് മുദ്രമോതിരം വിരലില്‍ നിന്ന് ഊരി യെഹൂദരുടെ ശത്രുവും ആഗാഗുകാരന്‍ ഹമ്മെദാഥയുടെ മകനുമായ ഹാമാനു കൊടുത്തു. 11 എന്നിട്ടു രാജാവ് ഹാമാനോടു പറഞ്ഞു, “പണം നീ തന്നെ വെക്കുക. ആ ജനങ്ങളോടു നിനക്കു ബോധിച്ചതുപോലെ ചെയ്തു കൊള്ളുക.”
12 അങ്ങനെ ഒന്നാംമാസം പതിമൂന്നാം തീയതി രാജാവിന്‍റെ എഴുത്തുകാരെ വിളിച്ച് ഹാമാന്‍ കല്പിച്ചതുപോലെ എഴുതിച്ചു. രാജാവിന്‍റെ നാമത്തില്‍ അതതു ജനങ്ങളുടെ ലിപിയിലും ഭാഷയിലും എഴുതിയ കല്പന രാജമോതിരം കൊണ്ടു മുദ്രവെച്ച് രാജപ്രതിനിധികള്‍ക്കും ഓരോ സംസ്ഥാനത്തുമുള്ള ദേശാധിപതികള്‍ക്കും വ്യത്യസ്തജനങ്ങളുടെ പ്രഭുക്കള്‍ക്കും അയച്ചു. 13 ചെറുപ്പക്കാരെന്നോ വൃദ്ധരെന്നോ കുഞ്ഞുങ്ങളെന്നോ സ്ത്രീകളെന്നോ നോക്കാതെ സകല യെഹൂദരെയും ഒരു ദിവസംകൊണ്ട് കൊന്നമുടിക്കണമെന്നും അതിനുള്ള ദിവസം പന്ത്രണ്ടാം മാസമായ ആദാര്‍ മാസം പതിമൂന്നാം തീയതിയാണെന്നും അവരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കണമെന്നും കല്പിക്കുന്ന ആ ഉത്തരവ് എല്ലാ സംസ്ഥാനങ്ങളിലേക്കും രാജാവിന്‍റെ ദൂതന്മാര്‍ വശം കൊടുത്തയച്ചു. 14 നിശ്ചയിച്ച ദിവസം കല്പന നടത്തുവാന്‍ എല്ലാവരും തയ്യാറായിരിക്കുന്നതിനായി ഉത്തരവിന്‍റെ പകര്‍പ്പ് ഓരോ പ്രവിശ്യയിലും ജനങ്ങളുടെ ഇടയില്‍ ഒരു നിയമമായി വിളംബരപ്പെടുത്താനും ഏര്‍പ്പാടു ചെയ്തു. 15 ശൂശന്‍റെ തലസ്ഥാനത്തു പുറപ്പെടുവിച്ച ആ രാജകല്പനയുമായി ദൂതന്മാര്‍ തിടുക്കത്തില്‍ പുറപ്പെട്ടു. പിന്നെ രാജാവും ഹാമാനും കുടിക്കാനിരുന്നു. പക്ഷെ ശൂശന്‍നഗരം ആശയക്കുഴപ്പത്തിലായി.6