യെഹൂദനേതാക്കള്‍ യേശുവിനെ കൊല്ലാന്‍ ശ്രമിക്കുന്നു
മര്‍ക്കൊ. 14:1-2; ലൂക്കൊ. 22:1-2; യോഹ. 11:45-53)
26
ഇതെല്ലാം പറഞ്ഞുകഴിഞ്ഞ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മറ്റന്നാള്‍ പെസഹാ* പെസഹാ യെഹൂദരുടെ പ്രധാനപ്പെട്ട വിശുദ്ധദിവസം. മോശെയുടെ കാലത്ത് ദൈവം അവരെ ഈജിപ്തുകാരില്‍ നിന്നും സ്വതന്ത്രരാക്കിയതിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ കൊല്ലവും ഈ ദിവസം അവര്‍ ഒരു സദ്യ കഴിക്കും. ദിനമാണ്. അന്ന് മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാന്‍ ശത്രുക്കളുടെ കയ്യിലേല്പിക്കപ്പെടും.”
അപ്പോള്‍ മഹാപുരോഹിതന്‍റെ വസതിയില്‍ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും യോഗം ചേരുകയായിരുന്നു. കയ്യഫാസ് എന്നായിരുന്നു മഹാപുരോഹിതന്‍റെ പേര്. യോഗത്തില്‍ അവര്‍ യേശുവിനെ തടവിലിടാനും കൊല്ലാനുമുള്ള വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു. എന്തെങ്കിലും കള്ളം പറഞ്ഞ് യേശുവിനെ പിടിച്ച് കൊല്ലാന്‍ അവര്‍ പരിപാടിയിട്ടു. യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു, “പെസഹാ വേളയില്‍ അവനെ തടവിലാക്കരുത്. ജനങ്ങളെ പ്രകോപിതരാക്കി കലാപത്തിനിടകൊടുക്കരുത്.”
ഒരു സ്ത്രീയുടെ വിശേഷപ്രവൃത്തി
(മര്‍ക്കൊ. 14:3-9; യോഹ. 12:1-8)
യേശു ബെഥാന്യയിലായിരുന്നു. കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിലായിരുന്നു അവന്‍. അവിടെ ഒരു സ്ത്രീ അവനെ സന്ദര്‍ശിച്ചു. അവളുടെ കയ്യില്‍ വിലപിടിപ്പുള്ള സുഗന്ധതൈലം നിറച്ച ഒരു കല്‍ഭരണിയുണ്ടായിരുന്നു. യേശു ആഹാരം കഴിച്ചുകൊണ്ടിരിക്കവേ അവള്‍ ആ തൈലം അവന്‍റെ തലയിലൊഴിച്ചു.
ശിഷ്യന്മാര്‍ ഇതു കണ്ട് കോപിച്ചു പറഞ്ഞു, “എന്തിനാണിത്രയും സുഗന്ധതൈലം പാഴാക്കിയത്? അതു വിറ്റാല്‍ കിട്ടുന്ന പണം അനേകം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.”
10 പക്ഷേ എല്ലാമറിഞ്ഞ യേശു പറഞ്ഞു, “എന്തിനാണു നിങ്ങള്‍ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നത്? അവള്‍ എനിക്കു വിശിഷ്ടമായൊരു പ്രവൃത്തിയാണ് ചെയ്തുതന്നത്. 11 പാവങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കിടയിലുണ്ട്. പക്ഷേ ഞാനെപ്പോഴും ഉണ്ടായെന്നുവരില്ല. 12 ഇവള്‍ എന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശി. എന്‍റെ മരണാനന്തര സംസ്കാരത്തിനായി ഇവള്‍ എന്നെ ഒരുക്കുകയായിരുന്നു. 13 ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടും. സുവിശേഷം എവിടെയൊക്കെ പറയപ്പെട്ടോ അവിടെയെല്ലാം ഇവളുടെ പ്രവൃത്തിയും പ്രകീര്‍ത്തിക്കപ്പെടും. ആളുകള്‍ അവളെ അനുസ്മരിക്കും.”
