യേശു സുഹൃത്തുക്കളോടൊപ്പം ബേഥാന്യയില്‍
(മത്താ. 26:6-13; മര്‍ക്കൊ. 14:3-9)
12
1 പെസഹയ്ക്ക് ആറുദിവസം മുന്പ് യേശു ബേഥാന്യയിലേക്കു പോയി. ലാസര്‍ താമസിച്ച സ്ഥലമാണത്. (ലാസറിനെയാണ് യേശു മരണത്തില്‍ നിന്ന് ഉയര്‍ത്തിയത്.)
2 അവിടെ അവര്‍ യേശുവിന് ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാര്‍ത്ത ആഹാരം വിളന്പി. ലാസറും യേശുവിനോടൊത്തിരുന്ന് ഭക്ഷിച്ചു.
3 മറിയ വിലയേറിയ ശുദ്ധമായ നാര്‍ദ്ദീന്‍ തൈലം ഒരു കുപ്പി കൊണ്ടുവന്നു. അവളത് യേശുവിന്‍റെ കാലുകളില്‍ ഒഴിച്ചു. തന്‍റെ തലമുടി കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ തുടച്ചു. നാര്‍ദ്ദീന്‍ തൈലത്തിന്‍റെ സൌരഭ്യം ആ മുറിയിലെങ്ങും നിറഞ്ഞു.
4 യേശുവിന്‍റെ ശിഷ്യന്മാരിലൊരാളും പില്‍ക്കാലത്ത് അവനെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഇസ്ക്കരിയോത്തും അവിടെയുണ്ടായിരുന്നു. മറിയയുടെ പ്രവൃത്തി അയാള്‍ക്കു പിടിച്ചില്ല. യൂദാ പറഞ്ഞു,
5 “മുന്നൂറ് വെള്ളിക്കാശിനുള്ള സുഗന്ധതൈലമാണിത്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു നല്‍കിയിരുന്നെങ്കില്‍.”
6 പക്ഷേ യൂദയ്ക്ക് പാവങ്ങളോട് യഥാര്‍ത്ഥ താല്പര്യമൊന്നും ഉണ്ടായിരുന്നില്ല. അവനൊരു കള്ളനായിരുന്നതു കൊണ്ടാണവനങ്ങനെ പറഞ്ഞത്. ശിഷ്യസംഘത്തിന്‍റെ പണപ്പെട്ടി സൂക്ഷിച്ചിരുന്നത് യൂദയായിരുന്നു. ഇടയ്ക്കിടെ അവനതില്‍ നിന്നും പണം മോഷ്ടിക്കുകയും ചെയ്തിരുന്നു.
7 യേശു പറഞ്ഞു, “അവളെ തടയരുത്, എന്‍റെ ശവസംസ്കാര ദിവസത്തിനായി അവള്‍ ഇതു ചെയ്തു എന്നിരിക്കട്ടെ.
8 പാവങ്ങള്‍ നിങ്ങള്‍ക്കിടയില്‍ എപ്പോഴുമുണ്ട്. എന്നാല്‍ ഞാന്‍ എന്നും നിങ്ങളോടൊത്തുണ്ടാവില്ല.”
ലാസറിനെതിരെ ഗൂഢാലോചന
9 യേശു ബേഥാന്യയിലുണ്ടെന്ന് യെഹൂദരിലധികം പേരും കേട്ടു. അതിനാലവര്‍ യേശുവിനെ കാണാനങ്ങോട്ടു പോയി. ലാസറിനെ കാണാനും കൂടിയാണ് അവര്‍ അങ്ങോട്ടു പോയത്. മരണത്തില്‍നിന്ന് യേശു ഉയര്‍ത്തിയ ആളാണ് ലാസര്‍.
10 അതിനാല്‍ മഹാപുരോഹിതന്മാര്‍ ലാസറിനെ കൊല്ലാനും പരിപാടിയിട്ടു.
11 ലാസര്‍ കാരണം അധികം യെഹൂദരും തങ്ങളുടെ നേതാക്കളെ വിട്ട് യേശുവിന്‍റെ അനുയായികളാകുന്നത്രേ. അതിനാലാണ് യെഹൂദനേതാക്കള്‍ ലാസറിനെ കൊല്ലാന്‍ ആലോചിച്ചത്.
യേശു യെരൂശലേമില്‍ പ്രവേശിക്കുന്നു
(മത്താ. 21:1-11; മര്‍ക്കൊ. 11:1-11; ലൂക്കൊ. 19:28-40)
12 പിറ്റേന്ന് പെസഹാ ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം യേശു യെരൂശലേമിലേക്കു വരുന്നെന്നു കേട്ടു.
