അയ്യായിരത്തില്‍ പരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നു
(മത്താ. 14:13-21; മര്‍ക്കൊ. 6:30-44; ലൂക്കൊ. 9:10-17)
6
പിന്നീട് യേശു ഗലീലക്കടലിന്‍റെ (തിബര്യാസ് കടല്‍) അക്കരയ്ക്കു പോയി. അനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. രോഗികളെ സുഖപ്പെടുത്തിക്കൊണ്ട് അവന്‍ കാണിച്ച അത്ഭുതങ്ങള്‍ കണ്ടിട്ടാണ് അവര്‍ അവനെ പിന്തുടര്‍ന്നത്. യേശു മലയോരത്തേക്കു പോയി. അവന്‍ അവിടെ ശിഷ്യന്മാരോടുകൂടി ഇരുന്നു. അത് യെഹൂദരുടെ പെസഹാ തിരുനാളിനോടടുത്ത സമയമായിരുന്നു.
യേശു തലയുയര്‍ത്തി നോക്കിയപ്പോള്‍ അനേകം പേര്‍ തന്‍റെയടുത്തേക്കു വരുന്നതായി കണ്ടു. യേശു ഫിലിപ്പോസിനോടു ചോദിച്ചു, “ഇവര്‍ക്കെല്ലാവര്‍ക്കുമുള്ള അപ്പം നമുക്കെവിടെനിന്നു കിട്ടും?” (അവന്‍ ഫിലിപ്പോസിനെ പരീക്ഷിക്കാനായിരുന്നു ഈ ചോദ്യം ചോദിച്ചത്. താന്‍ ചെയ്യാനുള്ളത് യേശു തീരുമാനിച്ചു കഴിഞ്ഞിരുന്നു.)
ഫിലിപ്പോസ് മറുപടി പറഞ്ഞു, “ഇവരില്‍ ഓരോരുത്തര്‍ക്കും അല്പം അപ്പമെങ്കിലും വാങ്ങാന്‍ നമ്മള്‍ എല്ലാവരും ഒരുമാസം പണിയെടുക്കേണ്ടിവരും.”
മറ്റൊരു ശിഷ്യന്‍ അന്ത്രെയാസും അവിടെയുണ്ടായിരുന്നു. ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു അയാള്‍. അന്ത്രെയാസ് പറഞ്ഞു, “ഇവിടെ ഒരു കുട്ടിയുടെ കൈയില്‍ ബാര്‍ളികൊണ്ടുള്ള അഞ്ചപ്പവും രണ്ടു ചെറിയ മീനുമുണ്ട്. പക്ഷേ ഇത്രയധികം പേര്‍ക്ക് അതു തികയില്ല.”
10 യേശു പറഞ്ഞു, “ജനങ്ങളോട് ഇരിക്കാന്‍ പറയുക.” അതൊരു പുല്‍മേടായിരുന്നു. അയ്യായിരത്തോളം പുരുഷന്മാര്‍ അവിടെ ഇരുന്നിരുന്നു. 11 അപ്പോള്‍ യേശു അപ്പക്കഷണങ്ങള്‍ കയ്യിലെടുത്തു. അപ്പം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞ് അവന്‍ അത് അവിടെയിരുന്നവര്‍ക്ക് വിളന്പി. മീനും അവനങ്ങനെ വിളന്പി. ആളുകള്‍ക്കാവശ്യമുള്ളത്ര അവന്‍ വിളന്പി.
12 എല്ലാവര്‍ക്കും മതിയാവോളം ഭക്ഷണം കിട്ടി. അവര്‍ തിന്നു കഴിഞ്ഞപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവര്‍ തിന്നാത്ത മീനും അപ്പവും ശേഖരിക്കുക. ഒന്നും വെറുതെ കളയരുത്.” 13 അതിനാല്‍ ശിഷ്യന്മാര്‍ മിച്ചമുള്ളതെല്ലാം ശേഖരിച്ചു. അഞ്ച് ബാര്‍ളി കൊണ്ടുണ്ടാക്കിയ അപ്പക്കഷണത്തില്‍ നിന്നാണവര്‍ എല്ലാവരും ഭക്ഷണം കഴിച്ചത്. എന്നാല്‍ ശിഷ്യന്മാര്‍ പന്ത്രണ്ട് കുട്ട നിറയെ ആഹാരം ശേഖരിച്ചു.
14 യേശുവിന്‍റെ ഈ വീര്യപ്രവര്‍ത്തി ആളുകള്‍ കണ്ടു. അവര്‍ പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ ഇവനാണ് ലോകത്തിലേക്കു വരുന്ന പ്രവാചകന്‍.”