യൂദാ യേശുവിന്‍റെ ശത്രുവാകുന്നു
(മര്‍ക്കൊ. 14:10-11; ലൂക്കൊ. 22:3-6)
14 അപ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരിലൊരാള്‍ മഹാപുരോഹിതരുമായി സംസാരിക്കാന്‍ പോയി. യൂദാഈസ്ക്കരിയോത്തായിരുന്നു അത്. 15 യൂദാ പറഞ്ഞു, “യേശുവിനെ ഞാന്‍ നിങ്ങള്‍ക്കു തരാം. എന്തു പ്രതിഫലം തരും?” അവര്‍ അവന് മുപ്പതുവെള്ളിക്കാശു കൊടുത്തു. 16 അതിനു ശേഷം യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.
യേശു പെസഹ ഉണ്ണുന്നു
(മര്‍ക്കൊ. 14:21-22; ലൂക്കൊ. 22:7-14; 21-23; യോഹ. 13:21-30)
17 പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിന്‍റെ ആദ്യദിവസം ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. അവര്‍ ചോദിച്ചു, “ഞങ്ങള്‍ നിനക്കായി പെസഹാ ഭക്ഷണം ഒരുക്കുന്നത് എവിടെയായിരിക്കണം?”
18 യേശു പറഞ്ഞു, “പട്ടണത്തിലേക്കു പോകുക. ഞാനറിയുന്ന ഒരാളുടെ അടുത്തു ചെല്ലുക. ഗുരു പറയുന്നതായി അയാളോടു പറയുക, ‘തിരഞ്ഞെടുത്ത സമയമടുത്തിരിക്കുന്നു. ഞാന്‍ എന്‍റെ ശിഷ്യന്മാരോടു കൂടി നിന്‍റെ വീട്ടില്‍ പെസഹാഭക്ഷണം കഴിക്കും.’” 19 ശിഷ്യന്മാര്‍ അതനുസരിച്ച് യേശു പറഞ്ഞതുപോലെയൊക്കെ ചെയ്തു. അവര്‍ പെസഹാഭക്ഷണമൊരുക്കി.
20 വൈകുന്നേരം യേശു തീന്‍മേശയ്ക്കരികില്‍ ശിഷ്യന്മാരോടൊത്തിരിക്കുകയായിരുന്നു. 21 എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. നിങ്ങള്‍ പന്ത്രണ്ടുപേരിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.”
22 ഇതു കേട്ട് ശിഷ്യന്മാര്‍ക്കു വളരെ സങ്കടമായി. ഓരോരുത്തരും യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, തീര്‍ച്ചയായും അതു ഞാനായിരിക്കില്ല.”
23 യേശു പറഞ്ഞു, “എന്നോടൊപ്പം ഒരേ പാത്രത്തില്‍നിന്ന് കഴിക്കുന്ന ഒരുവനായിരിക്കും എനിക്കെതിരെ തിരിയുക. 24 മനുഷ്യപുത്രന്‍ അവനെപ്പറ്റി എഴുതപ്പെട്ടതുപോലെ പോയി മരിക്കും. തിരുവെഴുത്തുകള്‍ അതു തന്നെ പറയുന്നു. എന്നാല്‍ മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു കഷ്ടം. അവന്‍ ജനിക്കാതിരിക്കാതിരിക്കുകയായിരുന്നു അവനു നല്ലത്.”
25 അപ്പോള്‍ യൂദാ യേശുവിനോടു പറഞ്ഞു, “ഗുരോ, തീര്‍ച്ചയായും അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ഞാനാകില്ല.” (യൂദയായിരുന്നു യേശുവിനെ ഒറ്റിക്കൊടുത്തത്).
യേശു പറഞ്ഞു, “അതേ, അതു നീ തന്നെയാണ്.”
