യഥാര്‍ത്ഥ ദാനം
6
“സൂക്ഷിച്ചിരിക്കുക! നല്ലതു ചെയ്യുന്പോള്‍ അതു മനുഷ്യരുടെ മുന്പില്‍ വെച്ചാകാതിരിക്കുക. ആരെങ്കിലും കാണാന്‍ വേണ്ടി ചെയ്യരുത്. അങ്ങനെ ചെയ്താല്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് തക്ക പ്രതിഫലം നല്‍കില്ല.
“നിങ്ങള്‍ പാവങ്ങള്‍ക്കു ദാനം ചെയ്യുന്പോള്‍ അതു വിളിച്ചു പറയരുത്. കപട ഭക്തിക്കാരെപ്പോലെയാകരുത്. അവര്‍ ദാനം ചെയ്യുന്പോള്‍ ആളുകള്‍ അറിയാന്‍ കാഹളം മുഴക്കും. അവര്‍ക്കതു യെഹൂദപ്പള്ളികളിലും വഴിയിലും വെച്ച് ചെയ്യാനാണു താല്പര്യം. മറ്റുള്ളവര്‍ തങ്ങളെ ബഹുമാനിക്കാനവര്‍ ആഗ്രഹിക്കുന്നു. ഞാന്‍ പറയുന്നു: അവര്‍ അപ്പോഴേ സമ്മാനിതരായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ പാവങ്ങള്‍ക്കു ദാനം ചെയ്യുന്നതു രഹസ്യമായിട്ടാകുക. നിങ്ങള്‍ ചെയ്യുന്നത് മറ്റുള്ളവര്‍ അറിയരുത്. അതു രഹസ്യമായി വേണം. നിങ്ങള്‍ രഹസ്യമായി ചെയ്യുന്നത് നിങ്ങളുടെ പിതാവിനു കാണാം. അവന്‍ നിങ്ങള്‍ക്കതിന് പ്രതിഫലം നല്‍കുകയും ചെയ്യും.
പ്രാര്‍ത്ഥനയെപ്പറ്റി
(ലൂക്കൊ. 11:2-4)
“കപടഭക്തരെപ്പോലെ പ്രാര്‍ത്ഥിക്കരുത്. യെഹൂദപ്പള്ളികളില്‍ നിന്ന് ആളുകള്‍ കാണ്‍കെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കാനാണവര്‍ക്കിഷ്ടം. ഞാന്‍ നിങ്ങളോടു സത്യമായി പറയാം അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ മുറിയില്‍ കയറി കതകുകള്‍ അടച്ചിട്ട് അദൃശ്യനായ നിങ്ങളുടെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യമായി ചെയ്യുന്നതും നിങ്ങളുടെ പിതാവിന് കാണാം. അവന്‍ നിങ്ങള്‍ക്കു പ്രതിഫലം നല്‍കും.
“നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ദൈവത്തെ അറിയാത്തവരെപ്പോലെയാകരുത്. അര്‍ത്ഥമില്ലാത്ത കാര്യങ്ങള്‍ വിളിച്ചു പറയുകയാണവര്‍ ചെയ്യാറ്. അങ്ങനെ പ്രാര്‍ത്ഥിക്കരുത്. തങ്ങള്‍ അനേകം കാര്യങ്ങള്‍ പറയുന്നതിനാല്‍ ദൈവം തങ്ങളെ ശ്രവിക്കുമെന്നാണവര്‍ കരുതുന്നത്. അവരെപ്പോലെയാകരുത്. നിങ്ങള്‍ക്കു വേണ്ടതെന്തെന്ന് നിങ്ങളാവശ്യപ്പെടുന്നതിനു മുന്പു തന്നെ നിങ്ങളുടെ പിതാവിനറിയാം. അതിനാല്‍ പ്രാര്‍ത്ഥിക്കുന്പോള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കണം:
'സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ
പിതാവേ അങ്ങയുടെ നാമം പരിശുദ്ധമായിരിക്കേണമേ.
10 അങ്ങയുടെ രാജ്യം വരേണമേ,
അങ്ങയുടെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ഉണ്ടാകേണമേ.
11 ഇന്നു വേണ്ട ആഹാരം ഇന്നു തന്നെ ഞങ്ങള്‍ക്കു നല്‍കേണമേ.
