യെഹൂദരും പാപികളാണ്
2
1 മറ്റുളളവരെ വിധിക്കരുത്, കാരണം നിങ്ങളും പാപം കൊണ്ട് അപരാധികളാണ്. മറ്റുളളവരെ വിധിക്കുന്പോള്‍ അവര്‍ ചെയ്യുന്ന അതേ തെറ്റുകള്‍ നങ്ങളും ചെയ്യുന്നു. അതുകൊണ്ട് നിങ്ങള്‍ അവരെ വിധിക്കുന്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ നിങ്ങളുടെ തെറ്റിനെത്തന്നെയാണ് വിധിക്കുന്നത്.
2 അത്തരം തെറ്റു ചെയ്യുന്നവരില്‍ ദൈവത്തിന്‍റെ വിധിന്യായം പ്രവര്‍ത്തിക്കുന്നത് ശരിയാണെന്ന് നമുക്കറിയാം.
3 പാപികളെ വിധിക്കുകയും, അതേ പാപം ചെയ്യുകയും ദൈവനീതിയെക്കുറിച്ച് അറിയുകയും ചെയ്യുന്ന നിങ്ങള്‍ ദൈവത്തിന്‍റെ ന്യായവിധിയില്‍നിന്ന് രക്ഷപ്പെടുമെന്ന് കരുതുന്നുണ്ടോ?
4 ദൈവം നിങ്ങളോടു വളരെ കരുണയുളളവനാണ്. അവന്‍ നിങ്ങളുടെ നേര്‍ക്ക് ക്ഷമ കാണിക്കുന്നു. നിങ്ങളുടെ മാറ്റത്തിനു വേണ്ടി അവന്‍ കാത്തിരിക്കുന്നു. പക്ഷെ, നിങ്ങള്‍ അവന്‍റെ കാരുണ്യത്തെക്കുറിച്ച് ഒട്ടും ചിന്തിക്കുന്നില്ല. നിങ്ങളുടെ മാനസാന്തരത്തിനു കാത്തിരിക്കാന്‍ തക്കവണ്ണം അത്രമേല്‍ കരുണാമയനാണ് ദൈവം എന്ന് ഒരുപക്ഷേ നിങ്ങള്‍ക്കറിവില്ലായിരിക്കും.
5 പക്ഷേ, നിങ്ങള്‍ കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമാണ്. പശ്ചാത്താപത്തിനു വിധേയരാകാന്‍ മടിക്കുന്നതുകൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്കു ശിക്ഷ വീണ്ടും പെരുപ്പിക്കുന്നു. ദൈവം തന്‍റെ കോപം വെളിവാക്കുന്ന ദിവസം ആ ശിക്ഷ നിങ്ങള്‍ക്കു കിട്ടുകയും ചെയ്യും. ആ ദിവസം മനുഷ്യര്‍ ദൈവത്തിന്‍റെ ശരിയായ ന്യായവിധി കാണും.
6 ഓരോ വ്യക്തിക്കും താന്‍ ചെയ്തവയ്ക്കുളള പ്രതിഫലമോ ശിക്ഷയോ ദൈവം നല്‍കും.
7 ദൈവമഹത്വത്തിനും കീര്‍ത്തിക്കും നിത്യജീവനും വേണ്ടി ചിലര്‍ ജീവിക്കും. എപ്പോഴും സല്‍പ്രവൃത്തികള്‍ നിറഞ്ഞ ജീവിതത്തിനായി അവര്‍ നിര്‍ബന്ധം പിടിക്കും. ദൈവം അവര്‍ക്കു നിത്യജീവന്‍ നല്‍കും.
8 മറ്റു ചിലര്‍ സ്വാര്‍ത്ഥമതികളും സത്യാന്വേഷണത്തില്‍ വിമുഖരുമാണ്. അവര്‍ ദുഷ്ടതയെ പിന്തുടരും. ദൈവം തന്‍റെ ശിക്ഷയും കോപവും അവര്‍ക്കു നല്‍കും.
9 ദുഷ്ടത ചെയ്യുന്ന യെഹൂദരും ജാതികളുമായ എല്ലാവര്‍ക്കും ദൈവം പ്രശ്നങ്ങളും കഷ്ടതകളും നല്‍കും.
10 സല്‍പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന യെഹൂദരും അല്ലാത്തവരുമായ എല്ലാവര്‍ക്കും അവന്‍ മഹത്വവും ബഹുമാനവും സമാധാനവും സമ്മാനിക്കും.
