കൃഷിപ്പണിക്കാരുടെ കഥ
20
1 “ഒരു ഭൂവുടമയോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാള്‍ അവിടെ മുന്തിരികൃഷി നടത്തി. ഒരു പ്രഭാതത്തില്‍ അയാള്‍ അവിടെ ചിലരെ ജോലിക്കായി അന്വേഷിച്ചു പോയി.
2 ആ ദിവസത്തെ ജോലിക്കയാള്‍ ഒരു വെള്ളിനാണയം കൊടുക്കാന്‍ സമ്മതിച്ചു. അയാള്‍ വേലക്കാരെ തോട്ടത്തിലേക്കയച്ചു.
3 “ഏകദേശം ഒന്പതു മണിക്ക് അയാള്‍ ചന്തയിലെത്തിയപ്പോള്‍ അവിടെ ചിലര്‍ വെറുതെ നില്‍ക്കുന്നതു കണ്ടു. അതിനാല്‍ അവന്‍ അവരോടു പറഞ്ഞു,
4 ‘നിങ്ങള്‍ പോയി എന്‍റെ തോട്ടത്തില്‍ പണി ചെയ്താല്‍ തക്കകൂലി ഞാന്‍ തരാം.’
5 അതിനാല്‍ അവര്‍ പോയി ജോലി ചെയ്തു.
“പന്ത്രണ്ടു മണിയോടെയും മൂന്നു മണിയോടെയും അയാള്‍ വീണ്ടും പുറത്തേക്കു പോയി. അപ്പോഴോക്കെ അയാള്‍ കുറേപ്പേരെ വീതം വേലയ്ക്കു നിയമിച്ചു.
6 അഞ്ചു മണിയോടടുത്തപ്പോള്‍ അയാള്‍ വീണ്ടും ചന്തയിലേക്കു പോയി. വേറെ ചിലര്‍ അവിടെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോടു ചോദിച്ചു, ‘എന്താണു നിങ്ങളിവിടെ ദിവസം മുഴുവനും വെറുതെ നില്‍ക്കുന്നത്?’
7 “അവര്‍ അവനോടു മറുപടിയായി പറഞ്ഞു, ‘ആരും ഞങ്ങള്‍ക്കൊരു ജോലിയും തരുന്നില്ല.’
“അയാള്‍ അവരോടു പറഞ്ഞു, 'എങ്കില്‍ നിങ്ങള്‍ പോയി എന്‍റെ തോട്ടത്തില്‍ പണി ചെയ്യുക.’
8 “വൈകുന്നേരം തോട്ടമുടമ തന്‍റെ കാര്യസ്ഥനെ വിളിച്ചു പറഞ്ഞു, ‘പണിക്കാരെ മുഴുവന്‍ വിളിച്ച് കൂലി നല്‍കുക. അവസാനം ഞാന്‍ വിളിച്ചയാള്‍ മുതല്‍ കൂലി കൊടുക്കൂ. ആദ്യത്തെയാളുകള്‍ക്ക് അവസാനവും.’
9 “അഞ്ചു മണിക്ക് പണിക്കു ചെന്നവര്‍ ആദ്യമെത്തി. ഓരോരുത്തര്‍ക്കും ഓരോ വെള്ളിനാണയം വീതം കിട്ടി.
10 പിന്നീട് ആദ്യം വന്നവരെത്തി. തങ്ങള്‍ക്കു മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കിട്ടുമെന്നവര്‍ കരുതി. പക്ഷേ അവര്‍ക്കും ഒരു നാണയം വീതമേ കിട്ടിയുള്ളു.
11 നാണയം കിട്ടിയപ്പോള്‍ അവര്‍ തോട്ടമുടമയോടു പരാതിപ്പെട്ടു.
12 അവര്‍ പറഞ്ഞു, ‘ഇവര്‍ അവസാനം വന്നതുകാരണം ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ. പക്ഷേ അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കു തന്ന അതേ കൂലിയാണു കൊടുത്തത്. പൊള്ളുന്ന വെയിലിലും ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തു.’
13 “പക്ഷേ തോട്ടമുടമ വേലക്കാരിലൊരുവനോടു പറഞ്ഞു, ‘സുഹൃത്തേ, ഞാന്‍ നിങ്ങളോടു ന്യായമായാണു പെരുമാറിയത്. ഒരു വെള്ളിനാണയത്തിനു പണിയാമെന്നല്ലേ നിങ്ങള്‍ സമ്മതിച്ചത്?
14 അതിനാല്‍ നിന്‍റെ കൂലിയും വാങ്ങിപ്പോകുക. അവസാനം വന്നവനും നിനക്കും ഒരേ കൂലി നല്‍കാനാണു ഞാനാഗ്രഹിക്കുന്നത്.
15 എന്‍റെ സ്വന്തം പണം എന്തു ചെയ്യണമെന്നു ഞാന്‍ തീരുമാനിക്കും. ഞാനവരോടു നല്ലതു ചെയ്തതില്‍ നിനക്കു അസൂയ തോന്നുന്നുണ്ടോ?’
16 “അതിനാല്‍ അവസാനക്കാരന് ആദ്യസ്ഥാനം കിട്ടും. ആദ്യസ്ഥാനക്കാരന് അവസാന സ്ഥാനവും.”
