ചില യെഹൂദന്മാര്‍ യേശുവിനെ വിമര്‍ശിക്കുന്നു
(മര്‍ക്കൊ. 2:23-28; ലൂക്കൊ. 6:1-5)
12
1 അതേ സമയം ഒരു ശബ്ബത്തു ദിവസം യേശു ധാന്യവയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. അവര്‍ക്കു വിശക്കുന്നുണ്ടായിരുന്നു. അതിനാലവര്‍ ധാന്യങ്ങള്‍ പറിച്ചു തിന്നാന്‍ തുടങ്ങി
2 പരീശര്‍ അതു കണ്ടു. അവര്‍ യേശുവിനോടു പറഞ്ഞു, “നോക്കൂ, ശബ്ബത്തു ദിവസം യെഹൂദന്യായപ്രമാണം വിലക്കുന്നതല്ലേ നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നത്?”
3 യേശു അവരോടു പറഞ്ഞു, “തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും വിശന്നപ്പോള്‍ ദാവീദ് ചെയ്തത് നിങ്ങള്‍ വായിച്ചിട്ടില്ലേ?
4 ദാവീദ് ദൈവാലയത്തില്‍ പ്രവേശിച്ചു. അവനും അവന്‍റെ ആള്‍ക്കാരും വഴിപാടിനുള്ള അപ്പം എടുത്തു തിന്നു.” ശബ്ബത്തിനെ സംബന്ധിച്ച ന്യായപ്രമാണം ലംഘിക്കല്‍. അതും ന്യായപ്രമാണ വിരുദ്ധമായിരുന്നു. പുരോഹിതര്‍ക്കു മാത്രമേ അതു തിന്നാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ.
5 എല്ലാ ശബ്ബത്തുദിവസവും ദൈവാലയത്തിലെ പുരോഹിതര്‍ ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നത് മോശെയുടെ ന്യായപ്രമാണത്തില്‍ വായിച്ചിട്ടുണ്ടല്ലോ. എന്നാല്‍ പുരോഹിതര്‍ അതു ചെയ്യുന്നതില്‍ തെറ്റില്ല.
6 ഞാന്‍ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാള്‍ മഹത്തായ ചിലത് ഇവിടെയുണ്ട്.
7 തിരുവെഴുത്തില്‍ പറയുന്നു, ‘മൃഗയാഗത്തെക്കാള്‍ ജനങ്ങളുടെ ഇടയില്‍ ദയ കാംക്ഷിക്കുന്നു.’ ഈ വാക്കുകളുടെ അര്‍ത്ഥമെന്തെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ നിരപരാധികളെ നിങ്ങള്‍ വിധിക്കില്ല.
8 “മനുഷ്യപുത്രന്‍ ശബ്ബത്തു ദിവസത്തിന്‍റെ കര്‍ത്താവാണ്.”
ഒരാളുടെ തളര്‍ന്ന കൈ യേശു സുഖപ്പെടുത്തുന്നു
(മര്‍ക്കൊ. 3:1-6; ലൂക്കൊ. 6:6-11)
9 യേശു അവിടം വിട്ടു അവരുടെ യെഹൂദപ്പള്ളിയിലേക്കു പോയി.
10 അവിടെ ഒരു കൈ തളര്‍ന്ന ഒരാളുണ്ടായിരുന്നു. യേശുവിലെന്തെങ്കിലും തെറ്റു കാണാന്‍ കാത്തുനിന്നവരും അവിടെയുണ്ടായിരുന്നു. അവര്‍ യേശുവിനോടു ചോദിച്ചു, “ശബ്ബത്തു ദിവസം രോഗശാന്തി വരുത്തുന്നതു ശരിയാണോ?”
11 യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ അധീനതയിലുള്ള ഏക കുഞ്ഞാട് ശബ്ബത്തു ദിവസം കുഴിയില്‍ വീണാല്‍ നിങ്ങളതിനെ കുഴിയില്‍ നിന്നും പുറത്തെടുക്കും.