11 ദൈവം എല്ലാവരെയും പക്ഷപാതരഹിതമായി വിധിക്കുന്നു.
12 ന്യായപ്രമാണം ഉളളവരും അതില്ലാത്തവരും പാപം ചെയ്യുന്പോള്‍ സമന്മാരുമാകുന്നു. ന്യായപ്രമാണമില്ലാത്തതിനാല്‍ പാപം ചെയ്യുന്നവര്‍ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്യുന്നവര്‍ ന്യായപ്രമാണം കൊണ്ട് വിധിക്കപ്പെടും.
13 ന്യായപ്രമാണത്തെപ്പറ്റിയുളള കേട്ടറിവ് ആര്‍ക്കും നീതീകരിക്കപ്പെടുവാന്‍ സഹായമാവുകയില്ല. ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങളെല്ലാം അനുസരിക്കുമെങ്കില്‍ അത് ദൈവമുന്പാകെ നീതീകരിക്കപ്പെടുവാന്‍ സഹായിക്കും.
14 ജാതികള്‍ക്ക് ആ ന്യായപ്രമാണമില്ല. പക്ഷേ അവര്‍ സ്വാഭാവികമായി ന്യായപ്രമാണം ആവശ്യപ്പെടുന്പോലെ പ്രവര്‍ത്തിക്കുന്പോള്‍ അവര്‍ക്കു ന്യായപ്രമാണം ഇല്ലെങ്കിലും, അവര്‍ തന്നെയാകും അവരുടെ ന്യായപ്രമാണം.
15 തങ്ങളുടെ ഹൃദയങ്ങളില്‍ നന്മതിന്മകളെ അവര്‍ വിവേചിച്ചറിയുന്നത് ന്യായപ്രമാണത്തിനു അനുസൃതമായ മട്ടില്‍ തന്നെയാണ്. തെറ്റും ശരിയും അവര്‍ക്ക് അനുഭവവേദ്യമാകുന്നവിധം അവര്‍ പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ തങ്ങളുടെ പ്രവൃത്തികള്‍ തെറ്റാണെന്ന് അവരുടെ മനസ്സ് മന്ത്രിക്കുകയും അങ്ങനെ അവര്‍ക്ക് കുറ്റബോധം ഉളവാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവരുടെ മനസ്സ് തങ്ങളുടെ ചെയ്തികളെ ശരിവയ്ക്കുകയും അങ്ങനെ അവരെ കുറ്റബോധത്തില്‍നിന്നും വിമുക്തരാക്കുകയും ചെയ്യുന്നു.
16 മനുഷ്യമനസ്സിലെ രഹസ്യങ്ങളെ ദൈവം വിചാരണചെയ്യുന്ന ആ ദിവസം ഇതെല്ലാം നടക്കും. ഞാന്‍ മനുഷ്യരെ അറിയിക്കുന്ന സുവിശേഷമനുസരിച്ച് ദൈവം ക്രിസ്തുയേശു വഴി മനുഷ്യരെ വിധിക്കും.
യെഹൂദരും ന്യായപ്രമാണവും
17 നിങ്ങളുടെ കാര്യം എങ്ങനെ? നിങ്ങള്‍ ഒരു യെഹൂദനാണെന്നു പറയുന്നു. നിങ്ങള്‍ ന്യായപ്രമാണത്തില്‍ വിശ്വസിക്കുന്നവരും ദൈവത്തോടടുത്തവരെന്നും നിങ്ങള്‍ പ്രശംസിക്കുന്നു.
18 നിങ്ങള്‍ എന്തു ചെയ്യണമെന്നാണ് ദൈവം ആവശ്യപ്പെടുന്നത് എന്നു നിങ്ങള്‍ക്കറിയാം. ന്യായപ്രമാണം നിര്‍ദ്ദേശിച്ചിട്ടുളളതിന്‍ പ്രകാരം പ്രധാനവസ്തുതകള്‍ നിങ്ങള്‍ക്കറിയാം.
19 വഴിയറിയാത്തവര്‍ക്ക് ഒരു വഴികാട്ടിയാണെന്നു നിങ്ങള്‍ സ്വയം കരുതുന്നു. പാപത്തിന്‍റെ ഇരുട്ടില്‍ അകപ്പെട്ടവര്‍ക്ക് വെളിച്ചമാണെന്നും നിങ്ങള്‍ വിചാരിക്കുന്നു.
