തെസ്സലൊനീക്യയില്‍ പൌലൊസിന്‍റെ വേല
2
1 സഹോദരരേ, നിങ്ങള്‍ക്കറിയാം നിങ്ങളുടെ ഇടയിലേക്കു ഞങ്ങള്‍ നടത്തിയ സന്ദര്‍ശനം പരാജയമല്ലായിരുന്നു എന്ന്.
2 നിങ്ങളുടെ അടുത്തേക്ക് വരുന്നതിനു മുന്‍പ് ഫിലിപ്പിയില്‍ ഞങ്ങള്‍ ഏറെ സഹിച്ചു. അവിടുള്ളവര്‍ ഞങ്ങളെ നിന്ദിച്ചതൊക്കെ നിങ്ങള്‍ക്കറിയാം. ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്കു വന്നപ്പോള്‍ വളരെ ആളുകളും ഞങ്ങള്‍ക്കെതിരായിരുന്നു. എന്നാല്‍ ദൈവം ഞങ്ങളെ ധൈര്യശാലികളാക്കുകയും അവന്‍റെ സുവിശേഷം നിങ്ങളെ അറിയിക്കുവാന്‍ സഹായിക്കുകയും ചെയ്തു.
3 ഞങ്ങള്‍ ജനങ്ങളെ ധൈര്യപ്പെടുത്തുന്നു. ആരും ഞങ്ങളെ വിഡ്ഢികളാക്കിയില്ല. ഞങ്ങള്‍ ദുഷ്ടരോ ജനങ്ങളെ വഞ്ചിക്കുന്നവരോ അല്ല. ഇക്കാര്യങ്ങളൊന്നുമല്ല, ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നതിനുള്ള കാരണങ്ങള്‍.
4 സുവിശേഷം പറയുന്നതിനായി ദൈവം ഞങ്ങളെ പരീക്ഷിച്ച് വിശ്വസിച്ചതുകൊണ്ടാണ് ഞങ്ങള്‍ സുവിശേഷം പ്രസംഗിക്കുന്നത്. അതിനാല്‍ ഞങ്ങള്‍ പ്രസംഗിക്കുന്പോള്‍ ഞങ്ങള്‍ മനുഷ്യരെ സംപ്രീതരാക്കാന്‍ ശ്രമിക്കുന്നില്ല. ഞങ്ങള്‍ ദൈവത്തെയാണ് പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്നത്. ഞങ്ങളുടെ ഹൃദയങ്ങളെ സൂക്ഷ്മനിരീക്ഷണം ചെയ്യുന്നവനാണ് ദൈവം.
5 നിങ്ങളെപ്പറ്റി നല്ല കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളെ സ്വാധീനിക്കാന്‍ ഒരിക്കലും ഞങ്ങള്‍ ശ്രമിച്ചില്ല എന്ന് നിങ്ങള്‍ക്കറിയാം. നിങ്ങളുടെ പണം പിടുങ്ങുവാനായി ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. നിങ്ങളില്‍ നിന്നു മറച്ചുവയ്ക്കാന്‍ ഞങ്ങള്‍ക്ക് സ്വാര്‍ത്ഥതയും ഇല്ലായിരുന്നു. ഇതു സത്യമാണെന്നു ദൈവത്തിനറിയാം.
6 ഞങ്ങള്‍ നിങ്ങളില്‍ നിന്നോ, മറ്റാരില്‍ നിന്നോ, ഒരു പ്രശംസയും തേടിയില്ല.
7 ഞങ്ങള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ അടുത്തായിരുന്നപ്പോള്‍, കാര്യങ്ങള്‍ ചെയ്യിക്കുന്നതിനായി അധികാരം ഞങ്ങള്‍ക്ക് ഉപ യോഗിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് വളരെ സൌമ്യരായിരുന്നു.+ “ഞങ്ങള്‍ നിങ്ങളോടു വളരെ സൌമ്യരായിരുന്നു” ചില പഴയ പതിപ്പുകളില്‍, ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ശിശുക്കളായിരുന്നുവെന്നു വായിക്കുന്നു. തന്‍റെ മക്കളെ കരുതുന്ന ഒരു അമ്മയെപ്പോലായിരുന്നു ഞങ്ങള്‍.
8 ഞങ്ങള്‍ നിങ്ങളെ ഏറെ സ്നേഹിച്ചു. അതിനാല്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരായിരുന്നു. അതുമാത്രമല്ല ഞങ്ങളുടെ ജീവനെക്കൂടി പങ്കുവെക്കുന്നതില്‍ ഞങ്ങള്‍ക്കു സന്തോഷമായിരുന്നു.
9 സഹോദരരേ, ഞങ്ങള്‍ എന്തുമാത്രം കഠിനാദ്ധ്വാനം ചെയ്തു എന്ന് നിങ്ങള്‍ ഓര്‍മ്മിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. രാപ്പകല്‍ ഞങ്ങള്‍ അദ്ധ്വാനിച്ചു നിങ്ങളോട് സുവിശേഷം പ്രസംഗിച്ചപ്പോള്‍ ഞങ്ങള്‍ക്ക് പണം തന്ന് നിങ്ങള്‍ക്കു ഭാരമുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല.