12 തീര്‍ച്ചയായും ഒരു മനുഷ്യന്‍ ആടിനെക്കാള്‍ പ്രധാനമാണ്. അതിനാല്‍ ശബ്ബത്തുദിവസം നന്മ ചെയ്യുവാന്‍ മോശെയുടെ ന്യായപ്രമാണം അനുവദിക്കുന്നു.”
13 അനന്തരം യേശു കൈ തളര്‍ന്നവനോടു പറഞ്ഞു, “നിന്‍റെ കൈ ഒന്നു കാണട്ടെ.” അയാള്‍ തന്‍റെ കൈ യേശുവിന്‍റെ നേരെ നീട്ടി. അപ്പോള്‍ത്തന്നെ മറ്റേ കൈ പോലെ ആ കൈ വീണ്ടും ആരോഗ്യം പ്രാപിച്ചു.
14 എന്നാല്‍ അവിടം വിട്ടുപോയ പരീശര്‍ യേശുവിനെ കൊല്ലാന്‍ ആലോചിച്ചു.
യേശുവാണ് ദൈവം തിരഞ്ഞെടുത്ത ദാസന്‍
15 പരീശര്‍ ചെയ്യുന്നതെന്താണെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവിടം വിട്ടു. അനേകം പേര്‍ അവനെ പിന്തുടരുകയും രോഗികളായവരെ അവന്‍ സുഖപ്പെടുത്തുകയും ചെയ്തു.
16 എന്നാല്‍ താന്‍ ആരാണെന്ന് മറ്റാരോടും പറയരുതെന്നവന്‍ താക്കീതു ചെയ്തു.
17 യെശയ്യാപ്രവാചകന്‍റെ വാക്കുകള്‍ നിറവേറ്റാനാണവന്‍ ഇതെല്ലാം ചെയ്തത്. യെശയ്യാവ് പറഞ്ഞു,
18 “ഇതാ എന്‍റെ ദാസന്‍;
ഞാനവനെ തിരഞ്ഞെടുത്തിരിക്കുന്നു.
ഞാനവനെ സ്നേഹിക്കുന്നു,
അവനില്‍ ഞാന്‍ സന്തുഷ്ടനുമാണ്;
എന്‍റെ ആത്മാവിനെ ഞാനവനില്‍ ആവസിപ്പിക്കും.
ജാതികള്‍ക്കിടയില്‍ എന്‍റെ നേരായ വിധി അവന്‍ പ്രഖ്യാപിക്കും.
19 അവന്‍ തര്‍ക്കിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യില്ല.
തെരുവുകളില്‍ ആരും അവന്‍റെ ശബ്ദം കേള്‍ക്കുകയുമില്ല.
20 വളഞ്ഞ ഞാങ്ങണ അവന്‍ ഒടിക്കയില്ല,
എരിഞ്ഞു തീരാറായ പ്രകാശം അവന്‍ അണയ്ക്കുകയില്ല.
നീതിയെ വിജയത്തിലെത്തിക്കും വരെ അവനിതു തുടരും.
21 രാഷ്ട്രങ്ങള്‍ അവരുടെ പ്രത്യാശ അവനില്‍ വയ്ക്കും.” യെശയ്യാവ് 42:1-4
യേശുവിന്‍റെ ശക്തി ദൈവത്തില്‍ നിന്ന്
(മര്‍ക്കൊ. 3:20-30; ലൂക്കൊ. 11:14-23; 12:10)
22 അപ്പോള്‍ ചിലര്‍ ചേര്‍ന്ന് ഒരാളെ യേശുവിന്‍റെയടുക്കല്‍ കൊണ്ടുവന്നു. ഒരു ഭൂതം ബാധിച്ചതിനാല്‍ അയാള്‍ അന്ധനും ഊമനുമായിരുന്നു. യേശു അയാളെ സുഖപ്പെടുത്തി കാഴ്ചയും സംസാരശേഷിയും തിരിച്ചു നല്‍കി.