തിരുവത്താഴം
(മര്‍ക്കൊ. 14:22-26; ലൂക്കൊ. 22:15-20; 1കൊരി. 11:23-25)
26 അവര്‍ ആഹാരം കഴിക്കവേ, യേശു ഏതാനും അപ്പം എടുത്തു. അപ്പം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ് അവന്‍ അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഈ അപ്പം തിന്നുക. ഇതെന്‍റെ ശരീരമാണ്.”
27 എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിന് നന്ദി പറഞ്ഞ് അവനതു ശിഷ്യന്മാര്‍ക്കു കൊടുത്തു. “നിങ്ങളോരോരുത്തരും ഇതു കുടിക്കുക. 28 ഇതെന്‍റെ രക്തമാണ്. ഇത് ദൈവം അവന്‍റെ ജനതയോടു നടത്തിയ പുതിയനിയമത്തിന്‍റെ തുടക്കമാണ്. തങ്ങളുടെ പാപം പൊറുക്കപ്പെടാന്‍ ഇത് അനേകര്‍ക്കു നല്‍കിയിരിക്കുന്നു. 29 ഞാന്‍ ഇതു കൂടി പറയുന്നു. എന്‍റെ പിതാവിന്‍റെ രാജ്യത്ത് നിങ്ങളോടൊത്ത് പുതിയ വീഞ്ഞ് കുടിക്കുംവരെ ഞാന്‍ ഈ വീഞ്ഞ് ഒരിക്കലും കുടിക്കില്ല.”
30 ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രം പാടി അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി.
ശിഷ്യന്മാര്‍ തന്നെ വിട്ടുപോകുമെന്ന് യേശു
(മര്‍ക്കൊ. 14:27-31; ലൂക്കൊ. 22:31-34; യോഹ. 13:36-38)
31 യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഇന്നു രാത്രി നിങ്ങള്‍ക്കു ഞാന്‍ മൂലം വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തുകളില്‍ അതെഴുതിയിട്ടുണ്ട്,
‘ഇടയനെ ഞാന്‍ കൊല്ലും,
ആടുകള്‍ ചിതറിപ്പോകും.’ സെഖര്യാവ് 13:7
32 “പക്ഷെ ഞാന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ടു ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങള്‍ക്കു മുന്പേ ഞാനവിടെ പോകും.”
33 പത്രൊസ് മറുപടി പറഞ്ഞു, “നീ മൂലം മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടാലും എനിക്കു നഷ്ടപ്പെടില്ല.”
34 യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. ഇന്നു രാത്രി നീയെന്നെ തള്ളിപ്പറയും. കോഴികൂകും മുന്പ് മൂന്നു തവണ തള്ളിപ്പറയും.”
35 എന്നാല്‍ പത്രൊസ് പറഞ്ഞു, “ഇല്ല, ഞാനൊരിക്കലും അങ്ങയെ തള്ളിപ്പറയില്ല! ഞാന്‍ നിന്നോടൊപ്പം മരിക്കാനും തയ്യാറാണ്.” മറ്റു ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.
യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുന്നു
(മര്‍ക്കൊ. 14:32-42; ലൂക്കൊ. 22:39-46)
36 പിന്നീട് യേശു ശിഷ്യന്മാരോടു കൂടി ഗെത്ത്ശെമന എന്ന സ്ഥലത്തേക്കു പോയി. യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ അവിടെ പോകുന്പോള്‍ നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കുക.” 37 അനന്തരം അവന്‍ പത്രൊസിനെയും രണ്ട് സെബെദിപുത്രന്മാരെയും കൂട്ടി പുറപ്പെട്ടു. അനന്തരം യേശു വളരെ ദുഃഖിതനും കുഴങ്ങിയവനുമായി കാണപ്പെട്ടു. 38 അവന്‍ അവരോടു പറഞ്ഞു, “എന്‍റെ ആത്മാവ് ദുഃഖം കൊണ്ട് നിറഞ്ഞിരിക്കുന്നു. ദുഃഖംകൊണ്ട് ഹൃദയം പൊട്ടുന്നു. ഇവിടെ എന്നോടൊപ്പം ഉണര്‍ന്നിരിക്കുക.”
