യേശുവും സഹോദരന്മാരും
7
1 അതിനുശേഷം യേശു ഗലീലദേശമാകെ സഞ്ചരിച്ചു. യെഹൂദ്യയിലെ യെഹൂദര്‍ അവനെ കൊല്ലാനുള്ള തക്കം നോക്കിയിരുന്നതിനാല്‍ ആ ദേശത്തുകൂടി സഞ്ചരിക്കുവാന്‍ അവനിഷ്ടപ്പെട്ടില്ല.
2 യെഹൂദരുടെ കൂടാരത്തിരുന്നാള്‍* കൂടാരത്തിരുന്നാള്‍ മോശെയുടെ കാലത്ത് നാല്പത് വര്‍ഷക്കാലം തങ്ങളുടെ പൂര്‍വ്വികര്‍ മരുഭൂമിയില്‍ അലഞ്ഞതിനെ അനുസ്മരിക്കാന്‍ യെഹൂദര്‍ എല്ലാക്കാലവും ഒരു പ്രത്യേക വാരത്തില്‍ കൂടാരങ്ങളില്‍ താമസിച്ചിരുന്നു. അടുത്തിരുന്നു.
3 അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു, “നീ ഇവിടം വിട്ട് യെഹൂദ്യയിലെ ഉത്സവത്തിനു പോകുക. അപ്പോള്‍ അവിടെ നിന്‍റെ ശിഷ്യന്മാര്‍ക്ക് നീ കാണിക്കുന്ന അത്ഭുതപ്രവൃത്തികള്‍ കാണാന്‍ കഴിയും.
4 ആളുകള്‍ തന്നെ അറിയണമെന്ന് ഒരുവനാഗ്രഹമുണ്ടെങ്കില്‍ അവന്‍ തന്‍റെ പ്രവൃത്തികളെ മറച്ചുവെച്ചിട്ടു കാര്യമില്ല. നിന്നെ ലോകത്തിനു കാട്ടിക്കൊടുക്കുക. നിന്‍റെ പ്രവൃത്തികള്‍ അവരറിയട്ടെ.”
5 (യേശുവിന്‍റെ സഹോദരന്മാര്‍ പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.)
6 യേശു തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “എന്‍റെ ശരിയായ സമയം ഇനിയുമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്കെപ്പോഴും ശരിയായ സമയമാണല്ലോ.
7 ലോകത്തിനു നിങ്ങളെ വെറുക്കാനാവില്ല. പക്ഷേ ലോകം എന്നെ വെറുക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ലോകരോട് പറയുന്നു അവരുടെ പ്രവൃത്തികള്‍ ദുഷ്ടതയാണെന്ന്.
8 അതിനാല്‍ നിങ്ങള്‍ പെരുന്നാളിനു പോകുക. എന്‍റെ ശരിയായ സമയം ആഗതമായിട്ടില്ലാത്തിനാല്‍ ഞാനിപ്പോള്‍ ഈ ഉത്സവത്തിനു പോകുന്നില്ല. എന്‍റെ ശരിയായ സമയം ഇനിയും എത്തിയിട്ടില്ല.”
9 യേശു ഇതു പറഞ്ഞതിനു ശേഷം ഗലീലയില്‍ത്തന്നെ തങ്ങി.
10 അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യേശു പരസ്യമായി അവിടെ പോയില്ല. പകരം അവന്‍ രഹസ്യമായി അവിടെപ്പോയി. പക്ഷേ ആളുകള്‍ തന്നെക്കാണാന്‍ യേശു അനുവദിച്ചില്ല.
11 പെരുന്നാള്‍ സ്ഥലത്ത് യെഹൂദര്‍ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ ചോദിച്ചു, “എവിടെ അയാള്‍?”
12 അവിടെ ഒരു വലിയ സംഘം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. അവരില്‍ പലരും രഹസ്യമായി യേശുവിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ചിലര്‍ പറഞ്ഞു, “അയാളൊരു നല്ല മനുഷ്യനാണ്.” പക്ഷേ മറ്റുചിലര്‍ പറഞ്ഞു, “അല്ല, അവന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.”
13 പക്ഷേ ആര്‍ക്കും യേശുവിനെപ്പറ്റി പരസ്യമായി എന്തെങ്കിലും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് യെഹൂദനേതാക്കളെ ഭയമായിരുന്നു.