23 എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഈ മനുഷ്യനായിരിക്കും ദൈവം നമ്മുടെയിടയിലേക്കു അയയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത ദാവീദിന്‍റെ പുത്രന്‍.”
24 ആളുകളിങ്ങനെ പറഞ്ഞത് പരീശര്‍ കേട്ടു. പരീശര്‍ പറഞ്ഞു, “ബെയെത്സെബൂലിന്‍റെ സഹായത്തോടെയാണിവന്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത്. ഭൂതങ്ങളുടെ നേതാവാണ് ബെയെത്സെബൂല്‍.”
25 പരീശര്‍ ചിന്തിക്കുന്നതെന്താണെന്ന് യേശുവിനറിയാമായിരുന്നു. അതിനാല്‍ യേശു അവരോടു പറഞ്ഞു, “അന്തഃഛിദ്രമുള്ള ഏതു രാജ്യവും നശിക്കും. വിഭജിക്കപ്പെട്ട പട്ടണം നിലനില്‍ക്കില്ല. വിഭജിക്കപ്പെട്ട കുടുംബത്തിനും നിലനില്‍പ്പില്ല.
26 സാത്താന്‍ സാത്താനെ ഒഴിപ്പിച്ചാല്‍ സാത്താന്‍ തനിക്കെതിരായിട്ട് വിഭജിക്കപ്പെടും. അവന്‍റെ രാജ്യത്തിനു തുടരാന്‍ കഴിയുകയുമില്ല.
27 ഭൂതങ്ങളെ ഒഴിപ്പിക്കുന്പോള്‍ ഞാന്‍ സാത്താന്‍റെ ശക്തി ഉപയോഗിക്കുന്നുവെന്ന് നിങ്ങള്‍ പറയുന്നു. അതു ശരിയാണെങ്കില്‍, നിങ്ങളുടെ ആള്‍ക്കാര്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ആരുടെ ശക്തിയാലാണ്? അതിനാല്‍ നിങ്ങള്‍ക്കു തെറ്റിയെന്നു നിങ്ങളുടെ ആളുകള്‍ തന്നെ തെളിയിക്കുന്നു.
28 എന്നാല്‍ ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ ഞാന്‍ ദൈവത്തിന്‍റെ ആത്മാവിന്‍റെ ശക്തിയാണ് ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ദൈവരാജ്യം നിങ്ങള്‍ക്കായി നിങ്ങളുടെ മേല്‍ വന്നു കഴിഞ്ഞു എന്നാണ്.
29 കരുത്തനായ ഒരാളുടെ വീട്ടില്‍ കടന്ന് അയാളുടെ സാധനങ്ങള്‍ മോഷ്ടിക്കാനാഗ്രഹിക്കുന്നവന്‍ ആദ്യം വീട്ടുടമയെ ബന്ധിക്കണം. എന്നാല്‍ ശക്തന്‍റെ വീട് അവനു കൊള്ളയടിക്കാന്‍ കഴിയും.
30 എന്നോടൊപ്പമില്ലാത്തവന്‍ എനിക്കെതിരാകുന്നു; എന്നോടൊപ്പം ശേഖരിക്കാത്തവന്‍ ഞാന്‍ ശേഖരിച്ചതു ചിതറിക്കുകയും ചെയ്യുന്നു.
31 “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങള്‍ക്കും അവര്‍ പൊറുക്കപ്പെടാം. അവര്‍ പറയുന്ന എല്ലാ ദുഷിച്ച വാക്കുകള്‍ക്കും അവര്‍ ക്ഷമിക്കപ്പെടാം. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി വാക്കുകളിലൂടെ ദൈവത്തെ നിന്ദിക്കുന്നവനു ക്ഷമ കിട്ടുകയില്ല.
32 മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവന് മാപ്പു കിട്ടിയെന്നുവരാം. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി സംസാരിക്കുന്നവന്‍ പൊറുക്കപ്പെടില്ല. അവന് ഈ ലോകത്തിലും വരാനിരിക്കുന്ന ലോകത്തിലും മാപ്പില്ല.