13 പനങ്കന്പുകളുമായി വന്ന അവര്‍ യേശുവിനെ സന്ധിക്കാന്‍ പുറത്തിറങ്ങി. അവര്‍ വിളിച്ചു പറഞ്ഞു,
“'അവനെ വാഴ്ത്തുക!'
'സ്വാഗതം! കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ!' സങ്കീര്‍ത്തനങ്ങള്‍ 118:25-26
യിസ്രായേലിന്‍റെ രാജാവിനെ ദൈവം അനുഗ്രഹിക്കട്ടെ!”
14 യേശു ഒരു കഴുതക്കുട്ടിയുടെ പുറത്തു കയറിയാണു പുറപ്പെട്ടത്. തിരുവെഴുത്തില്‍ പറയുന്പോലെ.
15 “സീയോന്‍ നഗരമേ ഭയപ്പെടേണ്ട!
ഇതാ, നിന്‍റെ രാജാവ് വരുന്നു.
കഴുതക്കുട്ടിയുടെ പുറത്തു കയറി!” സെഖര്യാവ് 9:9
16 യേശുവിന്‍റെ ശിഷ്യന്മാര്‍ക്ക് ആദ്യം ഇതൊന്നും മനസ്സിലായില്ല. പക്ഷേ യേശു മഹത്വത്തിലേക്കു ഉയര്‍ത്തപ്പെട്ടതിനു ശേഷം ഇതെല്ലാം അവനെപ്പറ്റി എഴുതപ്പെട്ടവയാണെന്ന് അവര്‍ക്ക് മനസ്സിലായി. അവനു വേണ്ടിയാണ് തങ്ങള്‍ എല്ലാം ചെയ്തതെന്നും അവര്‍ ഓര്‍മ്മിച്ചു.
17 ലാസറിനെ യേശു മരണത്തില്‍ നിന്നു ഉയര്‍ത്തുകയും അവനെ കല്ലറയില്‍നിന്നും പുറത്തു വിളിയ്ക്കുകയും ചെയ്ത സംഭവത്തിന് യേശുവിനോടൊപ്പം അനേകര്‍ സാക്ഷികളായിരുന്നു. ജനക്കൂട്ടം ഇപ്പോഴതെല്ലാമാണു മറ്റുള്ളവരോട് പറയുന്നത്.
18 യേശു ഈ അത്ഭുതം പ്രവര്‍ത്തിച്ചു എന്നു കേട്ട് അനവധി പേര്‍ യേശുവിനെ കാണാനിറങ്ങി.
19 അതിനാല്‍ പരീശന്മാര്‍ പരസ്പരം പറഞ്ഞു, “ഇതാ, നമ്മുടെ പരിപാടികളൊന്നും നടക്കുന്നില്ല. എല്ലാവരും അവന്‍റെ അനുയായികളാകുന്നു.”
മരണത്തെയും ജീവിതത്തെയും പറ്റി
20 ഏതാനും യവനന്മാരും അവിടെയുണ്ടായിരുന്നു. പെസഹാ ഉത്സവത്തിനു ആരാധനയ്ക്കു വന്നവരായിരുന്നു അവര്‍.
21 അവര്‍ ഫിലിപ്പോസിന്‍റെ അടുത്തേക്കു പോയി. (ഗലീലയിലെ ബേഥ്സയിദായില്‍ നിന്നും വന്നവനാണ് ഫിലിപ്പോസ്.) യവനന്മാര്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് യേശുവിനെ കാണണം.”
22 ഫിലിപ്പോസ്, അന്ത്രെയാസിനോട് ഇക്കാര്യം പറഞ്ഞു. അവരിരുവരും പോയി യേശുവിനോടും പറഞ്ഞു.
23 യേശു അവരോടു പറഞ്ഞു, “ഇപ്പോഴാണു മനുഷ്യപുത്രന്‍ മഹത്വപ്പെടുവാനുള്ള സമയം.
24 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഗോതന്പുമണി മണ്ണില്‍ വീണു നശിച്ചില്ലെങ്കില്‍ അത് എപ്പോഴും ഒരൊറ്റ വിത്തായിത്തന്നെ ഇരിക്കും. പക്ഷേ നശിച്ചാല്‍ അതു വളരുകയും അനേകം വിത്തുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യും.