10 ഞങ്ങള്‍ വിശ്വാസികളായ നിങ്ങളുടെ ഇടയില്‍ ആയിരുന്നപ്പോള്‍ തെറ്റുകള്‍ ഇല്ലാത്ത പരിശുദ്ധമായ നല്ല ജീവിതമായിരുന്നു ജീവിച്ചത്. ഇതു ശരിയാണെന്നു നിങ്ങള്‍ക്കും ദൈവത്തിനും അറിയാം.
11 ഒരു അപ്പന്‍ തന്‍റെ മക്കളോടു പെരുമാറും പോലെയാണ് ഞങ്ങളും നിങ്ങളോട് ഓരോരുത്തരോടും പെരുമാറിയതെന്ന് നിങ്ങള്‍ക്കറിയാം.
12 ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് ഒരു നല്ല ജീവിതം ജീവിക്കുന്നതിന് ഞങ്ങള്‍ നിങ്ങളെ ശക്തിപ്പെടുത്തുകയും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തന്‍റെ രാജ്യത്തിലേക്കും മഹത്വത്തിലേക്കും നിങ്ങളെ വിളിച്ചിരിക്കുന്നു.
13 ഞങ്ങളില്‍ നിന്നുള്ള സന്ദേശം നിങ്ങള്‍ കേട്ടപ്പോള്‍ മനുഷ്യവചനമായിട്ടല്ല, പിന്നെയോ ദൈവവാക്കുകളായി നിങ്ങള്‍ സ്വീകരിച്ചു. യഥാര്‍ത്ഥമായി അത് അങ്ങനെയാണ്. ദൈവത്തിന്‍റെ ദൂത് വിശ്വസിക്കുന്ന നിങ്ങളില്‍ ആ സന്ദേശം പ്രവര്‍ത്തിക്കുന്നു.
14 സഹോദരരേ, യെഹൂദ്യയില്‍ ക്രിസ്തുവിലുള്ള ദൈവത്തിന്‍റെ സഭകള്‍ പോലെയാണു നിങ്ങളും. യെഹൂദ്യയിലുള്ളവര്‍ ഇതര യെഹൂദരില്‍ നിന്നും കഷ്ടം സഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ സ്വരാജ്യക്കാരില്‍ നിന്നും അതുപോലെ കഷ്ടം സഹിച്ചു.
15 ആ യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും പ്രവാചകന്മാരെയും കൊന്നു. ആ യെഹൂദര്‍ യെഹൂദ്യ വിട്ടു പോരാന്‍ നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തി. അവര്‍ ദൈവത്തെ പ്രീതിപ്പെടുത്താത്തവരും സകല ജനതയ്ക്കും എതിരായിരിക്കുന്നവരുമാണ്.
16 ജാതികള്‍ രക്ഷിക്കപ്പെടുന്നതിനായി ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. എന്നാല്‍ ആ യെഹൂദര്‍ നേരത്തേതന്നെയുള്ള പാപത്തിനു മീതെ ഏറെ പാപം കൂട്ടുകയാണ് ചെയ്യുന്നത്. ദൈവകോപം പൂര്‍ണ്ണമായി അവരില്‍ വന്നിരിക്കുന്നു.
അവരെ വീണ്ടും സന്ദര്‍ശിക്കാനുള്ള പൌലൊസിന്‍റെ ആഗ്രഹം
17 സഹോദരരേ, അല്പകാലം ഞങ്ങള്‍ നിങ്ങളില്‍ നിന്നും വേര്‍പിരിക്കപ്പെട്ടു. (ഞങ്ങള്‍ അവിടെ ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ വിചാരങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.) ഞങ്ങള്‍ നിങ്ങളെ കാണാനായി ആഗ്രഹിച്ചു. അങ്ങനെ ചെയ്യുവാനായി ഞങ്ങള്‍ വളരെ പരിശ്രമിക്കുകയും ചെയ്തു.
18 അതെ നിങ്ങളുടെ അടുത്തു വരാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍, പൌലൊസ് സത്യമായും വരാന്‍ പല തവണ ആഗ്രഹിച്ചുവെങ്കിലും സാത്താന്‍ ഞങ്ങളെ തടഞ്ഞു.
19 നിങ്ങള്‍ ഞങ്ങളുടെ പ്രത്യാശയും ഞങ്ങളുടെ സന്തോഷവും, കിരീടവും ആയതില്‍ നമ്മുടെ കര്‍ത്താവായ യേശു വരുന്പോള്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടാകും.
20 സത്യമായും നിങ്ങളാണ് ഞങ്ങളുടെ മഹത്വവും, ഞങ്ങളുടെ സന്തോഷവും.