നിങ്ങളുടെ അയാളങ്ങള്‍
(ലൂക്കൊ. 6:43-45)
33 “നല്ല ഫലം വേണമെങ്കില്‍ വൃക്ഷം നല്ലതായിരിക്കണം. നിങ്ങളുടെ മരം നല്ലതല്ലെങ്കില്‍ അതിനെ നന്നാക്കി എടുക്കണം. ഒരു വൃക്ഷം അറിയപ്പെടുന്നത് അതുണ്ടാക്കുന്ന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ്.
34 പാന്പുകളേ, ദുഷ്ടന്മാരേ, എങ്ങനെ നിങ്ങള്‍ക്കു നന്മ സംസാരിക്കാനാകും? ഹൃദയത്തിലുള്ളതാണല്ലോ വായ് സംസാരിക്കുന്നത്.
35 നല്ലവനായ ഒരുവന്‍ അയാളുടെ ഹൃദയത്തില്‍ നന്മ സൂക്ഷിക്കുന്നു. അതിനാലവന് സ്വന്തം ഹൃദയത്തില്‍ നിന്നു വരുന്ന നല്ല കാര്യങ്ങള്‍ സംസാരിക്കാനാകുന്നു. എന്നാല്‍ ദുഷ്ടനായ ഒരുവന്‍റെ മനസ്സില്‍ ദുഷ്ടത നിറയുന്നു. അതിനാല്‍ അയാള്‍ സംസാരിക്കുന്നത് അയാളുടെ ഹൃദയത്തില്‍നിന്നും വരുന്ന ദുഷിച്ച കാര്യങ്ങളാകും.
36 ഞാന്‍ നിങ്ങളോടു പറയുന്നു, തങ്ങള്‍ പറയുന്ന നിസ്സാരമായ ഓരോ വാക്കിനും ജനങ്ങള്‍ വിധിദിവസത്തില്‍ കണക്കു പറയേണ്ടിവരും. അന്ത്യവിധി ദിവസമാണിങ്ങനെ വേണ്ടി വരിക.
37 നിങ്ങള്‍ പറഞ്ഞ വാക്കുകളനുസരിച്ചാവും നിങ്ങളെ വിധിക്കുക. നിങ്ങളുടെ ചില വാക്കുകള്‍ നിങ്ങളെ നീതീകരിക്കും. എന്നാല്‍ വേറേ ചില വാക്കുകള്‍ക്ക് നിങ്ങള്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”
യെഹൂദന്മാര്‍ അടയാളം ചോദിക്കുന്നു
(മര്‍ക്കൊ. 8:11-12; ലൂക്കൊ. 11:29-32)
38 അപ്പോള്‍ പരീശന്മാര്‍ ചിലരും ശാസ്ത്രിമാരും യേശുവിനോടു പറഞ്ഞു, “ഗുരോ, ഒരടയാളമായി അങ്ങ് ഒരു വീര്യപ്രവൃത്തി ചെയ്യുന്നതു ഞങ്ങള്‍ക്കു കാണണം.”
39 യേശു മറുപടി പറഞ്ഞു, “ദുഷ്ടരും പാപികളുമായവരാണ് അടയാളമായി വീര്യപ്രവൃത്തി ആവശ്യപ്പെടുക. എന്നാല്‍ അവര്‍ക്കായി ഒരു വീര്യപ്രവൃത്തിയും നല്‍കപ്പെടുകയില്ല. യോനാപ്രവാചകനു സംഭവിച്ച അത്ഭുതമാണ് ഏക അടയാളം.
40 മൂന്നു രാത്രിയും മൂന്നു പകലും യോനാ ഒരു വലിയ മീനിന്‍റെ വയറ്റില്‍ കിടന്നു. അതുപോലെ മനുഷ്യപുത്രന്‍ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഹൃദയത്തിന്‍റെ ഉള്ളില്‍ ഇരിക്കും.