യേശു യെരൂശലേമില്‍ പഠിപ്പിക്കുന്നു
14 ഉത്സവം ഏതാണ്ടു പകുതി കഴിഞ്ഞു. അപ്പോള്‍ യേശു ദൈവാലയത്തിലെത്തി ഉപദേശിക്കാന്‍ തുടങ്ങി.
15 യെഹൂദര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇയാളൊരിക്കലും വിദ്യാലയത്തില്‍ പോയി പഠിച്ചിട്ടില്ല. പിന്നെങ്ങനെ ഇയാളിത്രയും പഠിച്ചു?”
16 യേശു മറുപടി പറഞ്ഞു, “ഞാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ സ്വന്തമല്ല. എന്‍റെ ഉപദേശങ്ങള്‍ എന്നെ അയച്ചവന്‍റെ വചനങ്ങളാണ്.
17 ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ ഉപദേശം ദൈവത്തില്‍ നിന്നു വന്നതാണെന്നറിയും. ഈ ഉപദേശം എന്‍റെ സ്വന്തമല്ലെന്നും അയാളറിയും.
18 സ്വന്തം ആശയങ്ങള്‍ പഠിപ്പിക്കുന്നവന്‍ സ്വയം ആദരവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ അവനെ അയച്ചവനു ആദരവു നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവന്‍ വിശ്വാസയോഗ്യനാണ്. അവനില്‍ തെറ്റൊന്നുമില്ല.
19 മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം† ന്യായപ്രമാണം സീനായിമലയില്‍ വെച്ച് ദൈവം തന്നെ ഏല്പിച്ച ന്യായപ്രമാണം മോശെ ദൈവത്തിന്‍റെ ജനതയ്ക്കു നല്‍കി. പുറ.34:29-32. തന്നില്ലേ? പക്ഷേ നിങ്ങളിലാരും അതു പാലിക്കുന്നില്ല. നിങ്ങളെന്തിനാണ് എന്നെ വധിക്കാന്‍ ശ്രമിക്കുന്നത്?”
20 ആളുകള്‍ മറുപടി പറഞ്ഞു, “നിന്‍റെ ഉള്ളില്‍ ഭൂതം കുടിയിരിക്കുന്നു. ഞങ്ങള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നില്ല.”
21 യേശു അവരോടു പറഞ്ഞു, “ഞാനൊരത്ഭുതം പ്രവര്‍ത്തിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും അത്ഭുതപ്പെട്ടു.
22 മോശെയുടെ ന്യായപ്രമാണത്തില്‍ പരിച്ഛേദനത്തെപ്പറ്റി പറയുന്നുണ്ട്. (പക്ഷേ യഥാര്‍ത്ഥത്തില്‍ മോശെയല്ല അതിന്‍റെ ഉപജ്ഞാതാവ്. മോശെയ്ക്കും മുന്പു ജീവിച്ചിരുന്ന നമ്മുടെ ആളുകളില്‍ നിന്നാണ് പരിച്ഛേദനം തന്നെ വന്നത്.) അതിനാല്‍ ചിലപ്പോഴൊക്കെ ശബ്ബത്തുദിവസം കുട്ടികളുടെ ഛേദനം നിങ്ങള്‍ നടത്തുന്നു.
23 മോശെയുടെ ന്യായപ്രമാണം അനുസരിച്ചാണ് ശബ്ബത്തുദിവസം ഛേദനം നടത്തിയതെന്ന് ഇതു കാണിക്കുന്നു. പിന്നെന്തിനാണ് ശബ്ബത്തു ദിവസം ഒരാളുടെ മുഴുവന്‍ ശരീരത്തെയും സുഖപ്പെടുത്തിയതിന് നിങ്ങളെന്നോട് ദേഷ്യപ്പെടുന്നത്.
24 ഒന്നും കാണുന്നതുപോലെ വിധിക്കരുത്. നീതിയോടെ ശരിയായതിനെ വിധിക്കുക.”
യേശു ക്രിസ്തുവാണോ എന്ന് സംശയം
25 അപ്പോള്‍ ചില യെരൂശലേംനിവാസികള്‍ പറഞ്ഞു, “ഇയാളെയാണ് അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നത്.
