ദൈവത്തിന്‍റെ ന്യായപ്രമാണവും മനുഷ്യരുണ്ടാക്കുന്ന ചട്ടങ്ങളും
(മര്‍ക്കൊ. 7:1-23)
15
1 പിന്നീട് ഏതാനും പരീശന്മാരും ശാസ്ത്രികളും യേശുവിനെ സമീപിച്ചു. യെരൂശലേമില്‍ നിന്നും വന്ന അവര്‍ യേശുവിനോടു ചോദിച്ചു,
2 നമ്മുടെ മഹാന്മാരായ പൂര്‍വ്വികര്‍ നമുക്കു തന്ന ചട്ടങ്ങള്‍ നിന്‍റെ ശിഷ്യന്മാരെന്തേ പാലിക്കുന്നില്ല? അവര്‍ ആഹാരത്തിനു മുന്പ് കൈ കഴുകുന്നില്ല.”
3 യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ ചട്ടങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കല്പനകളെ നിങ്ങളെന്തുകൊണ്ട് അനുസരിക്കുന്നില്ല?
4 ദൈവം പറഞ്ഞിട്ടുണ്ട്, ‘നിങ്ങള്‍ അപ്പനമ്മമാരെ ബഹുമാനിക്കണം.’✡ ഉദ്ധരണി പുറ. 20:12; ആവ. 5:16. ‘അപ്പനമ്മമാരോട് ദുഷിച്ചു സംസാരിക്കുന്നവന്‍ വധാര്‍ഹനാണ്.’✡ ഉദ്ധരണി പുറ. 21:7. എന്നു പറഞ്ഞിട്ടുണ്ട്.
5 എന്നാല്‍ നിങ്ങളിങ്ങനെ പഠിപ്പിക്കുന്നു. അമ്മയോടോ അപ്പനോടോ ഇങ്ങനെ പറയാന്‍ നിങ്ങള്‍ അനുവദിക്കുന്നു. ‘നിങ്ങളെ സഹായിക്കാനായി എനിക്കു ചിലതു തരാന്‍ കഴിയും. പക്ഷേ ഞാന്‍ അതു ചെയ്യുകയില്ല. ഞാനതു ദൈവത്തിനു കൊടുക്കും’ എന്നു പറയാമെന്ന്.
6 ഇത്തരത്തില്‍ അവന്‍ അവന്‍റെ അപ്പനെ ആദരിക്കേണ്ടതില്ല. അങ്ങനെ നിങ്ങളുടെ ചട്ടങ്ങള്‍ പാലിക്കുന്നതിനുവേണ്ടി നിങ്ങള്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അവഗണിച്ചിരിക്കുന്നു.
7 കപടഭക്തിക്കാരേ, യെശയ്യാവ് നിങ്ങളെപ്പറ്റി പറഞ്ഞതു ശരിതന്നെ. യെശയ്യാവ് പറഞ്ഞു,
8 'തങ്ങള്‍ എന്നെ ആദരിക്കുന്നുവെന്ന് അവര്‍ പറയുന്നു,
എന്നാലവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ പ്രധാനഭാഗമാക്കുന്നില്ല.
9 അവര്‍ എന്നെ ആരാധിക്കുന്നതു വെറുതെയാണ്.
എന്തെല്ലാം അവര്‍ പഠിപ്പിച്ചോ ആ കാര്യങ്ങള്‍ മനുഷ്യരുണ്ടാക്കിയ ചട്ടങ്ങള്‍ മാത്രം.'” യെശയ്യാവ് 29:13
10 യേശു ജനങ്ങളെ തന്‍റെയടുത്തേക്കു വിളിച്ചു. അവന്‍ പറഞ്ഞു, “ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.
11 ഒരാള്‍ തന്‍റെ വായിലേക്കിടുന്ന വസ്തുക്കളല്ല അയാളെ ചീത്തയാക്കുന്നത്. മറിച്ച് അയാള്‍ തന്‍റെ വായകൊണ്ട് പറയുന്നവയാണ്.”