12 ഞങ്ങള്‍ ഞങ്ങളോടു തെറ്റുചെയ്തവരോടു
ക്ഷമിക്കുന്പോലെ ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ.
13 ഞങ്ങളെ പരിശോധനകള്‍ക്കു വിധേയരാക്കരുതേ;
ദുഷ്ടനില്‍നിന്നു ഞങ്ങളെ രക്ഷിക്കേണമേ; പ്രലോഭനങ്ങള്‍ക്കു ഞങ്ങളെ വശംവദരാക്കരുതേ.’
14 മറ്റുള്ളവര്‍ നിങ്ങളോടു ചെയ്ത തെറ്റുകള്‍ നിങ്ങള്‍ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കും. 15 എന്നാല്‍ നിങ്ങളോട് തെറ്റു ചെയ്തവരോടു നിങ്ങള്‍ ക്ഷമിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും പൊറുക്കില്ല.
ഉപവാസത്തെപ്പറ്റി
16 “ഉപവസിക്കുന്പോള്‍ വാടിയ മുഖം കാണിക്കരുത്. കപടഭക്തരാണ് അങ്ങനെ ചെയ്യുക. തങ്ങള്‍ ഉപവസിക്കുകയാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ അവര്‍ മുഖം വികൃതമാക്കും. ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, അവര്‍ക്കു തങ്ങളുടെ പ്രതിഫലം ലഭിച്ചു കഴിഞ്ഞു. 17 അതിനാല്‍ നിങ്ങള്‍ ഉപവസിക്കുന്പോള്‍ പ്രസന്നരായിരിക്കുക. മുഖം കഴുകുക. 18 അപ്പോള്‍ നിങ്ങള്‍ ഉപവസിക്കുകയാണെന്ന് ആരും അറിയുകയില്ല. എന്നാല്‍ അദൃശ്യനായ നിങ്ങളുടെ പിതാവ് മാത്രം നിങ്ങള്‍ രഹസ്യമായി ചെയ്യുന്നതിനെ അറിയുകയും തക്കപ്രതിഫലം തരികയും ചെയ്യും.
ദൈവമാണ് ധനത്തെക്കാള്‍ പ്രധാനം
(ലൂക്കൊ. 12:33-34; 11:34-36; 16:13)
19 “ഈ ഭൂമിയില്‍ നിങ്ങള്‍ക്കായി ഒരു നിധിയും സന്പാദിക്കരുത്. കീടങ്ങളും തുരുന്പും അവയെ നശിപ്പിക്കും. കള്ളന്മാര്‍ നിങ്ങളുടെ ഭവനം ഭേദിച്ച് നിങ്ങള്‍ക്കുള്ളതെല്ലാം കൊണ്ടുപോകും. 20 അതിനാല്‍ നിങ്ങളുടെ നിക്ഷേപങ്ങള്‍ സ്വര്‍ഗ്ഗത്തിലാകട്ടെ. കീടങ്ങളും തുരുന്പും അതു നശിപ്പിക്കില്ല. കള്ളന്മാര്‍ക്ക് അകത്തുകടന്ന് അതു കൊണ്ടുപോകാനുമാവില്ല. 21 നിങ്ങളുടെ നിക്ഷേപം എവിടെയാണോ, നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും.
22 “കണ്ണ് ശരീരത്തിന്‍റെ വിളക്കാണ്. നിങ്ങളുടെ കണ്ണ് നല്ലതെങ്കില്‍ നിങ്ങളുടെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞിരിക്കും. 23 മറിച്ച് ചീത്തകണ്ണുകളാണു നിങ്ങളുടേതെങ്കില്‍ ശരീരം മുഴുവന്‍ ഇരുട്ടു (പാപം) വ്യാപിച്ചതാകും. നിന്നിലെ പ്രകാശം തന്നെ ഇരുട്ടാണെങ്കില്‍ ആ ഇരുട്ട് സാന്ദ്രമായതായിരിക്കും.
24 “ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കുമാവില്ല. അവന്‍ ഒരു യജമാനനെ വെറുത്ത് രണ്ടാമനെ സേവിക്കും. അല്ലെങ്കില്‍ ഒരാളെ അനുഗമിക്കുകയും മറ്റെയാളെ ഉപേക്ഷിക്കുകയും ചെയ്യും. അതിനാല്‍ ഒരേസമയം പണത്തെയും ദൈവത്തെയും സേവിക്കാന്‍ നിങ്ങള്‍ക്കാവില്ല.
