യേശു ശിഷ്യന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു
17
1 ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു സ്വര്‍ഗ്ഗത്തിലേക്കു നോക്കി. യേശു പ്രാര്‍ത്ഥിച്ചു, “പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അങ്ങയെ മഹത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്വപ്പെടുത്തേണമേ.
2 അങ്ങ് അവനു നല്‍കിയിരിക്കുന്ന ആളുകള്‍ക്കൊക്കെ നിത്യജീവന്‍ നല്‍കാന്‍ പറ്റുന്ന വിധം നീ പുത്രന് എല്ലാവരുടെയും മേല്‍ ശക്തി നല്‍കി.
3 ഇതാണ് നിത്യജീവന്‍, ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നത്.
4 നീ എന്നെ ഏല്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി. ഭൂമിയില്‍ അങ്ങയെ ഞാന്‍ മഹത്വീകരിച്ചു.
5 പിതാവേ നിന്നോടൊപ്പം ഇപ്പോള്‍, എന്നെയും മഹത്വപ്പെടുത്തുക. ലോകസൃഷ്ടിക്കു മുന്പ് എനിക്കു നിന്നോടൊത്തുണ്ടായിരുന്ന മഹത്വം എനിക്കു നല്‍കിയാലും.
6 “നീയെനിക്കീ ലോകത്തില്‍ നിന്നും ചിലരെ തന്നു. അങ്ങയുടെ സദൃശ്യങ്ങളെ ഞാനവര്‍ക്കു കാട്ടി. അങ്ങയുടേതായ അവരെ എനിക്കു നല്‍കി. അങ്ങയുടെ വചനം അവര്‍ അനുസരിച്ചു.
7 നീ എനിക്കു തന്നതെല്ലാം നിന്നില്‍ നിന്നാണെന്ന് അവരിപ്പോള്‍ അറിയുന്നു.
8 നീ എനിക്കു തന്ന ഉപദേശങ്ങള്‍ ഞാനവര്‍ക്കു കൊടുത്തു. അവ അവര്‍ സ്വീകരിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ നിന്നില്‍ നിന്നു വന്നവനാണെന്ന് അവര്‍ അറിയുന്നു. നീ എന്നെ അയച്ചതാണെന്ന് അവര്‍ വിശ്വസിക്കുന്നു.
9 അവര്‍ക്കായി ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ ലോകത്തിലുള്ളവര്‍ക്കു വേണ്ടിയല്ല ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങയുടെ ആള്‍ക്കാര്‍ക്കുവേണ്ടി, അവരെ അങ്ങ് എനിക്കു നല്‍കിയതുകൊണ്ട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
10 എനിക്കുള്ളതെല്ലാം നിന്‍റേതാണ്. നിനക്കുള്ളതെല്ലാം എന്‍റേതും. ഇവര്‍ എനിക്കു മഹത്വം കൊണ്ടുവന്നു തന്നു.
11 “ഇപ്പോള്‍ ഞാന്‍ നിന്നിലേക്കു വരുന്നു. ഞാനിനി ലോകത്തില്‍ തങ്ങുകയില്ല. എന്നാലിവര്‍ ഇനിയും ഇവിടെയുണ്ടാവും. പരിശുദ്ധ പിതാവേ, ഇവരെ കാക്കേണമേ. ഞാനും നീയും ഒന്നായിരിക്കുന്പോലെ ഇവര്‍ ഒന്നായിരിക്കാന്‍ അങ്ങയുടെ നാമത്തിന്‍റെ (അങ്ങെനിക്കു തന്ന നാമം) ശക്തിയില്‍ ഇവരെ കാക്കേണമേ,
12 ഞാനവരോടൊത്ത് ഉണ്ടായിരുന്നപ്പോള്‍ ഞാന്‍ അവരെ കാത്തു. നീ എനിക്കു തന്ന നിന്‍റെ നാമത്തിന്‍റെ ശക്തിയാല്‍ ഞാന്‍ അവരെ കാത്തു. നഷ്ടപ്പെടാന്‍ തിരഞ്ഞെടുക്കപ്പെട്ട ഒരുവന്‍ യൂദാ മാത്രം നഷ്ടപ്പെട്ടു. തിരുവെഴുത്തിലെ വാക്കുകള്‍ യഥാര്‍ത്ഥമാകുവാനാണ് അങ്ങനെ സംഭവിച്ചത്.
