തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നു
(മര്‍ക്കൊ. 2:1-12; ലൂക്കൊ. 5:17-26)
9
യേശു വഞ്ചിയില്‍ കയറി മറുകരയിലുള്ള തന്‍റെ സ്വന്തം നഗരത്തിലേക്കു പോയി. തളര്‍വാതം ബാധിച്ച ഒരാളെ ചിലര്‍ അവന്‍റെ മുന്പില്‍ കൊണ്ടുവന്നു. അയാള്‍ ഒരു കിടക്കയില്‍ കിടക്കുകയായിരുന്നു. അവരുടെ ഉറച്ച വിശ്വാസത്തെ യേശു മനസ്സിലാക്കി. അവന്‍ രോഗിയോടു പറഞ്ഞു, “യുവാവേ, സന്തോഷവാനായിരിക്കുക. നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.”
ശാസ്ത്രിമാരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പരസ്പരം പറഞ്ഞു, “ഇയാള്‍ ദൈവത്തെപ്പോലെ സംസാരിക്കുന്നു. ദൈവദോഷമല്ലേ ഇത്.”
അവരുടെ ഉള്ളിലിരിപ്പ് യേശുവിനറിയാം. അതിനാലവന്‍ പറഞ്ഞു, “എന്തിനാണ് നിങ്ങളിങ്ങനെ ദുഷിച്ച കാര്യങ്ങളാലോചിക്കുന്നത്? 5-6 ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു' എന്നു പറയുന്നതോ, ‘എഴുന്നേറ്റ് നടക്കുക' എന്നു പറയുന്നതോ എളുപ്പം? മനുഷ്യപുത്രന് ഭൂമിയില്‍ പാപങ്ങള്‍ പെറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്കു തെളിയിച്ചുതരാം.” എന്നിട്ട് യേശു രോഗിയോടു പറഞ്ഞു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമായി വീട്ടിലേക്കു പോകൂ.”
അയാള്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതു കണ്ടവരില്‍ ഭയം നിറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ഇപ്രകാരമുള്ള ശക്തി നല്‍കിയതിന് അവര്‍ ദൈവത്തെ സ്തുതിച്ചു.
യേശു മത്തായിയെ തിരഞ്ഞെടുക്കുന്നു
(മര്‍ക്കൊ. 2:13-17; ലൂക്കൊ. 5:27-32)
യേശു അവിടം വിട്ടു പോകുകയായിരുന്നപ്പോള്‍ മത്തായി എന്നു പേരുള്ള ആളെ കണ്ടു. മത്തായി ചുങ്കക്കാരുടെ കാര്യാലയത്തിലിരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” അപ്പോള്‍ മത്തായി എഴുന്നേറ്റ് യേശുവിനെ പിന്തുടര്‍ന്നു.
10 യേശു മത്തായിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അനേകം ചുങ്കക്കാരും മറ്റു ദുഷിച്ച ആള്‍ക്കാരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. 11 യേശു അവരോടൊത്തിരുന്ന് ആഹാരം കഴിക്കുന്നത് ഏതാനും പരീശന്മാര്‍ കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണു നിങ്ങളുടെ ഗുരു ഈ ചുങ്കപ്പിരിവുകാരുടെയും മറ്റു പാപികളുടെയും കൂടെയിരുന്നാഹാരം കഴിക്കുന്നത്.?”
12 പരീശന്മാര്‍ പറയുന്നത് യേശു കേട്ടു. അവന്‍ പരീശന്മാരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണ് വൈദ്യനെ ആവശ്യമുള്ളത്. 13 ഞാന്‍ നിങ്ങളോടു ചില കാര്യങ്ങള്‍ പറയാം. അതിന്‍റെ അര്‍ത്ഥം പോയി പഠിക്കൂ. ‘എനിക്കു യാഗം കഴിക്കേണ്ട. ഞാന്‍ മനുഷ്യരുടെ ഇടയില്‍ ദയ കാംക്ഷിക്കുന്നു.’ ഉദ്ധരണി ഹോശേ. 6:6. നല്ലവരെ ക്ഷണിക്കാനല്ല ഞാന്‍ വന്നത്. പാപികളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്.”
