യേശുവിനെ പീലാത്തൊസിന്‍റെയടുത്തേക്കു കൊണ്ടു പോകുന്നു
(മര്‍ക്കൊ. 15:1; ലൂക്കൊ. 23:1-2; യോഹ. 18:28-32)
27
1 പിറ്റേന്ന് അതിരാവിലെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചു.
2 അവര്‍ അവനെ ചങ്ങലയില്‍ ബന്ധിച്ചു. എന്നിട്ടവര്‍ അവനെ ദേശാധികാരിയായ പീലാത്തൊസിന്‍റെയടുത്തേക്കു കൊണ്ടുപോയി.
യൂദാ ആത്മഹത്യ ചെയ്യുന്നു
(അ.പ്രവ. 1:18-19)
3 യേശുവിനെ കൊല്ലാന്‍ അവര്‍ നിശ്ചയിച്ചത് യൂദാ അറിഞ്ഞു. യേശുവിനെ ശത്രുക്കള്‍ക്കൊറ്റിക്കൊടുത്ത യൂദാ ഇതെല്ലാം കണ്ട് തന്‍റെ പ്രവൃത്തിയില്‍ വളരെ ദുഃഖിച്ചു. അതിനാല്‍ അവന്‍ മുപ്പതു വെള്ളിക്കാശുമെടുത്ത് പുരോഹിതന്മാരുടെയും പ്രമാണിമാരുടെയും അടുത്തു ചെന്നു.
4 യൂദാ പറഞ്ഞു, “ഞാന്‍ പാപം ചെയ്തു. ഞാന്‍ നിഷ്കളങ്കനായ ഒരുവനെ കൊല്ലാന്‍ നിങ്ങളെ ഏല്പിച്ചു.”
യെഹൂദ നേതാക്കള്‍ പറഞ്ഞു, “അതൊന്നും ഞങ്ങള്‍ക്കറിയേണ്ട. അതൊക്കെ നിന്‍റെ പ്രശ്നം.”
5 അതിനാല്‍ യൂദാ ആ പണം ദൈവാലയത്തിലേക്ക് എറിഞ്ഞു. എന്നിട്ടയാള്‍ അവിടം വിട്ടു പോയി തൂങ്ങിമരിച്ചു.
6 മഹാപുരോഹിതന്മാര്‍ ദൈവാലയത്തില്‍ വീണ നാണയങ്ങള്‍ പെറുക്കിയെടുത്തു. അവര്‍ പറഞ്ഞു, “ഈ പണം ദൈവാലയത്തിലെ ഭണ്ഡാരത്തില്‍ ഇടാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. കാരണം ഒരാളുടെ മരണത്തിന് പ്രതിഫലം നല്‍കിയ തുകയാണിത്.”
7 അതിനാല്‍ ആ പണം കൊടുത്ത് കുശവന്‍റെ പറന്പ് വാങ്ങാനവര്‍ തീരുമാനിച്ചു. യെരൂശലേം സന്ദര്‍ശിക്കുന്ന പരദേശികള്‍ അവിടെ വച്ച് മരിച്ചാല്‍ അവരെ സംസ്കരിക്കാന്‍ ആ സ്ഥലം ഉപയോഗിക്കാം.
8 അതിനാല്‍ ആ പറന്പ് ഇപ്പോഴും രക്തപ്പറന്പ് എന്നറിയപ്പെടുന്നു.
9 യിരെമ്യാപ്രവാചകന്‍റെ ഈ വാക്കുകള്‍ സ്വാര്‍ത്ഥമാവുകയായിരുന്നു:
“മുപ്പതു വെള്ളിക്കാശും അവര്‍ എടുത്തു. അത്രയുമാണ് അവന്‍റെ ജീവിതത്തിന്‍റെ വിലയായി യെഹൂദര്‍ തീരുമാനിച്ചത്.
10 ആ മുപ്പതു വെള്ളിക്കാശും കുശവന്‍റെ പറന്പു വാങ്ങാനെടുത്തു. കര്‍ത്താവ് എന്നോടു കല്പിച്ചതുപോലെ ആയിരുന്നു അത്.”* ‘മുപ്പതു … കല്പിച്ചതുപോലെയായിരുന്നു’ ഇവ നോക്കുക: സെഖര്യ. 11:12,13; യിരെ. 32:6-9.
പീലാത്തൊസ് യേശുവിനെ ചോദ്യം ചെയ്യുന്നു
(മര്‍ക്കൊ. 15:2-5; ലൂക്കൊ. 23:3-5; യോഹ. 18:33-38)
11 യേശു ദേശാധികാരിയായ പീലാത്തൊസിന്‍റെ മുന്പില്‍ നിന്നു. പീലാത്തൊസ് അവനോടു ചോദിച്ചു, “നീയാണോ യെഹൂദരുടെ രാജാവ്?”
