യെഹൂദരെ സഹായിക്കണമെന്ന് രാജകല്പന
8
1 അന്നേദിവസം തന്നെ അഹശ്വേരോശുരാജാവ് യെഹൂദരുടെ ശത്രുവായിരുന്ന ഹാമാന്‍റെ വീട് എസ്ഥേര്‍രാജ്ഞിക്കു കൊടുത്തു. മൊര്‍ദ്ദെഖായി തന്‍റെ ആരാണെന്നും അവന്‍ അവള്‍ക്കുവേണ്ടി ചെയ്തതു എന്താണെന്നും എസ്ഥേര്‍രാജാവിനോടു പറഞ്ഞപ്പോള്‍ അവന് രാജസന്നിധിയിലേക്കു പ്രവേശനം കിട്ടി.
2 രാജാവ് ഹാമാനില്‍നിന്നു തിരിച്ചെടുത്തിരുന്ന മുദ്രമോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു. അപ്പോള്‍ ഹാമാന്‍റെ വീടിന്‍റെ ചുമതല എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഏല്പിച്ചു.
3 എന്നിട്ട് ആഗാഗുകാരനായ ഹാമാന്‍ യെഹൂദര്‍ക്കെതിരെ പുറപ്പെടുവിച്ച ദുഷ്ടകല്പന റദ്ദു ചെയ്യണമെന്ന് രാജാവിന്‍റെ കാല്‍ക്കല്‍ വീണു കരഞ്ഞുകൊണ്ട് എസ്ഥേര്‍ കെഞ്ചി.
4 അപ്പോള്‍ രാജാവ് അവന്‍റെ സ്വര്‍ണ്ണച്ചെങ്കോല്‍ അവള്‍ക്കുനേരെ നീട്ടി. അവള്‍ എഴുന്നേറ്റു രാജാവിന്‍റെ മുന്പില്‍നിന്നു.
5 പിന്നെ അവള്‍ ഇങ്ങനെ അപേക്ഷിച്ചു, “ഇതു രാജാവിനെ സന്തുഷ്ടനാക്കുന്നെങ്കില്‍, രാജാവിന് ഇതൊരു നല്ല ആശയമാണെന്നു തോന്നുന്നുവെങ്കില്‍, അങ്ങയ്ക്ക് എന്നോടു കാരുണ്യമുണ്ടെങ്കില്‍, അങ്ങ് എനിക്കൊരു ആനുകൂല്യം തരാനാഗ്രഹിക്കുന്നുവെങ്കില്‍, ആഗാഗുകാരനായ ഹാമാന്‍ രാജാവിന്‍റെ സംസ്ഥാനങ്ങളിലെല്ലായിടത്തുമുള്ള യെഹൂദരെ മുഴുവന്‍ ഉന്മൂലനം ചെയ്യണമെന്ന് കാണിച്ചെഴുതിയ കല്പന റദ്ദുചെയ്യുന്നതിനായി ഒരു മറുകല്പന അയക്കേണമേ.
6 എന്‍റെ ജനങ്ങള്‍ക്ക് ദുരന്തവും നാശവും സംഭവിക്കുന്പോള്‍ എങ്ങനെ ഞാന്‍ അതുകണ്ടു സഹിക്കും?”
7 അപ്പോള്‍ എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടുമായി അഹശ്വേരോശുരാജാവ് ഇങ്ങനെ പറഞ്ഞു, “ഹാമാന്‍റെ വീട് ഞാന്‍ എസ്ഥേരിനു കൊടുത്തുകഴിഞ്ഞു. യെഹൂദരെ കൊല്ലാന്‍ ശ്രമിച്ചതിന് ഭൃത്യന്മാര്‍ അവനെ കഴുവിലേറ്റുകയും ചെയ്തു.
8 ഇനി യെഹൂദര്‍ക്ക് നല്ലതിനെന്നു നിങ്ങള്‍ക്കു തോന്നുന്നത് രാജനാമത്തില്‍ എഴുതി രാജമോതിരം കൊണ്ടു മുദ്രവെച്ച് നിങ്ങളും അയയ്ക്കുക. രാജനാമത്തില്‍ എഴുതി രാജമുദ്രവെച്ച ഒരു കല്പന റദ്ദാവുകയില്ല.”
