ഏഴു ശിഷ്യന്മാര്‍ക്ക് യേശു പ്രത്യക്ഷപ്പെടുന്നു
21
1 പിന്നീട് തിബെര്യാസ് (ഗലീല) കടല്‍പ്പുറത്തു വച്ച് യേശു വീണ്ടും ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടു. ഇങ്ങനെയാണതു സംഭവിച്ചത്:
2 ചില ശിഷ്യന്മാര്‍ അവിടെ കൂടിയിരുന്നു. ശിമോന്‍ പത്രൊസ്, തോമസ് എന്നു വിളിക്കുന്ന ദിദിമൊസ്, ഗലീലയിലെ കാനാക്കാരനായ നഥനയേല്‍, സെബെദിയുടെ രണ്ടു പുത്രന്മാര്‍ കൂടാതെ മറ്റു രണ്ടു ശിഷ്യന്മാരും.
3 ശിമോന്‍ പത്രൊസ് പറഞ്ഞു, “ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു.”
മറ്റു ശിഷ്യന്മാര്‍ പറഞ്ഞു, “ഞങ്ങളും നിന്നോടൊത്തു വരുന്നു.” അവര്‍ ഒരു വഞ്ചിയില്‍ കയറിപ്പോയി. ആ രാത്രി മുഴുവന്‍ വലയെറിഞ്ഞുവെങ്കിലും ഒന്നിനേയും കിട്ടിയില്ല.
4 പിറ്റേന്ന് പുലര്‍ച്ചയ്ക്കു യേശു തീരത്തു നിന്നു. എന്നാല്‍ അത് യേശുവാണെന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല.
5 അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “സ്നേഹിതരേ നിങ്ങള്‍ക്കു മീന്‍ വല്ലതും കിട്ടിയോ?”
ശിഷ്യന്മാര്‍ പറഞ്ഞു, “ഇല്ല.”
6 യേശു പറഞ്ഞു, “നിങ്ങളുടെ വഞ്ചിയുടെ വലതുവശത്തു വലയെറിയുക. അവിടെ നിന്നു നിങ്ങള്‍ മീന്‍ പിടിക്കും.” ശിഷ്യന്മാര്‍ അങ്ങനെ ചെയ്തു. അവര്‍ക്കു വലവലിച്ചെടുക്കാന്‍ പറ്റാത്തവിധം മത്സ്യം വലയില്‍ കുരുങ്ങി.
7 യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രൊസിനോടു പറഞ്ഞു, “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അയാള്‍ പറയുന്നതു പത്രൊസ് കേട്ടു. “ആ മനുഷ്യന്‍ കര്‍ത്താവാണ്.” അപ്പോള്‍ തന്നെ പത്രൊസ് വസ്ത്രമെടുത്തിട്ടു. (ജോലി ചെയ്യാന്‍ വസ്ത്രമഴിച്ചു വച്ചിരിക്കുകയായിരുന്നു.) അവന്‍ വെള്ളത്തിലേക്കെടുത്തു ചാടി.
8 മറ്റു ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെ തീരത്തേക്കു പോയി. മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ട് അവര്‍ തീരത്തു നിന്നും വെറും നൂറുവാര അകലെയായിരുന്നു.
9 അവര്‍ വഞ്ചിയില്‍ നിന്ന് കരയ്ക്കിറങ്ങിയപ്പോള്‍ തീക്കനല്‍ കൂട്ടിയിരിക്കുന്നതു കണ്ടു. ഏതാനും മീനും അപ്പവും അതിന്മേല്‍ വച്ചിരുന്നു.
10 അപ്പോള്‍ യേശു പറഞ്ഞു, “നിങ്ങള്‍ പിടിച്ചതില്‍ കുറെ മീന്‍ കൂടി കൊണ്ടുവരിക.”
11 ശിമോന്‍ പത്രൊസ് വഞ്ചിയില്‍ ചെന്ന് മീന്‍ നിറഞ്ഞ വല കരയ്ക്കടുപ്പിച്ചു. അതു നിറയെ വലിയ മീനായിരുന്നു. നൂറ്റന്പത്തിമൂന്നെണ്ണം. മീനിന് വലിയ ഭാരം ഉണ്ടായിരുന്നെങ്കിലും വല കീറിയിരുന്നില്ല.
12 യേശു അവരോടു പറഞ്ഞു, “വന്നു കഴിക്കുക.” ശിഷ്യന്മാരിലാരും അവനോട്, “ആരാണു നീ” എന്നു ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. കര്‍ത്താവാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
13 യേശു ചെന്ന് അപ്പമെടുത്ത് അവര്‍ക്കു നല്‍കി. മീനും യേശു അവര്‍ക്കു കൊടുത്തു.
14 മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ട് യേശു ഇതു മൂന്നാം തവണയാണ് ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെടുന്നത്.