യേശു മറ്റു യെഹൂദരെപ്പോലെയല്ല
(മര്‍ക്കൊ. 2:18-22; ലൂക്കൊ. 5:33-39)
14 അപ്പോള്‍ യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനടുത്തെത്തി. അവര്‍ യേശുവിനോടു ചോദിച്ചു, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കാറുണ്ട്. പക്ഷേ നിന്‍റെ ശിഷ്യന്മാര്‍ എന്താണുപവസിക്കാത്തത്?”
15 യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ കൂട്ടുകാര്‍ ദുഃഖിക്കാറില്ല. പക്ഷേ മണവാളന്‍ അവരുടെ മദ്ധ്യത്തില്‍നിന്നകറ്റപ്പെടുന്ന സമയം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിക്കും. ആ സമയം അവര്‍ ഉപവസിക്കും.
16 “ഒരാള്‍ പഴയ വസ്ത്രത്തിലെ ദ്വാരമടയ്ക്കാന്‍ പുതിയ വസ്ത്രത്തില്‍നിന്നും ഒരു കഷണം കീറിയെടുക്കാറില്ല. അഥവാ അയാളങ്ങനെ ചെയ്താല്‍ കൂട്ടിച്ചേര്‍ത്ത തുണി കീറുകയും ദ്വാരം വലുതാവുകയും ചെയ്യും. 17 അതുപോലെ പുതിയ വീഞ്ഞ് ആരും പഴയ വീഞ്ഞുസഞ്ചികളില്‍ ഒഴിച്ചുവെക്കാറില്ല. എന്തുകൊണ്ടെന്നാല്‍ സഞ്ചി പൊട്ടി വീഞ്ഞ് പുറത്തേക്കൊഴുകുകയും വീഞ്ഞുസഞ്ചി കീറിപ്പോകുകയും ചെയ്യും. എന്നാല്‍ പുതിയ വീഞ്ഞ് പുതിയ സഞ്ചികളിലൊഴിക്കാറുണ്ട്. അപ്പോള്‍ വീഞ്ഞും സഞ്ചിയും നന്നായിരിക്കും.”
മരിച്ച പെണ്‍കുട്ടിയെ ജീവിപ്പിക്കുന്നു, രോഗിണിയെ സുഖപ്പെടുത്തുന്നു
(മര്‍ക്കൊ. 5:21-43; ലൂക്കൊ. 8:40-56)
18 യേശു ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കവേ യെഹൂദപ്പളളിയിലെ ഒരു ഭരണക്കാരന്‍ അവനെ സമീപിച്ചു. അവന്‍ യേശുവിനു മുന്പില്‍ നമിച്ചിട്ട് അവനോടു പറഞ്ഞു, “എന്‍റെ മകള്‍ അല്പം മുന്പ് മരിച്ചു. പക്ഷേ അങ്ങു വന്ന് അവളുടെമേല്‍ കൈവച്ചാല്‍ അവള്‍ വീണ്ടും ജീവിക്കും”
19 യേശു എഴുന്നേറ്റ് അയാളുടെ കൂടെപ്പോയി. അവന്‍റെ ശിഷ്യന്മാരും അവനെ പിന്തുടര്‍ന്നു.
20 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ യേശുവിന്‍റെ പിന്നാലെയെത്തി അവന്‍റെ വസ്ത്രത്തിന്‍റെ കീഴ്ഭാഗം സ്പര്‍ശിച്ചു. 21 അവള്‍ക്കറിയാമായിരുന്നു, “എനിക്കവന്‍റെ വസ്ത്രത്തില്‍ തൊടാനായാല്‍ എന്‍റെ രോഗം സുഖപ്പെടും.”
22 യേശു തിരിഞ്ഞ് അവളെ നോക്കി. അവന്‍ പറഞ്ഞു, “അല്ലയോ പ്രിയപ്പെട്ട സ്ത്രീയേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സന്തോഷിക്കുക.” ഉടന്‍ ആ സ്ത്രീ എഴുന്നേറ്റു നിന്നു. അപ്പോള്‍ അവള്‍ സുഖപ്പെട്ടു.