9 അങ്ങനെ മൂന്നാം മാസമായ സീവാന്‍മാസം ഇരുപത്തിമൂന്നാം തീയതി കൊട്ടാരം എഴുത്തുകാരെ തിടുക്കത്തില്‍ വിളിപ്പിച്ചു മൊര്‍ദ്ദെഖായി പറഞ്ഞുകൊടുത്ത കല്പന രാജ്യത്തെ എല്ലാ പ്രവശ്യകളിലുമുള്ള എല്ലാ ജനങ്ങളുടെയും ഭാഷകളിലും ലിപികളിലും യെഹൂദര്‍ക്കുള്ളത് അവരുടെ ഭാഷയിലും ലിപിയിലും എഴുതിച്ച് ഇന്ത്യമുതല്‍ എത്യോപ്യവരെയുള്ള 127 സംസ്ഥാനങ്ങളിലെയും യെഹൂദര്‍ക്കും രാജപ്രതിനിധികള്‍ക്കും ദേശാധിപതികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അയച്ചുകൊടുത്തു. മൊര്‍ദ്ദെഖായി അഹശ്വേരോശുരാജാവിന്‍റെ നാമത്തിലെഴുതി രാജാവിന്‍റെ മുദ്ര ചാര്‍ത്തിയ ആ കല്പനകള്‍ വേഗം കൂടിയ കൊട്ടാരം കുതിരകളുടെ പുറത്ത് ദൂതന്മാര്‍ വശം കൊടുത്തയച്ചു.
10
11 രാജാവിന്‍റെ അനുവാദത്തോടെ മൊര്‍ദ്ദെഖായി എഴുതിയ കല്പന ഇതായിരുന്നു:
എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദരെ ആത്മരക്ഷയ്ക്കായി ഒത്തുകൂടുവാനും തങ്ങളെയും തങ്ങളുടെ കുഞ്ഞുങ്ങളെയും ഭാര്യമാരെയും ആക്രമിച്ചേക്കാവുന്ന ഏതു ജനങ്ങളുടെയും സൈനികരെ നശിപ്പിക്കാനും കൊല്ലാനും ഉന്മൂലനം ചെയ്യാനും അവരുടെ വസ്തുവകകള്‍ എടുക്കുവാനും, നശിപ്പിക്കുവാനും അവര്‍ക്ക് അവകാശം നല്‍കുന്നു.
12 അഹശ്വേരോശിന്‍റെ രാജ്യം മുഴുവന്‍ അങ്ങനെ ചെയ്യാനുള്ള ദിവസമായി പന്ത്രണ്ടാം മാസമായ ആദാര്‍മാസം പതിമൂന്നാം തീയതിയും നിശ്ചയിച്ചു.
13 അന്നേദിവസം ശത്രുക്കളോടു പകരംവീട്ടാന്‍ യെഹൂദര്‍ തയ്യാറായിരിക്കേണ്ടതിലേക്കു കല്പനയുടെ പകര്‍പ്പ് നിയമമായി എല്ലാ സംസ്ഥാനങ്ങളിലുമുള്ള എല്ലാ ജനങ്ങളുടെയും ഇടയില്‍ വിളംന്പരം ചെയ്യാനും ഏര്‍പ്പാടാക്കി.
14 രാജാവ് ആജ്ഞാപിച്ചതനുസരിച്ച് ദൂതന്മാര്‍ വേഗം കൂടിയ കുതിരകളുടെ പുറത്ത് പെട്ടെന്നു യാത്ര തിരിച്ചു. ആ നിയമം ശൂശന്‍ രാജധാനിയിലും വിളംന്പരം ചെയ്തു.
15 നീലയും വെള്ളയും നിറത്തിലുള്ള രാജകീയവസ്ത്രങ്ങളും ഒരു വലിയ പൊന്‍കിരീടവും ഊതനിറത്തിലുള്ള മനോഹരമായ ഒരു മേലങ്കിയും ധരിച്ചിരുന്ന മൊര്‍ദ്ദെഖായി രാജസന്നിധിയില്‍നിന്നു പിന്‍വാങ്ങി. ശൂശന്‍നഗരം ആഹ്ളാദത്താല്‍ തിമിര്‍ത്തു.
16 യെഹൂദര്‍ക്കാകട്ടെ ഹര്‍ഷോന്മാദവും ഉല്ലാസവും സന്തോഷവും ഉണ്ടായി.
17 രാജകല്പനയും നിയമവും എത്തിയ എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പട്ടണങ്ങളിലും യെഹൂദര്‍ക്ക് ഉല്ലാസവും സന്തോഷവും വിരുന്നും ഉണ്ടായി. യെഹൂദരെ അവര്‍ക്കു ഭയമായിരുന്നതിനാല്‍ രാജ്യത്തുള്ള പലരും യെഹൂദരായിത്തീരുന്നുണ്ടായിരുന്നു.