41 വിധിദിവസം നീനെവേയിലുള്ളവര്‍ നിങ്ങളോടൊപ്പം എഴുന്നേറ്റുനിന്ന് നിങ്ങള്‍ കുറ്റവാളികളാണെന്നു തെളിയിക്കും. എന്തുകൊണ്ടെന്നാല്‍ യോനാ അവരോടു പ്രസംഗിച്ചപ്പോള്‍ അവര്‍ അനുതപിച്ചു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ യോനയെക്കാള്‍ മഹാനാണ്.
42 “അന്ത്യവിധിയില്‍ തെക്കിന്‍റെ റാണി ഇന്നത്തെ നിങ്ങളുടെ തലമുറക്കാരോടൊപ്പം എണീറ്റു നിന്ന് അവര്‍ക്കു തെറ്റു പറ്റിയിരിക്കുന്നു എന്നു തെളിയിക്കും. എന്തുകൊണ്ടെന്നാല്‍, ആ രാജ്ഞി വളരെ വളരെ അകലെനിന്നും ശലോമോന്‍റെ വിജ്ഞാനപ്രദമായ ബുദ്ധിയുപദേശം കേള്‍ക്കാന്‍ വന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ ശലോമോനെക്കാളും വലിയവനാണ്.
ഈ തലമുറക്കാര്‍ പാപികള്‍
(ലൂക്കൊ. 11:24-26)
43 “ഒരാളില്‍നിന്നും പുറത്തു വരുന്ന അശുദ്ധാത്മാവ് വിശ്രമിക്കാനൊരിടം തേടി മരുഭൂമിയിലൂടെ സഞ്ചരിക്കുന്നു. എന്നാലവന്‍ ഒരിടവും കണ്ടെത്തിയില്ല.
44 “അതിനാല്‍ അശുദ്ധാത്മാവ് പറയുന്നു, ‘ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു തന്നെ തിരിച്ചു പോകുന്നു.’ അശുദ്ധാത്മാവ് അയാളിലേക്കു മടങ്ങി വന്നപ്പോള്‍ അയാളുടെ ശരീരം ശൂന്യമായിരിക്കുന്നതായി കാണുന്നു. ആ വീട് അടിച്ചു വാരി വൃത്തിയാക്കിയിരിക്കുന്നു.
45 അശുദ്ധാത്മാവ് പുറത്തുപോയി തന്നെക്കാള്‍ ദുഷിച്ച മറ്റ് ഏഴു അശുദ്ധാത്മാക്കളുമായി മടങ്ങിവന്ന് അവരെല്ലാം കൂടി അയാളില്‍ താമസിക്കുന്നു. അതോടെ അയാള്‍ പൂര്‍വ്വാധികം വഷളനായി. ദുഷിച്ച ഈ തലമുറക്കാരുടെ അവസ്ഥ ഇതുതന്നെയാണ്.”
അവന്‍റെ ശിഷ്യന്മാര്‍ അവന്‍റെ കുടുംബക്കാര്‍
(മര്‍ക്കൊ. 3:31-35; ലൂക്കൊ. 8:19-21)
46 യേശു ജനങ്ങളെ പഠിപ്പിക്കവെ അവന്‍റെ മാതാവും സഹോദരങ്ങളും പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് അവനോടു സംസാരിക്കണമായിരുന്നു.
47 ഒരാള്‍ യേശുവിനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിക്കാനായി വെളിയില്‍ കാത്തു നില്‍ക്കുന്നു.”
48 യേശു അവനോടു മറുപടി പറഞ്ഞു, “ആരാണെന്‍റെ അമ്മ? ആരാണെന്‍റെ സഹോദരന്മാര്‍?”
49 പിന്നീട് യേശു തന്‍റെ ശിഷ്യന്മാരെ ചൂണ്ടിപ്പറഞ്ഞു, “നോക്കൂ, ഇവരാണ് എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.
50 എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവരാണ്.”