യേശു മറുപടി പറഞ്ഞു, “അതെ ഞാനാണ്.”
12 മഹാപുരോഹിതരും മൂപ്പന്മാരും കുറ്റപ്പെടുത്തിയപ്പോഴും അവന്‍ ഒന്നും പറഞ്ഞില്ല.
13 അതിനാല്‍ പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നിന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നതു കേട്ടിട്ടും നിനക്കു മറുപടിയൊന്നുമില്ലേ?”
14 എന്നാല്‍ യേശു പീലാത്തൊസിനോടു മറുപടിയൊന്നും പറഞ്ഞില്ല. ദേശാധികാരിക്കാകട്ടെ അത് ആശ്ചര്യമുളവാക്കുകയും ചെയ്തു.
യേശുവിനെ വെറുതെ വിടാന്‍ പീലാത്തൊസിനു കഴിയുന്നില്ല
(മര്‍ക്കൊ. 15:6-15; ലൂക്കൊ. 23:13-25; യോഹ. 18:39-19:16)
15 എല്ലാവര്‍ഷവും പെസഹാസമയത്ത് ദേശാധികാരി ഒരാളെ തടവില്‍നിന്നും മോചിപ്പിക്കുമായിരുന്നു. അതു മിക്കവാറും ജനഹിതം മാനിച്ചായിരിക്കും.
16 ആ സമയം കുപ്രസിദ്ധനായ ബറബ്ബാസ് എന്നൊരാള്‍ തടവറയിലുണ്ടായിരുന്നു.
17 പീലാത്തൊസിന്‍റെ വസതിയില്‍ കൂടിയിരുന്നവരോട് അദ്ദേഹം ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി ഒരാളെ സ്വതന്ത്രനാക്കാം, ആരെ വേണം? ബറബ്ബാസിനെയോ അല്ല ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെയോ?”
18 പക്ഷേ പീലാത്തൊസിന് അറിയാമായിരുന്നു അസൂയ കൊണ്ടാണവര്‍ യേശുവിനെ തന്നെ ഏല്പിച്ചതെന്ന്.
19 നീതിപീഠത്തിലിരുന്നാണ് പീലാത്തൊസ് ഇതു പറഞ്ഞത്. അയാള്‍ അവിടെയിരിക്കെ അയാളുടെ ഭാര്യ ഒരു സന്ദേശം കൊടുത്തയച്ചു. “അയാളെ ഒന്നും ചെയ്യരുത്. അയാള്‍ തെറ്റുകാരനല്ല. ഇന്നു ഞാനവനെ സംബന്ധിക്കുന്ന ഒരു സ്വപ്നം കണ്ടു. അതെന്നെ വല്ലാതെ കുഴക്കുന്നു.”
20 എന്നാല്‍ യേശുവിനെ കൊല്ലുവാനും ബറബ്ബാസിനെ മോചിപ്പിക്കുവാനും ആവശ്യപ്പെടാന്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ജനങ്ങളെ പ്രേരിപ്പിച്ചു.
21 പീലാത്തൊസ് ചോദിച്ചു, “ബറബ്ബാസും യേശുവും, ആരെയാണു ഞാന്‍ മോചിപ്പിക്കേണ്ടത്?”
ജനങ്ങള്‍ മറുപടി പറഞ്ഞു, “ബറബ്ബാസിനെ.”
22 പീലാത്തൊസ് ചോദിച്ചു, “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ പിന്നെ ഞാനെന്തു ചെയ്യണം?”
എല്ലാവരും ആവശ്യപ്പെട്ടു, “അവനെ ക്രൂശിക്കുക.”
23 പീലാത്തൊസ് ചോദിച്ചു, “എന്തിനാണവനെ കൊല്ലാനാവശ്യപ്പെടുന്നത്? അവനെന്തു തെറ്റാണു ചെയ്തത്?”
പക്ഷേ എല്ലാവരും ഉച്ചത്തില്‍ വിളിച്ചു കൂകി, “അവനെ ക്രൂശിക്കുക.”
24 തനിക്കു ജനാഭിപ്രായം മാറ്റാനാവില്ലെന്ന് പീലാത്തൊസ് മനസ്സിലാക്കി. ജനങ്ങള്‍ കലാപം കൂട്ടിയേക്കുമെന്നും അയാള്‍ ഭയന്നു. അതിനാല്‍ പീലാത്തൊസ് അല്പം വെള്ളമെടുത്ത് എല്ലാവരും കാണ്‍കെ തന്നെ തന്‍റെ കൈകള്‍ കഴുകി. എന്നിട്ട് പീലാത്തൊസ് പറഞ്ഞു, “ഇയാളുടെ മരണത്തില്‍ എനിക്കു പങ്കില്ല. നിങ്ങളാണതിനുത്തരവാദി.”