15 തന്നെ ബലമായി രാജാവാക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നതായി യേശു മനസ്സിലാക്കി. യേശുവിനെ ബലമായി പിടിച്ച് രാജാവാക്കാന്‍ അവര്‍ ആലോചിച്ചു. അതിനാലവന്‍ ഒറ്റയ്ക്ക് അവിടംവിട്ട് മലയിലേക്കു പോയി.
വെള്ളത്തിനു മീതെ നടക്കുന്നു
(മത്താ. 14:22-27; മര്‍ക്കൊ. 6:45-52)
16 അന്നു വൈകിട്ട് യേശുവിന്‍റെ ശിഷ്യന്മാര്‍ ഗലീലക്കടല്‍ത്തീരത്തേക്കു പോയി. 17 നേരം ഇരുട്ടിയിട്ടും യേശു അവരുടെയടുത്ത് എത്തിയിരുന്നില്ല. ശിഷ്യന്മാര്‍ ഒരു വഞ്ചിയില്‍ കയറി മറുകരയിലുള്ള കഫര്‍ന്നഹൂമിലേക്കു തിരിച്ചു. 18 കാറ്റ് അതിശക്തമായി വീശിക്കൊണ്ടിരുന്നു. കടലിലെ തിരകള്‍ വലുതായിക്കൊണ്ടിരുന്നു. 19 അവര്‍ മൂന്നു നാലു നാഴിക കടലിലേക്കു തുഴഞ്ഞു പോയി. അപ്പോഴവര്‍ യേശുവിനെ കണ്ടു. അവന്‍ വെള്ളത്തിനു മീതെകൂടി നടക്കുകയായിരുന്നു. അവന്‍ അവരുടെ വഞ്ചിയിലേക്കു നടന്നടുത്തു. ശിഷ്യന്മാര്‍ ഭയന്നു. 20 പക്ഷേ യേശു അവരോടു പറഞ്ഞു, “ഭയപ്പെടാതെ, ഇതു ഞാനാണ്.” 21 അവനിത്രയും പറഞ്ഞപ്പോള്‍ അവനെ വഞ്ചിയില്‍ കയറ്റാന്‍ അവര്‍ക്ക് ഉത്സാഹമായി. അപ്പോള്‍ വഞ്ചി അവര്‍ക്കെത്തേണ്ട കരയിലടുത്തു.
യേശുവിനെ തേടുന്നു
22 പിറ്റേന്നു നേരം പുലര്‍ന്നു. ചിലര്‍ മറുകരയില്‍ത്തന്നെ തങ്ങിയിരുന്നു. യേശു വഞ്ചിയില്‍ ശിഷ്യന്മാരോടൊത്തു പോയിരുന്നില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. ശിഷ്യന്മാര്‍ തനിയെ വഞ്ചിയില്‍ പോയെന്നും അവര്‍ക്കറിയാം. അവിടെയാകെ ഒരു വഞ്ചിയേ ഉണ്ടായിരുന്നുള്ളുതാനും. 23 പക്ഷേ അപ്പോള്‍ തിബെര്യാസില്‍നിന്നും ഏതാനും വഞ്ചികള്‍ അവിടെയെത്തി. ജനങ്ങള്‍ നേരത്തെ ഭക്ഷണം കഴിച്ച സ്ഥലത്തിനടുത്ത് വഞ്ചികള്‍ വന്നടുത്തു. യേശു നന്ദി പറഞ്ഞതിനു ശേഷം അവര്‍ അപ്പം കഴിച്ചത് അവിടെ വെച്ചായിരുന്നു. 24 യേശുവും ശിഷ്യന്മാരും അവിടെ ഇപ്പോഴില്ലെന്ന് ആളുകള്‍ മനസ്സിലാക്കി. അതിനാലവര്‍ വഞ്ചികളില്‍ കയറി കഫര്‍ന്നഹൂമിലേക്കു തിരിച്ചു. അവര്‍ക്ക് യേശുവിനെ കണ്ടെത്തണമായിരുന്നു.
യേശു, ജീവന്‍റെ അപ്പം
25 മറുകരയില്‍ അവര്‍ യേശുവിനെ കണ്ടു. അവര്‍ അവനോടു ചോദിച്ചു, “ഗുരോ, അങ്ങ് എപ്പോഴാണ് ഇവിടെയെത്തിയത്?”
