ആരാണ് ശ്രേഷ്ഠന്‍
(മര്‍ക്കൊ. 9:33-37; ലൂക്കൊ. 9:46-48)
18
1 ആ സമയം ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. അവര്‍ ചോദിച്ചു, “സ്വര്‍ഗ്ഗരാജ്യത്തില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്‍?”
2 യേശു ഒരു കൊച്ചുകുട്ടിയെ തന്‍റെയടുത്തേക്കു വിളിച്ചു. കുട്ടിയെ അവന്‍ ശിഷ്യന്മാരുടെ മുന്പില്‍ നിര്‍ത്തി.
3 എന്നിട്ട് യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, നിങ്ങള്‍ മാനസാന്തരപ്പെട്ട് കുഞ്ഞുങ്ങളെപ്പോലെയാകണം. അല്ലെങ്കില്‍ നിങ്ങളൊരിക്കലും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ല.
4 ഈ കുഞ്ഞിനെപ്പോലെ സ്വയം വിനീതനാകുന്ന ഒരുവനായിരിക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ ശ്രേഷ്ഠനായി കരുതപ്പെടുക.
5 “എന്‍റെ നാമത്തില്‍ ഒരാള്‍ ഇതുപോലൊരു കുട്ടിയെ സ്വീകരിച്ചാല്‍ അയാള്‍ എന്നെയാവും സ്വീകരിക്കുക.
പാപത്തിന്‍റെ പരിണിത ഫലത്തെക്കുറിച്ച് യേശു
(മര്‍ക്കൊ. 9:42-48; ലൂക്കൊ. 17:1-2)
6 “ഇവരില്‍ എന്നില്‍ വിശ്വസിക്കുന്ന ഒരു കൊച്ചുകുട്ടിയെക്കൊണ്ട് മറ്റാരെങ്കിലും പാപം ചെയ്യിച്ചാല്‍ അയാള്‍ക്ക് വളരെ കഷ്ടം. അയാള്‍ സ്വന്തം കഴുത്തില്‍ ഒരു തിരിക്കല്ലു കെട്ടിത്തൂക്കി അഗാധമായ കടലില്‍ മുങ്ങിത്താഴുന്നതാവും ഭേദം.
7 അവരെ പാപികളാക്കുന്ന സംഗതികളെക്കുറിച്ച് ഓര്‍ക്കുന്പോള്‍ ഈ ലോകവാസികളോട് എനിക്കു കരുണ തോന്നുന്നു. അവ സംഭവിക്കണം. എന്നാല്‍ അതാരില്‍നിന്നു സംഭവിക്കുന്നുവോ അവനു ദുര്‍ഗതി വരും.
8 നിങ്ങളുടെ കയ്യോ കാലോ നിങ്ങളെ പാപം ചെയ്യിക്കുന്നുവെങ്കില്‍ അതു മുറിച്ചു കളയുക. നിങ്ങള്‍ അംഗഭംഗം ഏര്‍പ്പെട്ടവനും വികലാംഗനും ആയിരുന്നാല്‍ പോലും നിത്യജീവന്‍ കിട്ടുക എന്നത് എപ്പോഴും മെച്ചപ്പെട്ടതു തന്നെ. രണ്ടു കൈകാലുകളുമുണ്ടായിരിക്കെ നരകത്തിലെറിയപ്പെടുന്നതിലും ഭേദം അതു തന്നെയാണ്.
9 പാപം ചെയ്യാന്‍ നിങ്ങളുടെ കണ്ണു പ്രേരകമായാല്‍ അതെടുത്തു കളയുക. ഒരു കണ്ണുമായി നിത്യജീവന്‍ കിട്ടുന്നതു തന്നെയാണ് നല്ലത്. രണ്ടു കണ്ണുകളോടെയും നരകത്തിലെറിയപ്പെടുന്നതിലും നല്ലത് അതാണ്.
നഷ്ടപ്പെട്ട ആടിന്‍റെ കഥ
(ലൂക്കൊ. 15:3-7)
10 “സൂക്ഷിച്ചിരിക്കുക. കൊച്ചുകുട്ടികള്‍ അപ്രധാനരെന്നു കരുതരുത്. കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരുണ്ട്. ആ ദൂതന്മാരാകട്ടെ എപ്പോഴും സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ കൂടെയുമാണ്.
11 + ചില ഗ്രീക്കു പതിപ്പുകളില്‍ പതിനൊന്നാം വാക്യത്തില്‍ ഇത്രയും കൂടിയുണ്ട്. “നഷ്ടപ്പെട്ടവരെ രക്ഷിക്കാന്‍ മനുഷ്യപുത്രന്‍ വന്നിരിക്കുന്നു.”