26 പക്ഷേ എല്ലാവര്‍ക്കും കാണുവാനും കേള്‍ക്കുവാനും കഴിയുന്ന സ്ഥലങ്ങളില്‍ വച്ചാണ് അവന്‍ ഉപദേശിക്കുന്നത്. ആരും അവനെ അതില്‍ നിന്നു തടയുന്നുമില്ല. അവന്‍ ക്രിസ്തുവാണെന്ന് നേതാക്കന്മാര്‍ യഥാര്‍ത്ഥമായി ഉറപ്പിച്ചിട്ടുണ്ടാവാം.
27 പക്ഷേ ഇയാള്‍ എവിടെനിന്നാണ് വരുന്നതെന്ന് നമുക്കറിയാം. യഥാര്‍ത്ഥ ക്രിസ്തു വരുന്പോള്‍ അവന്‍ എവിടെ നിന്നാണ് വന്നതെന്നു ആരും അറിയില്ല.”
28 യേശു അപ്പോഴും ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. യേശു പറഞ്ഞു, “അതെ, ഞാനാരെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. പക്ഷേ ഞാന്‍ എന്‍റെ സ്വന്തം അധികാരത്തിലല്ല വന്നിരിക്കുന്നത്. സത്യമായവന്‍ എന്നെ അയച്ചതാണ്. നിങ്ങള്‍ക്കവനെ അറികയില്ല.
29 പക്ഷേ ഞാന്‍ അവനെ അറിയും ഞാന്‍ അവനില്‍ നിന്നുമാണ്. അവന്‍ എന്നെ അയച്ചു.”
30 യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആര്‍ക്കും അവനെ തൊടാനായില്ല. കാരണം യേശു കൊല്ലപ്പെടാനുള്ള സമയമായിരുന്നില്ല.
31 പക്ഷേ ആളുകളിലധികം പേര്‍ അവനില്‍ വിശ്വസിച്ചു. ആളുകള്‍ പറഞ്ഞു, “ഞങ്ങള്‍ ക്രിസ്തുവിന്‍റെ വരവു കാത്തിരിക്കുകയാണ്. ക്രിസ്തു വരുന്പോള്‍ അവന്‍ ഇയാള്‍ ചെയ്തതിനെക്കാള്‍ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതുകൊണ്ട് ഇവന്‍ തന്നെയായിരിക്കണം ക്രിസ്തു.”
യേശുവിനെ പിടിക്കാന്‍ യെഹൂദന്മാര്‍ ശ്രമിക്കുന്നു
32 യേശുവിനെപ്പറ്റി ജനങ്ങള്‍ ഇപ്രകാരം അടക്കം പറയുന്നത് പരീശന്മാര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ മഹാപുരോഹിതരും പരീശന്മാരും ദൈവാലയം സൂക്ഷിക്കുന്ന ഏതാനും നിയമപാലകരെ യേശുവിനെ പിടിക്കാന്‍ അയച്ചു.
33 അപ്പോള്‍ യേശു പറഞ്ഞു, “ഞാനിനി നിങ്ങളോടൊത്തു കുറച്ചു സമയം കൂടിയേ ഉണ്ടായിരിക്കൂ. പിന്നീട് ഞാന്‍ എന്നെ അയച്ചവനിലേക്കു മടങ്ങും.
34 നിങ്ങളെന്നെ തിരയുമെങ്കിലും കണ്ടെത്തില്ല. ഞാന്‍ ഉള്ള സ്ഥലത്ത് നിങ്ങള്‍ക്ക് എത്താനുമാവില്ല.”
35 യെഹൂദന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മള്‍ക്കു കണ്ടുപിടിക്കാനാവാത്ത എവിടേക്കാണിവന്‍ പോവുക. അവന്‍ യവനക്കാരുടെ ഇടയില്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെയടുത്തു പോകുമോ? അവനവിടെ യവനക്കാരെ ഉപദേശിക്കുമോ?
36 നിങ്ങളെന്നെ തിരക്കിയാലും കണ്ടെത്തില്ല. എന്നും, ‘ഞാനുള്ള സ്ഥലത്തേക്കു നിങ്ങള്‍ക്കു വരാനുമാവില്ല’ എന്നും ഇയാള്‍ പറയുന്നു. എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?”
പരിശുദ്ധാത്മാവിനെപ്പറ്റി യേശു
37 പെരുനാളിന്‍റെ അവസാനദിനമെത്തി. അതായിരുന്നു ഏറ്റവും പ്രധാനദിനവും. അന്ന് യേശു നിന്നുകൊണ്ടു വളരെ ഉച്ചത്തില്‍ പറഞ്ഞു, “ദാഹിക്കുന്നവര്‍ക്ക് എന്‍റെയടുത്തു വന്നു കുടിക്കാം.