26 യേശു മറുപടി പറഞ്ഞു, “എന്തിനാണു നിങ്ങളെന്നെ തിരയുന്നത്? എന്‍റെ ശക്തി തെളിയിക്കാന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നതു കണ്ടിട്ടാണോ നിങ്ങള്‍ വന്നത്. അല്ല, ഞാന്‍ സത്യമായി നിങ്ങളോടു പറയട്ടെ. നിങ്ങള്‍ അപ്പം തിന്നു തൃപ്തരായതു കൊണ്ടാണ് എന്നെ തിരയുന്നത്. 27 ഭൂമിയിലെ ഭക്ഷണം നശ്വരമാണ്. അതിനാലതിനായി ശ്രമിക്കരുത്. എന്നാല്‍ നന്നായി നിലനില്‍ക്കുന്നതും നിത്യജീവന്‍ നല്‍കുന്നതുമായ ആഹാരത്തിനായി ശ്രമിക്കൂ. മനുഷ്യപുത്രന്‍ നിങ്ങള്‍ക്ക് ആ ഭക്ഷണം നല്‍കും. താന്‍ മനുഷ്യപുത്രനോടൊത്തുണ്ടെന്ന് പിതാവായ ദൈവം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു.”
28 ആളുകള്‍ യേശുവിനോടു ചോദിച്ചു, “ദൈവം ഇഷ്ടപ്പെടുന്ന ഏതൊക്കെ പ്രവൃത്തികള്‍ ഞങ്ങള്‍ ചെയ്യണം?”
29 യേശു മറുപടി പറഞ്ഞു, “ദൈവം ആവശ്യപ്പെടുന്ന പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ദൈവം അയച്ചവനില്‍ വിശ്വസിക്കുകയാണ് അവനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്.”
30 അതുകൊണ്ട് ആളുകള്‍ ചോദിച്ചു, “നിന്നെ ദൈവം അയച്ചതാണെന്നു തെളിയിക്കാന്‍ എന്തു അത്ഭുതപ്രവൃത്തി നീ ചെയ്യും? ഒരു അത്ഭുതപ്രവൃത്തി ഞങ്ങളെ കാണിച്ചാല്‍ ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കാം. നീയെന്തു ചെയ്യും? 31 ഞങ്ങളുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ വച്ചു ഭക്ഷിക്കാന്‍ ദൈവം മന്ന കൊടുത്തു. തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. ‘അവര്‍ക്ക് കഴിക്കാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്നും അപ്പം കൊടുത്തു.’” ഉദ്ധരണി സങ്കീ. 78:24.
32 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ക്കു സ്വര്‍ഗ്ഗീയ ഭക്ഷണം തന്നതു മോശെയല്ല. എന്നാല്‍ എന്‍റെ പിതാവ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള യഥാര്‍ത്ഥമായ അപ്പം നല്‍കുന്നു. 33 എന്താണു ദൈവത്തിന്‍റെ അപ്പം? സ്വര്‍ഗ്ഗത്തില്‍ നിന്നു വന്ന് ലോകത്തിനു ജീവന്‍ നല്‍കുന്നതാണ് ദൈവത്തിന്‍റെ അപ്പം.”
34 ആളുകള്‍ പറഞ്ഞു, “പ്രഭോ, ഞങ്ങള്‍ക്ക് ആ അപ്പം എപ്പോഴും തന്നാലും.”
35 അപ്പോള്‍ യേശു പറഞ്ഞു, “ഞാനാണു ജീവന്‍ നല്‍കുന്ന അപ്പം.” എന്നിലേക്കു വരുന്നവന് ഒരിക്കലും വിശക്കില്ല. എന്നില്‍ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല. 36 എന്നെ കണ്ടിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നു ഞാന്‍ നേരത്തെ നിങ്ങളോടു പറഞ്ഞു, 37 എനിക്കു പിതാവ് തരുന്നവന്‍ എന്നിലേക്കു വരും. എന്‍റെയടുക്കല്‍ വരുന്നവനെ ഞാന്‍ കൈവെടിയുകയുമില്ല. 38 ദൈവം എന്നോടാവശ്യപ്പെടുന്നതു ചെയ്യാന്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കു വന്നു. എനിക്കു വേണ്ടതു ചെയ്യാനല്ല ഞാന്‍ വന്നിരിക്കുന്നത്. 39 ദൈവം എനിക്കു തന്നിരിക്കുന്നവരൊന്നും എനിക്കു നഷ്ടമാകരുത്. അവസാനനാളില്‍ ഞാന്‍ അവരെ ഉയര്‍ത്തണം. എന്നെ അയച്ചവന്‍ ഞാനങ്ങനെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. 40 പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാളെ അന്ത്യദിനത്തില്‍ ഞാനുയര്‍ത്തും. എന്‍റെ പിതാവിന്‍റെ ഇഷ്ടം അതാണ്.”