25 ജനങ്ങളാകെ മറുപടി പറഞ്ഞു, “അവന്‍റെ മരണത്തിനു ഞങ്ങളായിരിക്കും ഉത്തരവാദി. അവന്‍റെ മരണത്തിന്‍റെ ശിക്ഷ ഞങ്ങളും ഞങ്ങളുടെ മക്കളും ഏറ്റെടുക്കുന്നു.”
26 പീലാത്തൊസ് ബറബ്ബാസിനെ അവര്‍ക്കായി സ്വതന്ത്രനാക്കി. യേശുവിനെ ചാട്ടകൊണ്ടടിക്കാന്‍ പീലാത്തൊസ് ഭടന്മാരോടാജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കാന്‍ പട്ടാളക്കാരെ ഏല്പിച്ചു കൊടുത്തു.
ഭടന്മാര്‍ യേശുവിനെ പരിഹസിക്കുന്നു
(മര്‍ക്കൊ. 15:16-20; യോഹ. 19:2-3)
27 പീലാത്തൊസിന്‍റെ പടയാളികള്‍ യേശുവിനെ ദേശാധികാരിയുടെ കൊട്ടാരത്തില്‍ കൊണ്ടുവന്നു. സൈനീകവ്യൂഹം മുഴുവനും അവന്‍റെ ചുറ്റും കൂടി.
28 അവര്‍ അവന്‍റെ വസ്ത്രം മാറ്റി ചുവന്ന ഒരു പുറങ്കുപ്പായം അണിയിച്ചു.
29 അവര്‍ ഒരു മുള്‍ക്കീരീടം ഉണ്ടാക്കി. അവരത് യേശുവിന്‍റെ തലയില്‍ വച്ചു. അവന്‍റെ വലതു കയ്യില്‍ ഒരു വടിയും പിടിപ്പിച്ചു. എന്നിട്ട് യേശുവിന്‍റെ മുന്പില്‍ മുട്ടുകുത്തി, “യെഹൂദരുടെ രാജാവേ” എന്ന് പറഞ്ഞ് അവര്‍ പരിഹസിച്ചു.
30 ഭടന്മാര്‍ യേശുവിന്‍റെ മുഖത്തു തുപ്പി. എന്നിട്ടവര്‍ അവന്‍റെ കയ്യില്‍ നിന്ന് വടി വാങ്ങി അവന്‍റെ തലയ്ക്ക് പലവട്ടം അടിച്ചു.
31 അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം മാറ്റി അവന്‍റെ സ്വന്തം കുപ്പായം തന്നെ വീണ്ടും ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ ക്രൂശിക്കാന്‍ ദൂരേക്കു കൊണ്ടുപോയി.
യേശു ക്രൂശിക്കപ്പെടുന്നു
(മര്‍ക്കൊ. 15:21-32; ലൂക്കൊ. 23:26-39; യോഹ. 19:17-19)
32 ഭടന്മാര്‍ യേശുവിനെയുംകൊണ്ട് നഗരത്തിനു പുറത്തേക്കു പോകുകയായിരുന്നു. അവര്‍ മറ്റൊരാളെക്കൊണ്ട് യേശുവിന്‍റെ കുരിശു ചുമപ്പിച്ചു. കുറേനക്കാരനായ ശീമോന്‍ ആയിരുന്നു അത്.
33 ഗോല്‍ഗോഥാ എന്ന സ്ഥലത്തേക്കാണവര്‍ അവനെ കൊണ്ടുപോയത്. (“തലയോട്ടികളുടെ സ്ഥലം” എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം).
34 ഗോല്‍ഗോഥായില്‍ വച്ച് ഭടന്മാര്‍ യേശുവിനു കുടിക്കാന്‍ വീഞ്ഞു നല്‍കി. കയ്പു ചേര്‍ത്ത വീഞ്ഞാണവര്‍ നല്‍കിയത്. യേശു അതു രുചിച്ചു നോക്കിയെങ്കിലും കുടിക്കാന്‍ വിസ്സമ്മതിച്ചു.
35 സൈനികര്‍ അവനെ കുരിശില്‍ തറച്ചു. അവര്‍ അവന്‍റെ വസ്ത്രം വീതം വെക്കാന്‍ നറുക്കിട്ടു.
