അന്യരെ വിമര്‍ശിക്കരുത്
14
1 വിശ്വാസത്തില്‍ ശോഷിച്ച ഒരുവനെ നിങ്ങളുടെ സമൂഹത്തിലേക്ക് സ്വീകരിക്കാന്‍ വിസ്സമ്മതിക്കരുത്. അവന്‍റെ വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ച് അവനുമായി തര്‍ക്കിക്കരുത്.
2 തനിക്കിഷ്ടമുളള ഏതു ഭക്ഷണവും കഴിക്കാമെന്ന് ഒരുവന്‍ കരുതുന്നു. പക്ഷേ ദുര്‍ബലമായ വിശ്വാസം ഉളളവന്‍ സസ്യാഹാരമേ കഴിക്കൂ.
3 തനിക്ക് എല്ലാത്തരം ഭക്ഷണവും കഴിക്കാനാകുമെന്ന് അറിയുന്നവന് സസ്യാഹാരം മാത്രം കഴിക്കുന്നവനെക്കാള്‍ താന്‍ മെച്ചമാണെന്നു തോന്നരുത്. സസ്യാഹാരം മാത്രം കഴിക്കുന്നവന്‍ എല്ലാം ഭക്ഷിക്കുന്നവന്‍ ചെയ്യുന്നത് തെറ്റാണെന്നു തീരുമാനിക്കരുത്.
4 ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു. മറ്റൊരാ ളുടെ ദാസനെ നീ വിധിക്കരുത്. ദാസന്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്ന് അവന്‍റെ ഉടമ തന്നെ തീരുമാനിച്ചു കൊളളും. ദൈവത്തിന് തന്‍റെ ദാസനെ നീതിയുളളവനാക്കാമെന്നതുകൊണ്ട് ദൈവത്തിന്‍റെ ദാസന്‍ നീതിയുളളവനാണ്.
5 ഒരുവന് ഒരു ദിനം മറ്റൊരു ദിവസത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യമുളളതാണെന്നു കരുതിയേക്കാം. മറ്റൊരുവ്യക്തി ദിവസങ്ങള്‍ക്കെല്ലാം തുല്യപ്രാധാന്യമാണെന്നും കരുതിയേക്കാം. ഓരോ വ്യക്തിക്കും അവന്‍റെ വിശ്വാസത്തെക്കുറിച്ച് തന്‍റെ തന്നെ മനസ്സില്‍ ഉറപ്പുണ്ടായിരിക്കണം.
6 6ഒരു ദിവസം മറ്റൊരു ദിവസത്തേക്കാള്‍ പ്രാധാന്യമുളളതെന്നു കരുതുന്നവന്‍ അതു കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. എല്ലാത്തരം ഭക്ഷണം കഴിക്കുന്ന വ്യക്തിയും അത് കര്‍ത്താവിനു വേണ്ടിയാണ് ചെയ്യുന്നത്. അതെ, ആ ഭക്ഷണം കിട്ടിയതിനെക്കുറിച്ച് അവന്‍ കര്‍ത്താവിനു നന്ദി പറയുന്നു. ചില ഭക്ഷണം കഴിക്കാന്‍ വിസ്സമ്മതിക്കുന്നവനും അത് കര്‍ത്താവിനായിട്ടാണ് ചെയ്യുന്നത്. അവനും കര്‍ത്താവിനു നന്ദി പറയുന്നു.
7 അതെ നമ്മളെല്ലാവരും കര്‍ത്താവിനായാണ് ജീവിക്കുന്നത്. നാം നമുക്കുവേണ്ടി മരിക്കുകയോ ജീവിക്കുകയോ ചെയ്യാറില്ല.
8 നമ്മള്‍ ജീവിക്കുന്നെങ്കില്‍ അത് കര്‍ത്താവിനുവേണ്ടിയാണ്. നാം മരിക്കുകയാണെങ്കില്‍ അതും കര്‍ത്താവിനായിട്ടാണ്. അതുകൊണ്ട് മരണത്തിലും ജീവനിലും നാം കര്‍ത്താവിനുളളവരാണ്.
9 അതിനാലൊക്കെയാണ് ക്രിസ്തു മരിച്ചതും മരണത്തില്‍ നിന്ന് ഉയിര്‍ത്ത് വീണ്ടും ജീവിച്ചതും. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കര്‍ത്താവാകുവാന്‍ ആണ് ക്രിസ്തു ഇതു ചെയ്തത്.
10 അതുകൊണ്ട് നീ എന്തുകൊണ്ട് നിന്‍റെ സഹോദരനെ വിധിക്കണം? അഥവാ നിന്‍റെ സഹോദരനെക്കാള്‍ മെച്ചമാണ് നീയെന്ന് എന്തിനു കരുതുന്നു.? നാമെല്ലാവരും ദൈവമുന്പാകെ നില്‍ക്കുകയും അവന്‍ എല്ലാവരെയും വിധിക്കുകയും ചെയ്യും.
11 അതെ, തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു:
“എന്‍റെ മുന്നില്‍ എല്ലാവരും മുട്ടുമടക്കും;
ഞാന്‍ ദൈവമാണെന്ന് എല്ലാവരും പറയും.
