13
എല്ലാവരും അധികാരത്തിലുളള സര്‍ക്കാരിനെ അനുസരിക്കണം. ഭരിച്ചുകൊണ്ടിരിക്കുന്ന ഏതൊരാള്‍ക്കും അതിനുളള ശക്തി കിട്ടിയത് ദൈവത്തില്‍ നിന്നാണ്. ഇപ്പോള്‍ ഭരിക്കുന്നവര്‍ക്കും ദൈവമാണ് ആ അധികാരം നല്‍കിയത്. അതിനാല്‍ അധികാരികള്‍ക്ക് എതിരായുളളവന്‍ അവനെത്തന്നെ ശിക്ഷയ്ക്കു ഒരുക്കുന്നു. ശരി ചെയ്യുന്ന ആള്‍ക്കാര്‍ക്ക് അധികാരികളെ ഭയപ്പെടേണ്ടതില്ല. പക്ഷേ തെറ്റു ചെയ്യുന്നവന്‍ അധികാരികളെ പേടിക്കണം. അധികാരികളെ പേടിക്കുന്നതില്‍നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കില്‍ ശരി ചെയ്യണം. നിങ്ങള്‍ ശരി ചെയ്യുകയാണെങ്കില്‍ അധികാരികള്‍ നിങ്ങളെ പ്രശംസിക്കും.
നിങ്ങളെ സഹായിക്കുന്നതിനുളള ദൈവത്തിന്‍റെ ഒരു ദാസനാണ് ഭരണകര്‍ത്താവ്. പക്ഷേ നിങ്ങള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ പേടിക്കണം. ഭരണാധികാരിക്ക് ശിക്ഷ നല്‍കാന്‍ ശക്തിയുണ്ട്. അവനത് ഉയോഗിക്കുകയും ചെയ്യും. തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനുളള ദൈവത്തിന്‍റെ ദാസനാണ് അവന്‍. അതുകൊണ്ട് നിങ്ങള്‍ ഭരണകൂടത്തോട് അനുസരണം ഉളളവരായിരിക്കണം അനുസരിച്ചില്ലെങ്കില്‍ ശിക്ഷ കിട്ടും എന്നതു കൊണ്ട് നിങ്ങള്‍ അനുസരിക്കണം. ചെയ്യുവാനുളള ശരിയായ കാര്യം അതാണെന്നത് അനുസരണത്തിനുളള മറ്റൊരു കാരണവുമാണ്.
അതുകൊണ്ടാണ് നിങ്ങള്‍ നികുതി അടയ്ക്കേണ്ടത്. ആ അധികാരികള്‍ ദൈവത്തിനായി പ്രവൃത്തിക്കുന്നവരും, അവരുടെ മുഴുവന്‍ സമയവും ഭരണത്തിനായി വിനിയോഗിക്കുന്നവരുമാണ്. ആര്‍ക്കെങ്കിലും നിങ്ങള്‍ കടപ്പെട്ടതെന്തും മടക്കിക്കൊടുക്കണം. ഏതെങ്കിലും തരം നികുതി നീ കടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് അടയ്ക്കണം. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണം. ആദരിക്കേണ്ടവരെ ആദരിക്കണം.
പരസ്നേഹമാണ് ഏക ന്യായപ്രമാണം
അന്യരോട് കടമുളളവരായിരിക്കരുത്. എന്നാല്‍ പരസ്പരസ്നേഹത്തില്‍ നിങ്ങള്‍ എപ്പോഴും കടപ്പെട്ടിരിക്കണം. അന്യരെ സ്നേഹിക്കുന്നവന്‍ എല്ലാ ന്യായപ്രമാണവും അനുസരിച്ചു. ഞാനെന്തുകൊണ്ടാണ് ഇതു പറയുന്നത്? “നീ വ്യഭചാരം ചെയ്യരുതെന്നും, അന്യന്‍റെ വസ്തുക്കള്‍ ആഗ്രഹിക്കരുതെന്നും” ന്യായപ്രമാണത്തില്‍ പറയുന്നതുകൊണ്ടാണ് ഞാനിതു പറയുന്നത്. ഈ കല്പനകളും ഇതര എല്ലാ കല്പനകളും ഈ ഒരു കല്പനയില്‍ സംഗ്രഹിച്ചിരിക്കുന്നു. “നിന്നെപ്പോലെതന്നെ മറ്റുളളവരെയും സ്നേഹിക്കുക. ഉദ്ധരണി ലേവ്യ 19:18. 10 സ്നേഹം പീഢയ്ക്കു കാരണമാകയില്ല. അതുകൊണ്ട് സ്നേഹിക്കുക എന്നത് മുഴുവന്‍ ന്യായപ്രമാണവും അനുസരിക്കുക എന്നതിനു സമമാണ്.
11 ഒരു പ്രധാന കാലത്താണ് നാം ജീവിക്കുന്നത് എന്നതിനാലാണ് ഞാനിതു പറയുന്നതെന്നു നിങ്ങള്‍ക്കറിയാം. അതെ, ഇപ്പോഴാണ് നിങ്ങളുടെ ഉറക്കത്തില്‍നിന്നും ഉണരുവാനുളള നിങ്ങളുടെ സമയം. നാം ആദ്യം വിശ്വസിച്ചിരുന്ന കാലത്തിനേക്കാളും അടുത്താണ് നമ്മുടെ രക്ഷയിപ്പോള്‍. 12 “രാത്രി” മിക്കവാറും തീര്‍ന്നു കഴിഞ്ഞു. “പകല്‍” ഏകദേശം ഇവിടെ എത്തി. അതുകൊണ്ടു രാത്രിക്കു ചേര്‍ന്നപ്രവൃത്തികള്‍ നാം നിര്‍ത്തണം. വെളിച്ചത്തിനു ചേര്‍ന്ന പ്രവൃത്തികള്‍ ചെയ്യുന്നതിനായി നാം നമ്മെത്തന്നെ ഒരുക്കണം. 13 പകലിന്‍റെ മക്കളെപ്പോലെ നേരായ പാതയില്‍ നമുക്കും ജീവിക്കാം. കാടവും മലീമസവുമായ സദ്യകള്‍ നമുക്കുവേണ്ട. നാം മദ്യപിക്കരുത്. ലൈംഗിക പാപങ്ങള്‍ അഥവാ ശരീരംകൊണ്ടുളള ഏതുവിധത്തിലുളള പാപവും നാം ചെയ്യരുത്. നമുക്കു ശണ്ഠയോ, അസൂയയോ ഉണ്ടാകരുത്. 14 കര്‍ത്താവായ യേശുക്രിസ്തുവിനെ നിങ്ങള്‍ സ്വയം ധരിക്കുക. നിങ്ങള്‍ ചെയ്യുവാനാഗ്രഹിക്കുന്ന ചീത്തക്കാര്യങ്ങളെക്കുറിച്ചോ തിന്മനിറഞ്ഞ നിങ്ങളുടെ സ്വയത്തെ തൃപ്തിപ്പെടുത്താനുളള മാഗ്ഗങ്ങളെക്കുറിച്ചോ ചിന്തിക്കരുത്.