ദൈവരാജ്യം ആദ്യം
(ലൂക്കൊ. 12:22-34)
25 “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ജീവിക്കേണ്ടതിനായി എന്തു തിന്നണമെന്നും കുടിക്കണമെന്നും ഓര്‍ത്ത് വ്യാകുലപ്പെടേണ്ട. ശരീരത്തില്‍ അണിയേണ്ട വസ്ത്രത്തെക്കുറിച്ചോര്‍ത്തും ദുഃഖിക്കേണ്ട. ആഹാരത്തെക്കാള്‍ പ്രധാനം ജീവിതമാണ്. ശരീരം വസ്ത്രങ്ങളെക്കാള്‍ പ്രധാനമാണ്. 26 ഈ പക്ഷികളെ നോക്കൂ. അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, പത്തായങ്ങളില്‍ ആഹാരം നിറച്ചുവെക്കുന്നില്ല. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയ്ക്കു ആഹാരം നല്‍കുന്നു. നിങ്ങള്‍ക്കറിയില്ലേ പക്ഷികളേക്കാള്‍ വിലപ്പെട്ടവരാണു നിങ്ങളെന്ന്. 27 വ്യാകുലപ്പെട്ടതുകൊണ്ട് ജീവിതത്തില്‍ ഒരല്പസമയമെങ്കിലും കൂട്ടിയെടുക്കാന്‍ നിങ്ങള്‍ക്കാവില്ല.
28 “എന്തിനാണു നിങ്ങള്‍ വസ്ത്രങ്ങളെച്ചൊല്ലി ഉത്ക്കണ്ഠപ്പെടുന്നത്? വയലിലെ പൂക്കളെ നോക്കൂ. അവ വളരുന്നതെങ്ങനെയെന്നു നോക്കുക. അവ അദ്ധ്വാനിക്കുന്നില്ല. വസ്ത്രങ്ങളുണ്ടാക്കുന്നില്ല 29 എന്നാല്‍ ആ പൂക്കളിലൊന്നിനെപ്പോലെ അണിഞ്ഞൊരുങ്ങാന്‍ മഹത്വമേറെയുണ്ടായിരുന്ന ശലോമോനു പോലും കഴിഞ്ഞിരുന്നില്ല. 30 ദൈവം ആ വയലിലെ പുല്ലുകളെ ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ആ പുല്ലുകളാകട്ടെ ഇന്നു വളരുകയും നാളെ തീയിലെറിയപ്പെടുകയും ചെയ്യും. അതിനാല്‍ ദൈവം തീര്‍ച്ചയായും നിങ്ങളെ അണിയിച്ചൊരുക്കുമെന്നറിയുക. അല്പം വിശ്വാസമെങ്കിലുമില്ലേ!
31 “വ്യാകുലപ്പെടരുത്. ‘ഞാനെന്തു തിന്നും?’ ‘ഞാനെന്തു കുടിക്കും?’ ‘ഞാനെന്തു ധരിക്കും?’ എന്നൊന്നും പറയുകയോ അവ കാംക്ഷിക്കുകയോ ചെയ്യരുത്. 32 ദൈവത്തെ അറിയാത്തവരാണ് ഇവയ്ക്കായി ദുഃഖിക്കുക വ്യാകുലപ്പെടരുത്, എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനറിയാം നിങ്ങള്‍ക്കെന്തൊക്കെ വേണമെന്ന്. 33 നിങ്ങള്‍ ആദ്യം തേടേണ്ടത് ദൈവരാജ്യവും ദൈവനീതിയുമാണ്. എന്നാല്‍ നിങ്ങള്‍ക്കു വേണ്ടതെല്ലാം ലഭിക്കും. 34 അതിനാല്‍ നാളെയെപ്പറ്റി ഉത്ക്കണ്ഠപ്പെടാതിരിക്കുക. ഓരോ ദിവസത്തിനും മതിയായ അതിന്‍റേതായ ക്ളേശങ്ങളുണ്ടാവും. നാളേക്ക് അതിന്‍റെ വ്യഥകളുണ്ടാവും.