യേശു സ്വന്തം മരണത്തെപ്പറ്റി പറയുന്നു
(മര്‍ക്കൊ. 10:32-34; ലൂക്കൊ. 18:31-34)
17 യേശു യെരൂശലേമിലേക്കു പോകുകയായിരുന്നു. പന്ത്രണ്ട് അപ്പൊസ്തലന്മാരും അവനോടൊപ്പമുണ്ടായിരുന്നു. നടന്നുപോകവേ യേശു ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരോടു സ്വകാര്യമായി സംസാരിച്ചു. യേശു അവരോടു പറഞ്ഞു,
18 “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മഹാപുരോഹിതരുടെയും ശാസ്ത്രിമാരുടെയും കൈകളില്‍ ഏല്പിക്കപ്പെടും. മനുഷ്യപുത്രനെ കൊല്ലണമെന്നവര്‍ പറയും.
19 അവര്‍ മനുഷ്യപുത്രനെ ജാതികള്‍ക്കു നല്‍കും. അവര്‍ അവനെ പരിഹസിക്കുകയും ചാട്ടകൊണ്ടടിക്കുകയും ക്രൂശിക്കുകയും ചെയ്യും. പക്ഷേ മരണത്തിന്‍റെ മൂന്നാംദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”
ഒരു അമ്മ ആനുകൂല്യം അഭര്‍ത്ഥിക്കുന്നു
(മര്‍ക്കൊ. 10:35-45)
20 അപ്പോള്‍ സെബെദിയുടെ ഭാര്യ തന്‍റെ മക്കളോടൊപ്പം യേശുവിനെ സമീപിച്ചു. ആ അമ്മ അവനുമുന്പില്‍ മുട്ടുകുത്തി ചില ആനുകൂല്യങ്ങള്‍ ചോദിച്ചു.
21 യേശു ചോദിച്ചു, “നിനക്കെന്താണു വേണ്ടത്?”
അവള്‍ പറഞ്ഞു, “എന്‍റെ ഒരു മകനെ നിന്‍റെ രാജ്യത്ത് നിന്‍റെ വലതു വശത്തും മറ്റേ മകനെ ഇടതുവശത്തും ഇരുത്താമെന്ന് വാക്കു തരിക.”
22 യേശു അവളുടെ പുത്രന്മാരോടു ചോദിച്ചു, “എന്താണു ചോദിക്കുന്നതെന്നു നിങ്ങളറിയുന്നില്ല. എനിക്കുണ്ടാകുന്ന എല്ലാ കഷ്ടങ്ങളും നിങ്ങള്‍ സ്വീകരിക്കുമോ?”
പുത്രന്മാര്‍ പറഞ്ഞു, “ഉവ്വ് ഞങ്ങള്‍ ചെയ്യാം.”
23 യേശു അവരോടു പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നിങ്ങളെന്‍റെ കഷ്ടം അനുഭവിക്കും. പക്ഷേ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അവരാരെന്നൊക്കെ എന്‍റെ പിതാവ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കായി അവന്‍ ആ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ആ സ്ഥലം അവര്‍ക്കേ കിട്ടൂ.”
24 മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ രണ്ടു സഹോദരന്മാരോടും രോഷാകുലരായി.
25 യേശു എല്ലാ ശിഷ്യന്മാരെയും വിളിച്ചുകൂട്ടി, യേശു പറഞ്ഞു, “ജാതികളുടെ നേതാക്കള്‍ തങ്ങളുടെ അധികാരം ആളുകളുടെമേല്‍ പ്രയോഗിക്കാനിഷ്ടപ്പെടുന്നവരാണ്. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ എല്ലാ അധികാരവും പ്രയോഗിക്കാനിഷ്ടപ്പെടുന്നു.
26 എന്നാല്‍ നിങ്ങളോട് അങ്ങനെയായിരിക്കില്ല. നിങ്ങളിലൊരാള്‍ ശ്രേഷ്ഠനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ശിഷ്ടമുള്ളവരുടെ ദാസനാകണം.
27 നിങ്ങളിലൊരുവന് ഒന്നാമനാകണമെങ്കില്‍ അവന്‍ അടി മയെപ്പോലെ നിങ്ങളെ സേവിക്കണം.
28 മനുഷ്യപുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നതു സേവിക്കപ്പെടാനല്ല. മറ്റുള്ളവരെ സേവിക്കാനാണ്. അനേകരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുക്കാനാണവന്‍ വന്നത്.”
രണ്ട് അന്ധരെ സുഖപ്പെടുത്തുന്നു
(മര്‍ക്കൊ. 10:46-52; ലൂക്കൊ. 18:35-43)
29 യേശുവും ശിഷ്യന്മാരും യെരീഹോവു വിട്ടുപോകവേ വളരെയധികംപേര്‍ അവനെ പിന്തുടര്‍ന്നു.
30 രണ്ട് അന്ധര്‍ വഴിയോരത്തിരിപ്പുണ്ടായിരുന്നു. യേശു വരുന്നുണ്ടെന്നവര്‍ കേട്ടു. അതിനാലവര്‍ നിലവിളിച്ചു, “കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങളെ സഹായിക്കൂ.”
31 എല്ലാവരും അന്ധരെ വിമര്‍ശിച്ചു. അവര്‍ അന്ധരെ തടഞ്ഞു. എന്നിട്ട് ശാന്തരായിരിക്കാന്‍ പറഞ്ഞു. പക്ഷേ അന്ധര്‍ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു, “കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങളെ രക്ഷിച്ചാലും.”
32 യേശു നിന്ന് അന്ധരോടു ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്യേണ്ടത്?”
33 അന്ധര്‍ പറഞ്ഞു, “പ്രഭോ ഞങ്ങള്‍ക്കു കാഴ്ച വേണം.”
34 യേശുവിനു അവരോടു അനുകന്പ തോന്നി. അവന്‍ അവരുടെ കണ്ണുകളില്‍ തൊട്ടപ്പോള്‍ അവര്‍ക്കു കാണാറായി. അവര്‍ യേശുവിനെ പിന്തുടര്‍ന്നു.