39 പിന്നീട് യേശു അവരില്‍നിന്ന് അല്പം അകലേക്കു നടന്നു. ഭൂമിയില്‍ കവിണ്ണു വീണ് അവന്‍ പ്രാര്‍ത്ഥിച്ചു, “പിതാവേ, കഴിയുമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എനിക്കു തരാതിരിക്കുക. എങ്കിലും എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.” 40 എന്നിട്ട് യേശു ശിഷ്യന്മാരുടെയടുത്തേക്ക് മടങ്ങിയെത്തി. ശിഷ്യന്മാര്‍ ഉറങ്ങുന്നതാണ് അവന്‍ കണ്ടത്. അവന്‍ പത്രൊസിനോടു പറഞ്ഞു, “ഒരു മണിക്കൂറുപോലും നിങ്ങള്‍ക്കു എന്നോടൊപ്പം ഉണര്‍ന്നിരുന്നു കൂടെ? 41 പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ നിങ്ങളുടെ ആത്മാവു കൊതിക്കുന്നു. പക്ഷേ ശരീരം ക്ഷീണിച്ചതാണ്.”
42 പിന്നെ യേശു രണ്ടാമതും ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. “ എന്‍റെ പിതാവേ, വേദനാകരമായ ഇതെല്ലാം എന്നില്‍ നിന്നെടുക്കാന്‍ കഴിയില്ലെങ്കില്‍, ഞാനിതൊക്കെ ചെയ്യണമെങ്കില്‍, അങ്ങയുടെ ഇഷ്ടം പ്രവര്‍ത്തിച്ചാലും.”
43 അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അപ്പോഴും അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ ക്ഷീണിച്ചിരുന്നു. 44 അതിനാല്‍ യേശു ഒരിക്കല്‍ കൂടി ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. മൂന്നാം തവണയും അവന്‍ അതേ കാര്യങ്ങള്‍ തന്നെയാണ് പ്രാര്‍ത്ഥിച്ചത്.
45 ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി പറഞ്ഞു, “ഇപ്പോഴും നിങ്ങള്‍ ഉറങ്ങുകയും വിശ്രമിക്കുകയും ആണോ? മനുഷ്യപുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്ന സമയം അടുത്തു. 46 എഴുന്നേല്‍ക്കൂ! നമ്മള്‍ക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവനും എത്തി.”
യേശു പിടിക്കപ്പെടുന്നു
(മര്‍ക്കൊ.14:43-50; ലൂക്കൊ. 22:47-53; യോഹ. 18:3-12)
47 യേശു സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരുവനായിരുന്നു അയാള്‍. അനേകംപേര്‍ അവനോടൊപ്പമുണ്ടായിരുന്നു. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചവരായിരുന്നു അവര്‍. അവരുടെ കയ്യില്‍ വാളുകളും കുന്തങ്ങളുമുണ്ടായിരുന്നു. 48 യേശുവിനെ തിരിച്ചറിയാന്‍ യൂദാ, അവര്‍ക്ക് ഒരടയാളം പറഞ്ഞുകൊടുത്തു. “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ പിടികൂടുക.” 49 അതിനാലവന്‍ യേശുവിന്‍റെയടുത്തേക്കു ചെന്ന് “ഗുരോ!” എന്നു വിളിച്ച് അവനെ ചുംബിച്ചു.
50 യേശു അവനോടു പറഞ്ഞു, “സുഹൃത്തേ നീ വന്ന കാര്യം നിറവേറ്റുക.”
അപ്പോള്‍ വന്നര്‍ യേശുവിനെ പിടിച്ചു കെട്ടി. 51 ഇതു നടക്കുന്പോള്‍ യേശുവിനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ വാള്‍ വലിച്ചൂരി മഹാപുരോഹിതന്‍റെ ദാസന്‍റെ ചെവിക്കു വെട്ടി.