25 സ്വന്തം ജീവനെ സ്നേഹിക്കുന്നവന് അതു നഷ്ടപ്പെടും. ഈ ലോകത്തിലെ സ്വന്തം ജീവിതം വെറുക്കുന്നവന്‍ അതു സൂക്ഷിക്കും. അവനു നിത്യജീവന്‍ ലഭിക്കും.
26 എന്നെ ശുശ്രൂഷിക്കുന്നവന്‍ എന്നെ അനുഗമിക്കണം. ഞാന്‍ പോകുന്നിടത്തൊക്കെ എന്‍റെ ദാസന്‍ എന്നോടൊപ്പം ഉണ്ടായിരിക്കും. എന്നെ ശുശ്രൂഷിക്കുന്നവരെ എന്‍റെ പിതാവ് ആദരിക്കും.
തന്‍റെ മരണത്തെപ്പറ്റി യേശു
27 “ഇപ്പോള്‍ ഞാനാകെ കുഴങ്ങുന്നു. ഞാനെന്തു പറയണം? ‘പീഢനത്തിന്‍റെ ഈ സമയത്തു നിന്ന് എന്നെ രക്ഷിച്ചാലും പിതാവേ,’ എന്നു പറയണോ? ഇല്ല, പീഢനങ്ങളേറ്റു വാങ്ങാനാണു ഞാന്‍ ഈ കാലത്തുതന്നെ വന്നത്.
28 പിതാവേ, അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.”
അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരശരീരി മുഴങ്ങി, “ഞാനതിനെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും അങ്ങനെ ചെയ്യും.”
29 അവിടെ നിന്നിരുന്നവര്‍ ആ ശബ്ദം കേട്ടു. അതൊരു ഇടിമുഴക്കമാണെന്നവര്‍
പറഞ്ഞു. പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, “ഒരു ദൂതന്‍ യേശുവിനോടു സംസാരിച്ചു.”
30 യേശു അവരോടു പറഞ്ഞു, “ആ ശബ്ദം എന്നെ ഉദ്ദേശിച്ചുള്ളതല്ല നിങ്ങള്‍ക്കുള്ളതായിരുന്നു.
31 ലോകം വിധിക്കപ്പെടേണ്ട സമയമായി. ഇപ്പോള്‍ ഈ ലോകത്തിന്‍റെ ഭരണാധിപനായ പിശാച് പുറത്താക്കപ്പെടും.
32 ഞാന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെടും. അതു സംഭവിക്കുന്പോള്‍ ഞാന്‍ എല്ലാവരെയും എന്നിലേക്കു കൊണ്ടുവരും.”
33 എന്തു തരത്തിലുള്ള മരണമാണ് തന്‍റേതെന്ന് അറിയിക്കാനാണ് യേശു ഇങ്ങനെ പറഞ്ഞത്.
34 ആളുകള്‍ പറഞ്ഞു, “ക്രിസ്തു, എക്കാലവും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണം പറയുന്നത്. പിന്നെന്താണ് ‘മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടണം’ എന്നു നീ പറയുന്നത്? ആരാണീ മനുഷ്യപുത്രന്‍?”
35 അപ്പോള്‍ യേശു പറഞ്ഞു, “കുറച്ചു സമയത്തേക്കു കൂടി മാത്രമേ പ്രകാശം നിങ്ങളോടൊത്തുണ്ടാകൂ. അതിനാല്‍ പ്രകാശമുള്ളപ്പോള്‍ നടക്കുക. അപ്പോള്‍ ഇരുട്ടു നിങ്ങളെ പിടിക്കില്ല. ഇരുട്ടില്‍ നടക്കുന്നവനു താനെവിടെയാണു പോകുന്നതെന്നറികയില്ല.
36 അതിനാല്‍ വെളിച്ചം നിങ്ങളുടെ പക്കലുള്ളപ്പോള്‍ അതിനെ വിശ്വസിക്കുക. അപ്പോള്‍ നിങ്ങള്‍ വെളിച്ചത്തിന്‍റെ പുത്രന്മാരാകും. ഇതെല്ലാം പറഞ്ഞു കഴിഞ്ഞ് യേശു അവിടംവിട്ടു. ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തേക്കാണ് യേശു പോയത്.
യേശുവില്‍ യെഹൂദര്‍ക്ക് അവിശ്വാസം
37 ഇങ്ങനെ അനവധി അത്ഭുതങ്ങള്‍ യേശു പ്രവര്‍ത്തിച്ചു. ഇതെല്ലാം കണ്ടെങ്കിലും ആളുകള്‍ അവനില്‍ വിശ്വസിച്ചില്ല.