41 യെഹൂദര്‍ യേശുവിനെപ്പറ്റി മുറുമുറുക്കാന്‍ തുടങ്ങി. “ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും താഴേക്കിറങ്ങി വന്ന അപ്പമാണ്” എന്ന് യേശു പറഞ്ഞതു കൊണ്ടാണവര്‍ അവനെതിരെ മുറുമുറുത്തത്. 42 യെഹൂദര്‍ പറഞ്ഞു, “ഇവനാണ് യേശു. അവന്‍റെ അപ്പനമ്മമാരെ നമുക്കറിയാം. അവന്‍ യോസേഫിന്‍റെ മകന്‍ മാത്രം. പിന്നെ എങ്ങനെ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നവനാണ് എന്നവനു പറയാന്‍ കഴിയും?”
43 പക്ഷേ യേശു പറഞ്ഞു, “മുറുമുറുക്കേണ്ട. 44 പിതാവാണ് എന്നെ അയച്ചത്. അവന്‍ തന്നെയാണ് ആളുകളെ എന്‍റെയടുത്തേക്ക് ആകര്‍ഷിക്കുന്നതും. അവസാന ദിവസത്തില്‍ ഞാനവരെ ഉയര്‍ത്തും. പിതാവ് ആകര്‍ഷിക്കാത്തവനു എന്‍റെയടുത്തെത്താന്‍ കഴികയില്ല. 45 പ്രവാചകര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘ദൈവം എല്ലാവരെയും പഠിപ്പിക്കും.’ ഉദ്ധരണി യെശയ്യാ. 54:13. ആളുകള്‍ പിതാവിനെ ശ്രവിക്കുകയും അവനില്‍ നിന്നു പഠിക്കുകയും ചെയ്യും. അപ്പോള്‍ അവര്‍ എന്‍റെയടുത്തെത്തും. 46 ആരും പിതാവിനെ കണ്ടിട്ടില്ല. അവനില്‍ നിന്നും വന്നവന്‍ മാത്രമാണ് പിതാവിനെ കണ്ടിട്ടുള്ളത്. അവന്‍ പിതാവിനെ കണ്ടിട്ടുണ്ട്.
47 “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. വിശ്വസിക്കുന്നവന് നിത്യജീവന്‍ ഉണ്ട്. 48 ഞാന്‍ ജീവന്‍ തരുന്ന അപ്പമാകുന്നു. 49 മരുഭൂമിയില്‍ വച്ച് ദൈവം കൊടുത്ത മന്ന (ആഹാരം) നിങ്ങളുടെ പൂര്‍വ്വികര്‍ കഴിച്ചു. എന്നിട്ടും അവര്‍ മരിച്ചു. 50 സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്ന ആ അപ്പം ഞാനാകുന്നു. അതു തിന്നുന്നവനു മരണമില്ല. 51 സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ജീവന്‍റെ അപ്പം ഞാനാകുന്നു. ആ അപ്പം തിന്നുന്നവനു നിത്യജീവന്‍ ഉണ്ട്. ആ അപ്പം എന്‍റെ ശരീരമാണ്. ലോകര്‍ക്കു ജീവന്‍ ലഭിക്കും വിധം ഞാനെന്‍റെ ശരീരം നല്‍കും.”
52 അപ്പോള്‍ യെഹൂദര്‍ പരസ്പരം തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ പറഞ്ഞു, “ഇയാള്‍ക്കെങ്ങനെ സ്വന്തം ശരീരം നമുക്കു ഭക്ഷിക്കാന്‍ തരാന്‍ കഴിയും?”
53 യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയാം. നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം തിന്നണം. അവന്‍റെ രക്തം നിങ്ങള്‍ കുടിക്കണം. അല്ലെങ്കില്‍ നിങ്ങളില്‍ ജീവനുണ്ടായിരിക്കയില്ല. 54 എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ടായിരിക്കും. അവനെ ഞാന്‍ അന്ത്യനാളില്‍ ഉയര്‍പ്പിക്കും. 55 എന്‍റെ ശരീരം യഥാര്‍ത്ഥ ഭക്ഷണമാണ്. എന്‍റെ രക്തം യഥാര്‍ത്ഥ പാനീയവും. 56 എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം കുടിയ്ക്കുകയും ചെയ്യുന്നവന്‍ എന്നില്‍ ജീവിക്കും. ഞാന്‍ അയാളിലും ജീവിക്കും.