12 “ഒരാളുടെ നൂറ് ആടുകളിലൊന്ന് നഷ്ടമായി എന്നിരിക്കട്ടെ. അപ്പോള്‍ അയാള്‍ മറ്റു തൊണ്ണൂറ്റൊന്പതിനെയും മലയില്‍ ഉപേക്ഷിക്കും. എന്നിട്ട് നഷ്ടപ്പെട്ട ആടിനെ അന്വേഷിച്ചു പോകും. ശരിയല്ലേ?
13 നഷ്ടപ്പെട്ട ആടിനെ കണ്ടെത്തിയാല്‍ ഈ ആടിനെച്ചൊല്ലി നഷ്ടപ്പെടാത്ത തൊണ്ണൂറ്റൊന്പതാടുകളെ കാണുന്നതിലുമധികം അയാള്‍ സന്തോഷിക്കും. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ.
14 അതേപോലെ, സ്വര്‍ഗ്ഗസ്ഥനായ പിതാവും തന്‍റെ കുഞ്ഞുങ്ങളില്‍ ഒന്നുപോലും നഷ്ടപ്പെടരുതെന്നാഗ്രഹിക്കുന്നു.
ഒരാള്‍ തെറ്റു ചെയ്യുന്പോള്‍
(ലൂക്കൊ. 17:3)
15 “നിങ്ങളുടെ സഹോദരനോ സഹോദരിയോ തെറ്റു ചെയ്താല്‍ ആ വ്യക്തിയുടെ അടുത്തു പോയി അയാള്‍ ചെയ്ത തെറ്റ് എന്താണെന്നു പറയുക. അപ്പോള്‍ മറ്റാരുടെയും സാന്നിദ്ധ്യമരുത്. അയാളതു ശ്രദ്ധിക്കുന്നുവെങ്കില്‍ നിങ്ങള്‍ അയാളെ നിങ്ങളുടെ സഹോദരനാകാന്‍ സഹായിക്കുകയാണ്.
16 എന്നാലയാള്‍ അത് കേള്‍ക്കാന്‍ വിസ്സമ്മതിച്ചാല്‍ ഒന്നോ രണ്ടോ ആളുകളെയും കൂട്ടി അയാളെ വീണ്ടും കാണുക. അങ്ങനെ സംഭവിച്ചതെല്ലാം സാക്ഷ്യപ്പെടുത്താമല്ലൊ.
17 എന്നിട്ടും അയാള്‍ക്കു സമ്മതമല്ലെങ്കില്‍ വിവരം സഭയോടു പറയുക. സഭ പറയുന്നതും കേള്‍ക്കാന്‍ വിസ്സമ്മതിച്ചാല്‍ അവനെ ദൈവവിശ്വാസി അല്ലാത്തവനെന്നപോലെ കണക്കാക്കുക. ഒരു ചുങ്കപ്പിരിവുകാരനായി അയാളെ കരുതുക.
18 “ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. നിങ്ങള്‍ ന്യായവിധി, ഇവിടെ ഭൂമിയില്‍ വെച്ച് വിളംബരപ്പെടുത്തുന്പോള്‍ അതുതന്നെ ദൈവത്തിന്‍റെ ന്യായവിധിയും ആകും. നിങ്ങള്‍ ക്ഷമിക്കുന്പോള്‍ അതു ദൈവം ക്ഷമിക്കുന്നതു തന്നെ.
19 “ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ ഒരു കാര്യത്തില്‍ യോജിപ്പിലായാല്‍ അതിനായി പ്രാര്‍ത്ഥിക്കുക. നിങ്ങളാവശ്യപ്പെട്ടത് സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു അനുവദിച്ചു തരും.
20 ഇതു സത്യമാണ്. കാരണം, എന്നില്‍ വിശ്വസിക്കുന്ന രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടിയാല്‍ ഞാനും അവരുടെ നടുവില്‍ ഉണ്ട്.”
ക്ഷമയെപ്പറ്റിയുള്ള കഥ
21 പത്രൊസ് യേശുവിന്‍റെയടുത്തെത്തി ചോദിച്ചു, “കര്‍ത്താവേ, എന്‍റെ സഹോദരന്‍ തുടര്‍ച്ചയായി എന്നോടു തെറ്റു ചെയ്താല്‍ എത്ര തവണയാണ് ഞാനവനോടു ക്ഷമിക്കേണ്ടത്? ഏഴു തവണയെങ്കിലും ക്ഷമിക്കാന്‍ എനിക്കാവുമോ?”
22 യേശു മറുപടി പറഞ്ഞു, “ഞാന്‍ നിന്നോടു പറയുന്നു, ഏഴില്‍ കൂടുതല്‍ തവണ നീ അവനോടു ക്ഷമിക്കണം. ഏഴ് എഴുപത് പ്രാവശ്യം അവന്‍ തെറ്റു ചെയ്താലും നീ ക്ഷമിക്കണം.”
