15
നാം വിശ്വാസംകൊണ്ട് ബലമുളളവരാണ്. അതിനാല്‍ അബലരെ നാം സഹായിക്കണം. അവരുടെ ബലഹീനതയില്‍ നാം അവരെ സഹായിക്കണം. നമ്മളെത്തന്നെ പ്രീതിപ്പെടുത്താന്‍ നാം ശ്രമിക്കരുത്. നാം ഓരോരുത്തരും അന്യരെ സന്തോഷിപ്പിക്കണം. അവരെ സഹായിക്കുവാ നായി നാം ഇതു ചെയ്യണം. വിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പുളളവരാകാന്‍ നാം അവരെ സഹായിക്കണം. ക്രിസ്തു പോലും അവനെത്തന്നെ പ്രീതിപ്പെടുത്താനായി ജീവിച്ചില്ല. “നിങ്ങളെ അപമാനിച്ചവര്‍ എന്നെയും കൂടിയാണ് അപമാനിച്ചത്. ഉദ്ധരണി സങ്കീ. 69:9. എന്ന് തിരുവെഴുത്തകളില്‍ എഴുതി യിരിക്കുന്നതുപോലെയാണത്.
പണ്ട് എഴുതിയതെല്ലാം തന്നെ നമ്മെ പഠിപ്പിക്കുവാനായി എഴുതിയതാണ്. നമുക്കു പ്രത്യാശ ഉണ്ടാകേണ്ട തരത്തിലാണ് അവ എഴുതിയിരിക്കുന്നത്. തിരുവെഴുത്തുകള്‍ നമുക്കു നല്‍കുന്ന സ്ഥിരോത്സാഹത്തിലും ഉറപ്പിന്മേലും ആണ് ആ പ്രതീക്ഷ കൈവരുന്നത്. സഹനശക്തിയും ബലവും ദൈവത്തില്‍ നിന്നുമാണ് വരുന്നത്. ക്രിസ്തുവിന്‍റെ അഭീഷ്ടാനുസരണം എല്ലാവരും പരസ്പരം ഐക്യത്തില്‍ ജീവിക്കുവാന്‍ ദൈവം സഹായിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകഹൃദയ ത്തോടെയും ഒരേ സ്വരത്തിലും നിങ്ങള്‍ക്കുകീര്‍ത്തിക്കാം. ക്രിസ്തു നിങ്ങളെ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് നിങ്ങളും പരസ്പരം സ്വീകരിക്കുവിന്‍. ഇതു ദൈവത്തെ മഹത്വപ്പെടുത്തും. ദൈവത്തിന്‍റെ വാഗ്ദാനങ്ങള്‍ ശരിയാണെന്ന് കാണിക്കുവാനായിട്ടാണ് ക്രിസ്തു യെഹൂദരുടെ ദാസനായത് എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞു. യെഹൂദരുടെ പിതാക്കന്മാരോട് വാഗ്ദാനം ചെയ്തത് ദൈവം ചെയ്യും എന്നു തെളിയിക്കുവാനാണ് ക്രിസ്തു ഇതു ചെയ്തത്. ജാതികള്‍ അവര്‍ക്കു കിട്ടിയ കാരുണ്യത്തിന് ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിനും കൂടിയാണ് ക്രിസ്തു ഇതു ചെയ്തത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു,
“അതിനാല്‍ ജാതികളുടെ ഇടയില്‍ വച്ച് ഞാന്‍ നിനക്കു നന്ദി പറയും.
നിന്‍റെ നാമത്തിന്‍റെ കീര്‍ത്തിക്കായി ഞാന്‍ പാടും.” സങ്കീര്‍ത്തനങ്ങള്‍ 18:49
10 തിരുവെഴുത്തു പറയുന്നു,
“ദൈവത്തിന്‍റെ ജനത്തോടൊപ്പം ജാതികള്‍ സന്തോഷിക്കണം” ആവര്‍ത്തനം 32:43
“ജാതികളായ നിങ്ങള്‍ ഏവരും ദൈവത്തെ സ്തുതിക്കുവിന്‍;
സര്‍വ്വജനവും ദൈവത്തെ സ്തുതിക്കണം” എന്നും എഴുതിയിരിക്കുന്നു.” സങ്കീര്‍ത്തനങ്ങള്‍ 117:1
11-12 യെശയ്യാവ് പറയുന്നു,
“യിശ്ശായിയുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ വരും.
ജാതികളെ ഭരിക്കുവാനായി അവന്‍ വരും.