20 ഭോഷന്മാര്‍ക്കും, എന്താണ് ശരിയെന്നു എടുത്തുകാട്ടാന്‍ നിങ്ങള്‍ക്കാകുമെന്നു നിങ്ങള്‍ കരുതുന്നു. പക്വതയില്ലാത്തവര്‍ക്കു നിങ്ങള്‍ അദ്ധ്യാപകനാണെന്നു സ്വയം വിചാരിക്കുകയും ന്യായപ്രമാണം അറിയുന്നതുകൊണ്ട് എല്ലാം അറിയുന്നുവെന്നും സത്യം പൂര്‍ണ്ണമായും തനിക്കു വെളിപ്പെ ട്ടുവെന്നും നിങ്ങള്‍ കരുതുന്നു.
21 മറ്റുളളവരെ പഠിപ്പിക്കുന്ന നിങ്ങള്‍ക്ക് എന്തുകൊണ്ട് സ്വയം പഠിച്ചുകൂടാ? മോഷ്ടിക്കരുതെന്നു മറ്റുളളവരോട് പറയുന്ന നിങ്ങള്‍ സ്വയം മോഷ്ടിക്കുന്നു.
22 വ്യഭിചരിക്കരുതെന്നു അന്യരെ ഉപദേശിക്കുന്ന നിങ്ങള്‍ തന്നെ ആ പാപം ചെയ്യുന്നു. വിഗ്രഹങ്ങളെ വെറുക്കുന്ന നിങ്ങള്‍ ക്ഷേത്രങ്ങള്‍ കൊളളയടിക്കുന്നു.
23 ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ പ്രശംസിക്കുകയും ആ ന്യായപ്രമാണം ലംഘിക്കുകയും ചെയ്തുകൊണ്ട് നിങ്ങള്‍ ദൈവത്തിനു അപമാനം വരുത്തുന്നു.
24 തിരുവെഴുത്തുകളില്‍ എഴുതിയിട്ടുണ്ട്: “നിങ്ങള്‍ യെഹൂദര്‍ മൂലം ജാതികളാല്‍ ദൈവം അവമതിക്കപ്പെടുന്നു.✡ ഉദ്ധരണി യെശ. 52:5.
25 നിങ്ങള്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍ പരിച്ഛേദന ഗുണമുണ്ട്; മറിച്ച് നിങ്ങള്‍ ന്യായപ്രമാണം ലംഘിക്കുന്നുവെങ്കില്‍ ആ പരിച്ഛേദന അഗ്രചര്‍മ്മമാകും.
26 പക്ഷേ പരിച്ഛേദന ചെയ്തിട്ടില്ലാത്ത ജാതികള്‍ ന്യായപ്രമാണം അനുശാസിക്കുന്നത് ചെയ്താല്‍ അവര്‍ യഥാര്‍ത്ഥത്തിലും പരിച്ഛേദന ചെയ്തവരാകും.
27 അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുസരിക്കുന്നുവെങ്കില്‍, ന്യായപ്രമാണവും പരിച്ഛേദനയും ഉളള ന്യായപ്രമാണ ലംഘിയായ നിന്നെ അവന്‍ കുറ്റം വിധിക്കും.
28 ശരീരംകൊണ്ടു മാത്രം യെഹൂദനായവന്‍ യഥാര്‍ത്ഥത്തില്‍ ഒരു യെഹൂദനല്ല. ബാഹ്യമായി മാത്രമുളളതല്ല യഥാര്‍ത്ഥ പരിച്ഛേദന.
29 ആന്തരികമായും യെഹൂദനാകുന്നതോടുകൂടി മാത്രമാണ് ഒരുവന്‍ യഥാര്‍ത്ഥ യെഹൂദനാകുന്നത്. ഹൃദയത്തില്‍ ആണ് ശരിയായ പരിച്ഛേദന നടക്കേണ്ടത്. അത് എഴുതപ്പെട്ട ന്യായപ്രമാണത്തിനൊത്തല്ല, ആത്മാവിലൂടെയാണ് നടക്കുക. ആത്മാവിലൂടെ ഹൃദയത്തില്‍ പരിച്ഛേദന ഏറ്റവന് മനുഷ്യരില്‍നിന്നല്ല ദൈവത്തില്‍ നിന്നുമാണ് പ്രശംസ ലഭിക്കുക.