36 ഭടന്മാര്‍ അവിടിരുന്ന് യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
37 കുറ്റം വെളിവാക്കുന്ന ശിലാശാസനം അവര്‍ അവന്‍റെ തലയ്ക്കു മുകളില്‍ എഴുതി തൂക്കി. “ഇതാണ് യേശു, യെഹൂദരുടെ രാജാവ്” എന്നായിരുന്നു അത്.
38 യേശുവിനോടൊപ്പം രണ്ട് മോഷ്ടാക്കളെയും അവര്‍ ക്രൂശിച്ചു. ഒരാളെ അവന്‍റെ വലതുവശത്തും അപരനെ ഇടതുവശത്തും
39 അതുവഴി കടന്നു പോയവരൊക്കെ അവനെ ദുഷിച്ചു പറഞ്ഞു. അവര്‍ തലകുലുക്കി
40 പറഞ്ഞു, “ദൈവാലയം നശിപ്പിച്ചു വീണ്ടും പണിയാന്‍ കഴിയുമെന്നു പറഞ്ഞവനല്ലേ നീ? സ്വയം രക്ഷപ്പെട്! നീ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനെങ്കില്‍ കുരിശില്‍ നിന്നിറങ്ങി വരിക.”
41 മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ അവരും അവനെ പരിഹസിച്ചു.
42 അവര്‍ പറഞ്ഞു, “അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാനവനു കഴികയില്ല. ‘അവന്‍ യിസ്രായേലിന്‍റെ രാജാവാണ്’ എന്ന് ആളുകള്‍ പറയുന്നു. അവന്‍ രാജാവാണെങ്കില്‍ ഇപ്പോള്‍ തന്നെ കുരിശില്‍നിന്നും ഇറങ്ങിവരട്ടെ. അപ്പോള്‍ നമുക്കവനില്‍ വിശ്വസിക്കാം.
43 അവന്‍ ദൈവത്തില്‍ വിശ്വസിച്ചു. ദൈവം വേണമെങ്കില്‍ അവനെ രക്ഷിക്കട്ടെ. അവന്‍ അവനെപ്പറ്റി പറഞ്ഞു, ‘ഞാന്‍ ദൈവപുത്രനാണ്.’”
44 കൂടാതെ യേശുവിനോടൊപ്പം ക്രൂശിപ്പിക്കപ്പെട്ടിരുന്ന കള്ളന്മാരും അവനെ ദുഷിച്ചു പറഞ്ഞു.
യേശു മരിക്കുന്നു
(മര്‍ക്കൊ. 15:33-41; ലൂക്കൊ. 23:44-49; യോഹ. 19:28-30)
45 ഉച്ചയ്ക്ക് രാജ്യമാകെ ഇരുള്‍ വ്യാപിച്ചു. മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഈ ഇരുട്ടു നീണ്ടു നിന്നു.✡ ഉദ്ധരണി സങ്കീ. 22:1. മൂന്നു മണിയോളമായപ്പോള്‍ യേശു ഉറക്കെ നിലവിളിച്ചു. “ഏലി, ഏലി, ലമ്മാ സബക്താനി?” “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”
46 എന്നാണിതിന്‍റെ അര്‍ത്ഥം.✡ ഉദ്ധരണി സങ്കീ. 22:1.
47 അവിടെ നിന്നവരില്‍ ചിലരിതു കേട്ടു. അവര്‍ പറഞ്ഞു, “അവന്‍ ഏലിയാവെ വിളിക്കുകയാണ്.”
48 പെട്ടെന്ന് കൂട്ടത്തിലൊരാള്‍ ഓടിപ്പോയി ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍മുക്കി ഒരു കന്പില്‍ വെച്ചുകെട്ടി. എന്നിട്ടത് യേശുവിനു കുടിക്കാന്‍ നീട്ടിക്കൊടുത്തു.
49 പക്ഷേ മറ്റുള്ളവര്‍ പറഞ്ഞു, “വരട്ടെ, ഏലീയാവ് അവനെ രക്ഷിക്കാന്‍ വരുമോ എന്നു നോക്കാം.”
50 യേശു വീണ്ടും ഉച്ചത്തില്‍ കരഞ്ഞ് പ്രാണനെ വിട്ടു.
51 യേശു മരിച്ചപ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി. മുകളില്‍ നിന്നും താഴെ വരെ. ഭൂമി കുലുങ്ങുകയും പാറകള്‍ പൊട്ടുകയും ചെയ്തു.