57 “പിതാവ് എന്നെ അയച്ചു. പിതാവ് ജീവിക്കുകയും അവന്‍മൂലം ഞാനും ജീവിക്കുകയും ചെയ്യുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ എന്നാല്‍ ജീവിക്കും. 58 മരുഭൂമിയില്‍ നമ്മുടെ പിതാക്കള്‍ ഭക്ഷിച്ച അപ്പം പോലെയല്ല ഞാന്‍. അവര്‍ ആ അപ്പം തിന്നു. എന്നിട്ടും അവര്‍ മരിച്ചു. ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്ന അപ്പമാണ്. അതു തിന്നുന്നവന് നിത്യജീവന്‍ ലഭിക്കും.”
59 കഫര്‍ന്നഹൂമിലുള്ള യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കവേയാണ് യേശു ഇതെല്ലാം പറഞ്ഞത്.
നിത്യജീവന്‍റെ വാക്കുകള്‍
60 യേശുവിന്‍റെ ശിഷ്യന്മാര്‍ ഇതു കേട്ടു. അവരില്‍ വളരെപ്പേര്‍ പിറുപിറുക്കുകയായിരുന്നു, “ഇതൊരു വിഷമം പിടിച്ച ഉപദേശമാണ്. ഇതുള്‍ക്കൊള്ളാന്‍ ആരെക്കൊണ്ടു കഴിയും?”
61 തന്‍റെ ശിഷ്യന്മാര്‍ ഇതേപ്പറ്റി പരാതി പറയുന്നുണ്ടെന്ന് യേശു മനസ്സിലാക്കി. അതിനാല്‍ യേശു പറഞ്ഞു, “ഈ ഉപദേശം നിങ്ങള്‍ക്കു പ്രശ്നമുണ്ടാക്കുന്നുണ്ടോ? 62 അപ്പോള്‍ മനുഷ്യപുത്രന്‍ അവന്‍ വന്നിടത്തേക്കു തന്നെ തിരിച്ചു പോകുന്നതു നിങ്ങള്‍ കണ്ടാലോ? 63 ശരീരത്തിന് ഒന്നും നേടാന്‍ കഴിയുകയില്ല. ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്കുകള്‍ ആത്മാവാണ്. ഇവ ജീവന്‍ നല്‍കുന്നു. 64 പക്ഷേ നിങ്ങളില്‍ ചിലര്‍ വിശ്വസിക്കുന്നില്ല.” (യേശുവിന് വിശ്വസിക്കാത്തവരെ മനസ്സിലായിരുന്നു. ആദ്യം മുതല്‍ക്കുതന്നെ അവനിത് അറിയാമായിരുന്നു. തനിക്കെതിരെ വിശ്വാസവഞ്ചന ചെയ്യുന്നവനെയും അവന് അറിയാമായിരുന്നു.) 65 യേശു പറഞ്ഞു, “അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ‘എന്‍റെയടുത്തുവരാന്‍ പിതാവ് അനുവദിക്കാത്തവന്‍ എന്‍റെയടുത്തെത്തില്ല.’”
66 യേശു ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ വളരെയധികം ശിഷ്യന്മാര്‍ അവനെ വിട്ടു പോയി. പിന്നീട് അവര്‍ അവന്‍റെ അനുയായികളായില്ല.
67 യേശു തന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരോടും പറഞ്ഞു, “നിങ്ങളും എന്നെ വിട്ടു പോകുന്നോ?”
68 ശിമോന്‍ പത്രൊസ് മറുപടി പറഞ്ഞു, “കര്‍ത്താവേ, ഞങ്ങളെവിടെ പോകും? നിത്യജീവന്‍ തരുന്ന വചനങ്ങള്‍ നിന്‍റെ പക്കലുണ്ട്. 69 ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുന്നു. നീ ദൈവത്തിന്‍റെ പരിശുദ്ധനാണെന്നു ഞങ്ങളറിയുന്നു.”
70 അപ്പോള്‍ യേശു മറുപടി പറഞ്ഞു, “ഞാന്‍ നിങ്ങളെ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു. പക്ഷെ നിങ്ങളിലൊരുവന്‍ പിശാചാണ്.” 71 യേശു ശിമോന്‍ഈസ്കര്യോത്താവിന്‍റെ പുത്രന്‍ യൂദയെപ്പറ്റി ആയിരുന്നു സംസാരിച്ചത്. യൂദാ പന്ത്രണ്ടു അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു. പക്ഷെ അവന്‍ പിന്നീട് യേശുവിന് എതിരെ തിരിഞ്ഞു.