12 ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു, “നീ ഈ പറഞ്ഞതു കേട്ടാണ് പരീശന്മാര്‍ നിന്നോടു കോപിച്ചിരിക്കുന്നതെന്നു നിനക്കറിയുമോ?”
13 യേശു മറുപടി പറഞ്ഞു, “സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടതല്ലാത്ത ഓരോ ചെടിയും വേരോടെ പിഴുതെറിയപ്പെടും.
14 പരീശന്മാര്‍ അവരുടെ വഴിക്കുപോകട്ടെ. അവര്‍ ആളുകളെ നയിക്കുന്നത് അന്ധരെ അന്ധര്‍ നയിക്കുന്നതു പോലെയാണ്. ഒരന്ധനെ മറ്റൊരന്ധന്‍ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.”
15 പത്രൊസ് ചോദിച്ചു, “നീ ആളുകളോടു പറഞ്ഞ കഥയൊന്നു വിവരിക്കാമോ?”
16 യേശു പറഞ്ഞു, “ഇനിയും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലെന്നോ?
17 മനുഷ്യന്‍റെ വായിലേക്കു പ്രവേശിക്കുന്ന ആഹാരമെല്ലാം അയാളുടെ വയറ്റിലേക്കു പോകുന്നു.
18 എന്നാല്‍ വായില്‍നിന്നു പുറത്തു വരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്. ഇതൊരുവനെ അശുദ്ധനാക്കുന്നു.
19 ഈ ദുഷിച്ചവയെല്ലാം മനുഷ്യമനസ്സില്‍ ജനിക്കുന്നു. ദുഷ്ടചിന്തകള്‍, കൊലപാതകം, വ്യഭിചാരം, ലൈംഗികപാപങ്ങള്‍, അപഹരണം, നുണ, മറ്റുള്ളവര്‍ക്കെതിരെ കള്ളസാക്ഷി പറയുക, എന്നിങ്ങനെ.
20 ഇതെല്ലാം ഒരു വ്യക്തിയെ ദുഷിപ്പിക്കുന്നു. എന്നാല്‍ ആഹാരത്തിനു മുന്പ് കൈ കഴുകാത്തതുകൊണ്ട് ആരും അശുദ്ധനാകുന്നില്ല.”
യേശു ഒരു പുറജാതിയായ സ്ത്രീയെ സഹായിക്കുന്നു
(മര്‍ക്കൊ. 7:24-30)
21 യേശു അവിടം വിട്ട് സോരിന്‍റെയും സീദോന്‍റെയും പ്രദേശത്തേക്കു പോയി.
22 ഒരു കനാന്‍കാരി യേശുവിനെ സമീപിച്ചു. അവള്‍ നിലവിളിച്ചു, “കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, എന്നില്‍ കരുണ കാട്ടൂ. എന്‍റെ മകളെ ഭൂതം ബാധിച്ചിരിക്കുന്നു. അവള്‍ വളരെ കഷ്ടപ്പെടുന്നു.”
23 എന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിനാല്‍ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു യാചിച്ചു, “അവളെ പറഞ്ഞയച്ചാലും അവള്‍ അലറിക്കൊണ്ടു നമ്മെ പിന്തുടരുന്നു.”
24 യേശു പറഞ്ഞു, “യിസ്രായേലിലെ നഷ്ടപ്പെട്ടവരുടെ അടുത്തേക്കു മാത്രമാണ് ദൈവമെന്നെ അയച്ചത്.”
25 സ്ത്രീ വീണ്ടും യേശുവിനെ സമീപിച്ചു. അവള്‍ യേശുവിന്‍റെ മുന്പില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിച്ചു, “കര്‍ത്താവേ, എന്നെ സഹായിച്ചാലും.”
26 യേശു മറുപടി പറഞ്ഞു, “മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളെടുത്ത് നായ്ക്കള്‍ക്കു എറിഞ്ഞു കൊടുക്കുന്നതു ശരിയല്ല.”
27 അവള്‍ പറഞ്ഞു, “ശരിയാണ് കര്‍ത്താവേ, എന്നാലും അവരുടെ യജമാനന്‍റെ മേശപ്പുറത്തു നിന്നും വീഴുന്നവയെങ്കിലും നായ്ക്കള്‍ തിന്നാറുണ്ടല്ലോ.”