ജാതികള്‍ക്ക് അവന്‍ വഴി പ്രതീക്ഷയുണ്ടാകും.” യെശയ്യാവ് 11:10
13 നിങ്ങള്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടിരിക്കുന്പോള്‍ പ്രതീക്ഷ തരുന്ന ദൈവം നിങ്ങളെ ആഹ്ളാദവും സമാധാനവുംകൊണ്ട് നിറയ്ക്കട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ പ്രതീക്ഷ കൈവരികയും പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ അത് നിങ്ങളില്‍ നിന്ന് ഒഴുകുകയും ചെയ്യും.
പെൌലൊസ് തന്‍റെ വേലയെപ്പറ്റി പറയുന്നു
14 എന്‍റെ സഹോദരങ്ങളേ, നിങ്ങള്‍ നന്മനിറഞ്ഞവരാണെന്നു എനിക്കു തീര്‍ച്ചയുണ്ട്. എല്ലാ അറിവിനാലും നിങ്ങള്‍ സജ്ജരാണെന്നും പരസ്പരം പഠിപ്പിക്കുവാന്‍ അതു സഹായകമാകും എന്നും എനിക്കറിയാം. 15 എന്നാല്‍ നിങ്ങള്‍ ഓര്‍ക്കണമെന്നു ഞാനാഗ്രഹിച്ച ചില കാര്യങ്ങളെപ്പറ്റി വളരെ തുറന്നു ഞാനെഴുതി. ദൈവം എനിക്കു പ്രത്യേകമായ ഒരു വരം തന്നതുകൊണ്ടാണ് ഞാനിതു ചെയ്തത്. 16 ക്രിസ്തുവിന്‍റെ ശുശ്രൂഷകന്‍ ആയിരിക്കുക എന്നതാണ് ആ വരം ദൈവം, എന്നെ ജാതികളെ സഹായിക്കുവാനുളള ശുശ്രൂഷകനാക്കി. ദൈവത്തിന്‍റെ സുവിശേഷം പഠിപ്പിച്ചുകൊണ്ട് ഞാനവനു സേവനം ചെയ്തു. ജാതികള്‍ ദൈവം സ്വീകരിച്ച ഒരു വഴിപാടാകാമെന്നതുകൊണ്ടും, വിശുദ്ധരാക്കപ്പെട്ടതുകൊണ്ടും ഞാനിതു ചെയ്തു.
17 അതുകൊണ്ട് ദൈവത്തിനു വേണ്ടി ക്രിസ്തുയേശുവില്‍ ഞാന്‍ ചെയ്ത കാര്യങ്ങളെപ്പറ്റി എനിക്കു മതിപ്പുണ്ട്. 18 ഞാന്‍ തനിയെ ചെയ്ത കാര്യങ്ങളെപ്പറ്റി ഒന്നും സംസാരിക്കില്ല. ദൈവാനുസരണത്തിലേക്ക് ജാതികളെ നയിക്കാന്‍ ക്രിസ്തു എന്നെക്കൊണ്ട് ചെയ്ത കാര്യങ്ങളെ പ്പറ്റിയേ ഞാന്‍ സംസാരിക്കുകയുളളൂ. ഞാന്‍ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മൂലമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്. 19 വീര്യപ്രവര്‍ത്തികളുടെ ശക്തിയാലും അവര്‍ കണ്ട വന്‍കാര്യങ്ങളാലും പരിശുദ്ധാത്മാവിന്‍റെ ശക്തിയാലുമാണ് അവര്‍ ദൈവത്തെ അനുസരിച്ചത്. യെരൂശലേം മുതല്‍ ഇല്ലൂര്യവരെ ചുറ്റി സഞ്ചരിച്ച് ഞാന്‍ സുവിശേഷം പ്രഘോഷിച്ചു. അങ്ങനെ എന്‍റെ വേലയുടെ ആ ഭാഗം ഞാന്‍ തീര്‍ത്തു. 20 ക്രിസ്തുവിനെപ്പറ്റി ഒരിക്കല്‍പ്പോലും കേട്ടിട്ടില്ലാത്ത ജനങ്ങളുളള സ്ഥലങ്ങളില്‍ സുവിശേഷം പ്രഘോഷിക്കുവാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നു. മറ്റൊരാള്‍ നേരത്തേതന്നെ പണിതുയര്‍ത്തിയ വേലയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കു ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാനിതു ചെയ്യുന്നത്. 21 പക്ഷേ തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു:
“അവനെപ്പറ്റി പറഞ്ഞു കേട്ടിട്ടില്ലാത്തവര്‍, അവനെ കാണും;
അവനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ മനസ്സിലാക്കും” യെശയ്യാവ് 52:15
റോം സന്ദര്‍ശിക്കുവാനുളള പെൌലൊസിന്‍റെ പദ്ധതി
22 അതിനാലാണ് നിങ്ങളുടെ അടുത്തേയ്ക്കുളള എന്‍റെ വരവ് പലപ്രാവശ്യം തടയപ്പെട്ടത്.