38 എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ നദിപ്രവാഹം ഉണ്ടാകും. തിരുവെഴുത്തില്‍ അതാണു പറയുന്നത്.”
39 യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും.
ജനങ്ങള്‍ യേശുവിനെപ്പറ്റി തര്‍ക്കിക്കുന്നു
40 യേശുവിന്‍റെ ഈ വാക്കുകള്‍ ആളുകള്‍ കേട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.”
41 മറ്റുള്ളവര്‍ പറഞ്ഞു, “അവന്‍ ക്രിസ്തുവാണ്.”
വേറെ ചിലര്‍ പറഞ്ഞു, “ക്രിസ്തു ഗലീലയില്‍ നിന്നും വരില്ല.
42 ദാവീദിന്‍റെ കുടുംബത്തില്‍ നിന്നാവും ക്രിസ്തു വരികയെന്നു തിരുവെഴുത്ത് പറയുന്നുണ്ട്. ദാവീദു ജീവിച്ചിരുന്ന ബേത്ത്ലേഹെമില്‍നിന്നും വരുമെന്ന് തുരുവെഴുത്ത് പറയുന്നു.”
43 അതിനാല്‍ യേശുവിന്‍റെ കാര്യത്തില്‍ ഒരേ അഭിപ്രായത്തിലെത്താന്‍ അവര്‍ക്കായില്ല.
44 യേശുവിനെ പിടിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ ആരും അതിനു തുനിഞ്ഞില്ല.
യെഹൂദ നേതാക്കള്‍ വിശ്വസിക്കാന്‍ മടിക്കുന്നു
45 ദൈവാലയത്തിലെ നിയമപാലകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തു മടങ്ങിയെത്തി. പുരോഹിതന്മാരും പരീശന്മാരും ചോദിച്ചു, “എന്താ അവനെ കൊണ്ടുവരാത്തത്?”
46 നിയമപാലകര്‍ മറുപടി പറഞ്ഞു, “അവന്‍റെ വാക്കുകള്‍ ആരുടെ വാക്കുകളെക്കാളും മഹത്താണ്.”
47 പരീശന്മാര്‍ മറുപടി പറഞ്ഞു, “യേശു നിങ്ങളെയും മണ്ടന്മാരാക്കിയിരിക്കുന്നു!
48 ജനനായകന്മാരില്‍ ആരെങ്കിലും യേശുവില്‍ വിശ്വസിച്ചോ? ഇല്ല. ഞങ്ങള്‍ പരീശന്മാരിലാരെ ങ്കിലും വിശ്വസിച്ചോ? ഇല്ല.
49 ന്യായപ്രമാണമറിയാതെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രമേ അവനില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തിന്‍റെ ശാപത്തിലാണ്.”
50 എന്നാല്‍ നിക്കൊദേമൊസ് അവരുടെയിടയില്‍ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് മുന്പ് യേശുവിനെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ളത്. നിക്കൊദേമൊസ് പറഞ്ഞു,
51 “ഒരുവനെ വിചാരണ കൂടാതെ വിധിക്കാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. അവനെന്തു ചെയ്തുവെന്നറിയാതെ നമുക്കവനെ വിധിക്കാനാവില്ല.”
52 യെഹൂദപ്രമാണിമാര്‍ മറുപടി പറഞ്ഞു, “നീയും ഗലീലയില്‍ നിന്നും വന്നവനാണോ? തിരുവെഴുത്തുകള്‍ പഠിക്കുക. ഗലീലയില്‍ നിന്നും ഒരു പ്രവാചകനും വരുന്നില്ലെന്നു നിനക്കു മനസ്സിലാക്കാം.”
വേശ്യാവൃത്തിയില്‍ ഒരുവള്‍ പിടിക്കപ്പെടുന്നു
53 യെഹൂദനേതാക്കളെല്ലാവരും വീടുകളിലേക്കു പോയി.‡ 7:53-8:11 യോഹന്നാന്‍ സുവിശേഷത്തിന്‍റെ പഴയതും വിശ്വസിനീയവുമായ ഗ്രീക്കു പതിപ്പുകളില്‍ ഈ ഭാഗം ചേര്‍ത്തിട്ടില്ല.