13 “ഞാനിപ്പോള്‍ നിന്‍റെയടുത്തേക്കു വരുന്നു. എന്നാല്‍ ഞാനിതൊക്കെ പ്രവര്‍ത്തിക്കുന്നത് ഞാനിപ്പോഴും ഈ ലോകത്തായതിനാലാണ്. ഇവര്‍ക്ക് എന്‍റെ ആഹ്ലാദമുണ്ടാകുന്നതിനാണ് ഞാന്‍ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അവര്‍ക്കെല്ലാം എന്‍റെ മുഴുവന്‍ ആഹ്ലാദമുണ്ടാകാന്‍ ഞാനാഗ്രഹിക്കുന്നു.
14 അങ്ങയുടെ ഉപദേശം ഞാനവര്‍ക്കു നല്‍കി. ലോകം അവരെ വെറുത്തു. ഞാന്‍ ഈ ലോകത്തിന്‍റെ അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റെ അല്ലാത്തതുകൊണ്ട് ഇവരേയും ലോകം വെറുത്തു.
15 “അവരെ ഈ ലോകത്തില്‍ നിന്നും പുറത്തെടുക്കാനല്ല ഞാനാവശ്യപ്പെടുന്നത്. അവരെ ദുഷ്ടനില്‍നിന്നും സംരക്ഷിക്കണമെന്നാണ്.
16 ഞാന്‍ ഈ ലോകത്തിന്‍റേത് അല്ലാത്തതുപോലെ അവരും ഈ ലോകത്തിന്‍റേതല്ല.
17 നിന്‍റെ സത്യത്തിലൂടെ നിന്‍റെ സേവനത്തിനവരെ സജ്ജരാക്കുക. നിന്‍റെ വചനം സത്യമാണ്.
18 നീ എന്നെ ഈ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ഈ ലോകത്തിലേക്കയച്ചു.
19 ഞാന്‍ സേവനത്തിനായി എന്നെത്തന്നെ ഒരുക്കുന്നു. നിന്‍റെ സേവനത്തിനവര്‍ സത്യത്തില്‍ തയ്യാറാകും വിധം ഞാനിതൊക്കെ അവര്‍ക്കായി ചെയ്യുന്നു.
20 “ഞാനവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു, ഇവരുടെ ഉപദേശങ്ങള്‍ കൊണ്ട് എന്നില്‍ വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
21 പിതാവേ, എന്നില്‍ വിശ്വസിച്ചവരെല്ലാം ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ എന്നിലും ഞാന്‍ നിന്നിലും ഉണ്ട്. നീ എന്നെ അയച്ചു എന്നു ലോകം വിശ്വസിക്കും വിധം ഇവരെല്ലാം നമ്മില്‍ ഒന്നാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
22 നീ എനിക്കു തന്ന മഹത്വം ഞാനിവര്‍ക്കു കൊടുത്തു. ഞാനും നീയും ഒന്നായിരിക്കുന്നതു പോലെ അവരും ഒന്നാകുന്നതിനാണ് ഞാന്‍ ഈ മഹത്വം അവര്‍ക്കു നല്‍കിയത്.
23 ഞാന്‍ അവരിലുണ്ടാകും. നീ എന്നിലും. അങ്ങനെ അവര്‍ പൂര്‍ണ്ണമായും ഒന്നാകും. അപ്പോള്‍ ലോകം അറിയും നീ എന്നെ അയച്ചുവെന്ന്. എന്നെ നീ സ്നേഹിച്ചതുപോലെ ഈ മനുഷ്യരെയും നീ സ്നേഹിച്ചുവെന്ന് ലോകം അറിയും.
24 “പിതാവേ, ഞാന്‍ എവിടെ ആയിരുന്നാലും എന്നോടൊപ്പം നീ എനിക്കു തന്നവരായ ഇവരും ഉണ്ടാകേണമേ. അങ്ങനെ അവര്‍ക്കു എന്‍റെ മഹത്വം കാണാമല്ലോ. ലോകസൃഷ്ടിക്കു മുന്പു തന്നെ എന്നോടുള്ള സ്നേഹം മൂലം നീ എനിക്കു തന്നതാണ് ഈ മഹത്വം.
25 പിതാവേ, നീയാണു നീതിമാന്‍. ലോകം നിന്നെ അറിയുന്നില്ലെങ്കിലും ഞാനറിയുന്നു. ഇവര്‍ക്കറിയാം എന്നെ നീ അയച്ചതാണെന്ന്.
26 അങ്ങ് എങ്ങനെയാണെന്നു ഞാനവരെ പഠിപ്പിച്ചു. തുടര്‍ന്നും ഞാനവരെ പഠിപ്പിക്കും. അപ്പോള്‍ നിനക്ക് എന്നോടുള്ളതുപോലുള്ള സ്നേഹം അവര്‍ക്കുമുണ്ടാകും. ഞാനവരില്‍ വസിക്കുകയും ചെയ്യും.”