യേശു പത്രൊസിനോടു സംസാരിക്കുന്നു
15 എല്ലാവരും കഴിച്ചുകഴിഞ്ഞപ്പോള്‍ യേശു ശിമോന്‍ പത്രൊസിനോടു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീ മറ്റുള്ള ഈ മനുഷ്യരേക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിക്കുന്നുണ്ടോ?”
പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.”
അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ കുഞ്ഞാടുകളെ* കുഞ്ഞാടുകള്‍ ആടുകള്‍ യേശു തന്‍റെ അനുയായികള്‍ എന്ന അര്‍ത്ഥത്തിലാണ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. യോഹ.10-ലും ഇങ്ങനെ കാണാം. മേയ്ക്കുക.”
16 യേശു പത്രൊസിനോടു രണ്ടാമതും ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനെ നീ എന്നെ സ്നേഹിക്കുന്നുണ്ടോ?”
പത്രൊസ് മറുപടി പറഞ്ഞു, “ഉവ്വ്, കര്‍ത്താവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.”
അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.”
17 മൂന്നാമതും യേശു ചോദിച്ചു, “യോഹന്നാന്‍റെ പുത്രനായ ശിമോനേ, നീയെന്നെ സ്നേഹിക്കുന്നുവോ?”
മൂന്നു തവണ യേശു തന്നോടിങ്ങനെ ചോദിച്ചതില്‍ പത്രൊസിനു സങ്കടമായി. പത്രൊസ് പറഞ്ഞു, “നിനക്കെല്ലാമറിയാമല്ലോ കര്‍ത്താവേ. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് നിനക്കറിയാം.”
യേശു പത്രൊസിനോടു പറഞ്ഞു, “എന്‍റെ ആടുകളെ മേയ്ക്കുക.
18 ഞാന്‍ നിന്നോടു സത്യമായി പറയാം. ചെറുപ്പത്തില്‍ നീ അരമുറുക്കി ഇഷ്ടമുള്ളിടത്തു പോയിരുന്നു. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ നീ കൈകള്‍ നീട്ടുകയും വേറൊരാള്‍ നിന്‍റെ അരകെട്ടി നിനക്കിഷ്ടമില്ലാത്തിടത്തേയ്ക്കു കൊണ്ടുപോവുകയും ചെയ്യും.”
19 (പത്രൊസ് എപ്രകാരമുള്ള മരണത്താല്‍ ദൈവത്തെ മഹത്വപ്പെടുത്തുമെന്ന് യേശു പറയുകയായിരുന്നു.) അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു, “എന്നെ അനുഗമിക്കുക.”
20 പത്രൊസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ശിഷ്യന്‍ പുറകേ വരുന്നതു കണ്ടു. (ഈ ശിഷ്യനാണ് അത്താഴസമയത്ത് യേശുവിനെതിരെ ചാഞ്ഞുനിന്ന് “കര്‍ത്താവേ, ആരാണു നിനക്കെതിരെ തിരിയുക?” എന്നു ചോദിച്ചത്.)
21 അയാള്‍ പിന്നാലെ വരുന്നതു കണ്ട് പത്രൊസ് ചോദിച്ചു, “ഇയാളുടെ കാര്യമോ കര്‍ത്താവേ?”
22 യേശു മറുപടി പറഞ്ഞു, “ഞാന്‍ വരുന്നതുവരെ ഇയാള്‍ ജീവനോടെ ഇരിക്കണം എന്നെനിക്ക് താല്പര്യമുണ്ടാകാം. അതു നീ കാര്യമാക്കേണ്ടതില്ല. നീ എന്നെ അനുഗമിക്കുക.”
23 അങ്ങനെ സഹോദരന്മാരുടെ ഇടയില്‍ ഒരു കഥ പ്രചരിച്ചു. യേശു സ്നേഹിച്ച ആ ശിഷ്യന്‍ മരിക്കയില്ല എന്നവര്‍ പറഞ്ഞു പരത്തി. എന്നാല്‍ അവന്‍ മരിക്കയില്ലെന്ന് യേശു പറഞ്ഞില്ല. ഞാന്‍ വരും വരെ അവന്‍ ജീവിച്ചിരിക്കണമെന്ന് ഞാനാഗ്രഹിച്ചേക്കാം. അതിനു നിനക്കെന്ത്? എന്നു മാത്രമേ അവന്‍ പറഞ്ഞുള്ളൂ.
24 ആ ശിഷ്യനാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചത്. ഇതെല്ലാം ഇപ്പോഴെഴുതിയതും അയാളാണ്. അവന്‍ പറയുന്നതു സത്യമാണെന്നും നമുക്കറിയാം.
25 യേശു ചെയ്ത ധാരാളം കാര്യങ്ങള്‍ ഇനിയുമുണ്ട്. അതെല്ലാം എഴുതപ്പെട്ടുവെങ്കില്‍ ഈ ലോകം മുഴുവനും ആ എഴുതപ്പെട്ട പുസ്തകങ്ങള്‍ വെക്കാന്‍ മതിയാകയില്ല എന്നു ഞാന്‍ കരുതുന്നു.