അബ്രാഹാമിന്‍റെ മാതൃക
4
നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാമിനെക്കുറിച്ച് നമുക്കെന്തു പറയാം? വിശ്വാസത്തെക്കുറിച്ച് അവന്‍ എന്താണു മനസ്സിലാക്കിയത്. അബ്രാഹാം അവന്‍റെ പ്രവൃത്തി വഴിയാണ് നീതീകരിക്കപ്പെട്ടതെങ്കില്‍ പുകഴ്ച പറയാന്‍ അവന് കാരണവുമുണ്ട്. പക്ഷേ, ദൈവസമക്ഷം പുകഴ്ച പറയാന്‍ സാധിക്കില്ല. തിരുവെഴുത്തുകളില്‍ കാണുന്നു, “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു. ദൈവം അബ്രാഹാമിന്‍റെ വിശ്വാസം അംഗീകരിച്ചു. ഇത് അബ്രാഹാമിനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിച്ചു.”
ഒരുവന്‍ വേലയെടുത്തതിന് അവനു നല്‍കുന്ന കൂലി ദാനമല്ല. ആ കൂലി അവന് അര്‍ഹതപ്പെട്ടതാണ്. ഒരാള്‍ക്കും അവന്‍റെ ന്യായീകരണം നേടാനൊക്കില്ല. ദൈവത്തിങ്കല്‍ വിശ്വാസമര്‍പ്പിക്കുന്ന ആളെ ദൈവത്തിനു മാത്രമേ ന്യായീകരിക്കാനാവൂ. ദുഷ്ടനെപ്പോലും ന്യായീകരിക്കാന്‍ ദൈവത്തിനു കഴിയും. ദൈവീകമല്ലാത്തതിനെ സാധൂകരിക്കുന്നവനും നിഷ്ക്രിയനും എങ്കിലും ദൈവത്തില്‍ വിശ്വസിക്കുന്ന ഒരുവനെ അവന്‍റെ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് നീതീകരിക്കുന്നത്. ദൈവമാണ് ദുഷ്ടരെപ്പോലും നീതീകരിക്കപ്പെടുവാന്‍ അര്‍ഹരാക്കുന്നത്. ദാവീദ് പറഞ്ഞതും ഇതുതന്നെ: ഒരുവന്‍റെ പ്രവൃത്തികളെ കണക്കിലെടുക്കാതെ അവനെ നല്ലവനായി ദൈവം സ്വീകരിക്കുന്പോഴാണ് അവന്‍ സന്തുഷ്ടനാകുന്നത്:
“അപരാധങ്ങള്‍ ക്ഷമിക്കപ്പെടുകയും
പാപം മറയ്ക്കപ്പെടുകയും ചെയ്യുന്നവര്‍ അനുഗൃഹീതര്‍.
