തെസ്സലൊനീക്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം
1
1 പൌലൊസും സില്വാനൊസും തിമൊഥെയൊസും, തെസ്സലൊനീക്യയിലുള്ള സഭയ്ക്ക് അഭിവാദനങ്ങള്‍ നേരുന്നു.
നമ്മുടെ പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ജീവിക്കുന്ന നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
തെസ്സലൊനീക്യരുടെ ജീവിതവും വിശ്വാസവും
2 പ്രാര്‍ത്ഥിക്കുന്പോള്‍ എപ്പോഴും ഞങ്ങള്‍ നിങ്ങളെ ഓര്‍ക്കുകയും നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു.
3 നിങ്ങളുടെ വിശ്വാസത്താല്‍ നിങ്ങള്‍ ചെയ്തിട്ടുള്ള വേലയും സ്നേഹത്തിന്‍റെ പ്രേരണയാലുള്ള നിങ്ങളുടെ അദ്ധ്വാനവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ പ്രത്യാശയുടെ ഉറപ്പും നമ്മുടെ പിതാവായ ദൈവത്തിനു മുന്പില്‍ ഞങ്ങള്‍ ഇടവിടാതെ ഓര്‍ക്കുന്നു.
4 സഹോദരരേ, ദൈവം നിങ്ങളെ സ്നേഹിക്കുന്നെന്നും അവന്‍റെ സ്വന്തമാകുവാന്‍ നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നുവെന്നും ഞങ്ങള്‍ അറിയുന്നു.
5 ഞങ്ങള്‍ നിങ്ങളെ സുവിശേഷവുമായി സമീപിച്ചത് വെറും വാക്കുകളാലല്ല ശക്തിയാലാണ്. ഇതു സത്യമാണെന്ന് ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് പരിശുദ്ധാത്മാവിനാലാണ് ഞങ്ങള്‍ ഇത് നിങ്ങളുടെയടുത്ത് കൊണ്ടുവന്നത്. നിങ്ങള്‍ക്കു സഹായമാകുന്ന രീതിയില്‍ ഞങ്ങള്‍ എങ്ങനെ നിങ്ങളുടെ ഇടയില്‍ താമസിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.
6 നിങ്ങള്‍ ഞങ്ങളുടെ ഉപദേശം വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. അത് വളരെ കഷ്ടങ്ങള്‍ കൊണ്ടുവന്നുവെങ്കിലും, ആ സന്തോഷം നിങ്ങള്‍ക്കു പരിശുദ്ധാത്മാവില്‍ നിന്നും വരുന്നു. ഈ വിധത്തില്‍ നിങ്ങള്‍ ഞങ്ങളെപ്പോലെയും കര്‍ത്താവിനെപ്പോലെയും ആയിത്തീര്‍ന്നു.
7 മക്കെദൊന്യയിലേയും അഖായയിലേയും എല്ലാ വിശ്വാസികള്‍ക്കും ഒരു മാതൃകയായി നിങ്ങള്‍.
8 മക്കെദൊന്യയിലും അഖായയിലും നിങ്ങളില്‍ നിന്നാണ് കര്‍ത്താവിന്‍റെ ഉപദേശം പടര്‍ന്നത്. യഥാര്‍ത്ഥത്തില്‍ എല്ലായിടത്തും ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്നു. അതുകൊണ്ട് നിങ്ങളുടെ വിശ്വാസത്തെപ്പറ്റി ജനങ്ങളോട് ഒന്നും തന്നെ ഞങ്ങള്‍ക്ക് പറയേണ്ടതില്ല.
9 എല്ലായിടത്തും ഉള്ളവര്‍, ഞങ്ങള്‍ അവിടെ ആയിരുന്നപ്പോള്‍, ഞങ്ങളെ നിങ്ങള്‍ എങ്ങനെ സ്വീകരിച്ചുവെന്ന് പറയുന്നു. നിങ്ങള്‍ എങ്ങനെ വിഗ്രഹാരാധന നിര്‍ത്തുകയും ജീവിക്കുന്ന സത്യദൈവത്തെ എങ്ങനെ സേവിക്കുന്നു എന്നതിനെപ്പറ്റിയും ജനങ്ങള്‍ പറയുന്നു.
10 നിങ്ങള്‍ വിഗ്രഹാരാധന നിര്‍ത്തിയിട്ട് ദൈവത്തിന്‍റെ പുത്രന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്നതിനായി കാത്തിരിക്കുന്നു. ദൈവം ആ പുത്രനെ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിച്ചു. വരുവാനിരിക്കുന്ന ദൈവത്തിന്‍റെ കോപത്തോടുള്ള ന്യായവിധിയില്‍ നിന്നും നമ്മെ രക്ഷിക്കുന്നത് അവനാണ്-യേശു.