23 ഇപ്പോള്‍ ഇവിടങ്ങളിലെ എന്‍റെ വേല ഞാന്‍ തീര്‍ത്തു. പലവര്‍ഷങ്ങളായി നിങ്ങളെ സന്ദര്‍ശിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. 24 അതിനാല്‍ ഞാന്‍ സ്പാന്യയിലേക്കും! പോകുന്പോള്‍ നിങ്ങളെ സന്ദര്‍ശിക്കും. അതേ, നിങ്ങളെ സന്ദര്‍ശിച്ച് നിങ്ങളുടെ സാന്നിദ്ധ്യത്തില്‍ അല്പകാലം സന്തോഷിക്കുവാനും സ്പാന്യയിലേക്കുളള യാത്രയില്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് എന്നെ യാത്രയ്ക്കിടയില്‍ സഹായിക്കുകയും ചെയ്യാം.
25 ഇപ്പോള്‍ ഞാന്‍ ദൈവത്തിന്‍റെ ജനത്തെ സഹായിക്കുവാനായി യെരൂശലേമിലേക്കു പോകുകയാണ്. 26 യെരൂശലേമിലുളള ദൈവജനത്തില്‍ ചിലര്‍ ദരിദ്രരാണ്. മക്കെദൊന്യക്കാരും ആഖായിക്കാരും യെരൂശലേമിലുളള പാവങ്ങളായ ദൈവജനത്തിനു സംഭാവന നല്‍കുവാന്‍ തീരുമാനിച്ചിരിക്കു ന്നു. 27 സന്തോഷത്തോടെ ഇത് ചെയ്യാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു. എങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അങ്ങനെ ചെയ്യാനുളള ബാദ്ധ്യതയുമുണ്ട്. ജാതികള്‍ യെഹൂദരുടെ ആത്മീയാനുഗ്രഹങ്ങളില്‍ പങ്കുപറ്റിയതുകൊണ്ട് യെഹൂദരെ ജാതികള്‍ തങ്ങള്‍ക്കുളളതുകൊടുത്തു സഹായിക്കണം. 28 യെരൂശലേമിലെ ദരിദ്രര്‍ക്കായി സംഭരിച്ച പണം ഭദ്രമായി അവരെ ഏല്പിച്ചു എന്നു എനിക്കു ഉറപ്പു വരണം. ഈ ജോലി തീര്‍ത്തതിനുശേഷം ഞാന്‍ സ്പാന്യയിലേക്കു പോകും.
സ്പാന്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ നിങ്ങളെ കാണുവാനായി ഞാന്‍ വരും. 29 നിങ്ങളെ സന്ദര്‍ശിക്കുന്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹം മുഴുവനും നിങ്ങള്‍ക്കായി ഞാന്‍ കൊണ്ടുവരുമെന്ന് എനിക്കറിയാം.
30 സഹോദരങ്ങളേ, എനിക്കുവേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ട്, എന്‍റെ വേലയില്‍ നിങ്ങളെന്നെ സഹായിക്കണമെന്നു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ക്രിസ്തുവിനെപ്രതിയും പരിശുദ്ധാത്മാവില്‍നിന്നു നമ്മിലേക്കുവന്ന സ്നേഹത്തെപ്രതിയും, എനിക്കുവേണ്ടി, എന്നോടൊപ്പം ചേര്‍ന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്ന് നിങ്ങളോടു ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 31 യെഹൂദ്യയിലുളള അവിശ്വാസികളില്‍ നിന്ന് എന്നെ രക്ഷിക്കണമെന്നും, യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുചെല്ലുന്ന ഈ സഹായം അവരെ സന്തേഷമുളളവരാക്കണമെന്നും നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. 32 പിന്നെ, ദൈവഹിതമെങ്കില്‍ നിങ്ങളുടെയടുത്ത് ഞാന്‍ വരും. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് സന്തോഷപൂര്‍വ്വം വരികയും നിങ്ങളോടൊപ്പം വിശ്രമിക്കുകയും ചെയ്യും. 33 സമാധാനം നല്‍കുന്ന ദൈവം നിങ്ങളോടൊപ്പം ഉണ്ടാകട്ടെ. ആമേന്‍.