ഇക്കാര്യമെല്ലാം സംഭവിക്കുമെന്നത് ഞാന്‍ ജീവിക്കുന്നതുപോലെ തീര്‍ച്ചയുളള കാര്യമാണ് എന്ന് കര്‍ത്താവു പറയുന്നു.” യെശയ്യാവ് 45:23
12 അതിനാല്‍ ഓരോരുത്തരുടെയും ജീവിതത്തെക്കുറിച്ച് ദൈവത്തോട് നാം തന്നെ വിശദീകരിക്കേണ്ടിവരും.
അന്യര്‍ക്ക് പാപകാരണമാകരുത്
13 അതിനാല്‍ പരസ്പരം വിധിക്കുന്നത് നാം നിര്‍ത്തണം. നിന്‍റെ സഹോദരങ്ങളെ ബലഹീനമാക്കുന്നതോ, പാപത്തിലേക്കു പതിപ്പിക്കുന്നതോ ആയ യാതൊരു കാര്യവും ചെയ്യാതിരിക്കാനായി നീ തീരുമാനിക്കണം.
14 ഞാന്‍ കര്‍ത്താവായ ക്രിസ്തുവിലാണ്, ഭക്ഷിക്കുവാന്‍ പാടില്ലാത്തതായ യാതൊരു ഭക്ഷണവും ഇല്ല എന്ന് എനിക്കറിയാം ആരെങ്കിലും ചിലത് അശുദ്ധമാണെന്ന് കരുതുകയാണെങ്കില്‍ അപ്പോള്‍ അവനെ സംബന്ധിച്ചിടത്തോളം അത് അശുദ്ധമാണ്.
15 നീ ഭക്ഷിക്കുന്ന ഏതെങ്കിലും ഭക്ഷണം നിന്‍റെ സഹോദരന്‍റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെങ്കില്‍ നീ പിന്തുടരുന്നത് സ്നേഹത്തിന്‍റെ പാതയല്ല. ഒരാള്‍ക്ക് തെറ്റെന്നു തോന്നുന്ന എന്തെങ്കിലും ഭക്ഷിച്ചുകൊണ്ട് നീ അവന്‍റെ വിശ്വാസത്തെ നശിപ്പിക്കരുത്. ക്രിസ്തു അവനുവേണ്ടി കൂടിയാണ് മരിച്ചത്.
16 നിങ്ങള്‍ നല്ലതെന്നു കരുതുന്ന ഒന്ന് അപകീര്‍ത്തിയിലേക്കു വീഴാന്‍ നീ ഇടവരുത്തരുത്.
17 ദൈവരാജ്യത്തില്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും അല്ല പ്രധാനം. പരിശുദ്ധാത്മാവിലുളള നീതിയും സമാധാനവും സന്തോഷവുമാണ്.
18 ഇത്തരത്തില്‍ ജീവിച്ചുകൊണ്ട് ക്രിസ്തുവിന് സേവനം ചെയ്യുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്‍ എല്ലാവര്‍ക്കും സ്വീകാര്യനുമായിരിക്കും.
19 അതിനാല്‍ സമാധാനം പ്രോത്സാഹിപ്പിക്കാന്‍ എന്തെല്ലാം കാര്യത്തില്‍ ഏര്‍പ്പെടുമോ അതിന് കഠിനമായി നമുക്ക് ശ്രമിക്കാം. അന്യോന്യം സഹായം ആകുന്ന കാര്യങ്ങള്‍ ചെയ്യുവാനായി നമുക്കു ശ്രമിക്കാം.
20 ഭക്ഷണത്തിനു വേണ്ടി ദൈവപ്രവര്‍ത്തനത്തെ നശിപ്പിക്കരുത്. ഏതു ഭക്ഷണവസ്തുവും ഭക്ഷിക്കുന്നതില്‍ തെറ്റില്ല. ഒരാളുടെ ഭക്ഷണം മറ്റൊരാള്‍ക്ക് പതനം വരുത്തുന്നുവെങ്കില്‍ അവന്‍ തെറ്റാണ് ചെയ്യുന്നത്.
21 മാംസം ഭക്ഷിക്കുന്നതും, വീഞ്ഞു കുടിക്കുന്നതും നിന്‍റെ സഹോദരങ്ങളെ പാപത്തില്‍ വീഴിക്കുന്നുവെങ്കില്‍ അത് ഭക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. സഹോദരന്‍ നിലം തെറ്റി വീഴാന്‍ വരുത്തുന്ന ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.
22 ഇക്കാര്യങ്ങളിലുളള നിന്‍റെ വിശ്വാസം നിനക്കും ദൈവത്തിനുമിടയില്‍ ഒരു രഹസ്യമായി സൂക്ഷിക്കണം. ഒരാള്‍ ശരിയെന്നു വിചാരിക്കുന്ന കാര്യം കുറ്റബോധം കൂടാതെ ചെയ്യുവാന്‍ സാധിക്കുന്നവന്‍ അനുഗൃഹീതനാണ്.
23 ഒരാള്‍ക്ക് ശരിയാണെന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാത്തത് എന്തെങ്കിലും ഭക്ഷിക്കുകയാണെങ്കില്‍ അവനോടു തന്നെ തെറ്റു ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, അത് ശരിയാണെന്ന് അവന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ ശരിയാണെന്നു വിശ്വാസം കൂടാതെ, എന്തെങ്കിലും ചെയ്താല്‍ അത് പാപമാണ്.