28 അപ്പോള്‍ യേശു പറഞ്ഞു, “സ്ത്രീയെ നിനക്കു വലിയ വിശ്വാസമുണ്ട്, നിന്‍റെ ഇഷ്ടം സാധിക്കട്ടെ.” ആ സമയം അവളുടെ മകള്‍ സുഖം പ്രാപിച്ചു.
അനേകം പേരെ യേശു സുഖപ്പെടുത്തുന്നു
29 അനന്തരം യേശു അവിടം വിട്ട് ഗലീലക്കടല്‍ക്കരയിലേക്കു പോയി. അവന്‍ ഒരു മലയിലേക്കു കയറി നിലത്തിരുന്നു.
30 അനേകംപേര്‍ അവനെ സമീപിച്ചു. അവര്‍ ഒരുപാടു രോഗികളെ അവരോടൊപ്പം കൊണ്ടുവന്നു. മുടന്തര്‍, അന്ധര്‍, തളര്‍ന്നവര്‍, ബധിരര്‍, അങ്ങനെ പലതരക്കാര്‍. യേശു അവരെ സുഖപ്പെടുത്തി.
31 സംസാരിക്കാനാകാത്തവര്‍ സംസാരിക്കുന്നതും തളര്‍ന്നവര്‍ പൂര്‍ണ്ണകായരാകുന്നതും നടക്കാനാകാത്തവര്‍ നടക്കുന്നതും അന്ധര്‍ കാണുന്നതുമൊക്കെക്കണ്ട് ആളുകള്‍ അന്പരന്നു. യിസ്രായേലിന്‍റെ ദൈവത്തോട് അവരതിനു നന്ദി പറഞ്ഞു.
നാലായിരത്തിലധികം പേരെ തീറ്റുന്നു
(മര്‍ക്കൊ. 8:1-10)
32 യേശു ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു, “എനിക്കു ജനക്കൂട്ടത്തോടു അനുകന്പ തോന്നുന്നു. മൂന്നു ദിവസമായി അവരെന്‍റെ കൂടെയുണ്ട്. ഇപ്പോഴാകട്ടെ അവര്‍ക്കു കഴിക്കാനുമൊന്നുമില്ല. അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാന്‍ എനിക്കിഷ്ടമില്ല. വീട്ടിലേക്കു പോകും വഴി അവര്‍ തളര്‍ന്നു വീഴും.”
33 ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “ഇവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ മാത്രം അപ്പക്കഷണങ്ങള്‍ നമുക്കെവിടുന്നു കിട്ടും? നമ്മള്‍ വിദൂരമായ സ്ഥലത്താണിപ്പോള്‍.”
34 യേശു ചോദിച്ചു, “നിങ്ങളുടെ കയ്യില്‍ എത്ര അപ്പക്കഷണങ്ങളുണ്ട്?”
ശിഷ്യന്മാര്‍ പറഞ്ഞു, “ഏഴ് അപ്പക്കഷണങ്ങളും ഏതാനും ചെറുമീനും.”
35 യേശു ജനങ്ങളോട് മൈതാനത്ത് നിരന്നിരിക്കാന്‍ പറഞ്ഞു,
36 അവര്‍ ഏഴു അപ്പവും മീനും എടുത്തു. ആഹാരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു. യേശു അപ്പം വീതിച്ച് ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. അവര്‍ അതു ജനങ്ങള്‍ക്കു കൊടുത്തു.
37 എല്ലാവരും തിന്നു തൃപ്തരായി. എന്നിട്ട് മിച്ചം വന്ന അപ്പക്കഷണങ്ങള്‍ ശേഖരിച്ചു ഏഴു കുട്ടകള്‍ നിറച്ചു.
38 സ്ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരത്തോളംപേര്‍ കഴിക്കാനുണ്ടായിരുന്നു.
39 അവര്‍ ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ യേശു അവരെ വീടുകളിലേക്കു പറഞ്ഞയച്ചു. അതിനുശേഷം യേശു വള്ളത്തില്‍ മഗദായിലേക്കു പോയി.