52 യേശു അവനോടു പറഞ്ഞു, “നിന്‍റെ വാള്‍ അതിന്‍റെ സ്ഥലത്തുതന്നെ തിരിച്ചിടുക. വാളെടുക്കുന്നവന്‍ വാളിനാല്‍ കൊല്ലപ്പെടും. 53 ഞാനെന്‍റെ പിതാവിനോടാവശ്യപ്പെട്ടാല്‍ പന്ത്രണ്ടു ലെഗ്യൊനിലും അധികം ദൂതന്മാരെ എന്‍റെ രക്ഷയ്ക്കായി അവന്‍ അയയ്ക്കും എന്ന് നിങ്ങള്‍ക്കറിയില്ലേ. 54 അപ്പോള്‍ എങ്ങനെ ഈ കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടും? തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെ സംഭവിക്കണമെന്നാണ്.”
55 ഉടന്‍ യേശു എല്ലാവരോടുമായി പറഞ്ഞു, “നിങ്ങളെന്നെ പിടിക്കാന്‍ വന്നത് കുറ്റവാളിയെ എന്നപോലെ വാളും കുന്തവുമൊക്കെയായിട്ടാണ്. എന്നും ഞാന്‍ ദൈവാലയത്തില്‍ ഉപദേശിച്ചിരുന്നു. ആരും എന്നെ പിടിച്ചില്ല. 56 പ്രവാചകരെഴുതിയത് ഫലിക്കാനാണ് ഇങ്ങനെയൊക്കെ നടന്നത്.” അപ്പോള്‍ ശിഷ്യന്മാരെല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി.
യെഹൂദപ്രമാണിമാരുടെ മുന്നില്‍
(മര്‍ക്കൊ. 14:53-65; ലൂക്കൊ. 22:54-55, 63-71; യോഹ; 18:13-14, 19-24)
57 യേശുവിനെ പിടികൂടിയവര്‍ അവനെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുത്തേക്കു കൊണ്ടുപോയി. ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അവിടെ ഒത്തുകൂടിയിരുന്നു. 58 യേശുവിനെ പിന്തുടര്‍ന്നിരുന്നെങ്കിലും പത്രൊസ് അവന്‍റെയടുത്തേക്കു വന്നില്ല. മഹാപുരോഹിതന്‍റെ വീട്ടുമുറ്റംവരെ അവന്‍ വന്നു. അവന്‍ മുറ്റത്ത് കടന്ന് കാവല്‍ക്കാരോടൊത്തിരുന്ന് സംഭവിക്കാന്‍ പോകുന്നത് കാണാന്‍ ആഗ്രഹിച്ചു.
59 യേശുവിനെ കൊല്ലാന്‍ പാകത്തിന് അവനില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും. 60 കള്ളസാക്ഷികള്‍ പലരും വന്നു എങ്കിലും അവനെ കൊല്ലാന്‍പോന്ന യഥാര്‍ത്ഥകാരണങ്ങള്‍ കണ്ടുപിടിക്കാനായില്ല. അപ്പോള്‍ രണ്ടു പേര്‍ വന്നു പറഞ്ഞു. 61 “ഈ മനുഷ്യന്‍ പറഞ്ഞു, ‘എനിക്ക് ഈ ആലയം നശിപ്പിക്കാനും മൂന്നു ദിവസത്തിനകം പണിയാനും കഴിയും എന്ന്.’”
62 മഹാപുരോഹിതന്‍ യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. നിനക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലേ? ഇവര്‍ പറയുന്നതു സത്യമല്ലേ?” 63 പക്ഷേ യേശു ഒന്നും പറഞ്ഞില്ല.
വീണ്ടും മഹാപുരോഹിതന്‍ യേശുവിനോടു ചോദിച്ചു, 'ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാന്‍ സത്യം ചെയ്തു ചോദിക്കുന്നു. പറയൂ നീ ക്രിസ്തുവാണോ, ദൈവത്തിന്‍റെ പുത്രന്‍?”