23 “അതിനാല്‍ ഉദ്യോഗസ്ഥന്‍ തനിക്കു കടപ്പെട്ട തുക തിരിച്ചു വാങ്ങാന്‍ തീരുമാനിച്ച രാജാവിനോടു സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം.
24 രാജാവ് കണക്കു തീര്‍ത്തു തുടങ്ങി. ഒരാള്‍ ആയിരക്കണക്കിനു വെള്ളിനാണയങ്ങള്‍ കടപ്പെട്ടിരുന്നു.
25 രാജാവിന് പണം തിരിച്ചു കൊടുക്കാനുള്ള വഴി അയാള്‍ക്കുണ്ടായിരുന്നില്ല. അപ്പോള്‍ അയാളുടെ ഭാര്യയും കുഞ്ഞുങ്ങളുമടക്കം അയാള്‍ക്കു സ്വന്തമായുള്ളതും അയാളെത്തന്നെയും വില്‍ക്കാന്‍ രാജാവ് ഉത്തരവിട്ടു. ആ പണം കടം വീട്ടാന്‍ ഉപയോഗിക്കാമല്ലോ.
26 “പക്ഷെ ഉദ്യോഗസ്ഥന്‍ രാജാവിന്‍റെ കാല്‍ക്കല്‍ വീണു യാചിച്ചു, ‘എന്നോടു കാരുണ്യം തോന്നേണമേ; ഞാന്‍ എന്‍റെ കടം മുഴുവന്‍ വീട്ടാം.’
27 യജമാനനു അയാളോടു കരുണ തോന്നി. അതിനാല്‍ ആ ദാസന്‍റെ യജമാനന്‍ അയാളുടെ കടം റദ്ദാക്കി.
28 “പിന്നീട് ആ ഉദ്യോഗസ്ഥന്‍ പുറത്തേക്കു പോകുന്പോള്‍ അയാളോടു നൂറു വെള്ളിനാണയങ്ങള്‍ കടം വാങ്ങിയ മറ്റൊരു ഉദ്യോഗസ്ഥനെ കണ്ടു. അയാള്‍ തന്‍റെ സഹപ്രവര്‍ത്തകന്‍റെ കഴുത്തിനു പിടിച്ചു ആക്രോശിച്ചു, ‘നിന്‍റെ കടം വീട്ടുക.’
29 “രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകന്‍റെ കാല്‍ക്കല്‍ വീണു യാചിച്ചു, ‘എന്നോടു കരുണ കാട്ടൂ, ഞാനതെല്ലാം തിരികെ തരാം.’
30 “പക്ഷേ അയാള്‍ അതൊന്നും സമ്മതിച്ചില്ല. അയാള്‍ ന്യായാധിപനെ സമീപിച്ച് തനിക്കു കടപ്പെട്ടവനെ തടവിലാക്കി. കടം വാങ്ങിയതു തിരിച്ചടയ്ക്കും വരെ തടവിലിട്ടു.
31 മറ്റെല്ലാ സഹഉദ്യോഗസ്ഥന്മാരും ഇതു കണ്ട് ദുഃഖിച്ചു. അവര്‍ സംഭവിച്ചതെല്ലാം തങ്ങളുടെ യജമാനനോടു പോയി പറഞ്ഞു.
32 “അപ്പോള്‍ യജമാനന്‍ ദാസനെ വിളിച്ചു പറഞ്ഞു, ‘ദുഷ്ടനായ ദാസനേ, നീ എനിക്ക് വളരെ പണം കടപ്പെട്ടിട്ടുണ്ട്. പക്ഷെ നീ യാചിച്ചപ്പോള്‍ ഞാന്‍ നിന്നോടു കരുണ കാട്ടി. നിന്‍റെ കടം റദ്ദു ചെയ്തു.
33 എന്നാല്‍ അതേപോലെ നീ നിന്‍റെ സഹോദരനോടും കാരുണ്യം കാട്ടണമായിരുന്നു. ഞാന്‍ നിന്നോടു കാട്ടിയ അതേ കരുണ നീ അവനോടും കാട്ടണമായിരുന്നു.’
34 അവന്‍റെ യജമാനന്‍ വളരെ കോപിച്ചു. അയാള്‍ ദൃത്യനെ തന്‍റെ കടം മുഴുവന്‍ വീട്ടും വരെ തടവിലിട്ടു ശിക്ഷിച്ചു.
35 “സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവു ചെയ്യുന്പോലെ തന്നെയാണ് രാജാവ് ചെയ്തത്. നിങ്ങള്‍ നിങ്ങളുടെ സഹോദരീസഹോദരന്മാരോട് ഹൃദയംഗമായി ക്ഷമിക്കുക. അല്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നിങ്ങളോടും ക്ഷമിക്കില്ല.”