38 യെശയ്യാപ്രവാചകന്‍ പറഞ്ഞതങ്ങനെ സാര്‍ത്ഥകമാകുന്നതിന്:
“കര്‍ത്താവേ, ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ആരു വിശ്വസിച്ചു?
കര്‍ത്താവിന്‍റെ ശക്തി ആരു കണ്ടു?” യെശയ്യാവ് 53:1
39 ഇക്കാരണത്താല്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കാരണം യെശയ്യാവ് ഇങ്ങനെയും പറഞ്ഞു:
40 “ദൈവം ആളുകളെ അന്ധരാക്കി.
ദൈവം അവരുടെ മനസ്സ് കറുപ്പിച്ചു.
അവര്‍ തങ്ങളുടെ കണ്ണുകള്‍ കൊണ്ടു കാണാതിരിക്കാനും മനസ്സുകൊണ്ട് ഒന്നും മനസ്സിലാക്കാതിരിക്കാനുമാണ് ദൈവം അതു ചെയ്തത്.
അപ്പോള്‍ ഞാനവരെ സുഖപ്പെടുത്തും.” യെശയ്യാവ് 6:10
41 അവന്‍റെ മഹത്വം കണ്ടിട്ടുള്ളതുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പറഞ്ഞത്.
42 പക്ഷേ അനവധിപേര്‍ യേശുവില്‍ വിശ്വസിച്ചു. യെഹൂദനേതാക്കള്‍ പോലും അധികം പേരും വിശ്വസിച്ചു, എന്നാല്‍ പരീശന്മാരെ അവര്‍ ഭയന്നിരുന്നു. അതിനാലവര്‍ തങ്ങളുടെ വിശ്വാസത്തെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. യെഹൂദപ്പള്ളിയില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നായിരുന്നു അവര്‍ക്കു ഭയം.
43 മനുഷ്യനില്‍നിന്നുള്ള മഹത്വമാണ് ദൈവത്തില്‍നിന്നുള്ള മഹത്വത്തെക്കാള്‍ ഇവര്‍ ഇഷ്ടപ്പെടുന്നത്.
യേശുവിന്‍റെ ഉപദേശങ്ങള്‍ ജനങ്ങളെ വിധിക്കും
44 അപ്പോള്‍ യേശു ഉച്ചത്തില്‍ പറഞ്ഞു, “എന്നില്‍ വിശ്വസിക്കുന്നവന്‍ യഥാര്‍ത്ഥത്തില്‍ എന്നെ അയച്ചവനെയാണു വിശ്വസിക്കുന്നത്.
45 എന്നെക്കാണുന്നവന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നത് എന്നെ അയച്ചവനെയാണ്.
46 ഞാന്‍ പ്രകാശമാകുന്നു. ഞാന്‍ ഈ ലോകത്തിലേക്കു വന്നു. എന്നില്‍ വിശ്വസിക്കുന്നവന്‍ ഇരുട്ടിലുഴലാതിരിക്കാനാണു ഞാന്‍ വന്നത്.
47 “ആളുകളെ വിധിക്കാനല്ല അവരെ രക്ഷിക്കാനാണു ഞാനെത്തിയത്. അതിനാല്‍ എന്‍റെ വചനം കേട്ടിട്ടും അനുസരിക്കാതിരിക്കുന്നവരെ വിധിക്കുന്നതു ഞാനായിരിക്കില്ല.
48 എന്‍റെ വചനങ്ങള്‍ തള്ളുകയും വിശ്വസിക്കാന്‍ മടിക്കുകയും ചെയ്യുന്നവനെ വിധിക്കാനൊരാളുണ്ട്. എന്‍റെ സന്ദേശങ്ങള്‍ അയാളെ അവസാനനാളില്‍ വിധിക്കും.
49 കാരണം? എന്‍റെ വചനങ്ങള്‍ എന്‍റേതല്ല. എന്നെ അയച്ച പിതാവ് എന്താണു പറയേണ്ടതെന്നും പഠിപ്പിക്കേണ്ടതെന്നും എന്നോടു പറഞ്ഞിട്ടുണ്ട്.
50 പിതാവിന്‍റെ കല്പനയില്‍ നിന്നാണ് നിത്യജീവനുണ്ടാകുന്നതെന്നും എനിക്കറിയാം. പിതാവ് പറഞ്ഞിട്ടുള്ളവ മാത്രമാണു ഞാന്‍ പറയുന്നത്.”