64 യേശു പറഞ്ഞു, “അതേ ഞാന്‍ തന്നെ, പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നതു നിങ്ങള്‍ കാണും. അവന്‍ സ്വര്‍ഗ്ഗത്തിലെ മേഘങ്ങളുടെ മുകളില്‍ കയറിവരുന്നതും നിങ്ങള്‍ കാണും.”
65 ഇതു കേട്ട മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി പറഞ്ഞു, “ഇവന്‍ ദൈവവിരുദ്ധമായി സംസാരിക്കുന്നു. ഇനിയും നമുക്കു സാക്ഷികള്‍ വേണ്ട. ദൈവനിന്ദ ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്തു. 66 നിങ്ങളെന്തു പറയുന്നു?”
യെഹൂദര്‍ മറുപടി പറഞ്ഞു, “അവന്‍ കുറ്റവാളിയാണ്, മരണം അര്‍ഹിക്കുകയും ചെയ്യുന്നു.”
67 അപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ യേശുവിന്‍റെ മുഖത്തു തുപ്പി. എന്നിട്ട് മുഷ്ടി ചുരുട്ടി ഇടിച്ചു. ചിലര്‍ യേശുവിന്‍റെ കരണത്തടിച്ചു. 68 അവര്‍ പറഞ്ഞു, “ക്രിസ്തുവേ, നീ ഒരു പ്രവാചകനാണെന്നു തെളിയിക്കാന്‍ ആരാണു നിന്നെ ഇടിച്ചതെന്നു പറയുക.”
പത്രൊസ് യേശുവിനെ തള്ളിപ്പറയുന്നു
(മര്‍ക്കൊ. 14:66-72; ലൂക്കൊ. 22:56-62; യോഹ. 18:15-18, 25-27)
69 ആ സമയം പത്രൊസ് മുറ്റത്തിരിക്കുകയായിരുന്നു. ഒരു ദാസി അവനെ സമീപിച്ചു. അവള്‍ പറഞ്ഞു, “നീ ഗലീലയില്‍ നിന്നു വന്ന യേശുവിനോടൊപ്പമുണ്ടായിരുന്നല്ലോ.”
70 എന്നാല്‍ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്നു പത്രൊസ് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍വെച്ച് അവനിങ്ങനെ പറഞ്ഞു, “നിങ്ങളെന്താണു പറയുന്നതെന്ന് എനിക്കറിയില്ല.”
71 അപ്പോള്‍ പത്രൊസ് അവിടം വിട്ടു. പ്രവേശനകവാടത്തില്‍ മറ്റൊരു ദാസിയും അവനെ കണ്ടു. അവള്‍ അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു, “ഇവന്‍ നസറെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്ന ആളാണ്.”
72 വീണ്ടും പത്രൊസ് താന്‍ യേശുവിന്‍റെ ആളല്ലെന്ന് പറഞ്ഞു, “ദൈവം സത്യമായിട്ടും എനിക്ക് ഈ മനുഷ്യനെ അറിയില്ല.”
73 അല്പസമയം കഴിഞ്ഞ് അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ അടുത്തുവന്നു പത്രൊസിനോടു പറഞ്ഞു, “നീ യേശുവിനെ പിന്തുടര്‍ന്നവരില്‍ ഒരുവനാണെന്ന് ഞങ്ങള്‍ക്കറിയാം. നിന്‍റെ സംസാരത്തില്‍നിന്ന് ഞങ്ങളതറിഞ്ഞു.”
74 അപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തമായി പറഞ്ഞു, “ദൈവത്തിനാണെ സത്യം എനിക്ക് ഈ മനുഷ്യനെ അറിയില്ല!” പത്രൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു കോഴി കൂകി. 75 അപ്പോള്‍ പത്രൊസ്, “കോഴി കൂകുംമുന്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.” എന്ന് യേശു തന്നോടു പറഞ്ഞിരുന്നതോര്‍ത്തു. പത്രൊസ് പുറത്തേക്കു പോയി ഏങ്ങിക്കരഞ്ഞു.