പാപങ്ങള്‍ കണക്കിലെടുക്കാതെയുളള ഒരുവനെ
ദൈവം സ്വീകരിക്കുന്പോള്‍ അവന്‍ യഥാര്‍ത്ഥത്തില്‍ അനുഗ്രഹീതന്‍.” സങ്കീര്‍ത്തനങ്ങള്‍ 32:1-2
പരിച്ഛേദനയേറ്റവര്‍ക്ക് മാത്രമേ സന്തോഷത്തിനര്‍ഹതയുളളൂ എന്നതാണോ? അതോ അഗ്രചര്‍മ്മികള്‍ക്കും ഉണ്ടോ? ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ അംഗീകരിക്കുകയും ആ വിശ്വാസം അവനെ ദൈവത്തിന്‍റെ മുന്പാകെ നീതീകരിക്കുകയും ചെയ്തുവെന്ന് നാം നേരത്തെ പറഞ്ഞുകഴിഞ്ഞു. 10 അപ്പോള്‍ ഇതെങ്ങനെ സംഭവിച്ചു. പരിച്ഛേദനയ്ക്കു മുന്പോ പിന്പോ ദൈവം അബ്രാഹാമിനെ സ്വീകരിച്ചത്? പരിച്ഛേദനയ്ക്കു മുന്പാണ് ദൈവം അവനെ സ്വീകരിച്ചത്. 11 ദൈവം തന്നെ സ്വീകരിച്ചുവെന്നു വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് അബ്രാ ഹാം പിന്നീട് പരിച്ഛേദന നടത്തിയത്. പരിച്ഛേദന ചെയ്യുന്നതിന് മുന്പ് തന്നെ ദൈവം അവനെ വിശ്വാസം വഴി ദൈവത്തില്‍ നീതീകരിച്ചിരുന്നു. അതുകൊണ്ട് പരിച്ഛേദനയില്ലാത്ത വിശ്വാസികളുടെ പിതാവുമാണ് അബ്രാഹാം. വിശ്വാസികളെ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവരെപ്പോലെ സ്വീകരിച്ചു. 12 അതുപോലെതന്നെ പരിച്ഛേദിതരുടെയും പിതാവാണ് അബ്രാഹാം. പക്ഷെ, അവരുടെ പരിച്ഛേദനയല്ല അബ്രാഹാമിനെ അവരുടെ പിതാവാക്കിയത്. പരിച്ഛേദിതനാകുംമുന്പ് നമ്മുടെ പിതാവായ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസം പിന്തുടര്‍ന്ന് ജീവിക്കുന്പോള്‍ മാത്രമാണ് അവര്‍ക്ക് അബ്രാഹാം പിതാവാകുന്നത്.
വിശ്വാസം വഴി ദൈവത്തില്‍ നിന്ന് വാഗ്ദാനം ലഭിച്ചു
13 വിശ്വാസം വഴിയുളള നീതീകരണം കൊണ്ടാണ് അബ്രാഹാമിനും സന്തതികള്‍ക്കും ലോകത്തിന്‍റെ അവകാശം പൈതൃകമായി കിട്ടുമെന്ന വാഗ്ദാനം ലഭിച്ചത്. അല്ലാതെ ന്യായപ്രമാണം മൂലമല്ല. 14 ദൈവം വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ന്യായപ്രമാണം പിന്തുടരുകവഴി ലഭ്യമാക്കുമെങ്കില്‍ വിശ്വാസം വില ഇല്ലാത്തതാണ്. അബ്രാഹാമിനോട് ദൈവം നല്‍കിയ വാഗ്ദാനവും നിരര്‍ത്ഥകമാവും. 15 കാരണം, ന്യായപ്രമാണം അനുസരിക്കാതിരുന്നാല്‍ ദൈവകോപം വരുത്തി വയ്ക്കാനേ ന്യായപ്രമാണത്തിനു കഴിയൂ. പക്ഷെ, ന്യായപ്രമാണമില്ലെങ്കില്‍ ലംഘിക്കാനും ഒന്നും ഉണ്ടാവുകയില്ല.
16 വിശ്വാസമുണ്ടാകയാല്‍ മനുഷ്യര്‍ക്ക് ദൈവത്തില്‍നിന്ന് വാഗ്ദാനം ലഭിച്ചു. ഇത് ഒരു സൌജന്യസമ്മാനം പോലെയാണ്. അങ്ങനെയെങ്കില്‍ അബ്രാഹാമിന്‍റെ മക്കള്‍ക്കെല്ലാം ആ വാഗ്ദാനം ലഭിക്കാം. മോശെയുടെ ന്യായപ്രമാണത്തിനു വിധേയരായിരിക്കുന്നവര്‍ക്കു മാത്രമുളളതല്ല അബ്രാഹാമിനെപ്പോലെ വിശ്വാസത്തോടെ ജീവിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുളളതാണ് ആ വാഗ്ദാനം. നമ്മുടെ എല്ലാവരുടെയും പിതാവാണ് അബ്രാഹാം. 17 തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു: “ഞാന്‍ നിന്നെ പല ജനതകളുടെയും പിതാവാക്കി. ഉദ്ധരണി ഉല്പ. 17:5. ഇത് ദൈവത്തിന്‍റെ മുന്പാകെ സത്യമാണ്. മരിച്ചവരെ ജീവിപ്പിക്കുകയും സംഭവിച്ചു കഴിഞ്ഞിട്ടില്ലാത്തതും എന്നാല്‍ സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങളില്‍ തീരുമാനം കൈക്കൊളളുകയും ചെയ്യുന്ന ദൈവത്തില്‍ അബ്രാഹാം വിശ്വസിച്ചു.