52 ശവക്കല്ലറകള്‍ എല്ലാം തുറക്കപ്പെടുകയും ദൈവത്തിന്‍റെയാള്‍ക്കാര്‍ പലരും മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
53 അവര്‍ കല്ലറകളില്‍ നിന്നും പുറത്തു വന്നു. യേശു ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവര്‍ വിശുദ്ധനഗരത്തിലേക്കു പോയി. പലരും അവരെ കണ്ടു.
54 ശതാധിപനും യേശുവിനു കാവല്‍ നിന്ന പട്ടാളക്കാരും ഭൂകന്പവും മറ്റു സംഭവങ്ങളും കണ്ടു. അവര്‍ വളരെ ഭയന്നു പറഞ്ഞു, “അവന്‍ യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായിരുന്നു.”
55 യേശുവിനെ ശുശ്രൂഷിക്കാന്‍ ഗലീലയില്‍ നിന്നു വന്നവരടക്കം അനേകം സ്ത്രീകളും അതു കാണുന്നുണ്ടായിരുന്നു.
56 മഗ്ദലമറിയ, യാക്കോബിന്‍റെയും യോസെയുടെയും മാതാവായ മറിയ, യാക്കോബിന്‍റെയും യോഹന്നാന്‍റെയും അമ്മ എന്നിവരും ഉണ്ടായിരുന്നു.
യേശുവിനെ സംസ്കരിക്കുന്നു
(മര്‍ക്കൊ. 15:42-47; ലൂക്കൊ. 23:50-56; യോഹ. 19:38-42)
57 ആ സായാഹ്നത്തില്‍ യോസേഫ് എന്നു പേരായ ഒരു ധനികന്‍ യെരൂശലേമില്‍ വന്നു. അരിമഥ്യയില്‍നിന്നും വന്ന അയാള്‍ യേശുവിന്‍റെ ശിഷ്യനായിരുന്നു.
58 യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ മൃതദേഹം ചോദിച്ചു. യോസേഫിന് യേശുവിന്‍റെ ശരീരം നല്‍കാന്‍ പീലാത്തൊസ് പട്ടാളക്കാരോട് ആജ്ഞാപിച്ചു.
59 യോസേഫ് പുതിയ തുണിയില്‍ അവന്‍റെ ശരീരം പൊതിഞ്ഞു കൊണ്ടുപോയി.
60 പാറ തുരന്നുണ്ടാക്കിയ പുതിയ കല്ലറയില്‍ യോസേഫ് അവനെ സംസ്കരിച്ചു. കല്ലറ വലിയൊരു കല്ല് ഉരുട്ടിവെച്ച് അടച്ചു. ഇതെല്ലാം ചെയ്ത് യോസേഫ് പോയി.
61 മഗ്ദലമറിയയും മറിയയെന്നു പേരായ മറ്റേ സ്ത്രീയും അവിടെ കല്ലറക്കെതിര്‍വശത്തായി ഇരുന്നു.
ശവകുടീരത്തിനു കാവല്‍
62 അന്ന് തയ്യാറെടുപ്പു ദിവസമായിരുന്നു. അതിനടുത്ത ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്‍റെയടുത്തേക്കു പോയി.
63 അവര്‍ പറഞ്ഞു, “യജമാനനേ, ആ കപടവേഷധാരി ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞല്ലോ “മൂന്നു നാള്‍ക്കു ശേഷം ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും” എന്ന്.
64 അതിനാല്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം മോഷ്ടിച്ചു കൊണ്ടുപോകുവാനിടയുണ്ട്. എന്നിട്ട് അവര്‍ക്ക് അവന്‍ ഉയിര്‍ത്തെഴുന്നേറ്റതായി ആളുകളോടു പറയാമല്ലോ. ആ നുണ അവന്‍ അവനെപ്പറ്റി മുന്പ് പറഞ്ഞിരുന്നതിലും ഭീകരമായിരിക്കും. അതുകൊണ്ട് മൂന്നൂനാള്‍ കഴിയുന്നതുവരേക്കും സുരക്ഷിതമായ കാവല്‍ ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.”
65 പീലാത്തൊസ് പറഞ്ഞു, “നിങ്ങള്‍ക്കറിയാവുന്നത്ര മികച്ച രീതിയില്‍ പട്ടാളക്കാരെയും കൊണ്ടുചെന്ന് അവിടെ കാവലിരിക്കുക.”
66 അതിനാല്‍ അവരെല്ലാവരും ശവകുടീരത്തില്‍ ചെന്ന് അവിടം സുരക്ഷിതമാക്കി. കല്ലറ അടച്ചിരുന്ന കല്ലിന് മുദ്രവച്ചും പട്ടാളക്കാരെ കാവലിരുത്തിയും അവരതു സുക്ഷിതമാക്കി.