ദൈവത്തിന്‍റെ വരവിനായി ഒരുങ്ങുക
5
സഹോദരീ സഹോദരന്മാരേ, കര്‍ത്താവിന്‍റെ വരവിന്‍റെ സമയത്തെക്കുറിച്ചോ തീയ തിയെക്കുറിച്ചോ ഇപ്പോള്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതേണ്ടതില്ലല്ലോ. രാത്രിയില്‍ വരുന്ന കള്ളനെപ്പോലെ കര്‍ത്താവിന്‍റെ പുനരാഗമനം വിസ്മയ പൂരിതമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാം. “ഞങ്ങള്‍ക്കു സമാധാനവും സുരക്ഷയും ഉണ്ട്” എന്ന് ജനങ്ങള്‍ പറയും. ആ സമയത്ത് പെട്ടെന്നുള്ള നശീകരണം അവരിലേക്ക് വരും. നാശം പ്രസവവേദനപോലെ ആയിരിക്കും. അവര്‍ രക്ഷപ്പെടുകയുമില്ല. എന്നാല്‍ സഹോദരരേ നിങ്ങള്‍ ഇരുട്ടിലല്ല ജീവിക്കുന്നത്. അതുകൊണ്ട് ഒരു കള്ളനെപ്പോലെ ആ ദിവസം നിങ്ങളെ ആശ്ചര്യപ്പെടുത്തുകയില്ല.
പകലിനുള്ളവരാണ് നിങ്ങള്‍. നമ്മള്‍ രാത്രിക്കോ അന്ധകാരത്തിനോ ഉള്ളവരല്ല. അതിനാല്‍ മറ്റുള്ളവരെപ്പോലെ നമ്മള്‍ ഉറങ്ങരുത്. ആത്മനിയന്ത്രണത്തോടെ ഉണര്‍ന്നിരിക്കണം. ഉറങ്ങുന്നവന്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു. നമ്മള്‍ പകലിന്‍റേതായതുകൊണ്ട് നാം നമ്മെത്തന്നെ നിയന്ത്രിക്കണം. നമ്മെ സംരക്ഷിക്കുവാനായി വിശ്വാസവും സ്നേഹവും നാം ധരിക്കണം. രക്ഷയുടെ പ്രത്യാശ നമ്മുടെ പടത്തൊപ്പിയാകണം. ദൈവകോപത്തിന് ഇരയാകാന്‍ നമ്മെ, ദൈവം തിരഞ്ഞെടുത്തില്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴി രക്ഷ പ്രാപിക്കാനാണ് ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്. 10 അവന്‍റെ കൂടെ ജീവിക്കുന്നതിനു വേണ്ടി യേശു നമുക്കായി മരിച്ചു. ക്രിസ്തു വരുന്പോള്‍ നാം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നുള്ളതൊന്നും പ്രധാനമല്ല. 11 നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെ പരസ്പരം ആശ്വസിപ്പിച്ചും ശക്തി പകര്‍ന്നുമിരിക്കുവിന്‍.
സമാപന നിര്‍ദ്ദേശങ്ങളും അഭിവാദനങ്ങളും
12 സഹോദരരേ, നിങ്ങളുടെ ഒപ്പം കഠിനമായി യത്നിച്ചു നിങ്ങളെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരെയും ബഹുമാനിക്കണം. 13 ഏറെ സ്നേഹത്താല്‍ അവര്‍ ചെയ്യുന്ന പ്രവൃത്തികളെപ്രതി അവരെ ബഹുമാനിക്കുവിന്‍. പരസ്പരം സമാധാനത്തില്‍ പ്രവര്‍ത്തിക്കുക. 14 ജോലി ചെയ്യാത്തവരെ താക്കീതു ചെയ്യാന്‍ സഹോദരങ്ങളേ നിങ്ങളോടു ഞാന്‍ ആവശ്യപ്പെടുന്നു. ഭീരുക്കളെ പ്രോത്സാഹിപ്പിക്കുക. ബലഹീനരെ സഹായിക്കുക. എല്ലാവരോടും ക്ഷമ ഉള്ളവരാകുക. 15 ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യുകയില്ലെന്നു ഉറപ്പാക്കുക, എന്നാല്‍ തമ്മിലും എല്ലാവര്‍ക്കും എപ്പോഴും നന്മ ചെയ്യുക.
16 എപ്പോഴും സന്തോഷപൂരിതരാകുവിന്‍. 17 പ്രാര്‍ത്ഥിക്കുന്നത് ഒരിക്കലും നിര്‍ത്തരുത്. 18 എക്കാലവും ദൈവത്തിനു നന്ദി അര്‍പ്പിക്കുക. ഇതാണ് ദൈവം നിങ്ങളില്‍ നിന്ന് ക്രിസ്തുയേശുവില്‍ ആഗ്രഹിക്കുന്നത്. 19 പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനം നിര്‍ത്തരുത്. 20 അപ്രധാനമായ ഒന്നെന്നപോലെ പ്രവചനത്തെ കാണരുത്. 21 എല്ലാം പരീക്ഷിച്ചറിഞ്ഞു നല്ലത് സൂക്ഷിക്കുവിന്‍. 22 എല്ലാ ദുഷ്ടതയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുവിന്‍.
23 സമാധാനത്തിന്‍റെ ദൈവം നിങ്ങളെ ശുദ്ധമാക്കി പൂര്‍ണ്ണമായി അവന്‍റേതാക്കട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളെ പൂര്‍ണ്ണമായും നിങ്ങളുടെ ആത്മാവും ജീവനും ശരീരവും യാതൊരു കറയും കൂടാതെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വീണ്ടും വരുന്പോള്‍ സുരക്ഷിതവും നിഷ്കളങ്കവും ആയിരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. 24 നിങ്ങളെ വിളിക്കുന്നവന്‍ നിങ്ങള്‍ക്കായി അതു ചെയ്യും. നിങ്ങള്‍ക്കവനെ വിശ്വസിക്കാം.
25 സഹോദരരേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവിന്‍. 26 നിങ്ങള്‍ കണ്ടുമുട്ടുന്പോള്‍ എല്ലാ സഹോദരരും ഒരു വിശുദ്ധചുംബനം നല്‍കട്ടെ. 27 കര്‍ത്താവിന്‍റെ അധികാരത്താല്‍, ഞാന്‍ നിങ്ങളോടു പറയുന്നു. എല്ലാ സഹോദരന്മാരും ഈ കത്തു വായിച്ചിരിക്കണം. 28 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.