18 അബ്രാഹാമിനു സന്തതികളുണ്ടാകുമെന്ന് യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. പക്ഷെ അബ്രാഹാം ദൈവത്തെ വിശ്വസിക്കുകയും പ്രത്യാശയോടെ പ്രതീക്ഷിച്ചിരിക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് അവന്‍ അനേകം ജനതകളുടെ പിതാവായത്. പണ്ടു ദൈവം പറഞ്ഞിരുന്നു, “നിനക്കു ധാരാളം സന്തതികളുണ്ടാകും ഉദ്ധരണി ഉല്പ. 15:5. എന്ന്. 19 ഏതാണ്ട് നൂറു വയസ്സായ താന്‍ ശാരീരികമായി സന്താനോല്പാദനത്തിനുളള പ്രായം പിന്നിട്ടുവെന്നറിഞ്ഞിട്ടും, സാറാ വന്ധ്യയാണെന്നു മനസ്സിലായിരുന്നിട്ടും ദൈവത്തിലുളള അവന്‍റെ വിശ്വാസം ക്ഷയിച്ചില്ല. 20 ദൈവത്തിന്‍റെ വാഗ്ദാനം ഫലിക്കുമോ എന്ന സംശയം അബ്രാഹാമിന് ഒരിക്ക ലുമുണ്ടായിരുന്നില്ല. അവന്‍റെ ദൈവവിശ്വാസത്തിന് ഒരിളക്കവും സംഭവിച്ചതുമില്ല. അവന്‍ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു. 21 വാഗ്ദാനം നല്‍കിയതെല്ലാം നടത്താന്‍ കഴിവുളളവനാണ് ദൈവമെന്ന് അവനുറപ്പുണ്ടായിരുന്നു. 22 അതുകൊണ്ട് “ദൈവം അബ്രാഹാമിന്‍റെ വിശ്വാസത്തെ സ്വീകരിച്ചു. ഉദ്ധരണി ഉല്പ. 15:6. അതിനാല്‍ അവന്‍ ദൈവമുന്പാകെ നീതീകരിക്കപ്പെട്ടു. 23 ഈ വാക്കുകള്‍ അബ്രാഹാമിനുവേണ്ടി മാത്രം എഴുതപ്പെട്ടവയല്ല. ഉദ്ധരണി ഉല്പ. 15:6; റോമ.4:22. 24 അവ നമുക്കെല്ലാവര്‍ക്കും വേണ്ടിയും കൂടി എഴുതപ്പെട്ടവയാണ്” നമ്മളും വിശ്വസിക്കുന്നതുകൊണ്ട് നമ്മെയും ദൈവം സ്വീകരിക്കും. നമ്മുടെ കര്‍ത്താവായ യേശുവിനെ മരണത്തില്‍നിന്നും ഉയര്‍ത്തിയ ദൈവത്തിലാണ് നാം വിശ്വസിക്കുന്നത്. 25 യേശു നമ്മുടെ പാപം മൂലമാണ് വധിക്കപ്പെട്ടത്. ദൈവസന്നിധിയില്‍ നമ്മെ നീതീകരിക്കാനായി അവന്‍ ഉയിര്‍പ്പി ക്കപ്പെട്ടു.