23 യേശു ഭരണക്കാരനോടൊത്ത് അയാളുടെ വീട്ടിലെത്തി അവിടെ ശവസംസ്കാരപ്പാട്ട് പാടുന്നവരെ കണ്ടു. ചിലര്‍ കുട്ടി മരിച്ചതില്‍ കരയുന്നുണ്ടായിരുന്നു. 24 യേശു പറഞ്ഞു, “മാറി നില്‍ക്കൂ, ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.” എന്നാല്‍ ആളുകള്‍ യേശുവിനെ പരിഹസിച്ചു. 25 ആളുകളെ പുറത്തിറക്കിയ ശേഷം യേശു കുട്ടിയുടെ മുറിയില്‍ കയറി. അവന്‍ പെണ്‍കുട്ടിയുടെ കരം ഗ്രഹിച്ചു. ഉടന്‍ തന്നെ അവള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. 26 ഈ വാര്‍ത്ത ആ പ്രദേശമാകെ വ്യാപിച്ചു.
കൂടുതല്‍ പേരെ സുഖപ്പെടുത്തുന്നു
27 യേശു അവിടം വിട്ടുപോകവേ രണ്ടു അന്ധന്മാര്‍ അവനെ അനുഗമിച്ചു. അവര്‍ ഉറക്കെ പറഞ്ഞു, “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാട്ടേണമേ,”
28 യേശു അകത്തേക്കു കയറിയപ്പോള്‍ അന്ധരും കൂടെക്കയറി. യേശു അവരോടു ചോദിച്ചു, “നിങ്ങള്‍ക്കു കാഴ്ച തിരിച്ചു തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?” അവര്‍ മറുപടി പറഞ്ഞു, “അതേ കര്‍ത്താവേ, ഞങ്ങള്‍ വിശ്വസിക്കുന്നു.”
29 അപ്പോള്‍ യേശു അവരുടെ കണ്ണുകളില്‍ തൊട്ടുകൊണ്ടു പറഞ്ഞു, “നിങ്ങള്‍ക്കു കാഴ്ച തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ.” 30 അപ്പോള്‍ അവരുടെ കാഴ്ചശക്തി വീണ്ടുകിട്ടി. യേശു അവര്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി, അവന്‍ പറഞ്ഞു, “ഇതാരോടും പറയരുത്.” 31 പക്ഷേ അവര്‍ പുറത്തു പോയി യേശുവിനെപ്പറ്റിയുള്ള ഈ വാര്‍ത്ത ആ പ്രദേശമാകെ പരത്തി.
32 ആ രണ്ടുപേര്‍ പോകാനൊരുങ്ങുന്പോള്‍ ചിലര്‍ മറ്റൊരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നിരുന്നു. ഭൂതം ബാധിച്ചിരുന്നതിനാല്‍ അയാള്‍ക്കു മിണ്ടാനാകുമായിരുന്നില്ല. 33 യേശു അയാളില്‍നിന്നും ഭൂതത്തെ ഇറക്കി വിട്ടു. അപ്പോള്‍ അയാള്‍ക്കു സംസാരിക്കാനായി. ആളുകള്‍ അന്തംവിട്ടുകൊണ്ടു പറഞ്ഞു, “ഇങ്ങനെയുള്ള സംഭവങ്ങളൊന്നും ഞങ്ങള്‍ യിസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.”
34 എന്നാല്‍ പരീശര്‍ പറഞ്ഞു, “ഭൂതങ്ങളുടെ നേതാവു കൊടുത്ത ശക്തികൊണ്ടാണവനിതു ചെയ്യുന്നത്.”
ജനങ്ങളോട് അനുകന്പ തോന്നുന്നു
35 യേശു എല്ലാ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദൈവരാജ്യത്തപ്പറ്റിയുള്ള സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാ വിധത്തിലുള്ള അവശതകളും രോഗങ്ങളും അവന്‍ ഭേദമാക്കുകയും ചെയ്തു. 36 യേശുവിന് ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരോട് അനുകന്പ തോന്നി. കാരണം, അവര്‍ വ്യാകുലരായും നിസ്സഹായരായും കാണപ്പെട്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ അനാഥരായിരുന്നു അവര്‍. 37 യേശു ശിഷ്യന്മാരോടു പറഞ്ഞു, “വിളവ് ധാരാളം ഉണ്ട്. എന്നാല്‍ വിളവെടുക്കുന്നവരാകട്ടെ കുറവും. 38 വിളവ് ദൈവത്തിനവകാശപ്പെട്ടതാണ്. കൂടുതല്‍ പണിക്കാരെ അയച്ച് വിളവെടുപ്പില്‍ സഹായിക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.”