യോഹന്നാന്‍ എഴുതിയ മൂന്നാം ലേഖനം
1
സത്യത്തില്‍ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ സ്നേഹിതന്‍ ഗായൊസിന് മൂപ്പന്‍ എഴുതുന്നത്.
എന്‍റെ പ്രിയ സ്നേഹിതാ, നിന്‍റെ ആത്മാവിനും സുഖം എന്ന് എനിക്കറിയാം. നാനാവിധത്തിലും നീ സുഖമുള്ളവനാകട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുവില്‍ സഹോദരരായ ചിലര്‍ എന്‍റെ അടുത്തുവരികയും നിന്‍റെ സത്യത്തോടുള്ള നിറഞ്ഞ വിശ്വാസത്തെക്കുറിച്ച് എന്നോടു പറയുകയും ചെയ്തു. നീ നിരന്തരം സത്യത്തിന്‍റെ പാത പിന്തുടരുന്നെന്നും അവര്‍ എന്നോടു പറഞ്ഞു. അതെന്നെ വളരെ സന്തോഷവാനാക്കി. എന്‍റെ മക്കള്‍ സത്യത്തിന്‍റെ പാത പിന്തുടരുന്നു എന്നു കേള്‍ക്കുന്നത് എനിക്ക് എപ്പോഴും അത്യാനന്ദം പകരുന്നു.
എന്‍റെ പ്രിയ സ്നേഹിതാ, ക്രിസ്തുവിലുള്ള സഹോദരരെ നീ സഹായിക്കുന്നത് നല്ലതാണ്. നിനക്കറിയാന്‍ പാടില്ലാത്തവരെപ്പോലും നീ സഹായിക്കുന്നു. നിന്‍റെ സ്നേഹത്തെപ്പറ്റി ഈ സഹോദരന്‍ സഭയോടു പറഞ്ഞിട്ടുണ്ട്. അവരുടെ യാത്ര തുടരുവാന്‍ ദയവായി സഹായിക്കുക. ദൈവത്തെ പ്രീതിപ്പെടുത്തുംവിധം അവരെ സഹായിക്കുക. ക്രിസ്തുവിനുവേണ്ടി വേല ചെയ്യുവാനാണ് അവര്‍ ഇറങ്ങിത്തിരിച്ചിട്ടുളളത്. അവിശ്വാസികളില്‍ നിന്നു യാതൊരു സഹായവും അവര്‍ സ്വീകരിച്ചില്ല. അതുകൊണ്ട് നമ്മള്‍ അവരെ സഹായിക്കണം. നാം അവരെ സഹായിക്കുന്പോള്‍, സത്യത്തിനുവേണ്ടിയുള്ള അവരുടെ വേലയില്‍ നാം പങ്കാളികളാകുന്നു.
ഞാന്‍ സഭയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. പക്ഷേ ദിയൊത്രെഫേസ് നാം പറയുന്നത് ശ്രദ്ധിക്കുകയില്ല. അവന്‍ അവരുടെ നേതാവാകുവാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. 10 ഞാന്‍ വരുന്പോള്‍ ദിയൊത്രെഫേസിന്‍റെ പ്രവൃത്തികള്‍ നിന്‍റെ ശ്രദ്ധയില്‍പ്പെടുത്താം. അവന്‍ കള്ളം പറയുകയും ദുഷ്ടവാക്കുകള്‍ കൊണ്ടു നമ്മുടെ പേരില്‍ കുറ്റമാരോപിക്കുകയും ചെയ്യുന്നു. എന്നാല്‍ അതു മാത്രമല്ല അവന്‍ ചെയ്യുന്നത്. കര്‍ത്താവിനുവേണ്ടി പണിയെടുക്കുന്നവരെ അവന്‍ സഹായിക്കുന്നുമില്ല. സഹായിക്കാന്‍ ആഗ്രഹിക്കുന്നവരേയും ദിയൊത്രഫേസ് തടയുന്നു. ഉറച്ച വിശ്വാസികളെ സഭയ്ക്കു പുറത്താക്കാന്‍ പോലും അവന്‍ ശ്രമിക്കുന്നു.
11 പ്രിയ സുഹൃത്തേ, തെറ്റായതിനെ പിന്തുടരരുത്. നല്ലതിനെ പിന്തുടരുക. നല്ലതു ചെയ്യുന്നവന്‍ ദൈവത്തില്‍ നിന്നും ഉള്ളവനാണ്. തിന്മ ചെയ്യുന്നവന്‍ ദൈവത്തെ ഒരിക്കലും അറിഞ്ഞിട്ടില്ല.
12 ജനമെല്ലാം ദെമേത്രിയൊസിനെപ്പറ്റി നല്ലതു പറയുന്നു. അവര്‍ പറയുന്നതാകട്ടെ സത്യത്തിനു നിരക്കുന്നതുമാകുന്നു. ഞങ്ങളും അവനെക്കുറിച്ച് നല്ലതു പറയുന്നു. ഞങ്ങള്‍ പറയുന്നത് സത്യമാണെന്ന് നിങ്ങള്‍ക്കറിയുകയും ചെയ്യാം.
13 എനിക്കു നിരവധി കാര്യങ്ങളെപ്പറ്റി പറയുവാനുണ്ട്. പക്ഷേ പേനയും മഷിയും ഉപയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. 14 നിങ്ങളെ ഉടന്‍ സന്ദര്‍ശിക്കാമെന്നു ഞാന്‍ പ്രത്യാശിക്കുന്നു. അപ്പോള്‍ നമുക്ക് ഒത്തുകൂടി സംസാരിക്കാം. 15 നിനക്കു സമാധാനം. ഇവിടെ എന്നോടൊപ്പമുള്ള സുഹൃത്തുക്കള്‍ (വിശ്വാസികള്‍) സ്നേഹാന്വേഷണം അറിയിക്കുന്നു. നമ്മുടെ എല്ലാ സുഹൃത്തുക്കളെയും പേരു വിളിച്ചു അഭിവാദനം അറിയിക്കുക.